ഹദീഥ് നിഷേധം കടന്നുവന്ന വഴികള്‍

ഡോ. മുഹമ്മദ് അശ്‌റഫ് മൗലവി, മദീന

2017 മെയ് 13 1438 ശഅബാന്‍ 16
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് പ്രമാണങ്ങള്‍ എതിരാവുമ്പോഴാണ് പലപ്പോഴും അതിനെ തെറ്റായി ഗ്രഹിക്കുവാനോ നിഷേധിക്കുവാനോ ആളുകള്‍ ധൃഷ്ടരാവുന്നത്. ഹദീഥ് നിഷേധത്തിന്റെയും നാരായവേര് കുടികൊള്ളുന്നത് ഇതില്‍ തന്നെയാണ്. ഹദീഥ് നിഷേധത്തിന്റെ ചരിത്രവും വര്‍ത്തമാനകാല അവസ്ഥയും വിശദീകരിക്കുന്ന കനപ്പെട്ട രചന.

ഹദീഥുകളെ നിഷേധിക്കുന്ന ഒരു വിഭാഗം ഈയിടെയായി ലോകത്തിലാകമാനം സജീവമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അവരെക്കുറിച്ചും അങ്ങനെയുള്ള ഒരു ചിന്താഗതി എപ്പോള്‍ മുതലാണ് ഉടലെടുത്തത് എന്നതിനെക്കുറിച്ചുമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് നബി(സ്വ)യിലൂടെ അന്ത്യദിനം വരേക്കുമുള്ള ജനങ്ങള്‍ക്കുള്ള മതമായിട്ടാണ് പരിശുദ്ധ ഇസ്‌ലാമിനെ നിശ്ചയിച്ചിട്ടുള്ളത്. അന്തിമദൂതനായി മുഹമ്മദ് നബി(സ്വ)യെയും അല്ലാഹു നിശ്ചയിച്ചു. മതത്തിന്റെ എല്ലാ കാര്യങ്ങളും വഹ്‌യിലൂടെ നബി(സ്വ)ക്ക് അല്ലാഹു അറിയിച്ച് കൊടുക്കുകയും ചെയ്തു. പ്രവാചകന്‍ (സ്വ)യുടെ ഹജ്ജത്തുല്‍ വദാഇല്‍ അല്ലാഹു ഈ മതം പൂര്‍ണമായിട്ടുണ്ടെന്ന്ന്നു പ്രഖ്യാപിക്കുകയും ചെയ്തു. അല്ലാഹു പറയുന്നത് കാണുക:

''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...'' (5:3).

ആ സന്ദര്‍ഭം വരേക്കും റസൂല്‍(സ്വ) ക്വുര്‍ആന്‍ പഠിപ്പിച്ച ശൈലിയില്‍ കാഴ്ചവെച്ച ഏതെല്ലാം കാര്യങ്ങളുണ്ടോ അവയാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആന്‍ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുന്നാസ് വരെ പരിശോധിച്ചാല്‍ റസൂല്‍(സ്വ)യെ അനുസരിക്കേണ്ടതിന്റെയും പിന്തുടരേണ്ടതിന്റെയും ആവശ്യകത ദശക്കണക്കിന് ആയത്തുകളിലൂടെ അല്ലാഹു അറിയിക്കുന്നതായി കാണാം. എല്ലാ നിലക്കും റസൂല്‍(സ്വ)യെ പിന്തുടര്‍ന്ന് ജീവിക്കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ അത് പോലെ തന്നെ സ്വീകരിച്ച അദ്ദേഹത്തിന്റെ അനുയായികളെക്കുറിച്ചും അല്ലാഹു അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇഞ്ചീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (48: 29).

  ഈ സ്വഹാബികള്‍ പ്രവാചകന്‍(സ്വ)യെ കണിശമായി പിന്തുടര്‍ന്നുകൊണ്ട് ജീവിക്കുകയും അത് മൂലം അല്ലാഹു അവരെ ഉത്തമ സമൂഹമായി തെരഞ്ഞെടുക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 

''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...''(3:110).

