ഹദീസ്‌ സ്വീകരണത്തിന്റെ മാനദണ്ഡം

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം: 2

സത്യസന്ധമായി ക്വുർആനും സുന്നത്തും പിൻപറ്റുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നബി(സ)യുടെ അനുചരന്മാരും താബിഉകളും അവരുടെ അനുയായികളുമടങ്ങുന്ന സലഫുകൾ സഞ്ചരിച്ച മാർഗത്തെ ആശ്രയിക്കൽ അനിവാര്യമാണ്‌.

പണ്ഡിതന്മാരെന്ന്‌ പറയപ്പെടുന്ന ചിലർ പലപ്പോഴായി ഇതിനെതിരായി പറയാറുള്ള വാക്കുകൾ നിങ്ങൾ കേട്ടിരിക്കും. പക്ഷേ, അത്‌ നേരത്തെ നാം വിശദീരിച്ച ശരിയായ വിജ്ഞാനത്തിന്റെ-അഥവ ക്വുർആനും സുന്നത്തും സലഫുകളുടെ മാർഗവും അവലംബിച്ചുള്ള-മാർഗമല്ല. മറിച്ച്‌ അറിവ്‌, വിജ്ഞാനം എന്നത്‌ കൊണ്ട്‌ അവൻ ഉദ്ദേശിക്കുന്നത്‌ ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവർ നേരിട്ട്‌ ഗ്രഹിക്കുന്നവയെ മാത്രമാണ്‌. അതിനപ്പുറം പിഴച്ച കക്ഷികളിൽ നിന്ന്‌ അവരെ സംരക്ഷിക്കുന്ന സലഫിന്റെ മാർഗത്തിലേക്ക്‌ അവർ തിരിഞ്ഞ്‌ നോക്കുന്നു പോലുമില്ല.

അതുകൊണ്ട്‌ തന്നെ ഇക്കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കാസറ്റുകളിലും പുസ്തകങ്ങളിലുമൊക്കെ നാമുദ്ധരിച്ച ഈ തെളിവുകൾക്കെതിരിൽ പണ്ഡിതന്മാർ എന്ന്‌ പറയപ്പെടുകയും അതിന്റെ വക്താക്കളായി ചമയുകയും ചെയ്യുന്നവരുടെ വാക്കുകളായി പലതും കാണുകയും കേൾക്കുകയും ചെയ്യാം. ഇങ്ങനെയാണവർ പറയാറുള്ളത്‌; സലഫുകളു(പൂർവികരു)ടെ മാർഗമാണ്‌ ഏറ്റവും സുരക്ഷിതം, എന്നാൽ പിൽക്കാലക്കാരു(ഖലഫുകളു)ടെ മാർഗമാണ്‌ ഏറ്റവും സുദൃഢവും വൈജ്ഞാനികവും!?

വഷളത്തം ഏറ്റുപറഞ്ഞുകൊണ്ടുള്ള വ്യക്തമയ പരസ്യപ്പെടുത്തലാണിത്‌. വാസ്തവത്തിൽ സന്മാർഗ ചാരികളായ പ്രവാചകനുചരന്മാരുടെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്ന്‌ തെളിവുദ്ധരിച്ച്‌ നാം പറഞ്ഞതിനെ അംഗീകരിക്കുന്നു എന്ന കുറ്റ സമ്മതം കൂടിയാണിതിലുള്ളത്‌.

അതായത്‌ സലഫുകളുടെ വിജ്ഞാനം സുരക്ഷിതവും ഖലഫുകൾ ചെയ്തത്‌ സുദൃഢവും ആണെന്ന്‌ പറയുമ്പോൾ നബി(സ)യെ പിൻതുടരാൻ നിർദേശിച്ച സലഫുകളുടെ മാർഗത്തെയും ഇവർ കയ്യൊഴിച്ചു എന്നാണർഥം.

സലഫുകളുടെ മാർഗം പിൻപറ്റുന്നവരും നൂതന വാദം മുഖേന ആ മാർഗം കയ്യൊഴിച്ചവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഏതാനം ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം.

