ഇസ്‌ലാമിന്റെ മധ്യമ സമീപനം ആരാധനാകര്‍മങ്ങളില്‍

ശൈഖ് അബ്ദുല്ലാഹ് അല്‍ജിബ്‌രീന്‍

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

വിവ.

ഇസ്‌ലാമില്‍ കര്‍മങ്ങള്‍ ചൊവ്വായ രീതിയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പിശാച് ചില മനുഷ്യരില്‍ കടന്നുകൂടി അവരെ രണ്ടു തരക്കാരാക്കി. ഒരു വിഭാഗത്തില്‍ തീവ്രതയും വര്‍ധനവും മറ്റൊരു വിഭാഗത്തില്‍ ജീര്‍ണതയും കുറവും പിശാച് കടത്തിക്കൂട്ടി. എല്ലാം പിശാചില്‍ നിന്നുള്ള ദുര്‍മന്ത്രണവും വസ്‌വാസുമാണ്; അവതരിച്ച യഥാര്‍ഥ രീതിയില്‍ ആളുകള്‍ അവ പ്രയോഗവത്കരിക്കാതിരിക്കുവാന്‍ വേണ്ടി.

ത്വഹാറത്ത് (ശുദ്ധി)

ത്വഹാറത്ത് മതപരമായ ഒരു ഇബാദത്താണ്. ശുദ്ധിയാകണം എന്ന് അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരോട് കല്‍പിച്ചു. പ്രസ്തുത കല്‍പന തീര്‍ത്തും മിതത്വമാണ്. എന്നാല്‍ രണ്ടുവിഭാഗങ്ങള്‍ ശുദ്ധിയുടെ വിഷയത്തില്‍ രംഗപ്രവേശം ചെയ്തു. ഒരു വിഭാഗം തീവ്രരായി. മറ്റൊരു വിഭാഗം ചുരുക്കി. തീവ്രരായവര്‍ ശുദ്ധിയുടെ വിഷയത്തില്‍ ഇല്ലാത്തവ അതിലേക്ക് ചേര്‍ക്കുകയും വിഷയം കര്‍ക്കശമാക്കുകയും ചെയ്തു. ശുദ്ധി, കുളി, വുദ്വൂഅ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവാചകന്‍(സ്വ)യില്‍നിന്നും സ്വഹാബത്തില്‍നിന്നും ഉദ്ധരിക്കപ്പെട്ടതില്‍ അവര്‍ വിരക്തരാകുകയും അത് തങ്ങളെ ശുദ്ധിയാക്കുവാന്‍ പര്യാപ്തമല്ലെന്ന നിലയില്‍ അവര്‍ പലതും വര്‍ധിപ്പിച്ച് അവര്‍ അതിരുവിടുകയും ചെയ്തു.

എന്നാല്‍ ചുരുക്കിയവര്‍ തങ്ങള്‍ കല്‍പിക്കപ്പെട്ടതില്‍ അലസരായി. വുദ്വൂഅ് പൂര്‍ണമായി ചെയ്യുകയോ സുന്നത്തില്‍ സ്ഥിരപ്പെട്ട ശരിയായ രീതിയില്‍ അവര്‍ അത് എത്തിക്കുകയോ ചെയ്തില്ല.

ഇസ്‌ലാം മധ്യമനിലപാടാണ് കൊണ്ടുവന്നത്. ശുദ്ധിയില്‍ അധികരിപ്പിക്കുവാനോ കുറക്കുവാനോ പാടില്ല. അധികരിപ്പിച്ചും കുറച്ചും രംഗപ്രവേശം ചെയ്ത രണ്ട് കക്ഷികളും വ്യതിചലിച്ചവരാണ്. അധികരിപ്പിച്ചവര്‍ ഒരു സ്വാഅ്, രണ്ട് സ്വാഅ് വെള്ളം കൊണ്ട് അഞ്ച് തവണ അല്ലെങ്കില്‍ പത്തുതവണ അവയവങ്ങള്‍ കഴുകും. എന്നിട്ടും താന്‍ ശുദ്ധിയായില്ല എന്ന തോന്നലാണ് അയാള്‍ക്ക്. ഒരു വുദ്വൂഅ് ചെയ്യാന്‍ ദീര്‍ഘ സമയമെടുക്കുന്നവരുമുണ്ട്. 

