ഇസ്‌ലാമില്‍ പ്രകൃതിവിരുദ്ധത ആരോപിക്കുന്നവരോട്

ഉസ്മാന്‍ പാലക്കാഴി

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ഇസ്‌ലാമിനെക്കുറിച്ച് ചില തല്‍പരകക്ഷികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നാണ് 'പ്രകൃതി വിരുദ്ധമായ മതമാണ് ഇസ്‌ലാം' എന്നത്. എന്നാല്‍ ഈ വിശേഷണം കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് നിര്‍ണയിക്കുന്നതില്‍ ആരോപകര്‍ പരാജയപ്പെടുകയാണ് പതിവ്. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം പ്രകൃതിയുമായി വിയോജിക്കുന്നു എന്നോ അതല്ല ഇസ്‌ലാമിന്റെ നിയമങ്ങളും തത്ത്വങ്ങളുമെല്ലാം പ്രകൃയുടെ ഘടന, സംവിധാനം, മൗലിക സ്വഭാവം എന്നിവയുമായി പൊരുത്തപ്പെടാത്തവയാണ് എന്നോ അവര്‍ അര്‍ഥമാക്കുന്നുണ്ടായിരിക്കാം. അതെല്ലെങ്കില്‍ മനുഷ്യപ്രകൃതിയുമായും മനുഷ്യന്റെസ്വാഭാവിക ശീലങ്ങളുമായും ഇസ്‌ലാം വിയോജിക്കുന്നു എന്ന അര്‍ഥത്തിലായിരിക്കാം. ഇതില്‍ ഏത് അര്‍ഥത്തില്‍ 'പ്രകൃതിവിരുദ്ധ സ്വഭാവ'മെന്ന വിഷേണത്തെ പരിഗണിച്ചാലും അത് ഇസ്‌ലാമിന് ചാര്‍ത്തിക്കൊടുക്കാവുന്ന 'വിശേഷണ'മായിത്തീരുന്നില്ല. ഇസ്‌ലാം അതിനെ സ്വയം വിശേഷിപ്പിക്കുന്നതുതന്നെ 'പ്രകൃതി മതം' എന്നാണ്. ഇസ്‌ലാമിന്റെ പ്രകൃതിപരതയെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ചില കാര്യങ്ങളുണ്ട്. 

പ്രകൃതിയെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അവസ്ഥാഭേദങ്ങളോടെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത മഹാശക്തിയില്‍ നിന്നുള്ള മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച് അനുഭവിക്കുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ടുള്ള മനുഷ്യ നിലനില്‍പ്പ് സ്രഷ്ടാവ് തന്നെ മനുഷ്യന് അനുവദിച്ചിട്ടുള്ളതാണ്. 


മനുഷ്യപ്രകൃതി

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥന്‍ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടള്ളത്. ഒരു ജീവിയെന്ന നിലയില്‍ മനുഷ്യനില്‍ സഹജമായി നിലകൊള്ളുന്ന ചില ശീലങ്ങളെയും സ്വഭാവങ്ങളെയും മറികടന്നുകൊണ്ടും അവയെ അടിച്ചമര്‍ത്തിക്കൊണ്ടും മുന്നോട്ടു പോവുക സാധ്യമല്ല. എന്നാല്‍ അവയെ സ്രഷ്ടാവിന്റെ താല്‍പര്യപ്രകാരം നിയന്ത്രിക്കുകയും വിനിയോഗിക്കുകയും ചെയ്തുകൊണ്ട് തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുവാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ് എന്ന് വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ പഠിപ്പിക്കുന്നു. 

അല്ലാഹു പറയുന്നു: ''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല''(ക്വുര്‍ആന്‍ 30:30).