സലഫുസ്സ്വാലിഹുകൾ എന്താണ്‌ പറഞ്ഞതെന്ന്‌ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാത്ത ഇക്കൂട്ടർ കൊണ്ടുവരുന്ന പുതിയ വാദങ്ങളും ചിന്തകളും ക്വുർആനിനും സുന്നത്തിനും വിരുദ്ധമായ നിരർഥക വാദങ്ങളാണെന്ന്‌ നമുക്ക്‌ ഖണ്ഡിതമായിപ്പറയാൻ കഴിയും. കാരണം, നബി(സ)യും അവിടുത്തെ സ്വഹാബത്തും താബിഉകളുമൊക്കെ നിലകൊണ്ട മാർഗത്തിനെതിരാണത്‌.

വിശ്വാസ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഹദീഥുകളെ തള്ളാനായി ഹദീഥുകളെ മുതവാത്വിറാണെന്നും ആഹാദാണെന്നും വേർതിരിച്ച്‌ കൊണ്ട്‌ ഇക്കാലഘട്ടത്തിൽ ചിലർ നടത്തുന്ന അധരവ്യായാമങ്ങൾ ഇതിലൊന്നാണ്‌. കാരണം ഇങ്ങനെയൊരു വേർതിരിവ്‌ സലഫുസ്സ്വാലിഹുകൾക്ക്‌ പരിചയമില്ല. ഈ നൂതനവാദം പടച്ചുണ്ടാക്കിയ പിൻതലമുറക്കാർ അതിന്റെ അടിസ്ഥാനത്തിൽ മറ്റ്‌ പല പുതിയ വിധികളും ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ ആഹാദായ ഹദീഥുകൾ സ്വഹീഹായി വന്നാലും വിശ്വാസ കാര്യങ്ങളുൾകൊള്ളുന്നതാണെങ്കിൽ അവ സ്വീകരിക്കാവതല്ലെന്നും അവർ പറഞ്ഞു. ഈ വിഭജനവും അതിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവും അഥവാ വിശ്വാസകാര്യങ്ങളുൾകൊള്ളുന്ന ഹദീഥുകൾ മുതവാത്വിറല്ലെങ്കിൽ സ്വീകാര്യമല്ലെന്നും എന്നാൽ അഹ്കാമുകളിൽ (മതവിധികൾ പറയുന്നവ) അവ സ്വീകാര്യമാണെന്നുമുള്ള ഈ വേർതിരിവ്‌, സലഫുസ്സ്വാലിഹുകളുടെ രീതി മനസ്സിലാക്കിയിട്ടുള്ള ആർക്കും ഇത്‌ ഇസ്ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ ഒരു പുത്തൻവാദമാണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയുന്നതാണ്‌. ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു ഫിലോസഫിയാണത്‌. ഇത്‌ നമുക്കും അവർക്കും അറിയാവുന്ന വസ്തുതയാണ.​‍്‌ പക്ഷേ, അവർ അറിഞ്ഞ്കൊണ്ട്‌ തന്നെ നിഷേധിക്കുകയാണ്‌. അല്ലാഹു വേറെ ചിലരെക്കുറിച്ച്‌ പറഞ്ഞത്‌ പോലെ:

?“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക”(27:14).

എല്ലാവർക്കും അറിയുന്ന സംഗതിയാണ്‌, നബി(സ) മദീനയക്ക്‌ പുറത്തുള്ള വിദൂരവാസികളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുവാൻ സ്വഹാബികളെ പറഞ്ഞയച്ചിരുന്നു എന്ന കാര്യം. നബി(സ) കൊണ്ടുവന്ന വിശ്വാസവും കർമവും എല്ലാം അടങ്ങിയതാണ്‌ ഇസ്ലാം എന്നത്‌ ആർക്കാണ്‌ അറിഞ്ഞ്‌ കൂടാത്തത്‌?

