ഗോരക്ഷയുടെ ഇന്ത്യന്‍ പാരമ്പര്യം

അലി ചെമ്മാട്

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

കേരളത്തിന്റെ സ്വന്തം പശു ഇനമായ, ഇന്ന് ഗിന്നസ് ബുക്കില്‍ കയറിയ വെച്ചൂര്‍ പശുവും കാസര്‍ഗോഡ് പശുവും ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവാണ് വെച്ചൂര്‍ പശു. ആ കൊച്ചു സുന്ദരികള്‍ കേരളത്തിന്റെ അഭിമാനം കൂടിയാണ്. അവളുടെ ജീവന്‍ നിലനിന്നതിന് പിന്നില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിയുടെയും സഹപാഠികളുടെയും ചുരുക്കം ചില അധ്യാപകരുടെയും നിശ്ചയധാര്‍ഢ്യത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമുണ്ട്. വെച്ചൂര്‍ പശു സംരക്ഷണ ചരിത്രം തുടങ്ങുന്നത് 1989ലാണ്. കോട്ടയത്തെ ഒരു കര്‍ഷക കുടുംബത്തില്‍, പശുക്കളുടെയും ആടുകളുടെയും താറാവുകളുടെയും കോഴികളുടെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ശോശാമ്മയെന്ന വിദ്യാര്‍ഥിനി കാര്‍ഷിക പഠനത്തിന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനത്തിന് എത്തിയ ശേഷമാണ് വെച്ചൂര്‍ പശു അന്യംനിന്നു പോകുന്ന കാര്യം ശ്രദ്ധിച്ചത്. അവര്‍ക്ക് വെച്ചൂര്‍ പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് വെച്ചൂര്‍ പശു കേരളത്തിന്റെ അഭിമാനമായി നിലനില്‍ക്കുന്നത്. കേരളത്തിലെ പരമ്പരാഗത വളര്‍ത്തു പക്ഷി, മൃഗ സംരക്ഷണത്തിലും വ്യാപനത്തിനും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അവരിന്ന്. തന്റെ പഠന കാലത്ത്, വെച്ചൂര്‍ പശു സംരക്ഷണ പദ്ധതിക്ക് ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതുകാരണം ഡാറ്റാ സ്‌റ്റോറേജ് ക്യാബിനറ്റ് എന്ന പേരിലാണ് കമ്പ്യൂട്ടര്‍ വാങ്ങിയത്. വെച്ചൂര്‍ പശുവിനെ സംരക്ഷിക്കാന്‍ അവര്‍ എത്രത്തോളം ത്യാഗം സഹിച്ചിട്ടുണ്ട് എന്നും കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഈ സംഭവം മാത്രം നമ്മെ ബോധ്യപ്പെടുത്തും. 

എന്തുകൊണ്ടായിരുന്നു വെച്ചൂര്‍ പശു സംരക്ഷണത്തിന് ഇവര്‍ ഇത്രയും ത്യാഗം സഹിക്കേണ്ടി വന്നത്? അതിനു കാരണം കേരള സര്‍ക്കാരിന്റെ പ്രത്യേക നയവും ആ നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമവും ആയിരുന്നു. കേരള നിയമസഭ പാസാക്കിയ '1961ലെ കേരള ലൈവ്‌സ്‌റ്റോക്ക് ഇംപ്രൂവ്‌മെന്റ് ആക്റ്റ്' ആയിരുന്നു ഈ കരിനിയമം. കേരളത്തിലെ തനത് പശു/കാളകളെ തമ്മില്‍ ഇണ ചേര്‍ത്തായിരുന്നു പരമ്പരാഗത കൃഷിക്കാര്‍ പ്രജനനം നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരായിരുന്നു. അവര്‍ തീരുമാനിച്ചിരുന്നത് കേരളത്തിലെ നാടന്‍ പശുക്കളെ വിദേശ ജനുസ്സുകളായ കാളകളുമായി മാത്രം ഇണചേര്‍ത്ത് സങ്കരയിനം പശുക്കള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്നായിരുന്നു. ഈ ലക്ഷ്യം പ്രചാരണങ്ങള്‍ കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും വിജയിക്കാതിരുന്നത് കൊണ്ടായിരുന്നു 1961ലെ ഈ കരിനിയമം നടപ്പിലാക്കിയത്. കേരളത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ കാളകളെയും ശണ്ഡീകരിക്കണമെന്നും വിദേശികളായ കാളക്കൂറ്റന്മാരെ വളര്‍ത്താന്‍ പോലും പ്രത്യേകം ലൈസന്‍സ് വേണമെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ നിരന്തര പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ആ റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് തുടര്‍നടപടികളും ശിക്ഷകളും സ്വീകരിക്കണമെന്നും സമയാസമയങ്ങളില്‍ കര്‍ഷകര്‍ ലൈസന്‍സ് പുതുക്കണമെന്നും നിയമം അനുശാസിക്കുന്നു. നിയമ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കര്‍ഷകര്‍ക്ക് 25 രൂപ മുതല്‍ 1000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട് നിയമത്തില്‍. ആ കാലത്ത് 25 രൂപ എന്നത് ഒരു ചെറിയ സംഖ്യയല്ല; അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12 രൂപയേ വിലയുള്ളൂ. 1000 രൂപക്ക് പത്തര പവന്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. ഏകദേശം ഇന്നത്തെ രണ്ടര ലക്ഷം രൂപക്ക് തുല്യം!

