ഇബ്‌റാഹീം നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

ഒരു മുസ്‌ലിം പല സന്ദര്‍ഭങ്ങളിലായി പേര് പരാമര്‍ശിക്കുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി(അ). ക്വുര്‍ആനില്‍ 69 സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബി(അ)ന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരുവാന്‍ മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുമുണ്ട്. അല്ലാഹു കല്‍പിക്കുന്നതെന്തും ജീവിതത്തില്‍ പ്രകടമാക്കിയ വിനീതനും ത്യാഗിയുമായ മഹാനാണ് ഇബ്‌റാഹീം(അ). ഇറാക്വിലായിരുന്നു ജനനം എന്നാണ് അറിയപ്പെട്ടിടത്തോളം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇങ്ങനെ പറയുവാന്‍ കാരണം അദ്ദേഹത്തിന്റെ ജനന സ്ഥലം ഏതെന്ന് പരിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതാണ്. പിതാവിന്റെ പേര് ആസര്‍ എന്നാണെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.  

''ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)'' (ക്വുര്‍ആന്‍ 6:74).

''അന്ത്യനാളില്‍ ഇബ്‌റാഹീം തന്റെ പിതാവ് ആസറിനെ കാണും...'' (ബുഖാരി).

ആസര്‍ എന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരല്ലെന്നും പിതാവിന്റെ പേര് താരിഹ് അല്ലെങ്കില്‍ താറഹ് എന്നായിരുന്നുവെന്നും ആസര്‍ എന്നത് അദ്ദേഹത്തിന്റെ പിതൃവ്യനാണെന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്വുര്‍ആനിലും ഹദീഥിലും പിതാവ് ആസര്‍ എന്ന് വ്യക്തമായി വന്നിരിക്കെ അത്തരം അഭിപ്രയാങ്ങളെ ഒരു നിലയ്ക്കും പരിഗണിക്കേണ്ടതില്ല. 

സൂര്യചന്ദ്രനക്ഷത്രാദികളെയും കല്ലുകൊണ്ടും മരംകൊണ്ടും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയും വണങ്ങിയും അവയോട് പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കിടയിലാണ് അദ്ദേഹത്തിശന്റ ജനനം. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കി വില്‍പന നടത്തുന്ന പിതാവ്! നാട്ടുകാരും വീട്ടുകാരും സമുഹവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍...! 

ഇബ്‌റാഹീം(അ) ചെറുപ്പം മുതലേ (പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ്തന്നെ) ബഹുദൈവാരാധനയോട് വിയോജിപ്പ് പ്രകടിപ്പിക്കുമായിരുന്നുവെന്ന് ചരിത്രങ്ങളില്‍ കാണാം. പിതാവ് ആസര്‍ വിഗ്രഹങ്ങളെയുണ്ടാക്കി വില്‍ക്കാനായി മകനെ ചന്തയിലേക്ക് പറഞ്ഞു വിടും. മനസ്സില്ലാ മനസ്സോടെ, ആ ഭാരവും പേറി ചന്തയില്‍ പോയി 'ഉപകാരവും ഉപദ്രവവും ചെയ്യാത്ത ഇവയെ ആരാണ് വാങ്ങാനുള്ളതെ'ന്ന് ചോദിക്കുമായിരുന്നു! അതുപോലെ വലിയ ജലാശയത്തില്‍ മുക്കി അവയോട് വെള്ളം കുടിക്കുവാനും ആവശ്യപ്പെടും. സൃഷ്ടിപൂജയുടെ നിരര്‍ഥകത അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ മനസ്സിലായിരുന്നു എന്ന് വ്യക്തം.

ഏകദൈവ വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനം ഭുവനപ്രസിദ്ധമാണ്. ജൂതന്മാര്‍ക്കിടയിലും െ്രെകസ്തവര്‍ക്കിടയിലും മക്കയിലെ മുശ്‌രിക്കുകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ചരിത്രം പ്രശസ്തമാണെന്ന് മാത്രമല്ല, എല്ലാവരും തങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരാണെന്ന് അവകാശപ്പെടുന്നവരുമാണ്. യഥാര്‍ഥത്തില്‍ ആരാണ് ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശ പിന്‍ഗാമികള്‍?