സുന്നത്തിൽ സ്ഥിരപ്പെട്ട സുപ്രസിദ്ധ സംഭവങ്ങളാണ്‌ നബി(സ) യമനിലേക്ക്‌ ചില സന്ദർഭങ്ങളിൽ മുആദ്‌(റ)വിനെയും മറ്റ്‌ ചില സന്ദർഭങ്ങളിൽ അബൂമുസൽ അശ്അരി(റ)യെയും വേറെ ചിലപ്പോൾ അലി(റ)നെയുമൊക്കെ പറഞ്ഞയച്ചത്‌. ഇത്‌ ഇവർക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. എന്നിട്ടും അജ്ഞത നടിക്കുന്നുവെന്നു മാത്രം!

നബി(സ) ഇവരെയോക്കെ അവിടേക്ക്‌ പറഞ്ഞയച്ചപ്പോൾ ഈ സ്വഹാബിമാർ അവിടെ ചെന്നിട്ട്‌ എന്താണ്‌ ചെയ്തിരുന്നത്‌? നിസ്സംശയം, അവർ ജനങ്ങളെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. അതാണ്‌ വാസ്തവത്തിൽ എല്ലാ വിശ്വാസകാര്യങ്ങളുടെയും അടിത്തറ. ശേഷം നബി(സ) കൊണ്ടുവന്ന ഇസ്ലാമിക അധ്യാപനങ്ങളിലേക്ക്‌ അവർ ക്ഷണിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും അനസ്‌(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്‌: “നബി(സ) മുആദ്‌(റ)നെ യമനിലേക്ക്‌ അയക്കുമ്പോൾ അദ്ദേഹത്തോട്‌ പറഞ്ഞു: `നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്‌ അല്ലാഹുവല്ലാതെ ആരാധനക്ക്‌ അർഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനത്തിലേക്കായിരിക്കണം. അതിലവർ നിന്നെ അനുസരിച്ചാൽ നമസ്കാരത്തെക്കുറിച്ച്‌ അവരോട്‌ കൽപിക്കുക...”

ഇവിടെ നബി(സ) മുആദി(റ)നോട്‌ കൽപിക്കുകയാണ.​‍്‌ അദ്ദേഹമാകട്ടെ ഒരു വ്യക്തിയും. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പിൽക്കാലക്കാരുടെ സാങ്കേതിക പ്രയോഗമനുസരിച്ച്‌ ആഹാദായ ഹദീഥാണ്‌. എന്നിട്ടും നബി(സ) അദ്ദേഹത്തോട്‌ നിർദേശിക്കുന്നത്‌ ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാനും അവന്‌ യാതൊരു പങ്കുകാരില്ല എന്നതിലേക്കുമാണ്‌.

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സാക്ഷ്യപ്രഖ്യാപനത്തിലേക്കായിരിക്കണം ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌.)

സലഫുകളെ പിൻപറ്റുന്നവരും അവരോട്‌ എതിരാവുന്നവരുമൊക്കെ ഒന്നടങ്കം സ്വഹീഹാണെന്ന്‌ സമ്മതിക്കുന്ന ഈ ഹദീഥിനെ അപ്പോൾ നിങ്ങൾ നിരാകരിച്ചു. അതായത്‌, നബി(സ) മുആദി(റ)നെ യമനിലേക്ക്‌ അയച്ചു. അദ്ദേഹത്തോട്‌ അവരെ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സത്യത്തിലേക്ക്‌ (തൗഹീദ്‌) ക്ഷണിക്കുവാൻ കൽപിക്കുകയും ചെയ്തു. അപ്പോൾ പിന്നെ എങ്ങനെയാണ്‌ ഈ ഹദീഥ്‌ സ്വഹീഹാണെന്നും അതൊടൊപ്പം ആഹാദായ ഹദീഥ്‌ വിശ്വാസ കാര്യത്തിൽ (അഖീദ) സ്വീകര്യമല്ലെന്നും പറയുക!