പ്രകൃതിമതമായ ഇസ്‌ലാം മനുഷ്യരാശിയുടെ ഏകീകരണത്തിനുള്ള ഏക ഉപാധിയാണെന്നുകൂടി വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. പല മതങ്ങളെയും പിന്തുടരുകയും ബഹുദൈവവിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഉരുത്തിരിയുന്ന വൈജാത്യങ്ങള്‍ മാനവരാശിയെ ഭിന്നിപ്പിക്കുന്നു. ഈ ഭിന്നിപ്പില്ലാതെയാക്കുവാനാണ് പ്രകൃതിമതമായ ഇസ്‌ലാം അംഗീകരിക്കുന്നതിലൂടെ സാധ്യതയൊരുങ്ങുന്നത്. മനുഷ്യപ്രകൃതിയിലെ ജൈവസവിശേഷതകളും ഗുണങ്ങളുമെല്ലാം ഏകദൈവാദര്‍ശത്തിന്റെ അനിവാര്യത എന്ന സാക്ഷ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നിരിക്കെ മനുഷ്യര്‍ ബഹുദൈവ വിശ്വാസികളായിത്തീരുന്നത് പ്രകൃതിക്കും സഹജമൗലികതകള്‍ക്കും നിരക്കാത്ത കാര്യമാണ്. മനുഷ്യരാശിയെ സൃഷ്ടിച്ചത് പലശക്തികളല്ല എന്നതിന്റെ സാക്ഷ്യമാണ് ലോകത്തിലെ എല്ലാ മനുഷ്യരുടെയും ബാഹ്യരൂപത്തിന്റെയും ആന്തരിക ഘടനയുടെയും സമാനത.

''നിന്റെ രക്ഷിതാവ് ആദംസന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും, അവരുടെ കാര്യത്തില്‍ അവരെത്തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). (അവന്‍ ചോദിച്ചു) ''ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ?' 'അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെ പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു' എന്ന് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്'' (7:172).

മനുഷ്യന്റെ പ്രകൃതിയില്‍ തന്നെ അടങ്ങിയിട്ടുള്ള സത്യസാക്ഷ്യത്തെ കുറിച്ചാണ് ഇപ്പറഞ്ഞത്. മനസ്സ് വികലമായിട്ടില്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും; ഞാന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല. പ്രത്യുത സര്‍വജ്ഞനും സര്‍വശക്തനുമായ സൃഷ്ടികര്‍ത്താവ് വിസ്മയകരമാംവിധം തന്നെ സംവിധാനിച്ചിരിക്കുകയാണെന്ന്. ഇത്തരമൊരു സാക്ഷ്യം മാനവരാശിയുടെ സഹജവും സ്വാഭാവികവുമായ ആദര്‍ശമാണ് പ്രതിനിധീകരിക്കുന്നത്. ഈ ആദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കുന്നത് മനുഷ്യരാശിയുടെ അധഃപതനത്തിന്റെയും നാശത്തിന്റെയും കാരണമാണ് എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യനെ സൃഷ്ടിക്കുകയും അവന്ന് ജീവിതം നല്‍കുകയും ചെയ്ത പ്രപഞ്ചനാഥനില്‍ നിന്നുള്ളതാണ് ഇസ്‌ലാമെന്നും മനുഷ്യരാശി അതിന്റെ വളര്‍ച്ചയുടെ വിഭിന്ന ഘട്ടങ്ങളിലായി വ്യത്യസ്ത വിശ്വാസ, ആദര്‍ശങ്ങള്‍ സ്വീകരിക്കുകയും അവലംബിക്കുകയും ചെയ്തുവെന്നത് സഹജമായ ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമാണെന്നുമാണ് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. ഏകദൈവാദര്‍ശത്തെ സഹജവും സ്വാഭാവികവുമായ ഒരു വിശ്വാസാദര്‍ശമായി പരിചയപ്പെടുത്തുന്ന ക്വുര്‍ആനിനു സമാനമായി ഇത്തരം ആദര്‍ശ പ്രഖ്യാപനം നടത്തുന്ന മറ്റൊരു വേദഗ്രന്ഥവും ലോകത്ത് വേറെയില്ല.


