ഇസ്വ്‌ലാഹ്, സലഫ്, ജിഹാദ് സംജ്ഞകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും 

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

പറവൂരില്‍ വര്‍ഗീയതക്കെതിരെയും അസഹിഷ്ണുതക്കെതിരെയും ലഘുലേഖകള്‍ വിതരണം ചെയ്ത ഇസ്വ്‌ലാമിക പ്രബോധകര്‍ക്കു നേരെ സംഘ്പരിവാര്‍ അഴിച്ചുവിട്ട അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് വി.ഡി സതീശന്‍ എം.എല്‍.എ കേരള നിയമസഭയില്‍ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു: ''സാര്‍, മുജാഹിദുകള്‍ നിരവധി വര്‍ഷങ്ങളായി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കാലത്തും മൊയ്തു മൗലവിയുടെ കാലത്തും വക്കം മൗലവിയുടെ കാലത്തുമെല്ലാം പ്രചരിപ്പിച്ചിരുന്ന അവരുടെ ഏകദൈവവിശ്വാസത്തിന്റെ ഒരു ചെറിയൊരു ഭാഗം മാത്രമാണിത്. മറ്റുള്ള മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും തന്നെ ആ ലഘുലേഖകളില്ല.'' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ ആ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരള മുസ്‌ലിം ജനതയില്‍ ജനാധിപത്യവും മതേതരത്വവും വളര്‍ത്തിയെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും വര്‍ഗീയതക്കെതിരെയും തീവ്രവാദത്തിനെതിരെയും അതിശക്തമായ നിലപാടുകളെടുക്കുകയും ചെയ്തിട്ടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണ് പറവൂരില്‍ വേട്ടയാടപ്പെട്ടതെന്ന സതീശന്റെ പ്രസ്താവന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിലേറെയുള്ള പുരോഗമനപരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരളത്തിലെ മതേതര മനസ്സിന്റെ അംഗീകാരമാണ്. 'മുജാഹിദ്', 'മുജാഹിദീന്‍' തുടങ്ങിയ പദങ്ങള്‍ ഭീകരതയുടെ പര്യായമായി ലോകമാകമാനം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നറിയപ്പെടുന്ന കേരളനിയമസഭ തന്നെ ആ പദത്തെയും ആ പദം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ബഹുമാനപൂര്‍വ്വം സ്മരിക്കുന്നത്. കേരളത്തിന്റെ പൊതുബോധം എത്രമാത്രം മതേതരമാണെന്ന് വിളിച്ചറിയിക്കുന്ന നിമിഷങ്ങളായിരുന്നു അത്. 

മുജാഹിദ് പ്രസ്ഥാനം മുസ്‌ലിം സമുദായത്തെ വിശ്വാസപരമായും സാംസ്‌കാരികമായും സമുദ്ധരിക്കുന്നതിനു വേണ്ടി രൂപം കൊണ്ട നവോത്ഥാനപ്രസ്ഥാനമാണെന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ഇസ്വ്‌ലാമിനെ ഇതര മതസ്ഥര്‍ക്ക് മുമ്പില്‍ വളച്ചുകെട്ടില്ലാതെ പരിചയപ്പെടുത്തുകയെന്ന ദൗത്യവും മുജാഹിദുകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിക്കു കീഴില്‍ ജീവിക്കുന്നതോ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോ അനിസ്‌ലാമികമാണെന്ന തീവ്രവാദത്തെയും, മുസ്‌ലിം സമുദായത്തിനെതിരെ വരുന്ന അക്രമങ്ങളെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയല്ലാതെ കായികമായി നേരിടണമെന്ന തീവ്രവാദത്തെയും അതിശക്തമായി പ്രതിരോധിച്ചവരാണ് കേരളത്തിലെ മുജാഹിദുകള്‍. ജിഹാദ്, മുജാഹിദ് തുടങ്ങിയ പദങ്ങളെ വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളീയ സമൂഹത്തെ പഠിപ്പിച്ചതും മുജാഹിദുകള്‍ തന്നെയാണ്. ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന ചിന്തകള്‍ മുസ്‌ലിം സമൂഹത്തില്‍ പോലും കടന്നുകൂടിയിട്ടുണ്ട്. ഇത്തരം സംജ്ഞകള്‍ ഉപയോഗിച്ചാല്‍ സായുധരായ ഭീകരവാദികളാണോ തങ്ങളെന്ന് സംശയിക്കപ്പെടുമോ എന്ന ആശങ്ക വെച്ചുപുലര്‍ത്തുന്നവരുമുണ്ട്. 