മുതവാതിർ, ആഹാദ്‌ എന്നിങ്ങനെയുള്ള വേർതിരിവ്‌ കൂടാതെ ജനങ്ങളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നബി(സ)യുടെ സ്വഹാബത്തിന്റെ മാർഗത്തിൽ നിന്നുള്ള വ്യതിചലനം ഇതിൽ നിന്നും നിങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ടാകും. വാസ്തവത്തിൽ ക്വുർആനും സുന്നത്തും സലഫുകളുടെ മൻഹജും പിൻപറ്റുന്നതിൽ നിന്നുള്ള വ്യതിയാനത്തിന്റെ അപകടവും ഗൗരവവും ബോധ്യപ്പെടാൻ ബുദ്ധിയുള്ള ഏതൊരു വിശ്വാസിക്കും ഈ ഒരൊറ്റ വിഷയം തന്നെ മതിയാകുന്നതാണ്‌.

അത്കൊണ്ടുതന്നെ ഈ സച്ചരിതരുടെ പാത പിൻപറ്റാൻ ആഗ്രഹിക്കുന്ന ഏതൊരാളും ക്വുർആനും സുന്നത്തും പഠിക്കുന്നത്‌ പോലെ തന്നെ സ്വഹാബത്തും താബിഉകളും അവരുടെ അനുചരന്മാരും ഒക്കെ അടങ്ങുന്ന പൂർവികരായ സച്ചരിതരുടെ നിലപാടുകളും നടപടിക്രമങ്ങളും തിരിച്ചറിയൽ അനിവാര്യമാണ്‌. എന്തുകൊണ്ടെന്നാൽ, അവരാണ്‌ ഈ ആദർശം ശരിയായ രൂപത്തിൽ നമുക്ക്‌ എത്തിച്ച്‌ തന്നവർ.

ഹദീഥുകളെ മുതവാതിറെന്നും ആഹാദെന്നും വേർതിരിച്ച്‌ ആഹാദ്‌ വിശ്വാസ കാര്യങ്ങല്ക്ക്‌ രേഖയാക്കാൻ പറ്റില്ലെന്നുള്ള പുത്തൻവാദത്തിലൂടെ അത്ഭുതാവഹമായ ചില വൈരുധ്യങ്ങളിലേക്കാണ്‌ ഇവർ ചെന്ന്‌ വീഴുന്നത്‌. കാരണം, ചില ഹദീഥുകൾ ഒരേ സമയം അഖീദയും(വിശ്വാസം) കർമവും(ഹുകുമ്‌ അഥവ മതവിധി) ഉൾകൊള്ളുന്നതായിരിക്കും; ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന, അബുഹുറയ്‌റ(റ)യുടെ ഹദീഥ്‌ പോലെ: നബി(സ) പറഞ്ഞു: “നിങ്ങളിലാരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവോട്‌ രക്ഷതേടുക.” അവിടുന്ന്‌ പറയുന്നു: “അല്ലാഹുവേ, നരകത്തിന്റെ കഠിന ശിക്ഷയിൽ നിന്നും ക്വബ്‌റിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും ജീവിതത്തിലും മരണസമയത്തുള്ള ഫിത്നകളിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷതേടുന്നു.”

ഈ ഹദീഥിൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ രക്ഷതേടുവാനുള്ള നിർദേശമുണ്ട്‌. അത്‌ ശരീഅത്തിന്റെ നിയമങ്ങളിൽ പേട്ട ഒന്നാണ്‌. കർമപരമായ കാര്യങ്ങൾ ആഹാദായ ഹദീഥുകൾ (മുതവാത്വിർ അല്ലാത്ത ഹദീഥുകൾ) കൊണ്ടും സ്ഥിരപ്പെടുമെന്ന്‌ നമ്മെപോലെ അവരും പറയുന്നതാണല്ലോ. അതിനാൽ ഈ ഹദീഥ്‌ അനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കാൻ അവർക്ക്‌ നിവൃത്തിയുണ്ടാവുകയില്ല. പക്ഷേ, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും ജീവീതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നുമൊക്കെയുള്ള രക്ഷതേടലുകളാണല്ലോ അതിലുള്ളത്‌. ക്വബ്ര് ശിക്ഷയിൽ ഇവർക്ക്‌ വിശ്വാസമുണ്ടോ?