അല്ലാഹു പറയുന്നു: ''അതല്ല, ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാക്വും യഅ്ക്വൂബും യഅ്ക്വൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ െ്രെകസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്'' (ക്വുര്‍ആന്‍ 2:140).

ജൂതെ്രെകസ്തവര്‍ തങ്ങളുടെ പാരമ്പര്യം ഇബ്‌റാഹീം നബി(അ)യിലേക്ക് ചേര്‍ത്ത് പറയുന്നു. അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന ഏകദൈവാദര്‍ശത്തിന്റെ ഉന്നമനത്തിന് വേണ്ടി പടപൊരുതിയ മഹാനാണ് ഇബ്‌റാഹീം(അ). അതിന് വിരുദ്ധമായ ആദര്‍ശവുമായി നടക്കുന്ന ജൂതെ്രെകസ്തവര്‍ എങ്ങനെ ഇബ്‌റാഹീം നബി(അ)യുടെ പിന്‍ഗാമികളാകും? അവരോട് അല്ലാഹു ചോദിക്കുന്നു:

''വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?''(ക്വുര്‍ആന്‍ 3:65)

ഇബ്‌റാഹീം നബി(അ)ക്ക് ശേഷം അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളാണല്ലോ തൗറാത്തും ഇന്‍ജീലും. അതില്‍ എവിടെയും ഇബ്‌റാഹീം(അ) സ്രഷ്ടാവായ അല്ലാഹുവിന് പുറമെ മറ്റു വല്ല സൃഷ്ടികളോടും പ്രാര്‍ഥിക്കുവാനോ അവയുടെ മുമ്പില്‍ വണങ്ങുവാനോ ആഹ്വാനം ചെയ്തതായി കാണുകയില്ല. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ തര്‍ക്കിച്ച് അവകാശപ്പെട്ടിട്ട് കാര്യമില്ല. നിങ്ങളുടെ വിശ്വാസവും ഇബ്‌റാഹീം(അ)ന്റെ വിശ്വാസവും പൊരുത്തപ്പെട്ട് പോകുന്ന വിശ്വാസമല്ല. ഇതെല്ലാമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു അറിയിക്കുന്നത്. മക്കാമുശ്‌രിക്കുകള്‍ ഇബ്‌റാഹീം(അ)ന്റെ ആളുകളാണെന്ന് അവകാശപ്പെടുന്നവരും അദ്ദേഹത്തിന്റെയും മറ്റു പല നബിമാരുടെയും വിഗ്രഹങ്ങള്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ചവരും അവയോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. ഈ മൂന്ന് വിഭാഗങ്ങളുടെയും അവകാശവാദത്തെ അല്ലാഹു തള്ളിപ്പറയുകയും ഇബ്‌റാഹീം(അ)ന്റെ മാര്‍ഗത്തിലുള്ളത് ആരെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് കാണുക:           

''ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല'' (ക്വുര്‍ആന്‍ 3:67). 

ഇത് ഒന്നുകൂടി ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തു:

''തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു'' (ക്വുര്‍ആന്‍ 3:68).

ഉസൈര്‍(അ) അല്ലാഹുവിന്റെ പുത്രനാണെന്ന് പറയുന്ന യഹൂദികള്‍ അല്ലാഹുവിന് പുറമെ മഹാനായ ഉസൈര്‍(അ)നോട് പ്രാര്‍ഥിക്കുന്നവരാണ്. ഈസാ(അ) അല്ലാഹുവിന്റെ പുത്രനാണെന്ന് വാദിച്ച് അദ്ദേഹത്തോടും മാതാവ് മര്‍യമിനോടും മറ്റും പ്രാര്‍ഥിക്കുന്നവരാണ് െ്രെകസ്തവര്‍. തൗഹീദിന്റെ മാര്‍ഗത്തില്‍ തീയില്‍ എറിയപ്പെട്ടപ്പോഴും 'എനിക്ക് അല്ലാഹു മതി'യെന്ന് ഉറച്ചു പ്രഖ്യാപിച്ച ഇബ്‌റാഹീം(അ)നെ തന്നെ ആരാധിക്കുന്നവരാണ് മക്കയിലെ ബഹുദൈവാരാധകള്‍. ഇവരുടെയെല്ലാം അവകാശ വാദത്തെ അല്ലാഹു തള്ളിക്കളയുകയും മുഹമ്മദ് നബി ﷺ യും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ് ഇബ്‌റാഹീം നബി(അ)യോട് അടുത്തവര്‍ എന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുകയാണ് ഉപര്യുക്ത വചനത്തിലൂടെ. 

