ഇദ്ദ അഥവാ ദീക്ഷാകാലം

ശബീബ് സ്വലാഹി

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലഘമാണ് ദീക്ഷാകാലം (ഇദ്ദ) എന്നത്‌കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹമോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും നിര്‍ബന്ധമായും ഇദ്ദഃ അനുഷ്ഠിക്കണമെന്ന് വിശുദ്ധ ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ ഒരു സ്ത്രീ ബോധപൂര്‍വം ഇദ്ദ ആചരിക്കല്‍ ഉപേക്ഷിച്ചാല്‍ അവര്‍ തെറ്റുകാരിയാണ്, പാപമോചനം നടത്തല്‍ നിര്‍ബന്ധവുമാണ്.


ഇദ്ദയുടെ ലക്ഷ്യങ്ങള്‍.

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടവ കാണുക:

1. പ്രഥമവും പ്രധാനവുമായി അല്ലാഹുവിനെ അനുസരിക്കേണ്ടവരാണ് അവന്റെ അടിമകള്‍. മരണം, വിവാഹമോചനം എന്നിവയ്ക്കനുബന്ധമായി വിശ്വാസിനിയുടെ അനുസരണ പ്രഖ്യാപനമാണ് ഇദ്ദയിലൂടെ നടപ്പിലാക്കുന്നത്.

2. മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും താന്‍ ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയുവാനും, അതിലൂടെ ജനിക്കുന്ന കുഞ്ഞിന് തന്റെ പിതാവില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുവാനും, കുലബന്ധത്തിന് തകര്‍ച്ച സംഭവിക്കാതിരിക്കാനും വേണ്ടി.

3. ഒന്നും രണ്ടും ത്വലാകുകളുടെ ഭാഗമായാണ് ഇദ്ദ അനുഷ്ഠിക്കുന്നതെങ്കില്‍ ദമ്പതികള്‍ക്ക് തങ്ങളില്‍ നിന്നും സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരസ്പരം തിരുത്തുവാനും വിഛേദിക്കപ്പെട്ട ബന്ധം ഒന്നിപ്പിക്കുവാനുമുള്ള അവസരം ഉണ്ടാക്കല്‍.

4. ബന്ധങ്ങള്‍ പവിത്രമാണെന്നും വിവാഹവും വിവാഹമോചനവും കളിതമാശയല്ലെന്നും ബോധ്യപ്പെടുത്തല്‍.

5. തനിക്ക് അല്ലാഹു നല്‍കിയ, അവന്റെ അനുഗ്രഹമായ തന്റെ ഇണ നഷ്ടപ്പെടുമ്പോള്‍ ഒരു ഇണക്ക് ദുഃഖമുണ്ടാകുക മനുഷ്യസഹചമാണ്. ആ ദുഃഖം ഏറ്റവും മാന്യമായി ആചരിക്കാനുള്ള അവസരം ഒരുക്കുക എന്നതും ഇദ്ദയുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.


വിധവയും ദീക്ഷാകാലഘട്ടങ്ങളും

വിധവകളുടെ സാഹചര്യം വ്യത്യാസപ്പെടുന്നതിനനുസൃതമായി ഇദ്ദയുടെ കാലയളവിലും മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാധാരണ ഗതിയില്‍ നാലുമാസവും പത്ത് ദിവസവുമാണ് വിധവകള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു; ''നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്''(ക്വുര്‍ആന്‍ 2:234).

ഭര്‍ത്താവ് മരണപ്പെടുന്ന സമയത്ത് ആര്‍ത്തവാവസ്ഥയിലുള്ളവരോ, ഗര്‍ഭിണികള്‍ അല്ലാത്തവരോ, പ്രായാധിക്യം കാരണത്താല്‍ ആര്‍ത്തവം നിലച്ചവരോ ആയ സ്ത്രീകള്‍, വിവാഹ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മരണപ്പെട്ടവര്‍ എന്നിവര്‍ ഈ വിധിയുടെ പരിധിയില്‍ വരുന്നവരാണ്.