മുജാഹിദ് എന്ന പദം കേരളത്തിലെ മുജാഹിദുകള്‍ ആലങ്കാരികമായി സ്വീകരിച്ചതല്ല. സമുദായത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീവ്രവാദങ്ങളും ഇല്ലായ്മ ചെയ്യുന്നതിനും സമുദായത്തിന് മതപരവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ ദിശാബോധം നല്‍കുന്നതിനുമായി സംഘടിച്ച ഏതാനും പണ്ഡിതന്മാരും സാധാരണക്കാരും ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ട് ഭൗതിക താല്‍പര്യങ്ങളില്ലാതെ ത്യാഗം ചെയ്യാന്‍ അവര്‍ തയ്യാറായി. ആയിരത്തി എണ്ണൂറുകളുടെ അവസാനം ആരംഭിച്ച ആ പ്രവര്‍ത്തനങ്ങള്‍ 1950 ല്‍ മുജാഹിദ് പ്രസ്ഥാനമെന്ന പേരില്‍ അറിയപ്പെട്ടുവന്നു. 1944ല്‍ അരീക്കോട് എന്‍. വി. അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയാണ് മുജാഹിദ് എന്ന പദം ഈ പ്രസ്ഥാനത്തിന് സംഭാവന ചെയ്തത്. 'നമ്മുടെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു' എന്ന വിശുദ്ധ ക്വുര്‍ആനിലെ സൂറത്തുല്‍ അന്‍കബൂത്തിലെ അവസാന സൂക്തമാണ് മുജാഹിദെന്ന പേര് സ്വീകരിക്കാന്‍ അബ്ദുസ്സലാം മൗലവിക്ക് പ്രചോദനമായതെന്ന് ചരിത്രം കുറിക്കുന്നു. കാരണം ലോകത്ത് കഴിഞ്ഞു പോയ മുഴുവന്‍ ദൈവദൂതന്മാരും പ്രവാചകന്മാരും അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലെത്തിച്ച് അവര്‍ക്ക് ഇഹപരവിജയത്തിനുള്ള മാര്‍ഗം കാണിച്ചുകൊണ്ടുക്കുന്നതിനുവേണ്ടി ഒട്ടേറെ ത്യാഗപരിശ്രമങ്ങള്‍ അഥവാ ജിഹാദ് ചെയ്തിട്ടുണ്ട്. പ്രവാചകന്മാരുടെ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കും അതേ ത്യാഗപരിശ്രമങ്ങള്‍ തന്നെയാണ് നിര്‍വഹിക്കാനുള്ളത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വീകരിക്കപ്പെടേണ്ട ഏതൊരു ത്യാഗവും ആ അര്‍ഥത്തില്‍ ജിഹാദാണ്. 