ശോശാമ്മ ഐപ്പ് എന്ന ദീര്‍ഘ വീക്ഷണമുള്ള വിദ്യാര്‍ഥിനിയുടെയും സഹപ്രവര്‍ത്തകരുടെയും ത്യാഗമില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ വ്യത്യസ്ത പശു വര്‍ഗങ്ങള്‍ക്ക് സംഭവിച്ചത് പോലെ കേരളത്തിന്റെ സ്വന്തമെന്ന് ഊറ്റം കൊള്ളുന്ന വെച്ചൂര്‍ പശുവും വംശനാശത്തിന് ഇരയാകുമായിരുന്നു. 

നേരത്തെ നാം മനസ്സിലാക്കിയ പോലെ, ക്ഷീരോല്‍പാദനം നിലച്ച പശുക്കളെയും പ്രസവിക്കപ്പെടുന്ന കാളകളെയും സമയാസമയങ്ങളില്‍ മാംസ ആവശ്യത്തിന് ഉപയോഗിക്കുവാന്‍ അനുവാദം നിഷേധിക്കപ്പെട്ടാല്‍ ബി.ജെ.പി നേതാവിന്റെ ഫാമുകളിലെ പശുക്കള്‍ക്ക് സംഭവിച്ച പട്ടിണിമരണം ബീഫ് നിരോധനം ഏര്‍പെടുത്തുന്ന സ്ഥലങ്ങളിലെ മുഴുവന്‍ പശുക്കളെയും പിടികൂടും. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആ സ്ഥലങ്ങളില്‍ പശു പോയിട്ട് പശുവിന്റെ പൂട പോലും ബാക്കി കാണില്ല. ഗോ സംരക്ഷണം എന്ന പേരില്‍ നടത്തപ്പെടുന്ന വൈകാരികാവേശം അവയുടെ ഉന്‍മൂലനത്തിലേക്ക് നയിക്കും. എത്ര ഭീകരമായിരിക്കും പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ഭാവി! 

ഈ കുറിപ്പിന്റെ ആദ്യത്തില്‍ കമ്യൂണിസ്റ്റ് ചൈനയില്‍ അതിന്റെ സ്ഥാപകന്‍ മാവോ സെതുങ്ങിന്റെ കാലത്ത് ചതുര്‍ക്കീട നിയന്ത്രണ യജ്ഞത്തിന്റെ പരിണിതഫലമായി കോടിക്കണക്കിനാളുകള്‍ പട്ടിണികിടന്ന് മരിച്ചതും; ഇന്ത്യയിലെ ക്ഷീര ഉല്‍പാദനവും മാംസ, തുകല്‍ വ്യവസായവും ഉപയോഗവും കാലി വളത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂചിപ്പിച്ചു. 2016ലെ ഡടഉഅ റിവ്യു പ്രകാരം ഇന്ത്യ 36.43,000 ടണ്‍ ബീഫുല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 20,00,000 ടണ്ണും ഇന്ത്യക്കാര്‍ ഭക്ഷിക്കുകയാണ്. 16,00,000 ടണ്‍ മാട്ടിറച്ചി മാത്രമേ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നുള്ളൂ. ലോക ബീഫ് കയറ്റുമതിയുടെ 25 ശതമാനവും ഇന്ത്യയില്‍ ഭക്ഷിക്കുകയാണ്. ബീഫ് ഇന്ത്യക്കാരുടെ ഒരു പ്രധാന ഭക്ഷ്യ വിഭവമാണ്.

