എടുക്കാത്ത കറൻസി

കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ജീവിതകാലം മുഴുവന്‍ അധ്വാ നിച്ചു നേടിയ സമ്പത്ത് എടുക്കാത്ത നാണയമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം അമ്പരന്നു. ബാങ്കുകള്‍ക്കു മുമ്പില്‍ നീണ്ട വരികള്‍. ചൂടും തണുപ്പും രോഗവും ക്ഷീണവും വകവെക്കാതെ മണിക്കൂറുകള്‍ വരിനിന്ന് കിട്ടുന്ന തുച്ഛമായ സംഖ്യകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ നാം പണത്തിന്റെ വിലയറിഞ്ഞു. ഇതിന്റെ പരിഭ്രാന്തി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇത് നമ്മുടെ ജീവിക്കുന്ന അനുഭവമാണ്.

ഇതുതന്നെയാണ് മനുഷ്യജീവിതത്തിന്റെയും അവസ്ഥ. പ്രത്യേകിച്ചും മതവിശ്വാസികളുടെ. മതവിശ്വാസം, ആദര്‍ശനിഷ്ഠ, പ്രമാണബദ്ധത എന്നൊക്കെ പറഞ്ഞുകൊണ്ട് നാം ഒറ്റക്കും വേറിട്ടും കൂട്ടായും അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഈ മതപ്രവര്‍ത്തനങ്ങളെല്ലാം എന്ന് ചോദിക്കപ്പെട്ടാല്‍ പരലോകത്തേക്ക് വല്ലതും സമ്പാദിക്കുകയാണ് എന്നാണ് എല്ലാവര്‍ക്കും പറയാനുള്ള മറുപടി. അപ്പോള്‍ പരലോകത്തേക്ക് ബാക്കിവെക്കുന്ന ഈ പ്രവര്‍ത്തനങ്ങളൊക്കെ അവിടെ പ്രയോജനപ്പെടുന്ന 'അമലു'കള്‍ (കര്‍മങ്ങള്‍) ആയിരിക്കണം. ഇഹലോകജീവിതം സുഖദായകമാകാന്‍ വേണ്ടിയുള്ള എല്ലാ അധ്വാനങ്ങളുടെയും ഗുണഫലമാണ് 'ഉംല' എന്ന് അറബിഭാഷയില്‍ പറയുന്ന നാണയങ്ങള്‍. അവ 'എടുക്കാത്ത' നോട്ടുകളായി മാറിയപ്പോള്‍ നാം പരിഭ്രമിച്ചു. എങ്കിലും അവ ബാങ്കുകളില്‍ നിക്ഷേപിച്ച് 'എടുക്കുന്ന' മൂല്യമുള്ള പണമായി മാറ്റാന്‍ സംവിധാനം ഇവിടെയുണ്ട് എന്നൊരു ആശ്വാസമുണ്ട്. എന്നാല്‍ ഇഹലോകത്തില്‍നിന്ന് പരലോകത്തിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ചെയ്യുന്ന അമലുകള്‍ (കര്‍മങ്ങള്‍) അവിടെ എടുക്കാതെ പോയാല്‍ നാം എന്തു ചെയും? അപ്പോള്‍, നാം ചെയ്യുന്ന കര്‍മങ്ങള്‍ പരലോകത്ത് അല്ലാഹു സ്വീകരിക്കുന്നതായിരിക്കണമെന്ന് നമുക്ക് നിര്‍ബന്ധ വിചാരമുണ്ടായിരിക്കണം.

ഒരുതരം വൈകാരിക തീവ്രതയുടെ കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ഈ വൈകാരികതയില്‍ നീതിയും ന്യായവും ശരിയും തെറ്റും മറന്നുപോകുന്നു മനുഷ്യര്‍. ഉദാഹരണത്തിന് നബിലയുടെ ജനമദിനാഘോഷം എടുക്കാം. അത് അനാചാരമാണെന്നും പ്രമാണവിരുദ്ധമാകയാല്‍ ഈ അനാചാരത്തിനു വേണ്ടി ചെലവഴിക്കുന്ന പണവും അധ്വാനവും അന്തരീക്ഷ മലിനീകരണവും പരലോകത്ത് ഉപകാരപ്പെടുകയില്ലെന്നും ആരെങ്കിലും ഉപദേശിച്ചാല്‍ വാശിപിടിച്ച് കൂടുതല്‍ അപകടകരമായ ആചാര രീതികള്‍ സ്വീകരിച്ച് 'എന്നാല്‍ കണ്ടോ' എന്ന മട്ടിലാണ് ചില സഹോദരങ്ങള്‍ ചെയ്യുന്നത്. കാര്യങ്ങളെ വിവേകപൂര്‍വം കാണാനല്ല, വൈകാരികമായി സമീപിക്കാനാണ് പലര്‍ക്കും താല്‍പര്യം. അഹങ്കാരവും വിദ്വേഷവും അപക്വതയും എല്ലാ നന്മകളെയും തകര്‍ക്കുണെന്ന് നാം ഓര്‍ക്കണം.

നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും നമ്മുടെ കൂട്ടായ്മയും നാളേക്കു പ്രയോജനം ചെയ്യുന്ന നന്മകളാണോ എന്ന വിചാരമാണ് നമ്മെ നയിക്കേണ്ടത്. അപരനെ പരാജയപ്പെടുത്താനുള്ള വ്യഗ്രതയില്‍, അല്ലെങ്കില്‍ അന്യായമായത് നേടിയെടുക്കാനുള്ള ബദ്ധപ്പാടില്‍ സ്വയം രക്ഷയും അല്ലാഹുവിന്റെ തൃപ്തിയും മറന്നുപോയാല്‍ ഈ ജീവിതത്തിലെ കര്‍മങ്ങളും അധ്വാനങ്ങളും നാളെ പരലോകത്ത് 'എടുക്കാത്ത കറന്‍സി'കളായി മാറുമെന്ന് നാം ഭയപ്പെടണം.
''ആയുസ്സ് എത്ര നീട്ടിക്കിട്ടുന്നുവോ അത്രയും കൂടുതല്‍ നന്മ ചെയ്യാന്‍ ഭാഗ്യം നല്‍കണമേ'' എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അതായിരിക്കണം നമ്മുടെ ചിന്തയും തേട്ടവും. കുതന്ത്രവും കൗശലവും കൊണ്ട് തല്‍ക്കാലം പിടിച്ചുനിന്നാലും നാളേക്ക് പ്രയോജനപ്പെടുന്നത് സത്യസന്ധതയും ആത്മാര്‍ഥതയും മാത്രമായിരിക്കുമെന്നോര്‍ക്കുക.

0
0
0
s2sdefault