ജിഹാദ് എന്ന പദത്തിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്. ഒട്ടനവധി വ്യാഖ്യാനങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും അത് വിധേയമായിട്ടുമുണ്ട്. ഒരു കാര്യം സാധിച്ചുകിട്ടുന്നതിനുവേണ്ടി വിഷമങ്ങള്‍ സഹിച്ചുകൊണ്ടും എതിര്‍പ്പുകളെ തൃണവത്കരിച്ചുകൊണ്ടും തീവ്രശ്രമം നടത്തുക അഥവാ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക എന്നൊക്കെയാണ് ജിഹാദിന്റെ ഭാഷാര്‍ഥം. സ്വന്തം മനസ്സിനോടും ശരീരത്തോടുമുള്ള ജിഹാദ്, പിശാചിനോടുള്ള ജിഹാദ്, മുസ്‌ലിംകളെ ശത്രുക്കളായി കാണുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന ശത്രുക്കളോടുള്ള ജിഹാദ് തുടങ്ങി സാഹചര്യങ്ങള്‍ക്കനുസരിച്ച് ജിഹാദിന്റെ ആശയം മാറുന്നു. കേരളത്തിലെ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം സമുദായത്തിലെ ഓരോ അംഗങ്ങളോടും ക്വുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്ത് ജീവിതം ക്രമപ്പെടുത്താന്‍ ഉദ്‌ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരമൊരു ജീവിതം സാധ്യമാവണമെങ്കില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്കെതിരെ ജിഹാദ് ചെയ്തുകൊണ്ട് മനസ്സിനെയും ശരീരത്തെയും സംരക്ഷിക്കണം. മനസ്സില്‍ ഉരുണ്ടുകൂടുന്ന തീവ്രവും ഭീഭത്സവുമായ ചിന്തകളെ ദൈവഭയം കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമെ ഒരാള്‍ യഥാര്‍ഥ മുജാഹിദാവുകയുള്ളൂ. ശക്തമായ നിയമവ്യവസ്ഥ നിലവിലുള്ളപ്പോള്‍ ശത്രുവിനെതിരെയാണെങ്കില്‍ പോലും സ്വയം ആയുധമെടുക്കുന്നത് ഇസ്വ്‌ലാം പഠിപ്പിച്ച ജിഹാദല്ലെന്നു മുജാഹിദുകള്‍ വിശ്വസിക്കാന്‍ കാരണം ജിഹാദിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കിയതാണ്. ആക്രമിക്കപ്പെടുമ്പോളും ജനാധിപത്യമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി നിയമപാലക സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും ഉപയോഗപ്പെടുത്തിക്കൊണ്ട് മാത്രമെ അതിനെ ചെറുക്കാവൂ എന്നാണ് മുജാഹിദുകള്‍ പഠിപ്പിക്കപ്പെട്ടത്. പകല്‍വെളിച്ചത്തിലെ ആള്‍ക്കൂട്ട ഭീകരതയും ഇരുളിന്‍ മറവിലെ ആക്രമണ പ്രത്യാക്രമണങ്ങളും ഒരുപോലെ നിഷിദ്ധമാണെന്ന് മുജാഹിദുകള്‍ വിശ്വസിക്കുന്നു. 

സായുധപോരാട്ടങ്ങള്‍ ലക്ഷ്യമാക്കി ഇസ്വ്‌ലാമിന്റെ പേരില്‍ രൂപംകൊണ്ട ജിഹാദീ പ്രസ്ഥാനങ്ങള്‍ ധാരാളമാണ്. 'സമൂഹത്തിനു നന്മ ചെയ്യുന്നതിന് വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങള്‍' എന്ന വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ച ജിഹാദിന്റെ ശരിയായ താല്‍പര്യങ്ങളെ വികൃതമാക്കിയതില്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ് മുഖ്യമായ പങ്ക്. അതേസമയം ജിഹാദിനെ ദുര്‍വ്യാഖ്യാനിച്ച് ഇസ്വ്‌ലാമിനെ ഒരു ഭീകരപ്രസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ഇസ്വ്‌ലാം വിരുദ്ധ കേന്ദ്രങ്ങളും പരിശ്രമിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിലപാടുകള്‍ രൂപീകരിക്കുന്ന ചില ബുദ്ധിജീവികളുമുണ്ട്. 'മുഹമ്മദീയരുടെ വിശുദ്ധ യുദ്ധം', 'ആളുകളെ ഇളക്കിവിടാനുള്ള പ്രചാരണം' എന്നൊക്കെയാണ് എന്‍.ബി.എസ് പ്രസിദ്ധീകരിച്ച മാധവന്‍ പിള്ളയുടെ ഇംഗഌഷ് മലയാളം നിഘണ്ടുവിലുള്ളത്. 'ഒീഹ്യ ംമൃ ളീൗഴവ േയ്യ ങൗഹെശാ െമഴമശിേെ വേീലെ ംവീ ൃലഷലര േകഹെമാ' (ഇസ്വ്‌ലാമിനെ തള്ളിക്കളയുന്നവര്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന വിശുദ്ധ യുദ്ധം) എന്ന് ഒക്‌സ്‌ഫോര്‍ഡും 'മ േൌി േരമാുമശഴി' എന്ന് ചേംബേഴ്‌സ് ഡിക്ഷ്ണറിയും അര്‍ഥം നല്‍കുന്നു. ജിഹാദിന് ഇത്തരത്തിലുള്ള അര്‍ഥം ഇസ്വ്‌ലാമിക പ്രമാണങ്ങളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. ഇസ്വ്‌ലാമിക ഭരണം അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ഗമായി ജിഹാദിനെ വിശദീകരിച്ച ചില ഇസ്വ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ഇസ്വ്‌ലാമിലെ ജിഹാദിനെ തെറ്റുധരിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കുണ്ട്. 