ബീഫ് നിരോധനത്തോടെ ഇത്രയധികം ഭക്ഷ്യവിഭവം ഇന്ത്യന്‍ ഭക്ഷ്യശൃംഖലയില്‍ നിന്ന് പുറത്താകും.അത്രയും ഭക്ഷ്യലഭ്യത ഇല്ലാതാകും എന്നര്‍ഥം. കൂടാതെ ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമായ പാലും അനുബന്ധ ഉല്‍പന്നങ്ങളും തീരെ ലഭ്യമല്ലാതാകും. പാലില്ലാത്ത ജീവിതം ശരാശരി ഇന്ത്യക്കാരന് വിചാരിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയുടെ തനതായ ചികിത്സാ ശാസ്ത്രമാണ് ആയുര്‍വേദം. സഹസ്രാബ്ദങ്ങളായി ആയുര്‍വേദ ചികിത്സ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ആയുര്‍വേദ മരുന്നുകളിലെ, ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് വെണ്ണയും നെയ്യും പാലും. ഇന്ത്യയുടെ സ്വന്തം ചികിത്സാ ശാസ്ത്രമായ ആയുര്‍വേദം ഇന്ന് ലോക ശ്രദ്ധ നേടുന്ന ഒരു സാഹചര്യം കൂടിയാണ്. പശുവിറച്ചി നിരോധനത്തിലൂടെ ആയുര്‍വേദത്തിന് 'രോഗം ബാധിക്കുന്ന' അവസ്ഥയിലേക്ക് വെണ്ണയുടെയും നെയ്യിന്റെയും പാലിന്റെയും ലഭ്യതയില്ലായ്മ എത്തിക്കും; ഇന്ത്യന്‍ ആയുര്‍വേദം പ്രതിസന്ധിയിലാകും.  

ഏറെ വലിയ പ്രശ്‌നം ക്ഷീരകര്‍ഷകരുടെത് തന്നെയാണ്. ക്ഷീര കൃഷി ലാഭകരമല്ലാതായി മാറി, അതു വലിയ ബാധ്യതയായി പരിണമിക്കുമ്പോള്‍ അവരുടെ ജീവിതമാര്‍ഗം നിലയ്ക്കും. അവര്‍ ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും എടുത്തെറിയപ്പെടും. ഇത്തരം ഒരു അവസ്ഥ സംജാതമായാല്‍ പശുക്കള്‍ മാത്രമല്ല ക്ഷീര കര്‍ഷകരും പട്ടിണി മരണത്തിലൂടെ ഇല്ലാതാകും. പശുക്കളും ക്ഷീരകര്‍ഷകര്‍ മാത്രമല്ല ക്ഷീര വ്യാപാര വ്യവസായ മേഖലകൡ ജോലി ചെയ്യുന്ന കോടിക്കണക്കിന് ആളുകളുടെ അന്നവും മുട്ടും. അവരും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കൂപ്പുകുത്തും. 