വഴക്കോ വക്കാണമോ മൂലം ഭര്‍ത്താവുമായി നിലവില്‍ ബന്ധമില്ല. എന്നാല്‍ അവര്‍ തമ്മില്‍ വിവാഹ മോചനം നടന്നിട്ടുമില്ല. ഇത്തരം സാഹചര്യത്തില്‍ വിധവയാകേണ്ടി വരുന്നവരും നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കേണ്ടാണ്. 

എന്നാല്‍ ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് അവളുടെ ഇദ്ദ കാലയളവ്. ഭര്‍ത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവള്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്. ഇത് സഅദ്ബ്‌നു ഖൗല(റ)വിന്റെ ഭാര്യയായിരുന്ന സുബൈഅത്തുല്‍ അസ്‌ലമിയ്യയുടെ സംഭവത്തില്‍ നിന്നും വ്യക്തമാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

സഅദ്(റ) മരണപ്പെട്ട് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സുബൈഅ(റ) പ്രസവിച്ചു. അതിനുശേഷം സുബൈഅ(റ) പുനര്‍ വിവാഹത്തിന് തയ്യാറായി. നാലു മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കാത്ത കാരണത്താല്‍ ബനുദ്ദാര്‍ ഗോത്രത്തില്‍പെട്ട ബഅകകിന്റെ മകന്‍ അബൂസനാബില്‍ സുബൈഅ(റ)യെ കുറ്റപ്പെടുത്തി സംസാരിച്ചു. തദവസരിത്തില്‍ സുബൈഅ(റ) നബി(സ്വ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) തന്നോട് പറഞ്ഞത് തന്റെ വാക്കിലൂടെ സുബൈഅ(റ) വ്യക്തമാക്കുന്നു: ''ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ്വ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു.''

ഒരാള്‍ വിദേശത്തോ മറ്റോ വെച്ച് മരണപ്പെടുകയും ആ വിവരം നാട്ടിലറിയാതെ പോകുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് മരണവാര്‍ത്ത അറിഞ്ഞതെങ്കില്‍ അത്തരം സാഹചര്യത്തില്‍ അയാളുടെ ഭാര്യ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഇനി ഇദ്ദയുടെ കാലയളവ് തീരുന്നതിന് മുമ്പായി ആ വാര്‍ത്ത അറിയുകയാണെങ്കില്‍ അതില്‍ നിന്നും അവശേഷിക്കുന്ന ദിവസം അവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് വീണ്ടെടുക്കേണ്ടതുമില്ല.

അകാരണമായി ആര്‍ത്തവവിരാമം ഉണ്ടാകുകയും ആര്‍ത്തവവിരാമത്തിന്റെ കാരണം അറിയാതെ പോകുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വിരളമായെങ്കിലും ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. അത്തരം അവസ്ഥയില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ അവള്‍ ചന്ദ്രമാസ പ്രകാരം ഒരു വര്‍ഷം ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. മുലയൂട്ടല്‍, രോഗം മുതലായ കാരണങ്ങളാല്‍ താല്‍കാലികമായി ആര്‍ത്തവം നിലച്ച അവസ്ഥയിലാണ് ഒരു സ്ത്രീ വിധവയാകുന്നതെങ്കില്‍ നാലുമാസവും പത്ത് ദിവസവും തന്നെയാണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്. അതിനിടയില്‍ അവള്‍ക്ക് മാസമുറ ഉണ്ടായില്ലെങ്കില്‍ അവള്‍ ആര്‍ത്തവകാരിയാകുന്നത് വരെ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്.

പ്രസ്തുത വിഷയത്തില്‍ മഹാന്മാരായ ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ) എന്നിവര്‍ ഇപ്രകാരമാണ് വിധി പ്രസ്താവിച്ചത്. 