മുജാഹിദ് പ്രസ്ഥാനം പ്രധാനമായും അറിയപ്പെടുന്നത് മൂന്നു പേരുകളിലാണ്. മുജാഹിദ് എന്ന പേരിനു പുറമെ ഇസ്വ്‌ലാഹി, സലഫി തുടങ്ങിയ പേരുകളിലൂടെയും പ്രസ്ഥാനം അറിയപ്പെട്ടുവരുന്നു. ജിഹാദ്, ഇസ്വ്‌ലാഹ്, സലഫി എന്നീ സംജ്ഞകളിലാണ് ഈ പ്രസ്ഥാനം പടുക്കപ്പെട്ടിട്ടുള്ളത്. ഓരോ പദങ്ങള്‍ക്കും അതിന്റേതായ ലക്ഷ്യങ്ങളും ആശയങ്ങളുമുണ്ട്. പ്രവാചകന്മാരുടെ നിയോഗത്തിന്റെ ലക്ഷ്യം വിവരിക്കുമ്പോള്‍ ക്വുര്‍ആന്‍ ഉപയോഗിച്ച പദമാണ് 'ഇസ്വ്‌ലാഹ്'. 'കേടുവന്നത് നന്നാക്കുക' എന്ന അര്‍ഥമാണ് അതിനുള്ളത്. പ്രവാചകന്മാര്‍ ഭൂമിയില്‍ നിര്‍വഹിച്ച പ്രവര്‍ത്തനവും അതുതന്നെയായിരുന്നു. 'ഇന്‍ ഉരീദു ഇല്ലല്‍ ഇസ്വ്‌ലാഹ മസ്തത്വഅ്തു' (എനിക്ക് സാധ്യമായത്ര ഇസ്വ്‌ലാഹ്  സംസ്‌കരണം  വരുത്തുവാനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല) എന്ന വചനം പ്രവാചകാധ്യാപനങ്ങള്‍ വിശദമാക്കുന്ന സന്ദര്‍ഭത്തില്‍ ക്വുര്‍ആന്‍ എടുത്തു പറയുന്നു. ഒരു പ്രവാചകനും പുതുതായി ഒരാശയവും കൊണ്ടുവന്നിട്ടില്ല. മുന്‍പ്രവാചകന്മാര്‍ പഠിപ്പിച്ചതില്‍ നിന്നും സമൂഹം വ്യതിചലിക്കുമ്പോള്‍ കേടുപാടുകള്‍ തീര്‍ത്ത് ശരിയായ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ വിശ്വാസപരവും സാംസ്‌കാരികവുമായ വ്യതിചലനങ്ങള്‍ സംഭവിച്ചപ്പോഴാണ് പ്രവാചകന്മാര്‍ കടന്നുവന്നത്. ജനങ്ങളില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തി ജനമനസ്സുകളുടെ കേടുപാടുകള്‍ തീര്‍ക്കുക എന്ന ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. ഇതാണ് മുജാഹിദുകളുടെയും പ്രവര്‍ത്തനം. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഭൂതകാല ചരിത്രം പരിശോധിക്കുമ്പോള്‍ തൗഹീദില്‍ നിന്നകന്ന് ശിര്‍ക്ക് കലര്‍ന്ന വിശ്വാസങ്ങള്‍ സ്വീകരിച്ച്, പ്രവാചകചര്യകള്‍ക്ക് പകരം പുതുതായി രൂപം കൊണ്ട പുത്തനാചാരങ്ങള്‍ സ്വീകരിച്ച് അന്ധകാരത്തിലാപതിച്ചിരുന്ന ഒരു സമൂഹമായി അവര്‍ മാറിയിരുന്നു. അവരെ ഇസ്വ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് മുജാഹിദുകള്‍ നിര്‍വഹിച്ചത്. ഏതൊരു പണ്ഡിതന്റെയും പരിഷ്‌കര്‍ത്താവിന്റെയും പ്രഥമവും പ്രധാനവുമായ പ്രവര്‍ത്തനം ഇസ്വ്‌ലാഹാണ്. 