കുറവു വരുത്തിയവരാകട്ടെ, വുദ്വൂഅ് ചെയ്യുമ്പോള്‍ അത് പൂര്‍ണമാക്കില്ല. ചിലപ്പോള്‍ വെള്ളം തന്നെ വുദ്വൂഇന്റെ സ്ഥലങ്ങളില്‍ എത്തില്ല. ഇത് അവരില്‍നിന്നുള്ള വീഴ്ചയാണ്. കാരണം, വുദ്വൂഅ് ഇബാദത്താണ്. സുന്നത്തില്‍ കല്‍പിച്ച പ്രകാരം അത് നിര്‍വഹിക്കല്‍ നമ്മുടെമേല്‍ ബാധ്യതയാണ്. അതില്‍ കുറവ് വരുത്തുവാന്‍ പാടില്ല.

ഏറ്റക്കുറച്ചിലുണ്ടാക്കല്‍ പൈശാചിക വസ്‌വാസുകളില്‍ പെട്ടതാണെന്നതില്‍ സംശയമില്ല. പിശാച് ഇത്തരം വസ്‌വാസുകള്‍ ഉണ്ടാക്കുന്നത് ദാസന്മാര്‍ക്ക് ഇബാദത്തുകളില്‍ മടുപ്പ് ഉണ്ടാക്കുവാന്‍ വേണ്ടിയാണ്. കാരണം, തീവ്രമായ ഈ ശുദ്ധീകരണ രീതി ഒരാള്‍ ഒരു കൊല്ലം അല്ലെങ്കില്‍ രണ്ടു കൊല്ലം തുടര്‍ന്നാല്‍ അയാള്‍ക്ക് മടുക്കുകയും അങ്ങനെ അയാള്‍ അലസനാകുകയും ചെയ്യും. ഇബാദത്തുകള്‍ അയാള്‍ക്ക് ഭാരിച്ചതാകും. ചിലപ്പോള്‍ ശുദ്ധീകരണം ഭാരമുള്ളതായതിനാല്‍ നമസ്‌കാരം തന്നെ ഉപേക്ഷിച്ചെന്നുവരും. ചിലര്‍ എന്നോട് പറയുകയുണ്ടായി: 'ഒരാള്‍ വുദുഅ് ചെയ്യുവാന്‍ രണ്ട് മണിക്കൂര്‍ സമയമെടുക്കും'. പിന്നീട് അയാള്‍ പറഞ്ഞു: 'എങ്ങനെയാണ് ഞാന്‍ അഞ്ച് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ചെയ്തുതീര്‍ക്കുക?' അങ്ങനെ അയാള്‍ ഒരു വുദ്വൂഅ് കൊണ്ട് അഞ്ച് നമസ്‌കാരങ്ങളും നമസ്‌കരിച്ച് തീര്‍ക്കുവാന്‍ തുടങ്ങി. ഇശാഇന്റെ സമയം പ്രവേശിച്ചാല്‍ വുദ്വൂഅ് ചെയ്ത് എല്ലാ നമസ്‌കാരങ്ങളും ഒന്നിച്ച് ചെയ്തുതീര്‍ക്കും. അതോടെ നമസ്‌കാരം സമയം തെറ്റിക്കുക എന്ന വീഴ്ചകൂടി ചെയ്തവനായി അയാള്‍. അഞ്ച് മിനുട്ട് പോലും വേണ്ടാത്ത ഒരു ശുദ്ധികര്‍മം ശൈത്വാന്‍ അയാള്‍ക്ക് 'ഭാരിച്ചതാക്കി. നമസ്‌കാരം തന്നെ പാഴാക്കുന്ന രീതിയില്‍ പിശാച് അത് ഭാരമാക്കിത്തീര്‍ത്തു.