പ്രകൃതിയുടെ യാഥാര്‍ഥ്യം

പ്രപഞ്ചത്തില്‍ ഒരു വസ്തുവിനും സൃഷ്ടികര്‍ത്താവിന്റെ നിയന്ത്രണത്തില്‍ നിന്നും മാറിനില്‍ക്കുവാന്‍ സാധ്യമല്ല. അതാതു വസ്തുക്കള്‍ക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള സഹജമായ പ്രവര്‍ത്തന രീതികള്‍ക്കും ഗുണങ്ങള്‍ക്കും അപ്പുറത്തേക്ക് കടക്കുവാന്‍ ഒന്നിനും സാധിക്കുകയില്ല. ഇക്കാര്യത്തില്‍ ഇഛാപരമോ അനിഛാപരമോ ആയ തെരഞ്ഞെടുപ്പിനുള്ള അവകാശം ഒരു സൃഷ്ടിക്കുമില്ല. ജീവനുള്ളവയും അല്ലാത്തവയും മനുഷ്യരും മൃഗങ്ങളും എല്ലാം ഇക്കാര്യത്തില്‍ തുല്യമാണ്. ശുദ്ധമായ ബുദ്ധിയും ചിന്തയും വിവേകവും തലച്ചോറിന്റെ സാധ്യതകള്‍ വിനിയോഗിക്കുവാനുള്ള വിശാലമായ അവസരങ്ങളും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ക്കുപോലും ഇക്കാര്യത്തില്‍ യാതൊരു വ്യതിരിക്തതയും പുലര്‍ത്തുവാന്‍ കഴിയുന്നില്ല.  

എല്ലാ വസ്തുക്കള്‍ക്കും അതാതിന്റെതായ ഒരു നിശ്ചിത ഘടന നിര്‍ണയിക്കുകയും മനുഷ്യന് തെരഞ്ഞെടുപ്പിന്റെയും അതിജീവിനത്തിന്റെയും ശേഷി നല്‍കുകയും ചെയ്ത സ്രഷ്ടാവ് മനുഷ്യനെ അവന്റെ സൃഷ്ടിപ്പിനു പിന്നിലെ ലക്ഷ്യം അവനെ മാത്രം ആരാധിക്കുക എന്നതാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. 

എല്ലാ വസ്തുക്കളും മനുഷ്യന് വേണ്ടി പടച്ചിരിക്കുന്നു എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്: 

''അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭുമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്...'' (2:29).

സൃഷ്ടിപ്പിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളും വിജ്ഞാനങ്ങളും വിശ്വാസ ദൃഢീകരണത്തിനുതകുമെന്നതില്‍ സംശയമില്ല. 

സൃഷ്ടിപ്പുമായും പ്രകൃതിയുമായും ബന്ധപ്പെട്ട ചില വചനങ്ങള്‍ കാണുക:

''ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തു നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (2:164). 

പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും വിവിധ ഘടകങ്ങളെയും ക്രമീകരണങ്ങളെയും സൃഷ്ടിപ്പിലെയും വിതാനത്തിലെയും വൈവിധ്യങ്ങളെയും എടുത്തുപറഞ്ഞുകൊണ്ട് (ഈ പ്രതിഭാസങ്ങള്‍ക്കു പിന്നിലെ സൃഷ്ടികര്‍ത്താവിന്റെ വൈഭവപൂര്‍ണമായ ഇടപെടല്‍ ഓര്‍മിപ്പിച്ചുകൊണ്ട്) വ്യക്തികളെ സത്യവിശ്വാസം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ് ക്വുര്‍ആന്‍.

''സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാകുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. തീര്‍ച്ചയായും രാപ്പകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും പലതെളിവുകളുമുണ്ട്'' (10:5-6).

''ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചുള്ളതെന്ന് നീ കണ്ടില്ലേ? അവനുദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കംചെയ്യുകയും ഒരു പുതിയ സൃഷ്ടിയെ അവന്‍ കൊണ്ടുവരികയും ചെയ്യുന്നതാണ്. അല്ലാഹുവെ സംബന്ധിച്ചിടത്തോളം അത് ഒരു വിഷമകരമായ കാര്യമല്ല'' (14:19-2). 

പ്രകൃതിയുടെ അനുസരണം

മനുഷ്യര്‍ അടക്കമുള്ള എല്ലാ വസ്തുക്കളും ജീവജാലങ്ങളും അവയുടെ സ്വാഭാവിക ഘടനയിലും ജൈവപ്രകൃതിയിലും നിലനില്‍ക്കുകയും അതിനനുസൃതമായ രീതിയില്‍ വര്‍ത്തിക്കുയും ചെയ്യുന്നു. ഒരു മനുഷ്യന്‍ ശ്വസിക്കുന്നത് അവന്റെ സ്വന്തം പ്രവര്‍ത്തനമല്ല. ശരീരത്തിനകത്തു നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളുമൊന്നും മനുഷ്യന്റെ പ്രവൃത്തിയുടെ ഫലമല്ല. ഇതുപോലെ, സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപരമായ സംവിധാനത്തിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര കാര്യങ്ങളുണ്ട്! 

പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും വസ്തുക്കള്‍ അവയ്ക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വഭാവവും രീതികളും അനുസരിച്ച് വര്‍ത്തിക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നതിനെ വിശുദ്ധ ക്വുര്‍ആന്‍ 'ഇസ്‌ലാം' അഥവാ അനുസരണം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.  

മനുഷ്യരാശിയുമായി ബന്ധപ്പെട്ടു വിശുദ്ധ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 'ഇസ്‌ലാം' എന്ന പദത്തിന്റെ താല്‍പര്യം പ്രകൃതി-പ്രപഞ്ച വസ്തുക്കളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന 'ഇസ്‌ലാം' എന്ന പദത്തില്‍ നിന്ന് ആശയത്തിലും അര്‍ഥത്തിലും ലക്ഷ്യത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രാപഞ്ചിക വസ്തുക്കളുടെ അനുസരണത്തെപ്പറ്റി അഥവാ അവയെല്ലാം അവയ്ക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ഘടനയിലും പ്രകൃതിയിലും മുന്നോട്ട് പോകുന്നതിനെപ്പറ്റി പരാമര്‍ശിക്കുന്ന ചില വിശുദ്ധ വാക്യങ്ങള്‍ കാണുക: 

''അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റുവല്ല മതവുമാണോ അവരാഗ്രഹിക്കുന്നത്. (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയലും ഉള്ളവരെല്ലാം അനുസരണയയോടെയോ നിര്‍ബന്ധമായോ അവന് കീഴ്‌പ്പെട്ടിരിക്കുകയാണ്....'' (3:83).

''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നുന്നു''(17:44).

''ആകാശങ്ങളിലുള്ളവരും ഭൂമിയലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ?...'' (22:18).

പ്രകൃതിയിലുള്ള വസ്തുക്കളെല്ലാം അവയുടെ പ്രകൃതിയും സ്വഭാവവും അനുസരിച്ച് സ്രഷ്ടാവിന്റെ നിയമങ്ങള്‍ അഥവാ പ്രകൃതി സംവിധാനങ്ങള്‍ അനുസരിച്ചുകൊണ്ടേയിരിക്കുന്നു എന്നും, അവയ്ക്കു നിശ്ചയിക്കപ്പെട്ട ഘടനയില്‍ നിന്ന് അല്‍പവും വ്യതിചലിക്കുവാന്‍ അവയ്ക്ക് കഴിയില്ല എന്നുമാണ് മേല്‍പറഞ്ഞ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്. അവയുടെ പ്രകീര്‍ത്തനം എങ്ങനെയെന്നത് നമുക്കജ്ഞാതമാണ്. മനഃപൂര്‍വം അനുസരണക്കേടു കാണിക്കുന്നത് ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട ജിന്നുകളും മനുഷ്യരും മാത്രമാണ്.

ഇസ്‌ലാം പ്രകൃതിമതമാകുന്നത്

എല്ലാ വസ്തു-ജീവജാല ഘടനകളിലും സ്രഷ്ടാവ് അനുസരണത്തിന്റെതായ രണ്ടുതലങ്ങള്‍ സംവിധാനിച്ചിരിക്കുന്നു. ഒന്ന,് സൃഷ്ടിപരമായ ഘടനയിലൂടെ ഉരുത്തിരിയുന്ന അബോധപരമായ അനുസരണം. രണ്ട്, തെരഞ്ഞെടുപ്പിന്റെയും വിധേയത്വത്തിന്റെയും ആശയപരമായ സ്വാംശീകരണത്തിന്റെയും ഫലമായി ഉരുത്തിരിയുന്ന ബോധപരമായ അനുസരണം. വിശുദ്ധ ക്വുര്‍ആന്‍ 3:83ല്‍ വിശദീകരിക്കുന്ന അനുസരണയോടെയോ (ത്വൗഅന്‍) നിര്‍ബന്ധമായോ (കര്‍ഹന്‍) ഉള്ള അനുസരണമെന്ന വേര്‍തിരിവ് ഇതിന്റെ തെളിവാണ്. പ്രപഞ്ചത്തിലെ വസ്തുക്കള്‍ അവയുടെ സഹജവും സ്വാഭാവികവുമായ ശീലങ്ങള്‍ക്കും പ്രകൃതിക്കും അനുസരിച്ച് നിലനില്‍ക്കുന്നത് നിര്‍ബന്ധിതമായ അനുസരണത്തിന്റെയും, മനുഷ്യര്‍ ദൈവിക നിയമങ്ങള്‍ അനുസരിച്ച് സ്രഷ്ടാവിന് വിധേയരായി ജീവിക്കുന്നത് അനുസരണബോധത്തോടെയുള്ള അനുസരണത്തിന്റെയും ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളെയും പോലെ മനുഷ്യനും നിര്‍ബന്ധിതമായ അനുസരണം (കര്‍ഹന്‍) എന്ന സംവിധാനത്തിനു വിധേയമാണ്. കാരണം അവന്റെ ജൈവഘടനയും അവന്റെ ശാരീരിക സംവിധാനവുമെല്ലാം അവന്റെ തീരുമാനത്തിനതീതമായി നിലനില്‍ക്കുന്നവയാണ്. 