ഇവിടെ വല്ലാത്തൊരു കുടുക്കിലാണീ കൂട്ടർ ചെന്ന്‌ പെടുന്നത്‌. ക്വബ്‌റിലെ ശിക്ഷ എന്നത്‌ വിശ്വാസ കാര്യമാണ.​‍്‌ ഇവരുടെ വാദമനുസരിച്ച്‌ ക്വബ്ര് ശിക്ഷ മുതവാതിറായ ഹദീഥ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുമില്ല. അതിനാൽ ക്വബ്ര് ശിക്ഷയിൽ അവർക്കൊട്ട്‌ വിശ്വാസവുമില്ല! ഫിർഔന്റെ കാര്യത്തിൽ കബ്ര്ശിക്ഷയുണ്ടെന്ന്‌ ക്വുർആനിൽ വന്നിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റാരുടെ കാര്യത്തിലും അങ്ങനെയൊന്നുറപ്പിക്കുക സാധ്യമല്ല:

“നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന്‌ കൽപിക്കപ്പെടും)” (40:46).

ഈ നരകത്തെ (അഗ്നി)ക്കുറിച്ച്‌ ഇക്കൂട്ടർ പറയുന്നത്‌ അത്‌ ഫിർഔനിനും കൂട്ടർക്കുമുള്ള ശിക്ഷയാണെന്നാണ്‌. എന്നാൽ മറ്റ്‌ അവിശ്വാസികളുടെ കാര്യത്തിലും, ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന്‌ സ്ഥിരപ്പെട്ട മുസ്ലിംകളിലെ ചിലരുടെ വിഷയത്തിലും ഇവർ അങ്ങനെ വിശ്വസിക്കുന്നില്ല. അത്‌ എന്ത്‌ കൊണ്ടെന്നാൽ അവരുടെ, മേൽപറഞ്ഞ പിഴച്ച വാദത്താലാണ്‌. അതായത്‌, ഹദീഥ്‌ സ്വഹീഹാണെങ്കിലും മുതവാതിറിന്റ പരിധി എത്തിയിട്ടില്ലെങ്കിൽ അത്കൊണ്ട്‌ അഖീദ സ്ഥിരപ്പെടുകയില്ല എന്ന വാദം! അക്കാരണത്താൽ ധാരാളക്കണക്കിന്‌ ഹദീഥുകളെ ഇക്കൂട്ടർ നിഷേധിക്കുന്നു. അവരുടെ വാദമനുസരിച്ച്‌ അവയൊന്നും മുതവാതിറിന്റെ പരിധി എത്തിയിട്ടില്ലയെന്ന ഒറ്റക്കാരണം കൊണ്ടാണത്‌.

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥ്‌ ഒരു പക്ഷേ, നിങ്ങളറിയുന്നതായിരിക്കും. അതായത്‌, ഒരിക്കൽ നബി(സ) മുസ്ലിംകളുടെ രണ്ട്‌ ക്വബ്‌റുകൾക്കരികിലൂടെ നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. വലിയ കാര്യത്തിനൊന്നുമല്ല അവർ ശിക്ഷിക്കപ്പെടുന്നത്‌. അവരിലൊരാൾ ഏഷണിയുമായി നടക്കുമായിരുന്നു. മറ്റെയാൾ മൂത്രത്തിൽ നിന്ന്‌ പൂർണമായും ശുദ്ധിവരുത്തിയിരുന്നില്ല.”എന്നിട്ട്‌ നബി(സ) ഒരു ഈന്തപ്പനമടൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു, ശേഷം അതിനെ രണ്ടായി പിളർത്തി ഓരോ ക്വബ്‌റിന്റെയും തലഭാഗത്ത്‌ കുത്തി. സ്വഹാബികൾ അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: “ഈ മടൽ പച്ചയായി ഇരിക്കുന്നത്ര സമയം അല്ലാഹു അവർക്ക്‌ ശിക്ഷ ലഘൂകരിച്ച്‌ കൊടുത്തേക്കും”(ബുഖാരി, നസാഈ).

