ഫാഷനായി പടരുന്ന നബിദിനാഘോഷം

പത്രാധിപർ

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

നബിദിനാഘോഷം എന്ന പുത്തനാചാരം ഇന്ന് ഒരു ഫാഷനും യുവാക്കളുടെ ഹരവുമായി മാറിയിട്ടുണ്ട്. 'നബിദിന ഗിഫ്റ്റുകള്‍ ഇവിടെ ലഭിക്കും' എന്ന ബാനര്‍ ഒരു ടൗണിലെ കടയുടെ മുമ്പില്‍ കാണാനിടയായി. പുത്തന്‍ കോലങ്ങളില്‍ വ്യത്യസ്തയിനം പരിപാടികളുമായി നബിദിനാഘോഷത്തിന് സമുദായത്തിലെ ഭൂരിപക്ഷം തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. 'നബിദിനം ഇസ്‌ലാമികം, വഹാബിസം അനിസ്‌ലാമികം' എന്നെഴുതിയ പോസ്റ്ററും ചില സ്ഥലങ്ങളില്‍ കാണാന്‍ കഴിയുന്നു. ജനങ്ങള്‍ നന്നാവാന്‍ തീരുമാനിച്ചാലും പുരോഹിതന്മാര്‍ അതിനനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. 

ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ചവര്‍ക്കൊന്നും പരിചയമില്ലാത്ത, ഹിജ്‌റ 300നുശേഷം ഇര്‍ബല്‍ ഭരിച്ചിരുന്ന മുദ്വഫ്ഫര്‍ രാജാവ് തുടങ്ങിവെച്ചതെന്ന് കേരളത്തിലെ നബിദിനാഘോഷക്കാര്‍ തന്നെ സമ്മതിക്കുന്ന ഒരാചാരം എങ്ങനെയാണ് മതത്തിന്റെ കാര്യമായി മാറുന്നത് എന്ന ലളിതമായ ചോദ്യം സാധാരണക്കാരന്റെ മനസ്സിലുദിച്ചാല്‍ അവനെ പുരോഹിതന്മാര്‍ പുത്തന്‍വാദിയായി മുദ്രകുത്തും! എന്നിട്ട് ജനങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതൊക്കെയും മാതൃകയില്ലാത്ത പുത്തനാചാരങ്ങളും! അവരില്‍ ഊട്ടിയുറപ്പിക്കുന്നതൊക്കെയും വികലവിശ്വാസങ്ങളും. അല്ലാഹു പറയുന്നു:

''ഇതത്രെ എന്റെ നേരായ പാത. നിങ്ങളത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും...'' (ക്വുര്‍ആന്‍ 6:153).

വിശുദ്ധ ക്വുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും ആര്‍ തിരിഞ്ഞുകളഞ്ഞുവോ അവരെ പിഴച്ച മാര്‍ഗങ്ങളും പുതിയ അനാചാരങ്ങളുമായിരിക്കും പിടികൂടുക. മതനിയമങ്ങളിലുള്ള അജ്ഞത, ദേഹേഛയെ പിന്‍പറ്റല്‍, അഭിപ്രായങ്ങളോടും വ്യക്തികളോടും പക്ഷംചേരല്‍, സത്യനിഷേധികളോട് സാദൃശ്യപ്പെടല്‍, അവരെ അനുകരിക്കല്‍ തുടങ്ങിയവ ശിര്‍ക്ക്-ബിദ്അത്തുകള്‍ ചെയ്യുവാന്‍ കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. 

പുത്തനാചാരങ്ങളില്‍ പതിക്കാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനമായത് സത്യനിഷേധികളോട് സാദൃശ്യപ്പെടലാണ്. അബൂവാഖിദുല്ലയ്ഥി(റ) പറഞ്ഞു: ''ഞങ്ങള്‍ റസൂലിന്റെ കൂടെ ഹുനൈനിലേക്ക് പുറപ്പെട്ടു. സത്യനിഷേധവുമായി അടുത്തകാലം വരെ ബന്ധമുണ്ടായിരുന്നവരായിരുന്നു ഞങ്ങള്‍. ബഹുദൈവാരാധകര്‍ക്ക് ഒരു ഇലന്തമരമുണ്ടായിരുന്നു. അതിനടുത്ത് അവര്‍ ഭജനമിരിക്കും. ആയുധം അതില്‍ കെട്ടിത്തൂക്കുകയും ചെയ്യും. 'ദാതുഅന്‍വാത്വ്' എന്നായിരുന്നു ആ ഇലന്തമരത്തിന്റെ പേര്. ഞങ്ങള്‍ റസൂലി ﷺ നോട് പറഞ്ഞു: 'ഞങ്ങള്‍ക്ക് ദാതുഅന്‍വാത്വ് ഏര്‍പെടുത്തിത്തരണം'. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹു അക്ബര്‍! എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം! അവര്‍ക്ക് ഇലാഹുകളുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ച് തരണം എന്ന് ഇസ്‌റാഈല്യര്‍ പറഞ്ഞതുപോലെയാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്. മുസാൗയോട് അവര്‍ പറഞ്ഞു: 'ഇവര്‍ക്ക് ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്ക് ഒരു ദൈവത്തെ ഏര്‍പെടുത്തിത്തരണം' (അഅ്‌റാഫ്: 138). നിശ്ചയം, നിങ്ങള്‍ അവിവേകം കാണിക്കുന്ന ജനതയാണ്. നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മാര്‍ഗങ്ങള്‍ നിങ്ങളും പിന്തുടരും, തീര്‍ച്ച''(തുര്‍മുദി).

ആളുകളുടെ അഭിപ്രായങ്ങളോട് പക്ഷംചേര്‍ന്നാല്‍ പ്രമാണങ്ങളെ പിന്‍പറ്റുവാനും സത്യം ഗ്രഹിക്കുവാനും അത് വിലങ്ങുതടിയാകും. അല്ലാഹു പറഞ്ഞു: ''അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്'' (ക്വുര്‍ആന്‍ 2:170).

ഇതുതന്നെയാണ് നമ്മുടെ നാട്ടിലെ 'നബിദിനാഘോഷ'ക്കാരും ക്വബ്‌റാരാധകരുമായവരുടെ അവസ്ഥ. ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും വിളിക്കപ്പെട്ടാല്‍ അവ രണ്ടിനും എതിരായ അവരുടെ നിലപാടുകള്‍ ഉപേക്ഷിക്കില്ല. ഉദ്‌ബോധിപ്പിക്കപ്പെട്ടാല്‍ മദ്ഹബുകളെയും നേതാക്കന്‍മാരെയും പിതാക്കളെയും പിതാമഹന്‍മാരെയും അവര്‍ തെളിവ് പിടിക്കും. 

0
0
0
s2sdefault