ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും

അഷ്‌റഫ്‌ എകരൂൽ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ഭാഗം: 1

'പാരന്റിംഗ്' എന്ന പദം ഏറെ ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും അല്ലാത്തവരുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായി അത് മാറിയിരിക്കുന്നു. ഈ വിഷയത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെയും പരിശീലന ക്ലാസ്സുകളുടെയും ആധിക്യവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. കടുത്ത മത്സരം നിറഞ്ഞ ജീവിതാവസരങ്ങളിലെവിടെയങ്കിലും ഭേദപ്പെട്ട ഇരിപ്പിടവും അല്‍പം ഉയര്‍ച്ചയും നേടാന്‍ ശ്രദ്ധയും ആസൂത്രണവും പരിശീലനവും ആവശ്യമുള്ള ഒരു മേഖലയായി പാരന്റിംഗ് മാറിയത് അത്ഭുതമില്ല. വിജയവും മികവും യാന്ത്രികമായി വന്നെത്തുന്ന യാദൃച്ഛികതയല്ല, സമയവും സന്ദര്‍ഭവും നോക്കി കുഞ്ഞിന്റെ ജീവിതാരംഭം മുതല്‍ ശ്രദ്ധയോടെ പ്രയോഗിക്കേണ്ട ദൗത്യമാണ് പാരന്റിംഗ് എന്ന തിരിച്ചറിവ് അതിന്റെ സൂത്രവാക്യങ്ങളെ തേടാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു.

ഭൗതികലോകത്തെ ചെറിയ കാലയളവിനുള്ളില്‍ നേടാന്‍ സാധ്യതയുള്ള വിജയത്തിനും മികവിനും ഉതകുന്ന ശിക്ഷണമാണ് പാരന്റിംഗ് എങ്കില്‍ ഇസ്‌ലാമിക് പാരന്റിംഗ് ആ പരിമിതമായ അതിര്‍ത്തിക്കപ്പുറത്തേക്ക് നീണ്ട് കടക്കുന്നതാണ്.

എന്താണ് ഇസ്‌ലാമിക് പാരന്റിംഗ്?

ഒരു മനുഷ്യനെ അതിന്റെ പൂര്‍ണതയില്‍ അല്ലാഹുവിന്റെ സമര്‍പ്പിതനായ അടിമയായി തീരാന്‍ ആവശ്യമായ രീതിയില്‍ സ്രഷ്ടാവിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശിലീപ്പിച്ചും രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് പാരന്റിംഗ്. 'എല്ലാ കുഞ്ഞുങ്ങളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ തീയാരാധകനോ ക്രിസ്ത്യനോ ആക്കുന്നത്' എന്ന നബിവചനം ശ്രദ്ധേയമാണ്.

ഇസ്‌ലാമിക് പാരന്റിംഗ് കേവലം ഭൗതിക ജീവിതത്തിലെ ചില്ലറ വിജയത്തിനല്ല. മറിച്ച്, ഈ ജീവിതത്തില്‍ സുരക്ഷയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നതോടൊപ്പം ശാശ്വത ജീവിതത്തിലെ സ്വര്‍ഗ പ്രവേശനവും നരകമോചനവും കൂടി സാധ്യമാക്കുന്ന ദൗത്യമാണ്.

അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും.''(സൂറതുത്തഹ്‌രീം: 6).

ഈ ഭാരിച്ച ദൗത്യം നിര്‍വഹിക്കാന്‍ അല്ലാഹു കേവലം ഒരു രാജകല്‍പന പുറപ്പെടുവിക്കുകയല്ല ചെയ്തത്. മറിച്ച്, അവ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മാതൃകയും അവതരിപ്പിച്ച് തന്നിട്ടുണ്ട്. അവ അവധാനതയോടെ പഠിച്ചും പഠിപ്പിച്ചും ക്ഷമയോടും ആസൂത്രണത്തോടും ഒപ്പം നിരന്തര പ്രാര്‍ഥനയോടും കൂടി നിര്‍വഹിക്കേണ്ട ജോലിയാണ് ഇസ്‌ലാമിക് പാരന്റിംഗ്.

ലക്ഷ്യം നിര്‍ണയിക്കുക

ഏതൊരു ദീര്‍ഘകാല പദ്ധതിക്കും അതിന്റെ ലക്ഷ്യവും നിയോഗവും നിര്‍ണയിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് പാരന്റിംഗിന്റെപ്രഥമ ലക്ഷ്യം ഉത്തമ പൗരനെ(വലദുന്‍ സ്വാലിഹ്) സൃഷ്ടിക്കലാണ്. ഏറ്റവും വലിയ ലക്ഷ്യമാവട്ടെ മുത്തഖീങ്ങളുടെ(സൂക്ഷ്മാലുക്കളുടെ) നേതൃഗുണമുള്ള ഒരു മനുഷ്യന്റെ നിര്‍മിതിയും. മരണശേഷം അവശേഷിക്കുന്ന കര്‍മങ്ങളിലൊന്നായി പ്രവാചകന്‍ എണ്ണിപ്പറഞ്ഞത് മരണപ്പെട്ടവന് വേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താനമാണ്. കൃത്യമായ ആസൂത്രണവും പരിശ്രമവും ക്ഷമയോടെ നിലനിര്‍ത്തുന്ന ഒരു രക്ഷിതാവിന് ഉയര്‍ന്ന ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പരമകാരുണികന്റെ നല്ലവരായ ദാസന്‍മാരുടെ (ഇബാദു റഹ്മാന്‍) ഗുണങ്ങള്‍ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതിലൊന്ന് മുത്തഖീങ്ങളുടെ നേതൃത്വത്തിലെത്താന്‍ പ്രാര്‍ഥിക്കുന്ന സംസ്‌കാരത്തെയാണ്. പ്രാര്‍ഥന കഠിനാധ്വാനത്തിന്റെ ബാക്കിപത്രമാണല്ലോ?

ചുരുക്കത്തില്‍, 'വലദുന്‍ സ്വാലിഹി'ന്റെയും 'ഇമാമുന്‍ മുത്തഖി'ന്റെയും ഇടയില്‍ എവിടെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കുവാന്‍ യോഗ്യതയുള്ള മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അതിന്റെ സൂത്രവാക്യങ്ങള്‍ നാം അന്വേഷിക്കേണ്ടത് മരണാനന്തരജീവിതം തന്നെ അംഗീകരിക്കാത്ത വിദഗ്ധന്‍മാരുടെ പുസ്തകങ്ങളിലോ പരിശീലന ക്ലാസ്സുകളിലോ അല്ല മറിച്ച്, മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും സംവിധായകനായ സ്രഷ്ടാവിന്റെ വേദഗ്രന്ഥത്തിലും അവന്റെ ദൂതന്റെ ജീവിതസന്ദേശങ്ങളിലും അവയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നുമാവണം. ആ വഴിയിലൂടെയുള്ള അന്വേഷണയാത്രയാണ് ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്.
(അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമിയിലെ ഫാക്കല്‍റ്റിയാണ് ലേഖകന്‍)

0
0
0
s2sdefault