മക്കയിലെ ബഹുദൈവവിശ്വാസികള്‍ കഅ്ബയില്‍ ഇബ്‌റാഹീം(അ)ന്റെയും ഇസ്മാഈല്‍(അ)ന്റെയും വിഗ്രഹങ്ങള്‍ നാട്ടിയിരുന്നു. മക്കാവിജയത്തിനു മുമ്പ് ഇത് കാണുമ്പോള്‍ നബി ﷺ ക്ക് വലിയ വിഷമം ഉണ്ടായിരുന്നു. എന്തു ചെയ്യാന്‍? അത് എടുത്തു മാറ്റുവാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിട്ടില്ലല്ലോ! നബി ﷺ  ഒന്നും ചെയ്തില്ല. 

ഇബ്‌റാഹീം(അ)ന്റെ വിഗ്രഹത്തിന്റെ കൈയില്‍ കുറെ അമ്പുകള്‍ അവര്‍ വെച്ചിരുന്നു; ഭാഗ്യ പരീക്ഷണത്തിനായി. അതില്‍ ഒന്നില്‍ 'ചെയ്‌തോളൂ' എന്നും ഒന്നില്‍ 'ചെയ്യരുത്' എന്നും മറ്റൊന്നില്‍ 'പൂജ്യം' എന്നും അര്‍ഥമുള്ള പദങ്ങള്‍ എഴുതിയിരുന്നു. ജാഹിലിയ്യ കാലത്തെ ബഹുദൈവാരാധകര്‍ യാത്രക്കോ, വിവാഹത്തിനോ മറ്റു വല്ലതിനോ ഉദ്ദേശിച്ചാല്‍ കഅ്ബയില്‍ വരും. കണ്ണടച്ച് ഇബ്‌റാഹീം(അ)ന്റെ പേരില്‍ നാട്ടിയ വിഗ്രഹത്തിന്റെ കൈയിലുള്ള അമ്പുകളില്‍ ഒന്നെടുക്കും. ആദ്യം പറഞ്ഞതാണ് കിട്ടിയതങ്കില്‍ അവര്‍ അപ്രകാരം ചെയ്യും. രണ്ടാമത് പറഞ്ഞതാണ് ലഭിച്ചതെങ്കിലോ അവര്‍ ഉദ്ദേശിച്ച പ്രവര്‍ത്തനം ചെയ്യില്ല. മൂന്നാമത് പറഞ്ഞതാണ് കിട്ടിയതെങ്കില്‍ ഭാഗ്യ പരീക്ഷണം ഒന്നു കൂടി നടത്തും. ഇത് അവര്‍ പുലര്‍ത്തിപ്പോരുന്ന അന്ധവിശ്വാസമായിരുന്നു. നബി ﷺ  മക്കാവിജയ ദിവസം കഅ്ബയില്‍ പ്രവേശിച്ചു. ഈ കാഴ്ച കണ്ട പ്രവാചകന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അവിടുത്തെ കൈയ്യിലുണ്ടായിരുന്ന വടികൊണ്ട് അവയെല്ലാം പുറത്തെടുത്ത് കളഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: 'സത്യം വന്നു, അസത്യം തകര്‍ന്നു. അസത്യം തകരേണ്ടതു തന്നെയാണ്.' 'അല്ലാഹുവാണ സത്യം, ഈ രണ്ട് മഹാന്മാരും ഒരിക്കലും ഭാഗ്യപരീക്ഷണത്തെ അനുകൂലിച്ചവരല്ല' എന്ന് വിഗ്രഹങ്ങളെ പുറത്ത് കളയുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.   