ചിലപ്പോള്‍ പിശാച് മനുഷ്യന് അവന്‍ നമസ്‌കാരത്തിലായിരിക്കെ തന്റെ വുദ്വൂഅ് നഷ്ടമായിരിക്കുന്നു അല്ലെങ്കില്‍ തന്റെ വസ്ത്രത്തിലോ ശരീരത്തിലോ നജസുണ്ട് എന്നിങ്ങനെ വസ്‌വാസുണ്ടാക്കും. തനിക്ക് നമസ്‌കാരം നഷ്ടമായെന്ന് തോന്നുന്നതുവരെ ഈ പ്രവണത പിശാച് തുടരും. നമസ്‌കാരം ഭാരമായി തോന്നുവാനും മടുപ്പുണ്ടാക്കുവാനുമാണ് പിശാച് ഇത് ചെയ്യുന്നത്. ധാരാളം ആളുകള്‍ ഇത്തരം വസ്‌വാസുകള്‍ കാരണത്താല്‍ ശുദ്ധിയാക്കല്‍ അവര്‍ക്ക് ഭാരമായി. അതിനെ തുടര്‍ന്ന് നമസ്‌കാരവും ഭാരമായി. ഫലമോ അവര്‍ നമസ്‌കാരം തന്നെ ഉപേക്ഷിച്ചു. പ്രയാസമാണ് എന്നതിനാലാണ് അവര്‍ നമസ്‌കാരം ഉപേക്ഷിച്ചത്. അവര്‍ ഇസ്‌ലാമിക അധ്യാപനങ്ങളിലേക്കും അല്ലാഹുവിന്റെ ശരീഅത്തിലേക്കും മടങ്ങിയിരുന്നുവെങ്കില്‍ ഇത്തരം പ്രയാസങ്ങള്‍ ദീനില്‍ പെട്ടതല്ലെന്ന് മനസ്സിലാക്കുമായിരുന്നു. ഇസ്‌ലാം എളുപ്പവും വിട്ടുവീഴ്ചയുള്ളതും സരളവുമാണ്. ക്ലേശങ്ങളും പ്രയാസങ്ങളും ഇസ്‌ലാം കൊണ്ടുവന്നിട്ടില്ല. ഇസ്‌ലാം കൊണ്ടുവരാത്ത പ്രയാസങ്ങളും ക്ലേശങ്ങളും കൊണ്ടുവന്നവരാണ് ഇത്തരം ആളുകള്‍.

എന്നാല്‍ വീഴ്ചവരുത്തിയവരുടെ വീഴ്ചയുടെ കാരണവും പൈശാചിക വസ്‌വാസുകള്‍ തന്നെ. പിശാച് ഇത്തരം പ്രവണതകളുമായി നടക്കുന്നത് ആളുകളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കുന്നതിനുവേണ്ടിയാണ്. വുദ്വൂഅ് ചെയ്യുമ്പോള്‍ മുഖം കഴുകിയാല്‍ മുഖത്ത് എല്ലായിടത്തും വെള്ളം എത്തുകയില്ല. കൈയും കാലും കഴുകിയാല്‍ വെള്ളം ചേര്‍ത്ത് ഉരച്ച് കഴുകാതെ ഒന്നുതടവുക മാത്രം ചെയ്യും. ധാരാളം സ്ഥലങ്ങളില്‍ വെള്ളം ചേരാതെ കിടക്കും. എന്നാല്‍ ദീന്‍ ഇത്തരം ആളുകളുടെ ചെയ്തികളെ ഗുണദോഷിച്ചിട്ടുണ്ട്.

വുദ്വൂഇന്റെ അവയവങ്ങളില്‍ ശരിയാംവിധം വെള്ളം എത്തിച്ച് സമ്പൂര്‍ണമായി വുദ്വൂഅ് ചെയ്യല്‍ സ്വര്‍ഗീയ പദവികളെ ഉയര്‍ത്തുകയും പാപങ്ങള്‍ മായ്ക്കുകയും ചെയ്യുന്നതായിട്ടാണ് പ്രവാചകന്‍(സ്വ) എണ്ണിയത്. അദ്ദേഹം പറഞ്ഞു:

''അല്ലാഹു പാപങ്ങള്‍ മായ്ക്കുകയും പദവികളെ ഉയര്‍ത്തുകയും ചെയ്യുന്ന കാര്യങ്ങളെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?'' അവര്‍ പറഞ്ഞു: ''അതെ.'' അദ്ദേഹം പറഞ്ഞു: ''ക്ലേശകരമായ അവസ്ഥയില്‍ വുദൂഅ് സമ്പൂര്‍ണമായി ചെയ്യലും പള്ളികളിലേക്ക് ധാരാളമായുള്ള കാല്‍വെപ്പുകളും ഒരു നമസ്‌കാരത്തിനുശേഷം മറ്റൊരു നമസ്‌കാരത്തെ കാത്തിരിക്കലും; അതത്രെ രിബാത്വ്'' (മുസ്‌ലിം).