 അന്ത്യദൂതരുടെ കൂടെയുള്ള വിശുദ്ധ ക്വുര്‍ആന്‍ അത് പോലെ തന്നെ ജനങ്ങളിലേക്കെത്തിച്ച് കൊടുക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവരത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. അവര്‍ക്ക് പ്രവാചകന്‍(സ്വ) കൊണ്ട് വന്ന ഏതൊരു കാര്യത്തിലും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവരാരും ക്വുര്‍ആന്‍ മാത്രം മതി, പ്രവാചകന്‍(സ്വ)യുടെ വിശദീകരണം വേണ്ട എന്ന് പറഞ്ഞതുമില്ല. അവരാരും ഇങ്ങനെ പറഞ്ഞ ഒരു റിപ്പോര്‍ട്ടെങ്കിലും നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ ക്വുര്‍ആന്‍ പഠിക്കേണ്ട വിധത്തില്‍ പഠിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലായത്, വിശുദ്ധ ക്വുര്‍ആനിന്റെ  വിശദീകരണം മനസ്സിലാക്കേത് റസൂല്‍(സ്വ)യിലൂടെയാണ് എന്നാണ്. അതാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നത് കാണുക:   

''നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും''(16:44). 

ഈ സൂക്തത്തില്‍ പറഞ്ഞ 'ബയാന്‍' (വിവരണം)പ്രവാചകന്‍(സ്വ)യുടെ വിശദീകരണമായ ഹദീഥാണെന്ന് സ്വഹാബത്ത് മനസ്സിലാക്കി. ഇങ്ങനെ ക്വുര്‍ആനും ഹദീഥും കൃത്യമായി സ്വീകരിച്ചാണ് ഒന്നാം നൂറ്റാണ്ടിലെ ആളുകള്‍ ജീവിച്ചത്. ഇവരെ പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു നമ്മോട് പറയുന്നു:

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം''(9:100).

ഈ സൂക്തത്തില്‍ ആദ്യം സ്വഹാബത്തിനെക്കുറിച്ചും ശേഷം അവരെ പിന്‍പറ്റിയ താബിഉകളെക്കുറിച്ചുമാണ് അല്ലാഹു വിവരിക്കുന്നത്. സ്വഹാബത്തിന് പ്രവാചകന്‍(സ്വ)യുടെ ഹദീഥുകളില്‍ സംശയമുണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലായി. അത് പോലെ തന്നെയാണ് താബിഉകളുടെ സ്ഥിതിയും. അവരും റസൂല്‍(സ്വ)യുടെ ഹദീഥുകളെ സ്വീകരിക്കുന്നവരും ആദരിക്കുന്നവരുമായിരുന്നു. ക്വുര്‍ആന്‍ മാത്രം മതി എന്ന വാദം അവര്‍ക്കുമുണ്ടായിരുന്നില്ല. അവരെക്കുറിച്ചാണ് ഈ ആയത്തില്‍ 'സുകൃതം ചെയ്ത് കൊണ്ട് അവരെ പിന്തുടര്‍ന്നവര്‍' എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. ഇന്ത്യയിലും മറ്റും പില്‍ക്കാലത്ത് ഉടലെടുത്ത ഹദീഥ് നിഷേധം അല്ലാഹു എടുത്ത് പറഞ്ഞ ഈ ഉത്തമരായ സ്വഹാബികളില്‍ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളുടെ ക്രമീകരണങ്ങള്‍ നടത്തിയത് പോലും  പ്രവാചകന്‍(സ്വ)യില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ സ്വഹാബിമാരാണ്. ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായം വെക്കണമെന്നൊന്നും വിശുദ്ധ ക്വുര്‍ആനില്‍ ഇല്ല.

