ഹിജ്‌റയുടെ സന്ദേശം 

പത്രാധിപർ

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

1438 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സംഭവം നടന്നത്. ലോകം ഇരുളിലാണ്ടു കിടന്നിരുന്ന കാലം. അങ്ങകലെ മക്കയില്‍ മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച മുഹമ്മദ് നബി ﷺ ക്കും അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചു കൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നതാണ് ആ സംഭവം. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ ലോക രക്ഷിതാവിന്റെ നിര്‍ദേശമുണ്ടായത്. 

പലായനം കേവലമൊരു യാത്രയല്ല, പറിച്ചുനടലാണ്. മഹാത്യാഗമാണ്. പ്രിയപ്പെട്ടതും പ്രിയപ്പെട്ടവരുമായ പലതിനെയും പലരെയും വിട്ടേച്ചുകൊണ്ടുള്ള യാത്ര. ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആര്‍ക്കുമതിന് സാധ്യമല്ല. അതൊരു നാടുവിടലാണ്. ജോലിതേടിയോ കച്ചവടാവശ്യാര്‍ഥമോ വിവാഹാവശ്യാര്‍ഥമോ ഉള്ളതല്ല; വിശ്വാസ സംരക്ഷണാര്‍ഥമുള്ളത്. സത്യവിശ്വാസിയായി ജീവിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് ദൈവ പ്രീതി കരസ്ഥമാക്കി മരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നേടത്തേക്ക് അത് ലഭിക്കാത്ത നാട്ടില്‍നിന്നുള്ള യാത്ര. അനിവാര്യമായ ഘട്ടത്തില്‍ അവരതിന് വൈമന്യം കാണിച്ചില്ല. അവരുടെ മനസ്സില്‍ പരലോക രക്ഷ മാത്രമായിരുന്നു. അതിനു വേണ്ടി ഏത് അഗ്‌നിപരീക്ഷയും നേരിടാന്‍ അവര്‍ ഒരുക്കമായിരുന്നു. മതമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമാണ് അവര്‍ സ്വദേശം വെടിയാന്‍ തയ്യാറായത്. സ്രഷ്ടാവിന്റെ കാരുണ്യത്തിലായിരുന്നു അവരുടെ പ്രതീക്ഷ.

''വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു...''(ക്വുര്‍ആന്‍ 2:218).

എല്ലാറ്റിലും വലുതായി അല്ലാഹുവിനെയും അവന്റെ ദൂതനെയും കാണുന്നവര്‍ക്കേ ഈ മഹാത്യാഗത്തിന് കഴിയുകയുള്ളൂ.

''(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (9:24).  

''...ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്'' (3:195).

വിശ്വാസ സംരക്ഷണത്തിനായി അജ്ഞാന കാലമായ ആറാം നൂറ്റാണ്ടില്‍ ദൈവദൂതനും അനുചരന്മാര്‍ക്കും പലായനം ചെയ്യേണ്ടിവന്നെങ്കില്‍ അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉത്തുംഗതയിലെത്തിനില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടുന്ന വര്‍ത്തമാനകാലത്തും മാനവരാശിക്ക് അപമാനമായി അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്. കൂട്ടക്കുരുതിക്കിടയില്‍ അവര്‍ ഓടിരക്ഷപ്പെടുകയാണ്. വീടുകളും ഗ്രാമങ്ങളും ചുട്ടെരിച്ച് കളയുന്ന മനുഷ്യമൃഗങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സ്വദേശം വെടിയുകയല്ലാതെ അവരുടെ മുന്നില്‍ വഴിയേതുമില്ല. ഒരു വഴിയുണ്ട്; ഇസ്‌ലാംമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുക. ഉറ്റവരും ഉടയവരും വെട്ടിയരിഞ്ഞ്‌വീഴ്ത്തപ്പെടുമ്പോഴും ജീവനോടെ കത്തിക്കപ്പെടുമ്പോഴും അവരതിന് തയ്യാറാകുന്നില്ല. അവരുടെ ചുണ്ടുകളില്‍നിന്നുതിരുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്'എന്ന ഏകദൈവ വിശ്വാസത്തിന്റെ സാക്ഷ്യവചനമാണ്. 

സര്‍വശക്തന്‍ അവര്‍ക്ക് പലായനത്തിന്റെയും സഹനത്തിന്റെയും പ്രതിഫലം നല്‍കുകയും ആത്യന്തികമായ രക്ഷാമാര്‍ഗം തുറന്നുകൊടുക്കുകയും ചെയ്യുമാറാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ആ ആയുധമേ നമ്മുടെ പക്കലുള്ളൂ. അത് തന്നെയാണ് ഏറ്റവും വലിയ ആയുധം. 

0
0
0
s2sdefault