ഹദീഥിന്റെ പ്രാമാണികത

മൂസ സ്വലാഹി, കാര

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

'ഹദീഥിന്റെ പ്രാമാണികത' എന്ന വിഷയം ആധുനികരും പൗരാണികരുമായ ഹദീഥ് പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ളതാണ്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി നബി(സ്വ)ക്ക് വഹ്‌യിലൂടെ നല്‍കപ്പെട്ട ഹദീഥുകളോട് ഏതൊരു നിപാടാണ് മുസ്‌ലിം ഉമ്മത്ത് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരപ്പെട്ടു വന്ന ഹദീഥുകള്‍ക്ക് നേരെ പണ്ഡിതന്മാരാണെന്ന് പറയുന്ന ചിലരെങ്കിലും നിഷേധാത്മകമായ നിലപാട് വെച്ചുപുലര്‍ത്തുന്നത് അവരുടെ പാണ്ഡിത്യത്തില്‍ സംശമുളവാക്കുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീഥുകളെ പരസ്യമായി നിഷേധിക്കുന്ന അല്‍പജ്ഞാനികള്‍ പൊടിതട്ടിയെടുക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ ഹദീഥുകളെ പ്രമാണമായി അംഗീകരിക്കുന്നേടത്ത് മുസ്‌ലിം സമുദായം അനിവാര്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ.

1. നബി(സ്വ) പറഞ്ഞ ഹദീഥുകള്‍ വ്യക്തമായ വഹ്‌യ് (ദിവ്യബാധനം) തന്നെയാണ്. അല്ലാഹു പറയുന്നു: ''അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53:3,4).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''അതായത് അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു'' (ഇബ്‌നു കഥീര്‍ 4/1787).

അബ്ദുറഹ്മാനുബ്‌നു നാസിറുസ്സഅദി(റ) പറഞ്ഞു: ''അതായത് അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിച്ചതല്ല. അല്ലാഹു വഹ്‌യിലൂടെ നല്‍കിയതായ സൂക്ഷ്മതയും സന്‍മാര്‍ഗവുമല്ലാതെ അദ്ദേഹം പിന്‍പറ്റിയിരുന്നില്ല. അവിടുത്തെ വാക്ക് തന്നിഷ്ടപ്രകാരമല്ല മറിച്ച്, വഹ്‌യായി നല്‍കിയതില്‍ നിന്നാണ്'' (തഫ്‌സീറുസ്സഅ്ദി 2/874,875).

നബി(സ്വ)യുടെ ഹദീഥുകളില്‍ നിന്നും ഈ കാര്യം വ്യക്തമാണ്. മിഖ്ദാദ്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''അറിയുക; നിശ്ചയം, എനിക്ക് കിതാബും (ക്വുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു'' (അബൂദാവൂദ് 4604).

2. നബി(സ്വ) അദ്ദേഹത്തിന്റെ സമുദായത്തെ ഹദീഥുകള്‍ പഠിപ്പിച്ചിരിക്കുന്നു.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും (കിതാബ്) ജ്ഞാനവും (ഹിക്മത്) പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 3:164).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''ഇവിടെ കിതാബ്, ഹിക്മത്ത് എന്നത് ക്വുര്‍ആനും, സുന്നത്തുമാണ്'' (ഇബ്‌നു കഥീര്‍ 1/384).

അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി(റഹി) പറഞ്ഞു: ''കിതാബ് എന്നാല്‍ ക്വുര്‍ആനും ഹിക്മത് എന്നാല്‍ ക്വുര്‍ആനിന്റെ കൂടപ്പിറപ്പായ സുന്നത്തുമാണ്'' (തഫ്‌സീറുസ്സഅദി 1/359).

3. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നാല്‍ ക്വുര്‍ആനും സുന്നത്തും അനുസരിക്കുക എന്നാണ്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).

ഇബ്‌നു കഥിര്‍(റഹി) പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക എന്നാല്‍ അവന്റെ കിതാബിനെ പിന്‍പറ്റുക എന്നാണ്. റസൂലിനെ അനുസരിക്കുക എന്നാല്‍ അവിടുത്തെ സുന്നത്തിനെ സ്വീകരിക്കുക എന്നാണ്. മതകാര്യങ്ങളില്‍ ഏത് പ്രശ്‌നമുണ്ടായാലും അതിനെ നിങ്ങള്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന അല്ലാഹുവില്‍ നിന്നുള്ള കല്‍പന കൂടിയാണിത്. നിങ്ങളിലുള്ള തര്‍ക്കങ്ങളെയും അറിവില്ലായ്മയെയും മടക്കേണ്ടത് അല്ലാഹുവിന്റെ കിതാബിലേക്കും റസൂലിന്റെ സുന്നത്തിലേക്കുമാണ്''(ഇബ്‌നു കഥീര്‍ 1/470).

അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി(റഹി) പറഞ്ഞു: നിശ്ചയം മതം നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ കിതാബിന്‍മേലും, റസൂലിന്റെ സുന്നത്തിന്‍മേലുമാണ്. ഇത് രണ്ടമില്ലാതെ വിശ്വാസം ശരിയാവുകയില്ല. ഇവ രണ്ടിലേക്കുമുള്ള മടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. മതകാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവ രണ്ടിലേക്കും മടക്കാത്തവന്‍ യഥാര്‍ഥ വിശ്വാസമുള്‍ക്കൊണ്ടവനല്ല. മറിച്ച് ദുര്‍മൂര്‍ത്തികളില്‍ വിശ്വസിക്കുന്നവനാണ്(തഫ്‌സീറുസ്സസഅ്ദി 1/431).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ)പറഞ്ഞു: ''എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും; വിസമ്മതം കാണിച്ചവര്‍ ഒഴികെ.'' അവര്‍ (അനുചരന്മാര്‍) ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതം കാണിച്ചവര്‍?'' അവിടുന്ന് പറഞ്ഞു: ''എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. എന്നെ ധിക്കരിച്ചവന്‍ ആരോ തീര്‍ച്ചയായും അവനാണ് വിസമ്മതം കാണിച്ചവന്‍'' (ബുഖാരി/7680).

4. നബി(സ്വ)യുടെ ഹദീഥുകള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ്.

അല്ലാഹു പറയുന്നു: ''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും'' (ക്വുര്‍ആന്‍ 16:44).

''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവാ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്'' (ക്വുര്‍ആന്‍ 16:64).

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ''നബി(സ്വ) വിധിച്ചതായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന് ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതാണ്''(ഇബ്‌നു കഥീര്‍ 1/12).

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ''സുന്നത്തെന്നത് ക്വുര്‍ആനിന്റെ വിശദീകരണവും അതിന്റെ തെളിവുകളുമാണ്'' (ശറഹ് ഉസ്വൂലിസ്സുന്ന: 46)

ക്വുര്‍ആനിന് എങ്ങനെ വിശദീകരണം നല്‍കണമെന്ന് പറയുന്നേടത്ത് ഇമാം ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''ക്വുര്‍ആന്‍ കൊണ്ട് ക്വുര്‍ആനിനെ വിശദീകകരിക്കാന്‍ നിനക്ക് സാധിക്കാതെ വന്നാല്‍ നിന്റെ മേല്‍ സുന്നത്തുണ്ട്. അത് ക്വുര്‍ആനിനുള്ള വിശദീകരണവും അതിനെ വ്യക്തമാക്കിത്തരുന്നതുമാണ്'' (ഇബ്‌നു കഥീര്‍ 1/12).

5. നബി(സ്വ)യുടെ സുന്നത്തുകള്‍ പിന്തുടരാനുള്ളതാണ്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 33:21).

ഹുദൈഫ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''നിശ്ചയം, മനുഷ്യഹൃദയങ്ങളുടെ മുരടിലേക്ക് ആകാശത്തുനിന്ന് അമാനത്ത് ഇറങ്ങിയിരിക്കുന്നു. നിങ്ങള്‍ ക്വുര്‍ആന്‍ പഠിക്കുകയും സുന്നത്ത് മനസ്സിലാക്കുകയും ചെയ്യുക'' (ബുഖാരി: 7276).

ഇബ്‌നു ഔന്‍(റ) പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും ഞാനിഷ്ടപ്പെടുന്നു. സുന്നത്തിനെ അറിയുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ക്വുര്‍ആനിനെ ഉള്‍ക്കൊള്ളുകയും ജനങ്ങളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുക'' (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം അബ്ദുല്‍ മാലിക്ബ്‌നു മര്‍വാന് ബൈഅത്ത് ചെയ്ത് കൊണ്ട് ഇപ്രകാരം എഴുതി: 'എനിക്ക് സാധ്യമാകും വിധം അല്ലാഹുവിന്റെ കിതാബിലും റസൂല്‍(സ്വ)യുടെ ചര്യയിലും അനുസരണവും കേള്‍വിയും ഞാന്‍ താങ്കള്‍ക്കായി അംഗീകരിച്ചിരിക്കുന്നു'' (ബുഖാരി: 7272).