ഇസ്വ്‌ലാഹ് പ്രവര്‍ത്തനമായി അംഗീകരിച്ചവര്‍ക്ക് ആ പ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യണമെങ്കില്‍ വിജ്ഞാനം അനിവാര്യമാണ്. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം നിര്‍വഹിക്കപ്പെടുമ്പോള്‍ പ്രവാചകന്മാരിലൂടെ അവതീര്‍ണമായ വിജ്ഞാനം അനിവാര്യമായിത്തീരുന്നു. അവസാനവേദമായ വിശുദ്ധക്വുര്‍ആനും അന്തിമപ്രവാചകനായ മുഹമ്മദ് നബി ﷺ യുമാണ് വിജ്ഞാനത്തിന്റെ സ്രോതസ്സ്. പ്രവാചകന്റെ കൂടെ ജീവിച്ച അദ്ദേഹത്തിന്റെ അനുചരന്മാരടക്കം ആദ്യ മൂന്നുനൂറ്റാണ്ടുകളില്‍ ജീവിച്ച പൂര്‍വസൂരികള്‍ അഥവാ 'അസ്സലഫുസ്സ്വാലിഹ്' അവരാണ് ഇസ്വ്‌ലാമിക വിജ്ഞാനത്തിന്റെ ആധാരം. ആ 'സലഫ്'നെ അംഗീകരിക്കുന്നവര്‍ എന്ന നിലക്ക് മുജാഹിദുകള്‍ 'സലഫികള്‍' എന്ന പേരിലുമറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇസ്വ്‌ലാഹ്, സലഫ്, ജിഹാദ് എന്നീ സംജ്ഞകള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂലക്കല്ലുകളാകുന്നു. അവയെ ഇളക്കിമാറ്റിയാല്‍ പിന്നെ മുജാഹിദ് പ്രസ്ഥാനമില്ല. 

ജിഹാദ് ദുര്‍വ്യാഖ്യാനിക്കപ്പെട്ട പോലെത്തന്നെ ഇസ്വ്‌ലാഹ്, സലഫ് എന്നീ പദങ്ങളും ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സച്ചരിതരായ പൂര്‍വികരുടെ പാത സ്വീകരിക്കുകയെന്ന ആശയം മാത്രം ഉള്‍ക്കൊള്ളുന്ന നിര്‍ദോഷകരമായ സലഫി എന്ന പദത്തെ ഭീകരതയുമായി ബന്ധിപ്പിക്കാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിനു ശേഷമാണ് ഇത്തരമൊരു ശ്രമം വ്യാപകമായത്. ഉസാമ ബിന്‍ ലാദന്റെ ഐഡിയോളജിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പ്രചാരണത്തിന് ആക്കം കൂടിയത്. സൗദി അറേബ്യ സലഫീ മാര്‍ഗം ഉള്‍ക്കൊണ്ടിട്ടുള്ള ഒരു രാജ്യമായതുകൊണ്ട് സൗദിയില്‍ വളര്‍ന്ന ഉസാമയും ഒരു സലഫിയാണെന്നായിരുന്നു ആരോപണം. റാഡിക്കല്‍ സലഫിസം പോലെയുള്ള പ്രയോഗം വളരെ വ്യാപകമായി. സത്യത്തില്‍ സലഫിസം എന്ന ഒരു 'ഇസം' സലഫുകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. തീവ്ര-ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി സ്വീകരിച്ച നടപടികള്‍ ലോകം അംഗീകരിച്ചതാണ്. ഉസാമയടക്കമുള്ള ഭീകരവാദികളെ സൗദിയുടെ മണ്ണില്‍ നിന്നും തുരത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഭീകരസംഘങ്ങളില്‍ പലരും 'സലഫി' എന്ന പദത്തെ ജനങ്ങളില്‍ സ്വാധീനം കിട്ടുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സലഫി എന്ന പദത്തിന്റെ മൗലികമായ സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യം യഥാര്‍ഥ സലഫികള്‍ക്കുണ്ട്. 'ഇസ്വ്‌ലാമിക തീവ്രവാദം' എന്ന പ്രയോഗം മാധ്യമങ്ങളടക്കം പലരും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അറബി ഭാഷയിലെ പല പദങ്ങളും തീവ്രവാദികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് 'ഇസ്വ്‌ലാം' തുടങ്ങിയ അറബി പദങ്ങളൊന്നും ഇനി ആരും ഉപയോഗിക്കരുതെന്നു പറയുന്നത് മൗഢ്യവും ഭീരുത്വവുമാണ്. പേരുകള്‍ മാത്രം നോക്കിയല്ല ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിച്ചുകൊണ്ടാണ് പ്രസ്ഥാനങ്ങളെ വിലയിരുത്തേണ്ടത്. 