അവകാശവാദങ്ങള്‍ കൊണ്ടൊന്നും കാര്യമില്ല. സത്യത്തോട് പൊരുത്തപ്പെടലാണ് പ്രധാനം. ഇന്നും പല ആളുകളും ഞങ്ങളാണ് സത്യത്തിന്റെ വക്താക്കളെന്ന് അവകാശപ്പെട്ട് സത്യത്തിന് നിരക്കാത്ത പല വിശ്വാസ, ആചാര, അനുഷ്ഠാന മുറകളുമായി നടക്കുന്നുണ്ട്. എല്ലാവര്‍ക്കും ഗുണപാഠമുണ്ട് മേല്‍ വിവരിച്ച സംഭവത്തില്‍. 

നബി ﷺ യുടെയും സ്വഹാബികളുടെയും പൂര്‍വികരായ സച്ചരിതരുടെയും മാര്‍ഗവുമായി ആരുടെ മാര്‍ഗം യോജിക്കുന്നുവോ അവരാണ് സത്യത്തിന്റെ കക്ഷിയെന്ന് നാം മനസ്സിലാക്കണം. നബി ﷺ  തന്നെ അത് നമ്മെ അറിയിച്ചിട്ടുണ്ട്.

മുആവിയ(റ)വില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ''അറിയുക, തീര്‍ച്ചയായും നബി ﷺ  ഞങ്ങളില്‍ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു: 'അറിയുക, തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികരായ വേദക്കാര്‍ എഴുപത്തിരണ്ട് വിഭാഗമായി പിരിഞ്ഞു. തീര്‍ച്ചയായും എന്റെ മില്ലത്ത് (മാര്‍ഗം) എഴുപത്തി മൂന്നായും പിരിയും. (അതില്‍) എഴുപത്തി രണ്ട് വിഭാഗം നരകത്തിലാണ്, അതില്‍ ഒന്ന് സ്വര്‍ഗത്തിലുമായിരിക്കും. (ആ ഒന്ന്) അല്‍ ജമാഅയാണ്'' (അബൂദാവൂദ്).

മറ്റൊരു റിപ്പോര്‍ട്ട് കാണുക: ''എന്റെ സമുദായം എഴുപത്തി മൂന്ന് മില്ലത്തായി കക്ഷികളാകും. അവരില്‍ ഒന്നൊഴികെ മറ്റുള്ളവരെല്ലാം നരകത്തിലാണ്.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അത് ആരാണ്?'  നബി ﷺ  അരുളി: 'ഞാനും എന്റെ സ്വഹാബികളും ഏതില്‍ നിലകൊള്ളുന്നുവോ (അതില്‍ നില്‍ക്കുന്നവര്‍)''(തുര്‍മുദി).

സത്യത്തിന്റെ കക്ഷി ഏതെന്ന് വേര്‍തിരിച്ചറിയാനുള്ള മാര്‍ഗം ഒന്നേയുള്ളൂ. നബി ﷺ യും സ്വഹാബത്തും സ്വീകരിച്ച വിശ്വാസമാണോ, ആചാരമാണോ നമ്മുടെ കൈയിലുള്ളതെന്ന് പരിശോധിക്കുക. അതില്‍ പെടാത്തത് വല്ലതും നമ്മുടെ അടുത്തുണ്ടെങ്കില്‍ ഒഴിവാക്കുക. അതെ, ഇതു തന്നെയാണ് സലഫി മന്‍ഹജ്. അഥവാ പൂര്‍വികരുടെ മാര്‍ഗം.

