'ഇന്റര്‍നെറ്റ്' വലയില്‍ കുരുങ്ങിയ കൗമാരം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 നവംബര്‍ 04 1439 സഫര്‍ 15
ചോദ്യം: പതിനാറ് വയസ്സുള്ള എന്റെ മകന്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂള്‍ പഠനം നിര്‍ത്തിയിരിക്കുകയാണ്. തീരെ അനുസരണയില്ല. ഇന്റര്‍നെറ്റില്ലാതെ അവന് ജീവിക്കാന്‍ കഴിയില്ല. ഏത് സമയത്തും ഗെയിമിന്റെ ലോകത്താണ്. പിതാവ് ഗള്‍ഫിലായതിനാല്‍ ആരെയും ഭയമില്ല. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കില്‍ അക്രമകാരിയാകും. സൈക്കോളജിസ്റ്റിനെ കാണിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. ഇസ്‌ലാമിക ബോധം തീരെയില്ല. ഇവനെ മാറ്റിയെടുക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരു മാതാവ് അയച്ച ദീര്‍ഘമായ കത്തിലെ പ്രസക്ത ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. കുട്ടികളെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ കിട്ടാതെ വരുന്ന അവസ്ഥ അങ്ങേയറ്റം ഭയാനകമാണ്. ഈ സഹോദരിയുടെ ചോദ്യത്തില്‍ അത്തരം ഒരു സാഹചര്യം ഉള്ളതുപോലെ തോന്നുന്നു. മനുഷ്യന്‍ ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് അവന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നത് . ഈ മൂല്യങ്ങള്‍ കൈവിട്ട് പോയാല്‍ അവനെക്കാളും അപകടകാരിയല്ല മറ്റൊന്നും. ഇവിടെ രണ്ടു വശങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി എന്തുകൊണ്ട് ഈ കൂട്ടി ഇങ്ങനെ ആയിത്തീര്‍ന്നു എന്നതാണ്

എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് അവരെ നന്മയിലും തിന്മയിലും എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഒരു രക്ഷിതാവും തന്റെ കുട്ടിയെ ബോധപൂര്‍വം തിന്മയിലേക്ക് നയിക്കില്ലെന്നുറപ്പാണ്. എന്നാല്‍ നന്നാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമോ എന്ന് നാം ഭയപ്പെടണം. ഒരു കാരണവശാലും അവരെ നന്മയിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങില്‍ നിന്ന് നാം പിന്‍വാങ്ങരുത്. കാരണം അത് നമ്മുടെ ബാധ്യതയാണ്.

ഇവിടെ പറയപ്പെട്ട കുട്ടിയുടെ കാര്യത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നിര്‍ദേശിക്കട്ടെ. സ്‌ക്കൂള്‍ പഠനം നിര്‍ത്തി എന്ന് പറയുമ്പോള്‍ തികച്ചും നിരുത്തരവാദപരമായാണ് അവന്റെ കാര്യം മുന്നോട്ടു പോകുന്നത് എന്ന് വ്യക്തം.

ദുഃശ്ശീലങ്ങള്‍ തുടരുവാന്‍ എന്ത് വഴി സ്വീകരിക്കുവാനും അവന് മടിയില്ല എന്ന് വ്യക്തം. മാതാപിതാക്കളെ പൂര്‍ണമായും ധിക്കരിക്കുന്ന ഒരു നിലപാടാണ് അവനില്‍ കാണുന്നത്.

1. അവന് ആദരവും  ബഹുമാനവുമുള്ള ഗുരുനാഥന്മാരോ വ്യക്തികളോ അവനെ ഉപദേശിക്കുക എന്നത് അവന്റെ മനസ്സ് മാറ്റാന്‍ സഹായകമാകും 

2. ഇത്തരം ഒരു കുട്ടിയോട് പെരുമാറുമ്പോള്‍ സ്‌നേഹപൂര്‍വമായ സമീപനം പ്രയാസകരമായിരിക്കും. അതിലുള്ള മാറ്റം അവനെ ചിന്തിപ്പിച്ചേക്കാം. 

3. നിലവിലുള്ള കൂട്ടുകാരില്‍ നിന്ന് മാറ്റി പുതിയവരും നല്ലവരുമായ ഒരു കൂട്ടുകെട്ടിലേക്ക് എത്തിക്കുന്നതും മാറ്റത്തിന് സഹായകരമാണ.്

4. ചില കാര്യങ്ങള്‍ വിരോധിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുമെങ്കില്‍ ശ്രദ്ധിച്ച് വേണം അത് ചെയ്യാന്‍.

5. തന്റെ നിലപാട് തുടരുന്നത് ചില വിഷമങ്ങള്‍ തനിക്കുണ്ടാക്കുമെന്ന് അവനെ ബോധ്യപ്പെടുത്തുക. ശിക്ഷകള്‍ അതിന് സഹായകരമാണ്. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണിത്.

6. പ്രാര്‍ഥന എത് കാര്യത്തിനും പരിഹാരമാണല്ലോ. പ്രത്യേകിച്ച് മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത്.

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:74).

0
0
0
s2sdefault