ഹദീഥ് നിഷേധം

ശിയാക്കളും ഖവാരിജുകളും മുഅ്തസിലികളും: പില്‍ക്കാലത്ത് ഇസ്‌ലാമില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉടലെടുത്തപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരാന്‍ തുടങ്ങിയത്. ശിയാക്കള്‍ അലി(റ)വിനാണ് ഇമാമത്ത് നല്‍കേണ്ടത് എന്ന വാദവുമായി പുറപ്പെട്ട കാലഘട്ടത്തില്‍ അവരുടെ ആ തത്ത്വം അംഗീകരിക്കാത്ത സ്വഹാബികളോട് അവര്‍ക്ക് വെറുപ്പ് വന്നത് കാരണത്താല്‍ ആ സ്വഹാബിമാരുടെ ഹദീഥ് വേണ്ട എന്ന് വെച്ചതല്ലാതെ ഹദീഥുകള്‍ മൊത്തത്തില്‍ വേണ്ട എന്ന് അവര്‍ പറഞ്ഞിട്ടില്ല. അവര്‍ അംഗീകരിക്കുന്ന സ്വഹാബികളുടെ ഹദീഥുകള്‍ അവര്‍ തള്ളിയിട്ടില്ല. കൂടാതെ അവര്‍, അവര്‍ ഇഷ്ടപ്പെടുന്ന ഇമാമുകളുടെ പേരില്‍ കള്ള ഹദീഥുകള്‍ ഉണ്ടാക്കുകയും ചെയ്തു. 

ഖവാരിജുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അവരും ഹദീഥുകളെ മൊത്തത്തില്‍ തള്ളിയിരുന്നില്ല. അവടെ തത്ത്വങ്ങള്‍ അംഗീകരിക്കാത്ത സ്വഹാബികളുടെ ഹദീഥ് വേണ്ട  എന്നാണവര്‍ തീരുമാനിച്ചത്. അവര്‍ അംഗീകരിക്കുന്നവരുടെ ഹദീഥുകള്‍ അവര്‍ സ്വീകരിച്ചു.

മുഅ്തസിലികളും ഹദീഥ് നിഷേധവും

മുഅ്തസിലികള്‍ എന്ന പിഴച്ച വിഭാഗത്തിന്റെ രോഗമാണ് ഇന്ത്യയിലും വിശിഷ്യാ നമ്മുടെ കേരളത്തിലും മംഗലാപുരത്തുമെല്ലാം കാണുന്നത്. ബുദ്ധിപൂജകന്മാരാണ് മുഅ്തസിലുകള്‍. ബുദ്ധിക്ക് യോജിക്കുന്നത് എടുക്കാം എന്നും അല്ലാത്ത ഹദീഥുകള്‍ തള്ളാം എന്നും പറയുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ ഉടലെടുത്തപ്പോള്‍ അവര്‍ക്ക് ഹദീഥിനോട് വിരോധവും നിഷേധവും വന്നു. ഇമാം ശാഫിഈ(റ)യുടെ കാലഘട്ടത്തില്‍ മുഅ്തസിലുകളില്‍ പെട്ട ഒരു വ്യക്തി ഇമാം ശാഫിഈയുമായി ചര്‍ച്ച നടത്തുകയും അതില്‍ ഇമാം ശാഫിഈ വിജയിക്കുകയും ചെയ്തുവത്രെ. ഈ ചര്‍ച്ച അതോട് കൂടി തീര്‍ന്നു. ഈ ചിന്താഗതി തന്നെ നാമാവശേഷമായി. ഇന്ന് ഈ വാദമുള്ളവര്‍ നമ്മുടെ നാടുകളില്‍ ഉള്ളതായി യഥേഷ്ടം നമുക്ക് കാണാവുന്നതാണ്. 

പിന്നീട് ഉണ്ടായ വാദം ക്വുര്‍ആന്‍ മാത്രം മതി, ഹദീഥിന്റെ ആവശ്യമേ ഇല്ല എന്നതാണ്. ഈ തത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റിയും, അത് നമ്മുടെ നാടുകളില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