ഇബ്‌റാഹീം(അ)യുടെ മഹത്ത്വങ്ങള്‍

അല്ലാഹു ഇബ്‌റാഹീം നബി(അ)നെയും കുടുംബത്തെയും പ്രത്യേകം ശ്രേഷ്ഠമാക്കി. നാം ദിനേന പലതവണ ചൊല്ലിക്കൊണ്ടിരിക്കുന്ന സ്വലാത്ത് അതിനു തെളിവാണ്:

''അല്ലാഹുവേ, ഇബ്‌റാഹീം നബിക്കും ഇബ്‌റാഹീം നബിയുടെ കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ ഗുണം ചൊരിയേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്ത്വമുള്ളവനുമാകുന്നു. അല്ലാഹുവേ, ഇബ്‌റാഹീം നബിക്കും ഇബ്‌റാഹീം നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്ത്വമുള്ളവനുമാണ്.''

അല്ലാഹു പറയുന്നത് കാണുക: ''തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു'' (ക്വുര്‍ആന്‍ 3:33).

അല്ലാഹുവിന്റെ അനുഗ്രഹം പൂര്‍ത്തിയായി നല്‍കപ്പെട്ട പ്രവാചകന്മാരില്‍ ഒരാളാണ് ഇബ്‌റാഹീം (അ).

''നിന്റെ മേലും യഅ്ക്വൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്; മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാക്വിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ'' (ക്വുര്‍ആന്‍ 12:6).

ചെറുപ്പത്തില്‍ തന്നെ വീട്ടിലും നാട്ടിലും നടക്കുന്ന ബഹുദൈവാരാധന ശരിയല്ലെന്നും അതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കേണ്ടതുണ്ടെന്നുമുള്ള സത്യത്തോടുള്ള ഒരു ഉള്‍വിളി അല്ലാഹു നല്‍കി:

''മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു'' (21:51). 

വിവേകം എന്നത് എന്താണെന്ന് ഇബ്‌നു കസീര്‍(റ) വിവരിക്കുന്നത് ഇപ്രകാരമാണ്:

''അതായത്, അദ്ദേഹത്തിന് ചെറുപ്പത്തിലേ സത്യത്തെ കുറിച്ചുള്ള ഒരു ബോധം (ഇല്‍ഹാം), തന്റെ സമൂഹത്തിനെതിരില്‍ നിരത്താനുള്ള തെളിവുകളും (നാം നല്‍കി). അല്ലാഹു പറഞ്ഞത് പോലെ: 'ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത് (ക്വുര്‍ആന്‍ 6:83)'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഇബ്‌റാഹീം നബി(അ)യുടെ വിശേഷണങ്ങള്‍

സത്യസന്ധന്‍: ''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:41).

''തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 16:120-122).

ഈ ആയത്തില്‍ 9 വിശേഷണമാണ് ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കുന്നത്. 

1) അദ്ദേഹം ഒരു സമുദായമായിരുന്നു.

ഒരു സമുദായത്തിന് ഏതൊരു വിഷയത്തിലും മാതൃകയാകത്തക്കവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം; ഏത് വിഷയത്തിലും പിന്തുടരപ്പെടാന്‍ അര്‍ഹതയുള്ള ഇമാം.  

2) അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്നയാളായിരുന്നു.

അല്ലാഹുവിനെ ഭയക്കുന്നതിലും അവന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധ നല്‍കിയിരുന്നു. തെറ്റല്ലാത്ത ഒരു കാര്യം പോലും തെറ്റാകുമോയെന്ന് ഭയപ്പെട്ട, അല്ലാഹുവിന്റെ എളിമയുള്ള അടിമയായിരുന്നു അദ്ദേഹം. ശഫാഅത്തിന്റെ ഹദീഥ് വിവരിക്കുന്ന സമയത്ത് അത് നമുക്ക് മനസ്സിലാക്കാം. ഇന്‍ ശാ അല്ലാഹ്.

3) നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊണ്ടയാളായിരുന്നു.

അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റുന്നതില്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായിരുന്നില്ല. പ്രതിസന്ധികളെ മുഴുവനും തരണം ചെയ്ത് സത്യസരണിയില്‍ ഉറച്ചു നിന്നു.

4) അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

ഇബ്‌റാഹീം(അ)നെക്കുറിച്ച് ക്വുര്‍ആന്‍ പരാമര്‍ശിക്കുന്ന മിക്ക സ്ഥലങ്ങളിലും കാണാന്‍ കഴിയുന്ന ഒരു വിശേഷണമാണിത്. എന്തിനാണിത് ആവര്‍ത്തിച്ചു പറഞ്ഞത്? എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെയാണല്ലോ! ഇബ്‌റാഹീം(അ) ജീവിച്ച ചുറ്റുപാടിന്റെ അവസ്ഥ നാം മനസ്സിലാക്കി. വീട്ടുകാരും നാട്ടുകാരും കുടുംബവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍. അതിനിടയിലാണ് മാഹാനായ ഇബ്‌റാഹീം(അ) ഒറ്റക്ക് ഏകദൈവാരാധകനായി നിലകൊള്ളുന്നത്; ബഹുദൈവാരാധനയുടെ ഒരു കണിക പോലും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. 

നമ്മുടെ നാട് ബഹുസ്വരതയുടെ നാടാണല്ലോ. ഏത് മതക്കാരനും തന്റെ മതം അനുസരിച്ച് ജീവിക്കുവാനും അത് മറ്റുള്ളവരില്‍ പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നാട്. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും പല മുസ്‌ലിം നാമധാരികളും അത്തരം കാര്യങ്ങളില്‍ പങ്കുചേരുന്ന കാഴ്ച നാം കാണാറുണ്ട്. എന്നാല്‍ യാതൊരു അനുകൂല സാഹചര്യവുമില്ലാത്ത; എതിര്‍ക്കുന്നവര്‍ മാത്രമുള്ള ഒരു ജനതയില്‍ വളര്‍ന്ന ഇബ്‌റാഹീം(അ)നെ അതൊന്നും സ്പര്‍ശിച്ചില്ല. 

മത സൗഹാര്‍ദം എന്ന പേരില്‍ വിശ്വാസങ്ങളും ആചാരങ്ങളും കൈമാറി കൊണ്ടാടുന്നവരാണ് ചിലരെല്ലാം. അവര്‍ ധരിക്കുന്നത് സ്‌നേഹവും സൗഹൃദവും നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെയെല്ലാം ആവണമെന്നാണ്. മനുഷ്യര്‍ പരസ്പരം സ്‌നേഹത്തില്‍ കഴിയേണ്ടവര്‍ തന്നെയാണ്. ശത്രുവാണെങ്കിലും അവന്‍ അപകടത്തില്‍ പെട്ടാല്‍ മുസല്‍മാന്‍ അവിടെ ഓടിയെത്തണം, സഹായിക്കണം. വിശക്കുന്നതും വേദനിക്കുന്നതും ഏത് മതവിശ്വാസിയാണെങ്കിലും നാം സഹായഹസ്തം നീട്ടണം. ഇതെല്ലാം തന്റെ ആദര്‍ശം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ചെയ്യേണ്ടത്. 

5) അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു.

അദ്ദേഹത്തിന് അല്ലാഹു എന്തെല്ലാം അനുഗ്രഹം നല്‍കിയോ അതൊന്നും അദ്ദഹത്തിന് അല്ലാഹുവിനെ ഓര്‍ക്കുന്നതിനോ അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റുന്നതിനോ തടസ്സമായില്ല. 

6,7) അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.

അല്ലാഹുവിന് വഴിപ്പെടുന്ന കാര്യത്തില്‍ ഏറെ മുന്നിലായിരുന്ന അദ്ദേഹത്തെ അല്ലാഹു പ്രത്യേകം തെരഞ്ഞടുക്കുകയും ഏത് പ്രതിസന്ധിയിലും കൃത്യമായ വഴി കാണിച്ച് അദ്ദേഹത്തെ നേര്‍വഴിയിലാക്കുകയും ചെയ്തു.

8) ഇഹലോകത്ത് അദ്ദേഹത്തിന് അല്ലാഹു നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. 

9) പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.

0
0
0
s2sdefault