ശരീരാവയവങ്ങില്‍ വെള്ളം എത്താന്‍ പ്രയാസമായ സ്ഥലങ്ങളില്‍ പ്രത്യേകം വെള്ളം ചേര്‍ത്ത് കഴുകണമെന്ന് പ്രവാചകനിഷ്‌കര്‍ഷിച്ചു. പ്രവാചകന്‍(സ്വ) പറഞ്ഞു: ''(വുദ്വൂഅ് ചെയ്യുമ്പോള്‍ വെള്ളം നനയാത്ത) മടമ്പുകാലുകള്‍ നരകത്തിലാകുന്നു'' (മുസ്‌ലിം). ''(വുദ്വൂഅ് ചെയ്യുമ്പോള്‍ വെള്ളം നനയാത്ത) മടമ്പുകാലുകളും ഉള്ളംകാലുകളും നരകത്തിലാകുന്നു.''

നേരിയ രീതിയില്‍ കാലുകള്‍ കഴുകുന്നവരുടെ മടമ്പുകള്‍ വെള്ളം ചേരാതെ കാണാം. ഇത് ശുദ്ധിയെ നഷ്ടപ്പെടുത്തും. ഇത്തരക്കാര്‍ വീഴ്ച വരുത്തിയവര്‍ തന്നെയാണ്. ഒരാള്‍ അവയവങ്ങളില്‍ സമ്പൂര്‍ണമായി വെള്ളം എത്തിച്ച് ഒരു തവണ കഴുകിയാല്‍ മതിയാകുന്നതാണ്. രണ്ടാമതൊന്നുകൂടി കഴുകിയാല്‍ ശ്രേഷ്ഠമായി. മൂന്നാമത് ഒന്നുകൂടി കഴുകിയാല്‍ രണ്ടുതവണ കഴുകിയതിനെക്കാള്‍ ശ്രേഷ്ഠമായി. എന്നാല്‍ മൂന്നിലേറെ വര്‍ധിപ്പിക്കാവതല്ല. മൂന്നിലേറെ കഴുകല്‍ ധൂര്‍ത്തും തീവ്രതയുമാണ്. അപ്പോള്‍ പത്തുതവണ കഴുകുന്നത് എത്ര മാത്രം ദോഷകരമായിരിക്കും?!

മലമൂത്ര വിസര്‍ജനം നടത്തിയാല്‍ ശുദ്ധിയാക്കലും നജസ് നീക്കലും

മലമൂത്ര വിസര്‍ജന ശേഷം ശുദ്ധിയാക്കുമ്പോള്‍ ചിലര്‍ അനേകതവണ കഴുകുന്നത് കാണാം. അവര്‍ ഗുഹ്യാവയവങ്ങളില്‍ വെള്ളം ഒഴിച്ചുകൊണ്ടേയിരിക്കും. വാസ്തവത്തില്‍, ഏറിയാല്‍ ഏഴുതവണയാണ് കഴുകുവാനുള്ളത്!

നജസ് നീക്കുമ്പോഴും ഇപ്രകാരമാണ് ചിലര്‍. രണ്ടോ മൂന്നോ തവണ കഴുകി മതിയാക്കുന്നതിനുപകരം പത്തോ പത്തില്‍ കൂടുതലോ തവണ കഴുകുന്നു. ചിലപ്പോള്‍ രക്തം പൊടിയുന്നതുവരെ ഉരച്ച് കഴുകിക്കൊണ്ടിരിക്കും.

കുളി

കുളി ഇസ്‌ലാമിലെ ഒരു ശുദ്ധികര്‍മമാണ്. വലിയ അശുദ്ധിയുണ്ടായാല്‍ കുളിക്കണമെന്ന് അല്ലാഹു മനുഷ്യരോട് കല്‍പിച്ചു. അല്ലാഹു പറഞ്ഞു:

''സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്‌കാരത്തെ സമീപിക്കരുത്). നിങ്ങള്‍ വഴികടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍-എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍- നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പു നല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു'' (4:43).

''...നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക...'' (5:6).