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ ഒരു അധ്യായത്തിന് നല്‍കിയ പേര് 'ക്വുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍' എന്നാണ്. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ അറിവുമായി ബന്ധപ്പെട്ട് പറയുന്ന അധ്യായത്തില്‍ ഇമാം നവവി(റഹി) നല്‍കിയ ഒരു തലവാചകം ഇങ്ങനെ കാണാം: 'ഒരാള്‍ നല്ലതോ ചീത്തയോ ആയ ചര്യ നടപ്പിലാക്കല്‍ അല്ലെങ്കില്‍ ഒരാള്‍ സന്‍മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ക്ഷണിക്കല്‍.' ഇമാം അബൂദാവൂദ്(റഹി) തന്റെ സുനനില്‍ സുന്നത്തുമായി ബന്ധപ്പെട്ട അധ്യായത്തില്‍ 'സുന്നത്തിന്റെ വിവരണം,' 'സുന്നത്തിന്റെ അനിവാര്യത,' 'സുന്നത്തിലേക്കുള്ള ക്ഷണം' എന്നിങ്ങനെ കൊടുത്തതായി കാണാം. ഇമാം തുര്‍മുദി്(റഹി) തന്റെ ജാമിഇല്‍ അറിവിനെക്കുറിച്ച് പറയുന്നേടത്ത് 'സുന്നത്ത് വെടിയല്‍' എന്ന് പറഞ്ഞതായി കാണാം. ഇമാം നസാഈ തന്റെ സുനനില്‍ മതവിധി പറയുന്നവരുടെ മര്യാദകള്‍ എന്ന അധ്യായത്തില്‍ 'ക്വുര്‍ആനും സുന്നത്തും അവലംബിക്കണ'മെന്ന് ബോധ്യപ്പെടുത്തിയതായി കാണാം. ഇമാം ഇബ്‌നു മാജ (റഹി) തന്റെ സുനനില്‍ സുന്നത്ത് എന്ന അധ്യായത്തില്‍ 'നബി(സ്വ)യുടെ സുന്നത്ത് പിന്‍പറ്റുക, നബി(സ്വ)യുടെ ഹദീഥിനെ ആദരിക്കുക, അതിനെതിരാകുന്നവരെ വെറുക്കുക' എന്ന് ഉണര്‍ത്തിയതായി കാണാം. ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) തന്റെ ഉസ്വൂലുസ്സുന്ന എന്ന ഗ്രന്ഥത്തില്‍ 'നമ്മുടെ അടുക്കല്‍ സുന്നത്ത് എന്നാല്‍ നബി(സ്വ)യുടെ ഹദീഥുകളാണ്' എന്ന് പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ ഈ പണ്ഡിതന്മാരെല്ലാം അവരുടെ വാക്കുകളിലൂടെ വ്യക്തമാക്കി ത്തരുന്നു; നബി(സ്വ)യുടെ ചര്യ പിന്‍പറ്റാനും മുറുകെ പിടിക്കാനുള്ളതുമാണ്, തള്ളിക്കളയാനോ, മാറ്റി നിര്‍ത്താനോ ഉള്ളതല്ല എന്ന്.

6. സ്വഹീഹായ ഹദീഥുകള്‍ അംഗീകരിക്കല്‍ നിര്‍ബന്ധം, അവയെ ധിക്കരിക്കല്‍ അപരാധം.

അല്ലാഹു പറയുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസികളാവുകയില്ല'' (ക്വുര്‍ആന്‍ 4:65).

ഇമാം ഇബ്‌നുകഥീര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറഞ്ഞു: ''...നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല; മുഴുവന്‍ കാര്യങ്ങളിലും റസൂല്‍(സ്വ)യെ വിധികര്‍ത്താവായി സ്വീകരിക്കുന്നത് വരെ. അവിടുന്ന് വിധിച്ചിട്ടുള്ളതെന്തും സത്യമാണ.് പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ്''(തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 1:471).

''മത കാര്യങ്ങളിലുള്ള ഏകോപനം ക്വുര്‍ആനും സുന്നത്തും അവലംബിക്കുന്നതിലൂടെയല്ലാതെ ഉണ്ടാവുകയില്ല'' (തഫ്‌സീറുസ്സഅദി 1/434).

അല്ലാഹു പറയുന്നു: ''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:36).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''ഈ വചനം പൊതുവായി എല്ലാ കാര്യങ്ങള്‍ക്കുമുള്ളതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ (മറ്റൊരു) അഭിപ്രായമോ, വാക്കോ ഒരാളിലും പാടില്ല'' (ത്ഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3/641).

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ''അനിവാര്യമായ സുന്നത്തില്‍ പെട്ടതാണ്, 'അതിലൊന്നില്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്താല്‍ അവന്‍ അതില്‍ പെട്ടവനല്ല' എന്നത്. ഹദീഥിന്റെ വിശദീകരണം ഒരാള്‍ക്ക് അറിയുന്നില്ല, അവന്റെ ബുദ്ധി അത് കണ്ടെത്തുന്നുമില്ല എങ്കില്‍ നിശ്ചയം അവന് ലഭിച്ചത് കൊണ്ട് വിധിക്കണം. അവന്റെ മേല്‍ (സുന്നത്തില്‍) വിശ്വസിക്കലും കീഴ്‌പെടലും നിര്‍ബന്ധമാണ്'' (ശറഹു ഉസ്വൂലുസ്സുന്ന, പേജ്:53).

0
0
0
s2sdefault