ഹൃദയത്തെ ശുദ്ധീകരിക്കുക

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

(നല്ല മനസ്സും നല്ല മനുഷ്യനും: 11)

വ്യക്തി വിശുദ്ധിയിലൂടെയല്ലാതെ ഇഹലോകവും പരലോകവും വിജയകരമാക്കിത്തീര്‍ക്കാന്‍ സാധ്യമല്ല. ഹൃദയ വിശുദ്ധിയിലൂടെയല്ലാതെ വ്യക്തി വിശുദ്ധിയും സാധ്യമല്ല. ഹൃദയമാണ് എല്ലാം. ഈമാനിന്റെ പ്രകാശവും സമാധാനവും ശാന്തിയും ഭയഭക്തിയും നൈര്‍മല്യവും കീഴ്‌വണക്കവുമൊക്കെയാണ് അതില്‍ ഉണ്ടാകേണ്ടത്.

ശുദ്ധമായ മനസ്സ് പിഴച്ച വിശ്വാസങ്ങളില്‍ നിന്നും ആസ്വാദന വൈകാരിതകളില്‍ നിന്നും മുക്തമായിരിക്കും. സല്‍കര്‍മങ്ങളിലേക്ക് ചായുന്നതായിരിക്കും. ഹൃദയവിശുദ്ധിയുടെ പ്രതിഫലനങ്ങള്‍ ശരീരത്തിലുണ്ടാകും. ശുദ്ധത ഹൃദയത്തിന്റെ പ്രകൃതിയാണ്. തിന്മകളും അതിന്റെ ഇരുട്ടുകളും ഈ ശുദ്ധതയെ മലിനമാക്കും. അങ്ങനെയാണ് ഹൃദയത്തിന് രോഗം ബാധിക്കുന്നത്. എന്തൊരു ലക്ഷ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുവാന്‍ അത് നിര്‍വഹിക്കുവാന്‍ ഹൃദയത്തിന് സാധ്യമല്ലാതെവരും. അറിവ്, യുക്തി, ജ്ഞാനം, അല്ലാഹുവോടുള്ള സ്‌നേഹം, അവനുള്ള ആരാധന, അവന്റെ സ്മരണയിലുള്ള ആസ്വാദനം, മറ്റെന്തിനെക്കാളും ആ സ്മരണക്ക് പ്രാമുഖ്യം നല്‍കല്‍... ഇതൊക്കെ നല്ല ഹൃദയത്തില്‍ നിന്നുണ്ടാകും. എന്നാല്‍ രോഗം ബാധിച്ചതാണെങ്കില്‍ അത് ചത്തതുപോലെ ആയിത്തീരുകയും ചെയ്യും.

ശരീരത്തിനു ബാധിക്കുന്ന രോഗത്തെക്കാള്‍ അപകടകരവും പര്യവസാനം മോശമായതുമാണ് ഹൃദയത്തിനു ബാധിക്കുന്ന രോഗം. ശരീരത്തിന്റെ രോഗത്തിലൂടെ ഇഹലോകമെ നഷ്ടപ്പെടുകയുള്ളൂ. ഹൃദയത്തിന്റെ രോഗത്തിലൂടെ പരലോകമാണ് നഷ്ടപ്പെടുന്നത്. കാപട്യത്തിന്റെയും സത്യനിഷേധത്തിന്റെയും രോഗമാണ് ഏറ്റവും ഗൗരവകരം. അത് പിടിപെട്ടാല്‍ പിന്നെ വര്‍ധിച്ചുവരികയേയുള്ളൂ. 

''അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക'' (ക്വുര്‍ആന്‍ 2:10). 

ഹൃദയത്തെ ബാധിക്കുന്ന രോഗമാണ് മറ്റു തിന്മകളിലേക്ക് എത്തിക്കുക: 

''പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക'' (33:32). 

പ്രത്യക്ഷവും പരോക്ഷവുമായ സകല തിന്മകളെയും ഒഴിവാക്കാനാണ് അല്ലാഹുവിന്റെ കല്‍പന: ''പാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവര്‍ ചെയ്ത് കൂട്ടുന്നതിന് തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 6:120).

''(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍6:151). 

ഹൃദയത്തെ ശുദ്ധീകരിക്കലും അതിനെ പൂര്‍വ സ്ഥിതിയിലേക്ക് മടക്കലുമാണ് ആന്തരികമായ തക്വ്‌വ(സൂക്ഷ്മത). ബാഹ്യമായ തക്വ്‌വയാകട്ടെ അവയവങ്ങളെ തിന്മയില്‍ നിന്ന് മാറ്റിനിര്‍ത്തലുമാണ്. ഇതിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അവയവങ്ങളുടെ ശുദ്ധീകരണത്തിന്റെ അടിസ്ഥാനം ഹൃദയത്തിന്റെ ശുദ്ധീകരണമാണ്. അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചവനല്ലാതെ ഹൃദയരോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയില്ല. 

സ്വന്തം തിന്മകളെ സ്വയം തിരിച്ചറിയുക എന്നതാണ് ഹൃദയ ശുദ്ധീകരണത്തിന്റെ ഒന്നാമത്തെ ഘട്ടം. തിന്മയെ തിന്മയായി കാണാത്തവര്‍ക്ക് അതിന് കഴിയില്ല. അറിവുള്ളവരോട് ചോദിച്ചു കൊണ്ടോ ആത്മാര്‍ഥ സുഹൃത്തിന്റെ സഹായത്തോടെയോ ആണ് ന്യൂനതകള്‍ വിലയിരുത്തേണ്ടത്.