വിവാഹമോചിത ഇദ്ദ അനുഷ്ഠിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍

ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖ് (വിവാഹ മോചനം) ചൊല്ലപ്പെടുകയും അതിന്റെ ഇദ്ദ അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നത് എങ്കില്‍ മരണപ്പെട്ട നിമിഷം മുതല്‍ നാലുമാസവും പത്ത് ദിവസവും വിധവ എന്ന നിലയില്‍ സ്ത്രീ ദീക്ഷാകാലം അനുഷ്ഠിക്കണം.

അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് ദീക്ഷാകാലയളവ്. അവള്‍ ഭര്‍ത്താവില്‍ നിന്നുള്ള അനന്തരസ്വത്തിന് അര്‍ഹയുമാണ്. എന്നാല്‍ മൂന്നാമത്തെ ത്വലാഖിന്റെ ഇദ്ദ അനുഷ്ഠിക്കുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നതെങ്കില്‍ അവള്‍ വിധവ എന്നനിലക്ക് ദീക്ഷാകാലം അനുഷ്ഠിക്കേണ്ടതില്ല. അവള്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും അനന്തരമെടുക്കുകയുമില്ല.


ഇദ്ദയുടെ മര്യാദകള്‍

ഇദ്ദയുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിക്കാത്ത ധാരാളം നിബന്ധനകളും ദുരാചാരങ്ങളും നമ്മുടെ നാടുകളില്‍ ആചരിക്കപ്പെടാറുണ്ട്. ഇദ്ദ ഒരു ആരാധനയായതുകൊണ്ടുതന്നെ ഇസ്‌ലാം പഠിപ്പിക്കാത്ത ഒരു കാര്യവും ഇദ്ദയുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല. അത് ബിദ്അത്തായി (പുത്തനാചാരം) ഗണിക്കപ്പെടുന്നതായിരിക്കും. തല്‍ഫലമായി പ്രതിഫലത്തിനു പകരം ശിക്ഷയായിരിക്കും നല്‍കപ്പെടുക. 

ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നതോടെയാണ് വിധവയുടെ ഇദ്ദ ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ നാടുകളില്‍ മയ്യിത്ത് വീട്ടില്‍ നിന്ന് ഇറക്കിയതിനുശേഷമോ മറമാടപ്പെട്ടതിനുശേഷമോ ആണ് സാധാരണഗതിയില്‍ ഇദ്ദ തുടങ്ങാറുള്ളത്. ഇത് ശരിയായ നിലപാടല്ല.

ഇദ്ദക്കുവേണ്ടി പ്രത്യേകം കുളിക്കലും, പ്രത്യേക നിറത്തിലുള്ള വസ്ത്രം ഇദ്ദാനുഷ്ഠാന കാലയളവില്‍ ധരിക്കുന്നതായും കാണാം. ഇതൊന്നും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങളല്ല. സാധാരണഗതിയില്‍ തങ്ങളുടെ വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ഭംഗിയുള്ളതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ മറ്റു വസ്തുക്കളോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. 

ഉമ്മുസലമ(റ)യില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ''ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ (ഇദ്ദയുടെ കാലയളവില്‍) മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള (ഭംഗിയുള്ള) വസ്ത്രങ്ങള്‍ അണിയുകയോ ആഭരണങ്ങള്‍ ധരിക്കുകയോ മൈലാഞ്ചി ഉപയോഗിക്കുകയോ സുറുമ ഉപയോഗിക്കുകയോ (കണ്ണെഴുതുക) ചെയ്യരുത്'' (അബൂദാവൂദ്).    

അതുപോലെ പരിമളം പരത്തുന്ന എണ്ണകള്‍, മറ്റു സുഗന്ധവസ്തുക്കള്‍ എന്നിവ പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ വര്‍ജിക്കേണ്ടതാണ്. കൂടുതല്‍ സമയം സുഗന്ധം തങ്ങിനില്‍ക്കാത്ത സോപ്പ്, ഷാമ്പൂ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിക്കുന്നത് വിരോധിക്കപ്പെട്ട കാര്യമല്ല എന്നാണ് ആധുനികരായ പണ്ഡിതന്മാരുടെ അഭിപ്രായം.