ഈ ഹദീഥ്‌ സ്വഹീഹുൽ ബുഖാരിയിലുള്ളതാണ്‌. ഈ രണ്ട്‌ വ്യക്തികളും മുസ്ലിംകളാണെന്ന്‌ നബി(സ) വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും അവർ ശിക്ഷിക്കപ്പെടുകയാണ്‌, ആ രണ്ട്‌ കമ്പുകൾ പച്ചയായി നിൽക്കുന്നത്ര കാലം അവർക്ക്‌ ശിക്ഷയിൽ ലഘൂകരണത്തിനായി അവിടുന്ന്‌ അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്തു.

ഇത്‌ പോലെയുള്ള വേറെയും ഹദീഥുകളുണ്ട്‌. നബി(സ) പറയുന്നു: “നിങ്ങൾ മൂത്രത്തിൽ നിന്ന്‌ ശുദ്ധിവരുത്തുവിൻ, നിശ്ചയം ക്വബ്ര് ശിക്ഷയിൽ ഭൂരിഭാഗവും ശുദ്ധി വരുത്താത്തതിന്റെ പേരിലാണ്‌” (ഇബ്നുമാജ, ദാറക്വുത്വ്നി).

ഇങ്ങനെ ധാരാളക്കണക്കിന്‌ ഹദീഥുകളുണ്ട്‌. ഞാൻ ദീർഘിപ്പിക്കുന്നില്ല. അതിൽ പെട്ട ഒന്നുകൂടി പറയട്ടെ: ജാഹിലിയ്യത്തിൽ മരണപ്പെട്ട രണ്ട്‌ മുശ്‌രിക്കുകളുടെ ക്വബ്‌റുകൾക്കരികിലൂടെ നബി(സ) നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “നിങ്ങൾ ക്വബ്‌റടക്കുന്നത്‌ അവസാനിപ്പിച്ച്‌ ഭയചകിതരായി പിൻമാറി പോകുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ക്വബ്ര് ശിക്ഷയുടെ ശബ്ദം നിങ്ങളെയും കേൾപിക്കുവാനായി ഞാൻ അല്ലാഹുവോട്‌ ആവശ്യപ്പെടുമായിരുന്നു” (ബുഖാരി, മുസ്ലിം).

മുശ്‌രികുകൾക്കും മുസ്ലിംകളിൽ പെട്ട ചിലർക്കും ക്വബ്‌റിൽ വെച്ച്‌ ശിക്ഷയുണ്ടാകുമെന്ന്‌ ഇത്‌ പോലുള്ള ഹദീഥുകളിലൂടെ വ്യക്തമായിട്ടും അവ സ്വീകരിക്കുവാനോ അവയുടെ ആശയം അംഗീകരിക്കുവാനോ തയാറാകാതെ അവയെല്ലാം പാടെ നിഷേധിക്കുവാനാണ്‌ ഇത്തരക്കാർ ധൃഷ്ടരായത്‌. അവയെല്ലാം ആഹാദായ ഹദീഥുകളാണ്‌; മുതവാതിറുകളല്ലായെന്ന തങ്ങളുടെ തത്ത്വശാസ്ത്രം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ അവർ അപ്രകാരം ചെയ്യുന്നത്‌.

അപ്പോൾ പിന്നെ മേൽ സൂചിപ്പിച്ച, അബുഹുറയ്‌റ(റ)യുടെ ഹദീഥിന്റെ കാര്യത്തിൽ അവർ എന്ത്‌ നിലപാട്‌ സ്വീകരിക്കും? അതായത്‌, `നിങ്ങളിൽ ആരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവിനോട്‌ രക്ഷതേടിക്കൊള്ളട്ടെ...` എന്ന ഹദീഥ്‌!

0
0
0
s2sdefault