പിഴച്ച ചിന്തകള്‍ ഇന്ത്യയില്‍

ആധുനിക കാലത്ത് ഹദീഥ് നിഷേധത്തിന്റെ തുടക്കം ഏകദേശം ക്രി. 20ാം നൂറ്റാണ്ടിലാണ്. ക്രി. 1900ന് ശേഷം പുതിയ ആശയങ്ങളുമായി ഓരോ വ്യക്തികള്‍ ഇന്ത്യന്‍ മേഖലകളില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി അവരില്‍ പെട്ട ഒരാളാണ് പലതും അയാള്‍ വാദിച്ചിട്ടുണ്ട്. ആദ്യം മഹ്ദിയാണെന്ന് വാദിച്ചു. പിന്നെ ഈസയാണെന്നും നിഴല്‍ നബിയാണെന്നും വാദിക്കുകയുണ്ടായി. അയാളുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ അയാള്‍ ഒരു മാനസിക രോഗിയാണോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ അയാള്‍ ബ്രിട്ടീഷുകാരുടെ ചാരനായി, അവര്‍ക്ക് പിന്തുണ നല്‍കി ജീവിച്ച ആളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു മിര്‍സാ ഗുലാം. ഇസ്‌ലാമിന്റെ പല അടിസ്ഥാന തത്ത്വങ്ങളെയും ഇയാളും പിന്തുണക്കുന്ന ആളുകളും നിഷേധിക്കുകയും, മറ്റൊരുരു മതമായി അത് രൂപപ്പെടുകയും ചെയ്യുകയാണുണ്ടായത്.

ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി: അതേ കാലഘട്ടത്തില്‍ തന്നെ ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി എന്ന വ്യക്തിയും രംഗത്ത് വന്നു. അയാള്‍ മുഴുവന്‍ ഹദീഥുകളും തള്ളണമെന്ന് പറഞ്ഞാണ് രംഗപ്രവേശനം ചെയ്തത്. ആ വ്യക്തി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന് അടിസ്ഥാനമാക്കിയത് അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായി അറിയപ്പെടുന്ന സര്‍സയ്യിദ് അഹ്മദ്ഖാന്റെ ചിന്താഗതികളായിരുന്നു. ഇവരിലൂടെയൊക്കെയാണ് ഹദീഥ് നിഷേധത്തിന്റെ വേരുകള്‍ ഇന്ത്യയില്‍ വ്യാപിച്ചത്.

മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി: ഏകദേശം അതേ കാലഘട്ടത്തിലെ തന്നെ മറ്റൊരു വ്യക്തിയാണ് മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി. ഇയാളുടെ വാദം മുഹമ്മദ് നബി(സ്വ) മനുഷ്യനല്ല എന്നായിരുന്നു. മുഹമ്മദ് നബി(സ്വ) മരിച്ചിട്ടില്ലെന്നും നബിയോട് വിളിച്ച് പ്രാര്‍ഥിച്ചാല്‍ ആവശ്യമുള്ള സ്ഥലത്തേക്ക് അദ്ദേഹം വരുമെന്നുമൊക്കെയായിരുന്നു. അത് പോലെ തന്നെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും കയ്യാളാന്‍ റസൂല്‍(സ്വ)യുടെ അടുക്കല്‍ കഴിവുണ്ടെന്നും അയാള്‍ വാദിച്ചു.  ഈ മൂന്ന് ആളുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാരായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി കാര്യം നേടാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങളായിരുന്നു ഇവയെല്ലാം.  എന്നാല്‍ ഇതിനെയൊക്കെ എതിര്‍ക്കാന്‍ സനാഉല്ലാ അമൃതസരിയെ പോലെയുള്ള പല പണ്ഡിതന്‍മാരും രംഗത്തിറങ്ങുകയുണ്ടായി. ഈ വാദങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാനും മിര്‍സാഗുലാമിനെ പോലെയുള്ളവരോട് മുബാഹല വരെ നടത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രി.1948ലാണ് സനാഉല്ലാ അമൃതസരി വഫാത്താകുന്നത്. മിര്‍സാ ഗുലാമുമായുള്ള മുബാഹലയില്‍ 'അസത്യത്തിന്റെ ഉടമ ആദ്യം നശിക്കട്ടെ' എന്ന് ഡല്‍ഹിയില്‍ വെച്ച് മിര്‍സാ ഗുലാം ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. അങ്ങനെ ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും അയാള്‍ മരിക്കുകയും, സനാഉല്ലാ അമൃതസരി നാല്‍പത് വര്‍ഷത്താളം പിന്നെയും ജീവിക്കുകയും ചെയ്തു. 