കുളി എന്നാല്‍ ശരീരം മുഴുവന്‍ വെള്ളംകൊണ്ട് കഴുകലാണ്. വുദ്വൂഇല്‍ പറഞ്ഞതുപോലെ കുളിയുടെ വിഷയത്തിലും രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വിഭാഗം തീവ്രത കാണിച്ചു. അവര്‍ മണിക്കൂറുകള്‍ സമയമെടുത്ത് കുളിക്കും. ഉരച്ച് ചുരണ്ടി ശരീരത്തില്‍ നിന്ന് രക്തം പൊടിയുവോളം! നഖങ്ങള്‍കൊണ്ടുവരെ ചുരണ്ടും. ഇത്തരം പ്രവൃത്തികള്‍ തീവ്രതയാണ്. തെളിവ് അറിയിക്കുന്നതല്ല. ഇത് പൈശാചികമാണ്. മനുഷ്യര്‍ക്ക് മടുപ്പുള്ളവാകണം നമസ്‌കാരം; ഭാരിച്ചതുമാകണം എന്നൊക്കെയാണ് പിശാച്  ഇതിലൂടെ ലക്ഷ്യമിടുന്നത്. നമസ്‌കാരം ഭാരമായാല്‍ ഇതര ഇബാദത്തുകളെ ഉപേക്ഷിക്കുന്നതുപോലെ അവന്‍ നമസ്‌കാരവും ഉപേക്ഷിക്കും.

മറ്റൊരു വിഭാഗം, ശരീരം ഉരച്ചുകഴുകാതെ തടവുക മാത്രം ചെയ്ത് കുളിക്കുന്നു. ഇവര്‍ വിഷയം ചുരുക്കി. ഇതും തെറ്റാണ്. ശത്രുവായ പിശാചാണ് ഇതിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. അവന്‍ മനുഷ്യന്റെ വിശ്വാസത്തെ തകര്‍ക്കുവാന്‍ ആര്‍ത്തി കാണിക്കുന്നതുപോലെ അവന്റെ കര്‍മങ്ങള്‍ തകര്‍ക്കുവാനും താല്‍പര്യമുള്ളവനാണ്. പിശാച് മനുഷ്യന്റെ ക്വല്‍ബിലേക്കടുത്തുനോക്കും. തീവ്രതയുടേതാണ് ക്വല്‍ബെന്നറിഞ്ഞാല്‍ അധികരിപ്പിക്കുവാനുള്ള വസ്‌വാസുണ്ടാക്കും. പിശാച് അവനോട് മന്ത്രിക്കും: മറ്റുള്ളവരുടെ ശുദ്ധി നിനക്ക് മതിയാകില്ല. ജനങ്ങള്‍ ഒരു കോരല്‍ വെള്ളംകൊണ്ട് വുദൂഅ് ചെയ്താല്‍ നീ ഒരു സ്വാഅ് വെള്ളം ഉപയോഗിക്കണം. ആളുകള്‍ മൂന്നുപ്രാവശ്യം കഴുകിയാല്‍ നീ ഏഴുകൊണ്ടും പത്തുകൊണ്ടും മതിയാക്കരുത്, നീ വര്‍ധിപ്പിക്കുക, ത്യാഗം സഹിക്കുന്നതിനനുസരിച്ച് പ്രതിഫലവും, കര്‍മം പെരുപ്പിക്കുന്നതിനനുസരിച്ച് കൂലിയും പതിന്മടങ്ങായി ലഭിച്ചുകൊണ്ടിരിക്കും... ഇങ്ങനെയായിരിക്കും പൈശാചിക വസ്‌വാസുകള്‍.

ഇസ്‌ലാം നന്മയാണ് കല്‍പിച്ചിരിക്കുന്നത്. കുഴപ്പകരമായത് വിരോധിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകന്‍(സ്വ)യുടെ കര്‍മങ്ങളും സുന്നത്തുകളും പിന്‍പറ്റുകയാണ് വേണ്ടത്. കാരണം അതാണ് ഉത്തമമായ ചര്യകള്‍. അതില്‍ വര്‍ധിപ്പിക്കുന്നത് പുതുനിര്‍മിതിയാണ് അഥവാ ബിദ്അത്താണ്. കാര്യങ്ങളില്‍ ഏറ്റവും മോശമായത് ബിദ്അത്തുകളാണ്. ഇതിനാലാണ് പ്രവാചകചര്യകള്‍ക്കപ്പുറം പ്രവര്‍ത്തിക്കുവാന്‍ പിശാച് വസ്‌വാസുണ്ടാക്കുന്നത്.

