ഇന്ത്യ എങ്ങോട്ട്?

പത്രാധിപർ

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ഇന്ത്യയുടെ ഇന്നത്തെ പോക്ക് എങ്ങോട്ടാണ്? രാജ്യത്ത് സമാധാന പൂര്‍ണമായ അവസ്ഥ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ആശങ്കയോടെ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു! യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ അപകടം മണത്തതാണ്. ഹിന്ദു യുവവാഹിനി എന്ന സായുധ തീവ്രവാദ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തിച്ചുവരുന്ന, 2005ല്‍ ഉത്തര്‍പ്രദേശില്‍ ആദ്യമായി ഘര്‍വാപസിക്ക് തുടക്കമിട്ട, 2007ലെ വര്‍ഗീയ കലാപത്തില്‍ നേരിട്ട് പങ്കാളിയായതിന് ജയിലിലടക്കപ്പെട്ട, മുസ്‌ലിം വിരോധത്തിന്റെ വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് വ്യക്തമായിരിക്കുന്നു. ഇത് ഇന്ത്യന്‍ മതനിരപേക്ഷമൂല്യങ്ങളുടെ മണ്ടയില്‍ പതിച്ച ഏറ്റവും വലിയ പ്രഹരമാണെന്നതില്‍ സംശമില്ല.  

ബി.ജെ.പിയും ആര്‍.എസ്.എസും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് പുറത്തെടുത്തിരിക്കുന്നത്. മരിച്ചു മറമാടിയ മുസ്‌ലിം സ്ത്രീകളെയും മാനഭംഗപ്പെടുത്തണമെന്ന് ഒരു സമ്മേളനവേദയില്‍ വെച്ച് ആഹ്വാനം ചെയ്ത, 5000 ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി ഘര്‍വാപസിക്ക് തുടക്കമിട്ട,ഞങ്ങളിലൊന്നിനെ കൊന്നാല്‍ നിങ്ങളിലെ നാലെണ്ണത്തെ കൊല്ലും എന്ന് പ്രഖ്യാപിച്ച, ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിമാക്കിയാല്‍ പ്രതികാരമായി 100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുക്കളാക്കണമെന്ന് നിര്‍ദേശം കൊടുത്ത ഒരു കടുത്ത വര്‍ഗീയവാദി ഇന്ത്യയില ഏറ്റവും വലിയ സംസ്ഥാനത്തിന്റ മുഖ്യമന്ത്രിയായി മാറുന്നത് നല്‍കുന്ന സൂചന അത്ര ശുഭകരമല്ല.   

യു.എ.പി.എ പോലുള്ള നിയമങ്ങള്‍ എന്തുകൊണ്ട് ഇത്തരക്കാരുടെ മേല്‍ ചുമത്തുന്നില്ല? വാക്കുകളില്‍നിന്നും രാജ്യവിരുദ്ധതയും തീവ്രവാദവും വ്യാഖ്യാനിച്ചെടുത്ത് ചിലരുടെ മേല്‍ മാത്രം യു.എ.പി.എ ചുമത്തുന്നത് എന്തുകൊണ്ട്? ജനാധിപത്യത്തിന്റെ മറവില്‍ ഫാസിസം കളി തുടങ്ങിയാല്‍ അങ്ങനെയാണ്. ജര്‍മനിയിലെ ഹിറ്റ്‌ലറുടെ നാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം, ഇസ്‌റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയുിച്ചമര്‍ത്തലിന്റെയും പ്രത്യയശാസ്ത്രങ്ങളാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരില്‍നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍!

''ഫാസിസത്തിന്റെ വസന്തകാലമായിരുന്ന 1939 മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാസിസ്റ്റ് ജര്‍മനിയുടെതായിരുന്നു. 1939 മാര്‍ച്ച് 25ന് ഹിന്ദു മഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ''ആര്യസംസ്‌കാരത്തിന്റെ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു'' (മതം, മാര്‍ക്‌സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്49).

ഫാസിസ്റ്റ് ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി. എസ്. മുണ്‍ജെ എന്ന ആര്‍. എസ്. എസ് നേതാവായിരുന്നു. ഹെഡ്‌ഗെവാറിന്റെ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. 1931 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വട്ടമേശ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ മുണ്‍ജെ യൂറോപ്പാകെ ചുറ്റിസഞ്ചരിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ് ഏറെ സമയം ചെലവഴിച്ചത്. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്''  (മതം, മാര്‍ക്‌സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ് 48).

ഇന്ത്യ ഹിന്ദുക്കളുടേതാണ്; അഥവാ ഹിന്ദുക്കള്‍ക്ക് മാത്രം ജീവിക്കാനര്‍ഹതയുള്ള രാജ്യമാണ് എന്നാണ് ആദിത്യയെ പോലുള്ളവരുടെ മുദ്രാവാക്യം. എന്നാല്‍ ഹിന്ദുത്വം ഭ്രഷ്ട് കല്‍പിച്ചിരിക്കുന്ന അവര്‍ണരും വിജാതീയരും ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ വരും. ഇന്ത്യയിലെ ആദിമനിവാസികള്‍ അവര്‍ണരാണ്. അവര്‍ ഹിന്ദുമതത്തിന് പുറത്താണ് താനും. വടക്കേ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദലിത് പീഡന വാര്‍ത്തകള്‍ ഇതുമായി കൂട്ടിവായിക്കുക. ചത്തപശുവിന്റെ തോലുരിച്ചതിന് നാലഞ്ച് അവര്‍ണരെ ചുട്ടെരിച്ചത് ആരാണെന്നും അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നതും ഓര്‍ക്കുക. 

ഭീതി വിതച്ച് നേട്ടംകൊയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. നിങ്ങള്‍ക്ക് ഈ ദേശത്ത് ജീവിക്കണമെന്നുണ്ടെങ്കില്‍ 'യോഗി, യോഗി' എന്ന മന്ത്രം ഉരുവിടുക എന്നായിരുന്നുവത്രെ 'ഹിന്ദു യുവവാഹിനി'  മുസ്‌ലിംകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഈ തെരഞ്ഞെടുപ്പില്‍ 'ദേശ് മേ മോദി, പ്രദേശ് മേ യോഗി' എന്നതായിരുന്നു മുദ്രാവാക്യം. താല്‍ക്കാലികമായി ഇതുകൊണ്ട് നേട്ടമുണ്ടാക്കാന്‍ പറ്റിയേക്കും. എന്നാല്‍ ചരിത്രം പഠിപ്പിക്കുന്നത് ഇത്തരക്കാരെ കാത്തിരിക്കുന്നത് ഇരട്ട തിരിച്ചടിയായിരിക്കും എന്നതാണ്. മര്‍ദക ഭരണകൂടങ്ങള്‍ക്കൊന്നും സത്യത്തിന്റെയും നീതിയുടെയും മുന്നേറ്റത്തെ അതിജയിക്കാന്‍ സാധിച്ചിട്ടില്ല.

ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികള്‍ തീവ്രചിന്താഗതിക്കാരും വര്‍ഗീയവാദികളുമല്ല എന്നത് മനസ്സിലാക്കി മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ തകര്‍ത്തെറിയാന്‍ കഴിയുന്നതേയുള്ളൂ ഇവരുടെ ഭീഷണി. ഇച്ഛാശക്തിയുള്ള നേതൃത്വമാണ് ഇതിനാവശ്യം.   

0
0
0
s2sdefault