ഓറിയന്റലിസ്റ്റുകള്‍: ഹദീഥ് നിഷേധം എന്ന ചിന്താഗതി ഇന്ത്യയില്‍ വന്നതിന്റെ മുഖ്യ കാരണം ബ്രിട്ടീഷ് ചാരന്‍മാരുടെ പ്രവര്‍ത്തനമാണ്. ഓറിയന്റലിസ്റ്റുകളും ഹദീഥ് നിഷേധം ഇന്ത്യയില്‍ വളരാന്‍ കാരണമായിട്ടുണ്ട്. റോമന്‍, ബ്രിട്ടീഷ്, യൂറോപ്യന്‍ നാടുകളില്‍ നിന്ന് ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കിഴക്കന്‍ നാടുകളിലേക്ക് അവര്‍ പണ്ഡിതന്‍മാരെ അയക്കുകയും അവര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ക്വുര്‍ആനും ഹദീഥുകളും പഠിക്കുകയും പിഴച്ച ആശയങ്ങളുമായി ഗ്രന്ഥങ്ങള്‍ ഇറക്കുകയും ലോകവ്യാപകമായി അവരുടെ ചിന്താഗതികളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. ഈജിപ്തില്‍ സുന്നത്തിനെ നിഷേധിക്കുന്ന ഇത്തരക്കാര്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ അവിടെ അന്‍സ്വാറുസ്സുന്ന എന്ന സംഘടന രൂപീകൃതമായി. ഇന്നും തൗഹീദീ പ്രബോധനവുമായി അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇസ്‌ലാം വിരുദ്ധരായ പാശ്ചാത്യരുടെ പ്രവര്‍ത്തനങ്ങള്‍ അറേബ്യന്‍ നാടുകളില്‍ ഫലം കണ്ടില്ല. കാരണം, അവര്‍ക്കറിയാം റസൂല്‍(സ്വ) കൊണ്ടുവന്ന എല്ലാം സ്വീകരിക്കാന്‍ വിശുദ്ധ ക്വുര്‍ആനില്‍ കല്‍പനയുണ്ടെന്ന്. അല്ലാഹു പറയുന്നത് കാണുക: ''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക...''(59:7).

ഈ വചനത്തില്‍ പറഞ്ഞ, 'റസൂല്‍(സ്വ)ക്ക് നല്‍കപ്പെട്ട കാര്യം' ക്വുര്‍ആന്‍ മാത്രമല്ല; അതോടൊപ്പം അതിന്റെ വിശദീകരണമായ ഹദീഥുകളും ഉള്‍പ്പെടുമെന്ന് അവര്‍ മനസ്സിലാക്കി. അത് പോലെ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നതും അവര്‍ക്കറിയാം. ഇതുമായി ബന്ധപ്പെട്ട ചില ആയത്തുകള്‍ കാണുക: അല്ലാഹു പറയുന്നു:  

''പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച'' (3:32 )

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59 )

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്''(8:20).

''നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു'' (24:54).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക'' (47: 33).

ഈ ആയത്തുകളിലെല്ലാം അല്ലാഹുവിനെയും അവന്റെ റസൂലി(സ്വ)നെയും അനുസരിക്കാന്‍ അല്ലാഹു കല്‍പിക്കുന്നത് നാം കണ്ടു.

റസൂലി(സ്വ)നെ അനുസരിച്ചവര്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു.ക്കുന്നു

റസൂലിനെ അനുസരിക്കുന്ന ആളുകളെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: 

''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല''(4:80).

അല്ലാഹുവിനെയും റസൂല്‍(സ്വ)യെയും അനുസരിക്കുന്നവരുടെ മഹത്ത്വം: ഇങ്ങനെ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും അതില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയും അല്ലാഹു നല്‍കുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ''ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം'' (4:13).

''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69).

(അവസാനിച്ചില്ല)

0
0
0
s2sdefault