ക്ഷാമവും ക്ഷേമവും പരീക്ഷണമാണ്‌

അബൂഫായിദ

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3
അലി(റ) പറയുന്നു: ''ഞങ്ങള്‍ നബി ﷺ യുടെ കൂടെ പള്ളിയില്‍ ഇരിക്കുകയായിരുന്നു.  അപ്പോള്‍ മുസ്അബുബ്‌നു ഉമയ്ര്‍(റ) ഞങ്ങളുടെ ഇടയിലേക്ക് വന്നു. തോലുകൊണ്ട് കണ്ടംവെച്ച ഒരു പുതപ്പല്ലാതെമറ്റൊന്നും അദ്ദേഹം ധരിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തെ   കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പത്തെ സുസ്ഥിതിയും ഇന്നത്തെ അവസ്ഥയും ഓര്‍ത്ത് നബി ﷺ  കരഞ്ഞുപോയി. അനന്തരം അവിടുന്ന് ചോദിച്ചു: 'നിങ്ങളിലൊരാള്‍ രാവിലെ ഒരു വസ്ത്രവും   വൈകുന്നേരം മറ്റൊരു വസ്ത്രവും ഉടുക്കുകയും മുമ്പില്‍നിന്ന് ഒരു ഭക്ഷണത്തളിക മാറ്റുമ്പോഴേക്ക് മറ്റൊന്ന് കൊണ്ടുവന്ന് വെക്കുകയും നിങ്ങളുടെ വീടുകള്‍ക്ക് കഅ്ബയുടേതിനു തുല്യമായ വിരിയും മറയും നിങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമാകുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഇന്നത്തേതിനെക്കാള്‍ എത്രയോ നല്ല അവസ്ഥയായിരിക്കും അന്ന് ഞങ്ങളുടേത്. ഞങ്ങള്‍ക്ക് ആരാധനക്കായി ഒഴിഞ്ഞിരിക്കാം. ഞെരുക്കം തീര്‍ന്നിരിക്കുകയും ചെയ്യും.' നബി ﷺ പറഞ്ഞു: 'അല്ല! അന്നത്തേതിനെക്കാള്‍ ഇന്നത്തെ അവസ്ഥയാണ് നിങ്ങള്‍ക്കു നല്ലത്'' (തുര്‍മുദി).

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമയ്ര്‍(റ). ദൈവമാര്‍ഗത്തില്‍ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവില്‍ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവില്‍ താമസമാക്കേണ്ടിവന്നു! പ്രവാചകാനുചരന്മാരില്‍ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു. ഇത്തരത്തില്‍ ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും അടിപതറാതെ ജീവിച്ച അനുചരന്മാരോട് ഒരു മുന്നറിയിപ്പായി നബി ﷺ പറഞ്ഞ വാക്യങ്ങളാണ് മുകളില്‍ കൊടുത്തത്. 

അല്ലലും അലട്ടലുമില്ലാതെ, തിന്നും കുടിച്ചും രസിച്ചും ജീവിതം കഴിച്ചുകൂട്ടുക എന്നത് ഏതൊരാളുടെയും ആ്രഗഹമാണ്. പ്രയാസങ്ങള്‍, രോഗങ്ങള്‍, പരീക്ഷണങ്ങള്‍, ദാരിദ്ര്യം... ഇവയെല്ലാം മനുഷ്യന്‍ വെറുക്കുന്നു. ഐഹികവിഭവ ലഭ്യതയുടെ ആധിക്യം മനുഷ്യനെ ദൈവനിഷേധത്തിലേക്കും അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് സര്‍വവിധ ഭൗതിക സുഖൈശ്വര്യങ്ങളുമുള്ള കാലഘട്ടത്തെക്കാള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇക്കാലമാണ് നല്ലത് എന്ന് പ്രവാചകന്‍ ﷺ പറഞ്ഞത്.

ആഡംബരപൂര്‍ണമായ ജീവിതം ദൈവചിന്തയില്ലാത്ത ഒരവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്. ആഗ്രഹിക്കുന്നതെന്തും ലഭ്യമാകുന്ന അവസ്ഥയുണ്ടായാല്‍ കൂടുതല്‍ കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ത്വരയും വര്‍ധിക്കും. അനുവദനീയം, നിഷിദ്ധം, ധാര്‍മികം, അധാര്‍മികം, സത്യം, അസത്യം, നീതി, അനീതി തുടങ്ങിയ ചിന്തകളൊന്നും അവനെ അലട്ടുകയില്ല. എങ്ങനെയെങ്കിലും കൂടുതല്‍ സമ്പാദിക്കുക, ആസ്വദിക്കുക എന്ന ചിന്തയേ അവനുണ്ടാകൂ.

നബി ﷺ മറ്റൊരിക്കല്‍ പറഞ്ഞു: ''എനിക്കുശേഷം നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ ഭയാനകമായി കാണുന്ന ഒരു സംഗതിയത്രെ ഐഹികാഡംബരങ്ങളും അലങ്കാരങ്ങളും നിങ്ങള്‍ക്ക് തുറന്നു കിട്ടുന്നത്'' (ബുഖാരി, മുസ്‌ലിം). 

ഭൗതിക സുഖത്തിനുവേണ്ടി മാത്രം ആഗ്രഹിക്കുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു: ''...ചില മനുഷ്യരുണ്ട്; ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഇഹത്തില്‍ (നന്മ)തരേണമേ എന്നായിരിക്കും അവര്‍ പറയുക. അവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ല....'' (2:200). 

ഉള്ളതില്‍ തൃപ്തിയടുവാനും നന്ദി കാണിക്കുവാനുമാണ് സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളവര്‍ക്ക് അവന്‍ വര്‍ധനവുനല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു: ''നിങ്ങള്‍ നന്ദി കാട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചുതരും. നന്ദികേട് കാട്ടിയാലോ എന്റെ ശിക്ഷ കഠിനമാണ്'' (14:7).

0
0
0
s2sdefault