ചാണകം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന വളമാണ് എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ഒരു കുട്ട ചാണകത്തിന് ഇന്ന് 30 രൂപയാണ് വില. ഇതിലേറെ വില കുറഞ്ഞ വളം വേറെ ലഭ്യമാണോ എന്നറിയില്ല. ചാണകം ഉപയോഗിച്ച് നല്ലൊരു ശതമാനം കൃഷിക്കും ജൈവവള പ്രയോഗം നടത്തുന്നുണ്ട്. ചാണകം ലഭ്യമല്ലാതാകുന്നതോടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയെയും അത് സാരമായി ബാധിക്കും; കൃഷി നശിക്കും. കൃഷിനാശം ഭക്ഷേ്യാല്‍പാദനം കുറയ്ക്കും. ഭക്ഷേ്യാല്‍പാദനം കുറയുന്നതോടെ സ്വാഭാവികമായും കൃഷിയിലൂടെ ലഭിക്കുന്ന വരുമാനവും കുറിയും. ദാരിദ്ര്യത്തിലേക്കും കൊടും പട്ടിണിയിലേക്കും പട്ടിണി മരണങ്ങളിലേക്കും കര്‍ഷകര്‍ എടുത്തെറിയപ്പെടും. അവരെ രക്ഷിക്കുവാന്‍ വികാര ജീവികളായ ഗോ സംരക്ഷകര്‍ക്കോ അവരെ കയറൂരി വിടുന്ന ബുദ്ധിശൂന്യരായ ഭരണാധികാരികള്‍ക്കോ നിയമ പീഠങ്ങള്‍ക്കോ കഴിയില്ല.  

തുകല്‍ വ്യവസായത്തിന്റെ കണക്കുകള്‍ പരിശോധിച്ചത് മറക്കാതിരിക്കുക. ഒമ്പത് മാസം കൊണ്ട് 4.72 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതി നടത്തിയ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്നത് 14.7 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ്. ഗോവധ നിരോധനത്തില്‍ ഇന്ത്യയുടെ ഒരു പ്രധാന കയറ്റുമതി വ്യവസായം തകര്‍ന്നുപോകും. അതിലൂടെയുള്ള വിദേശനാണ്യ ലഭ്യത നിലച്ചുപോകും. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുവേണ്ടി ലെതര്‍ ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. അതിലൂടെ ഒരുപാട് വിദേശനാണ്യം നഷ്ടപ്പെടുകയും ചെയ്യും. ഇത്രയും ബൃഹത്തായ ഇന്ത്യന്‍ തുകല്‍ വ്യവസായ മേഖലയില്‍ എത്ര പേര്‍ തൊഴില്‍ ചെയ്യുന്നുണ്ടാകും! എത്ര കുടുംബങ്ങള്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്നുണ്ടാകൂം! ഈ ഈ പ്രതിസന്ധി തൊഴിലാളികളെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെയും മാത്രമല്ല ആ ഭാഗങ്ങളിലുള്ള എല്ലാവരെയും ബാധിക്കും. ഭക്ഷ്യശൃംഖല പോലെത്തന്നെ സാമ്പത്തികമേഖലയും പരസ്പര പൂരകങ്ങള്‍ ആണ്. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തുമുള്ള സന്തുലനം. വ്യാപാര വ്യവസായ കാര്‍ഷിക തൊഴില്‍ മേഖലകളുടെ സമന്വയം. ഭക്ഷ്യശൃംഖലയില്‍ സംഭവിക്കുന്നതു പോലെ സാമ്പത്തിക തൊഴില്‍ മേഖലകളിലും വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. അത് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും ആയിരിക്കും ഇന്ത്യയെ കൊണ്ടെത്തിക്കുക. അതില്‍നിന്ന് കരകയറുവാന്‍ വൈകാരികതയോ വര്‍ഗീയതയോ കപടരാജ്യസ്‌നേഹമോ പരിഹാര മാര്‍ഗം ആയിരിക്കില്ല. ഇന്ത്യയെന്ന രാജ്യത്തിന്റെ പുരോഗതിയെ, രാജ്യത്തെ പൗരന്‍മാരുടെ ജീവനെ, ആവാസ വ്യവസ്ഥിതിെയയും ജന്തുജാലങ്ങളെയുമെല്ലാം ആയിരിക്കും അത് ബാധിക്കുക. ഇക്കാര്യമറിയാത്തവാരാണോ ഇന്ത്യയുടെ ഭരണവര്‍ഗം? ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെ, ഇതൊക്കെ ആര്‍ക്ക് എന്തിന് വേണ്ടി?

0
0
0
s2sdefault