എന്നാല്‍ ദൈവിക നിയമങ്ങള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് സ്രഷ്ടാവിന്റെ ഇഛയും താല്‍പര്യവുമനുസരിച്ച് ജീവിക്കാന്‍ മനുഷ്യന്‍ തീരുമാനിച്ചാല്‍ മാത്രമെ അതിനനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 

ഇസ്‌ലാമിന്റെ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രകൃതിയുമായും പ്രപഞ്ചത്തിലെയും ജൈവലോകത്തിലെയും ഘടനകളുമായും യോജിക്കുന്നതാണ്. പ്രപഞ്ചത്തെയും അതിലെ വസ്തുക്കളെയും സൃഷ്ടിച്ചവനില്‍ നിന്നുതന്നെ വന്നവയാണ് നിയമങ്ങളും തത്ത്വങ്ങളും എന്നതു തന്നെ കാരണം. ഇസ്‌ലാം പ്രകൃതിയുമായി യോജിക്കാത്തതും പ്രകൃതിവിരുദ്ധവുമായ ഒരു മതമാണ് എന്ന് ആരോപിക്കുന്നവര്‍ ചിന്തിക്കുന്നത് മനുഷ്യന്റെ അനിയന്ത്രിതമായ ഇഛകളും ആഗ്രഹങ്ങളുമായി ഇസ്‌ലാം അനുരഞ്ജനപ്പെടുന്നില്ല എന്നതിനെപ്പറ്റി മാത്രമാണ്. മനുഷ്യന്റെ ഇഛകളുടെയും താല്‍പര്യങ്ങളുടെയും കടിഞ്ഞാണില്ലാത്ത പ്രയാണത്തിനനുസരിച്ചുള്ള നിയമങ്ങളും തത്ത്വങ്ങളും ആവിഷ്‌കരിച്ചുകൊണ്ട് മനുഷ്യന് അനുഗുണമാവുക എന്നത് ഒരു ദൈവികമാര്‍ഗദര്‍ശനത്തിന്റെ സ്വഭാവമായിക്കൂടെന്ന് ചിന്തിക്കുവാന്‍ വിമര്‍ശകര്‍ക്കു കഴിയുന്നില്ല. തനിക്കു തന്നെ നിയന്ത്രണാവകാശം ലഭ്യമല്ലാത്ത ഒട്ടനവധി പ്രതിഭാസങ്ങളോടുകൂടിയ ശരീരവും പ്രകൃതവും ആന്തര ഘടനയും പേറുന്ന മനുഷ്യന്‍ തനിക്ക് താന്‍ ഇച്ഛിക്കുന്ന കാര്യങ്ങളെ മികച്ചെതെന്ന് കരുതുന്നത് എത്രമാത്രം ബാലിശമായ ഒരു നിലപാടാണ്! മനുഷ്യന്റെ അകവും പുറവും രഹസ്യവും പരസ്യവും ഒരേപോലെ അറിയുന്ന സ്രഷ്ടാവിനു മാത്രമെ മനുഷ്യനു പ്രായോഗികവും ഋജുവുമായ മാര്‍ഗദര്‍ശനം നല്‍കുവാന്‍ കഴിയുകയുള്ളൂ എന്ന സത്യം അംഗീകരിക്കുക മാത്രമാണ് വിവേകവും സല്‍ബുദ്ധിയുമുള്ള മനുഷ്യനു മുന്നിലുള്ള ഏകമാര്‍ഗം.

0
0
0
s2sdefault