ഇത് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ സ്വന്തത്തെ ചികിത്സിക്കാന്‍ ശ്രമിക്കുക. സ്വയം നല്ലവനാണെന്നു കരുതി ചതിയില്‍ കുടുങ്ങാതിരിക്കാന്‍ ഇതു നല്ലതാണ്. തന്നെക്കുറിച്ച് നല്ല ധാരണകള്‍ മാത്രം വെച്ച് നടന്നാല്‍ ഒരുപാട് ന്യൂനതകള്‍ മറച്ചുവെക്കേണ്ടിവരും. മാത്രവുമല്ല, സ്വയം തിന്മകളെ ന്യായീകരിക്കാനുള്ള പൈശാചിക തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കും.

ഈ മതം സത്യമതമാണ്. ജനങ്ങള്‍ ഐക്യത്തിലും സ്‌നേഹത്തിലും ഒത്തൊരുമയിലും നില്‍ക്കണമെന്നാഗ്രഹിക്കുന്ന മതം. പരസ്പര വിശ്വാസവും കാരുണ്യവുമാണ് അവര്‍ക്കിടയില്‍ പ്രകടമായി നില്‍ക്കേണ്ടത്. വിനാശകരങ്ങളായ രോഗങ്ങളില്‍ നിന്നും ഹൃദയങ്ങളെ ശുദ്ധീകരിക്കുമ്പോഴല്ലാതെ സമൂഹത്തില്‍ ഈ ഒരു സമാധാനത്തിന്റെ അവസ്ഥ ഒരിക്കലും ഉണ്ടാക്കിയെടുക്കാനാവില്ല.

സ്വന്തത്തെ എല്ലാറ്റിനെക്കാളും വലുതായിക്കണ്ട് മറ്റുള്ളതിനെയെല്ലാം നിസ്സാരമാക്കി നടക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമക്ക് ഒരിക്കലും നന്നാവാനാവുകയില്ല. ജനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇസ്‌ലാമിക സാഹോദര്യത്തിന് തുരങ്കം വെക്കുന്ന മഹാരോഗമാണ് അഹങ്കാരം എന്നത്. സത്യം കേള്‍ക്കാനും സത്യത്തിന് വിധേയപ്പെടാനും അഹങ്കാരിയുടെ ഹൃദയത്തിന് സാധിക്കുകയില്ല. സ്വര്‍ഗപ്രവേശനത്തിന് പോലും ഇത് തടസ്സമാകുന്നു. അഹങ്കാരം കുന്നുകൂടി എല്ലാ നല്ല സ്വഭാവങ്ങളും നഷ്ടപ്പെട്ടുപോകും. ജനങ്ങളെയോ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിനെയോ അഹങ്കാരി ഇഷ്ടപ്പെടുകയില്ല. അതിക്രമവും അന്യായ ചിന്തകളും പ്രവര്‍ത്തനങ്ങളും ഈ മതം വിരോധിച്ചിട്ടുണ്ട്. കാരണം, അതിന്റെയെല്ലാം പര്യവസാനം വളരെ മോശമാണ്.

കോപം വളരെ ദുഷിച്ച സ്വഭാവമാണ്. വീടും കുടുംബവും എന്നല്ല ഒരു സമൂഹത്തെ തന്നെ തകര്‍ക്കാന്‍ അത് മതിയായതാണ്. എത്രയെത്ര ബന്ധങ്ങളാണ് മുറിയുന്നത്. എത്രയെത്ര കുടുംബങ്ങളാണ് ശിഥിലമാകുന്നത്. ഹൃദയവിശുദ്ധിയുടെ കുറവാണ് ഇതിനെല്ലാം കാരണം. കോപം അല്ലാഹുവിനെ കോപത്തിലേക്കടുപ്പിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ തന്നെ ചിലപ്പോള്‍ അത് ഊരിയെടുക്കുന്നു. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ പോലും മനുഷ്യന് നിയന്ത്രണമില്ലാതാകുന്നു. ഇത്തരക്കാരുടെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരിക്കുകയും സ്വയ നാശമടയുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു മുസ്‌ലിം കോപം അടക്കണം. പര്യവസാനത്തെ കുറിച്ച് ചിന്തിക്കണം.

ചുരുക്കത്തിന്‍ ഹൃദയത്തിന്റെ ശുദ്ധി സമൂഹത്തിന്റെ സുരക്ഷക്കും ഹൃദയത്തിന്റെ രോഗം സമൂഹത്തിന്റെ തകര്‍ച്ചക്കും കാരണമാണ്. അത് കേടുവരാന്‍ പല കാരണങ്ങളുമുണ്ട്. ചുറ്റുപാട്, സാഹചര്യം, കൂട്ടുകെട്ട്, അജ്ഞത... തുടങ്ങിയവയെല്ലാം അതിന് കാരണമായി വര്‍ത്തിക്കുന്നു. അല്ലാഹുവിനെക്കുറിച്ചും അവന്റെ ദീനിനെക്കുറിച്ചുമുള്ള യഥാര്‍ഥമായ അറിവ് തന്റെ നിസ്സാരതയെ മനസ്സിലാക്കാനും സ്വന്തം ജീവിതം സംശുദ്ധമാക്കാനും മനുഷ്യനെ സഹായിക്കുന്ന കാര്യങ്ങളാണ്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ!

0
0
0
s2sdefault