നബി(സ്വ)യുടെ ചര്യകളില്‍ തൃപ്തിയടയാത്തവര്‍ വിശ്വസിക്കുന്നത് ഇസ്‌ലാം ന്യൂനമാണെന്നും റസൂല്‍  വ്യക്തമായ രീതിയില്‍ ദഅ്‌വത്ത് എത്തിച്ചിട്ടില്ലായെന്നും ഏതാനും ദീനീവിഷയങ്ങളില്‍ പരിമിതപ്പെട്ടു അദ്ദേഹത്തിന്റെ അധ്യാപനങ്ങളെന്നുമൊക്കെയാണ്. ഇത്തരം പിഴച്ച വിശ്വാസങ്ങള്‍ ഒരാള്‍ക്കുണ്ടായാല്‍ അയാള്‍ വ്യതിയാനത്തിലും വഴികേടിലും ചെന്ന്ചാടുകയാണ് ചെയ്യുന്നത്.

പ്രവാചകന്മാര്‍ രിസാലത്തില്‍ വല്ലതും ഗോപ്യമാക്കി, അവര്‍ ശരീഅത്തില്‍ മാറ്റം വരുത്തി, അത് എത്തിക്കുന്നതില്‍ വീഴ്ചവരുത്തി എന്നിങ്ങനെ വിശ്വസിക്കല്‍ നിരര്‍ഥകവും പിഴച്ചതും മറ്റുള്ളവരെ തെറ്റിക്കുന്നതും ഇസ്‌ലാമില്‍നിന്ന് പുറത്താക്കുന്നതുമാകുന്നു. ഇങ്ങനെ പിശാച് ധാരാളം കര്‍മങ്ങളില്‍ മനുഷ്യരെ വസ്‌വാസില്‍ പെടുത്തിയിട്ടുണ്ട്. അല്ലാഹുവേ നിന്റെ കാവല്‍!

നിയ്യത്ത്

നിയ്യത്ത് ചെയ്യുന്ന വിഷയത്തില്‍ ചിലരുടെയടുത്ത് പിശാച് അതിരുകവിയും. നീ നിയ്യത്ത് ചെയ്തിട്ടില്ല, നിന്റെ നിയ്യത്ത് ശരിയായിട്ടില്ല, നിയ്യത്ത് തക്ബീറിനോടൊപ്പം ചെയ്തിട്ടില്ല തുടങ്ങിയ വസ്‌വാസുകള്‍ നിയ്യത്തില്‍ പിശാച് ഉണ്ടാക്കികൊണ്ടിരിക്കും. നിയ്യത്തിന്റെ വിഷയത്തില്‍ സമയം പോകുകയും നമസ്‌കാരവും മറ്റു ഇബാദത്തുകളും സമയത്തിന്റെ മഹത്ത്വവും എല്ലാം അയാള്‍ക്ക് നഷ്ടമാകുകയും ചെയ്യും. യാഥാര്‍ഥത്തില്‍ ഇത്തരം വസ്‌വാസുകള്‍ അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതല്ല.

ചിലര്‍ നിയ്യത്ത് ഗൗനിക്കാറേ ഇല്ല. അത്തരക്കാര്‍ നല്ല ഉദ്ദേശമോ, ശരിയായ നിയ്യത്തോ ഇല്ലാതെ നമസ്‌കരിക്കുകയും നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ വീഴ്ച വരുത്തുന്നവരും കുറവ് പ്രവര്‍ത്തിക്കുന്നവരും തന്നെയാണ്. അംഗശുദ്ധി വരുത്തുന്നു, നമസ്‌കാരത്തില്‍ പ്രവേശിക്കുന്നു... എന്നിങ്ങനെ മനസ്സില്‍ കരുതുകയാണ് വേണ്ടത്. അതാണ് മധ്യമനിലപാട്. അപ്രകരം പ്രവര്‍ത്തിച്ചാല്‍ അവന്‍ നിയ്യത്ത് ചെയ്തവനായി. അവന്റെ നിയ്യത്ത് ശരിയായി, മതിയായതുമായി.

0
0
0
s2sdefault