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിലെ ഏറ്റവും വിശിഷ്ടമായ തലമുറ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമടങ്ങുന്ന 'സലഫി തലമുറ'യാണെന്ന കാര്യത്തില്‍ സംശയമില്ല. സലഫുസ്സ്വാലിഹുകള്‍ ക്വുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിച്ചവരായിരുന്നു. അവരെപ്പോലെ തന്നെ ക്വുര്‍ആനും സുന്നത്തും അടിസ്ഥാനപ്രമാണങ്ങളാക്കുന്ന രീതി മുജാഹിദുകളും അവലംബിക്കുന്നു. ആരാധനാകാര്യങ്ങളില്‍ മാത്രമല്ല സ്വഭാവരംഗങ്ങളിലും ഇടപാടുകളിലും സാമ്പത്തികരംഗങ്ങളിലും പ്രബോധനശൈലിയിലുമെല്ലാം 'സലഫിന്റെ' മാതൃക സസൂക്ഷ്മം പിന്തുടരുക എന്നതാണ് മുജാഹിദുകളുടെ നിലപാട്. സലഫുകള്‍ മനസ്സിലാക്കിയ ഇസ്വ്‌ലാമിന്റെ ആദര്‍ശാടിത്തറ തൗഹീദാണ്. പ്രവാചക പ്രബോധനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പ്രാമുഖ്യം നല്‍കപ്പെട്ടതും തൗഹീദാണ്. പ്രാര്‍ഥനകളും അഭൗതികമായ സഹായാര്‍ഥനകളും തേട്ടങ്ങളും നേര്‍ച്ചകളും വഴിപാടുകളും ബലികര്‍മങ്ങളും എന്നിങ്ങനെ ആരാധനയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് തൗഹീദിന്റെ കാതല്‍. ദൈവിക മതത്തെ മനുഷ്യ നിര്‍മിത മതങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന തനിമ തൗഹീദാകുന്നു. ഏകദൈവാരാധനയുടെ ദൈവനിര്‍ദിഷ്ടമായ രീതി സ്വയം പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും മാനവരിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത് പകര്‍ന്നുകൊടുക്കുകയും ചെയ്യുകയെന്ന മഹദ്ദൗത്യമാണ് മുജാഹിദുകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സമുദായത്തില്‍ തൗഹീദില്‍ സംഭവിച്ചിട്ടുള്ള വ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കാതെ തൗഹീദിപ്രബോധനം സത്യസന്ധവും നീതിയുക്തവും സമഗ്രവും ആവില്ലെന്നു മുജാഹിദുകള്‍ വിശ്വസിക്കുന്നു.

ഇസ്വ്‌ലാഹ് എന്ന പദം ഈജിപ്തില്‍ നിന്നും കടന്നുവന്നതാണെന്നും അതുകൊണ്ടുതന്നെ ഈജിപ്തിലെ ഐഡിയോളജികളാണ് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും രാജ്യങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടവരല്ല. കേരളീയ സമൂഹങ്ങളെയും സാഹചര്യങ്ങളെയും പരിശോധിച്ച് അവിടെ നടത്തേണ്ട പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സലഫുകളുടെ മാര്‍ഗമനുസരിച്ച് നടത്തുകയാണ് മുജാഹിദുകള്‍ ചെയ്തിട്ടുള്ളത്. സലഫി വിജ്ഞാനം ആര്‍ജിച്ചെടുക്കുകയും പ്രവാചകന്മാര്‍ നടത്തിയ ഇസ്വ്‌ലാഹിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ പണ്ഡിതന്മാരുമായും മുജാഹിദ് പ്രസ്ഥാനത്തിന് ആശയപരമായ ബന്ധമുണ്ട്.

ഒരു ബഹുമത സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷം പുലര്‍ത്തേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്ന് കേരളത്തിലെ മുസ്‌ലിം നേതാക്കളെയും ഭരണരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ബഹുജനങ്ങളെയും ഒരു പോലെ ബോധ്യപ്പെടുത്താന്‍ മുജാഹിദുകള്‍ക്ക് സാധിച്ചതുകൊണ്ടാണ് എത്ര വലിയ തെറ്റുധരിപ്പിക്കലുകളുണ്ടായിരുന്നിട്ടും ദുഷ്പ്രചാരണങ്ങള്‍ നടന്നിട്ടും മുജാഹിദ്, ഇസ്വ്‌ലാഹി, സലഫി തുടങ്ങിയ സംജ്ഞകള്‍ സംശയങ്ങള്‍ക്കിടമില്ലാത്ത വിധം കേരളീയ സമൂഹത്തില്‍ സ്വീകാര്യമായിത്തീര്‍ന്നത്.

0
0
0
s2sdefault