വിധവകള്‍ ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളിലാണ്. മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു. ഇമാം അബൂദാവൂദ് ഉദ്ദരിച്ച ഒരു ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

ഫരീഅ ബിന്‍ത് മാലിക്(റ)യുടെ ഭര്‍ത്താവ് നബി(സ്വ)യുടെ കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട് മഹതി ചോദിച്ചു. ആദ്യം നബി(സ്വ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ്വ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ തന്റെ (ഭര്‍ത്താവിന്റെ) വീട്ടില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാലുമാസവും പത്തുദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി.

ആരാധനാകര്‍മങ്ങള്‍ നില്‍വഹിക്കുവാനായി ഇദ്ദാകാലയളവില്‍ പള്ളികളിലേക്കും മറ്റും പോകല്‍ അനുചിതമാണ്. പ്രസ്തുത കാലയളവില്‍ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്. എന്നാല്‍, ചികിത്സപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടില്‍ നിന്നും പുറത്ത് പോകുന്നത് വിലക്കപ്പെട്ട കാര്യമല്ല. പഠനം, പരീക്ഷയില്‍ പങ്കെടുക്കുക മുതലായ കാര്യങ്ങള്‍ക്ക് ഇദ്ദയുടെ മര്യാദകള്‍ പാലിച്ച് കൊണ്ട് പുറത്ത് പോകുന്നത് വിരോധിക്കപ്പെടേണ്ട കാര്യമില്ല എന്ന പണ്ഡിതാഭിപ്രായമാണ് പ്രസ്തുത വിഷയത്തിലെ ശരിയായ നിലപാട്.

ദീക്ഷാകാലം കഴിയുന്നതിന് മുമ്പ് വിധവയെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ട (ഹറാം) കാര്യമാണ്. അത്തരം സാഹചര്യങ്ങളില്‍ നടന്ന വിവാഹങ്ങള്‍ ഇസ്‌ലാമിക ദൃഷ്ടിയില്‍ അസാധുവാണ്. അത്തരത്തില്‍ വിവാഹിതരായവര്‍ പശ്ചാത്തപിക്കുകയും അവരുടെ വിവാഹ ബന്ധം തുടരണമെങ്കില്‍ ദീക്ഷാകാലത്തിനു ശേഷം പുതിയ വിവാഹം നടത്തുകയും ചെയ്യേണ്ടതുണ്ട്.

ദീക്ഷാകാലത്തും അല്ലാത്ത അവസ്ഥയിലും വിവാഹബന്ധം അനുവദനീയമായ പുരുഷന്മാരുമായി ഒരേ രൂപത്തില്‍ തന്നെയാണ് സ്ത്രീകള്‍ ഇടപെടേണ്ടത്. ദീക്ഷാകാലയളവില്‍ പ്രത്യേക സൂക്ഷ്മതയും അല്ലാത്ത സമയത്ത് പ്രത്യേക സ്വാതന്ത്ര്യവും ഇസ്‌ലാം നല്‍കുന്നില്ല എന്നും സൂചിപ്പിക്കേണ്ടതില്ലല്ലോ.

ഭര്‍ത്താവല്ലാത്ത ആരു മരണപ്പെട്ടാലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖം ആചരിക്കാന്‍ മതം ഒരാള്‍ക്കും അനുവാദം നല്‍കുന്നില്ല എന്നതും നബി വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. മതത്തിന് അന്യമായ നാട്ടാചാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഇത്തരം കാര്യങ്ങളിലും വര്‍ജിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കര്‍മങ്ങളുടെ സ്വീകാര്യതയെ ബാധിക്കുമെന്ന് തിരിച്ചറിയുക. 

0
0
0
s2sdefault