എങ്ങനെ നല്ല രക്ഷിതാവാകാം?

അഷ്‌റഫ് എകരൂല്‍

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

ഭാഗം 2

പ്രപഞ്ചനാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ.് അത് ലക്ഷ്യം വെക്കുന്ന രക്ഷിതാക്കള്‍ അനിവാര്യമായും സ്വാംശീകരിച്ച് നിലനര്‍ത്തേണ്ട ഒട്ടനവധി ചേരുവകളും ഗുണ മേന്‍മകളും നബി(സ്വ)യുടെ അധ്യാപനങ്ങളിലുണ്ട്.

മക്കള്‍ വളരുന്നു. പക്ഷേ, വഴങ്ങുന്നില്ല, വളയുന്നില്ല തുടങ്ങിയ ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ ചില വിഭവങ്ങളുണ്ട്. ഏതൊരു മുസ്‌ലിമിനും പൊതുവായുണ്ടാകേണ്ടതാണ് ഈ ഗുണങ്ങളെല്ലാമെങ്കിലും മാതാപിതാക്കള്‍ക്ക് അത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. കാരണം, മക്കള്‍ മാതാപിതാക്കളെ നോക്കുകയും വിലയിരുത്തുകയുമല്ല; മറിച്ച്, അവര്‍ മാതാപിതാക്കളെ കാണുകയും പകര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിയുന്ന, പകര്‍ത്താന്‍ പ്രയാസമില്ലാത്ത ചില ഗുണങ്ങള്‍ മനസ്സിലാക്കാം:

1. സഹനവും അവധാനതയും: പാരന്റിംഗ് ഒരു ചെറിയ കാലയളവിനുള്ളില്‍ ചെയ്ത് തീര്‍ക്കാവുന്ന ദൗത്യമല്ലെന്ന് നമുക്കറിയാം. പതിനെട്ട് വര്‍ഷമോ അതിലധികമോ നീളുന്ന ഒരു പ്രക്രിയയാണത്. ഒട്ടനവധി സാഹചര്യങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാന്‍ നിര്‍ബന്ധിതരാണ് രക്ഷിതാക്കള്‍. അവിടെ നമ്മെ വഴിനടത്തുന്ന ഒരു ഗുണമാണ് സഹനവും അവധാനതയും. ഒരിക്കല്‍ നബി(സ്വ)യുടെ അനുചരനായ അസദ് അബ്ദുല്‍ ഖൈസിനെ കണ്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: താങ്കളില്‍ രണ്ട് കാര്യങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിന് ഇഷ്ടമാണ്. അത് സഹനവും അവധാനതയുമാണ്.''

കാര്യങ്ങളെ അവധാനതയോടെ വിലയിരുത്തുകയും പെട്ടെന്ന് തീരുമാനമെടുക്കാതെ സാവധാനം ക്ഷമയോടെ പ്രതികരിക്കുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു ശൈലിയാണ് നാം പതിവാക്കേണ്ടത്. അപ്പോഴാണ് സത്യത്തില്‍ ഒരു രക്ഷിതാവിനെ അല്ലെങ്കില്‍ അധ്യാപകനെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. കുടുംബത്തോട് നമസ്‌കാരം കല്‍പിക്കാനും അതില്‍ ക്ഷമയോടെ ഉറച്ച് നില്‍ക്കാനും നബിയോട് കല്‍പിക്കുന്ന അല്‍ബക്വറയിലെ 132-ാം വചനത്തിന്റെ പദപരമായ ശൈലി പഠനാര്‍ഹമാണ്. അതിന്റെ പ്രായോഗിക രീതിശാസ്ത്രം നബി(സ്വ)യുടെ കുടുംബ ജീവിതത്തില്‍ നിന്ന് നമുക്ക് പെറുക്കിയടുക്കാന്‍ സാധിക്കും.

2. ദയയും ദാക്ഷിണ്യവും നിലനിര്‍ത്തുകയും പാരുഷ്യവും ക്രൂരതയും വെടിയുകയും ചെയ്യുക: പാരന്റിംഗിന്റെ വിജയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഗുണമാണ് ദയ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ലഭിക്കേണ്ടിയിരുന്ന ദയാ ദാക്ഷിണ്യത്തിന്റെ അഭാവമാണ് പല മനുഷ്യരുടെയും വൈകൃത വ്യക്തിത്വ നിര്‍മിതിക്ക് നിമിത്തമാകാറുള്ളത്. നമ്മുടെ നാശം ആഗ്രഹിച്ച് നമ്മോട് ഇടപെടുന്നവന്റെ ദുരുദ്ദേശം മനസ്സിലായാല്‍ പോലും ദയാപൂര്‍ണമായ പ്രതികരണമാണ് വേണ്ടതെന്ന് നബി(സ്വ) പറയാറുണ്ടെന്ന് ആഇശ(റ) ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ജൂതന്‍ (അവര്‍ പതിവാക്കിയ പോലെ) ദുരുദ്ദേശ്യത്തോടെ നബി(സ്വ)ക്കും ഭാര്യ ആഇശ(റ)ക്കും അഭിവാദ്യമര്‍പിച്ചുകൊണ്ട്, ഇസ്‌ലാമിലെ അഭിവാദ്യ വാക്കിനോട് (അസ്സലാമുഅലൈക്കും) വളരെ സാമ്യമുള്ളതും എന്നാല്‍ നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ എന്ന അര്‍ഥമുള്ള 'അസ്സാം അലൈക്കും' എന്ന് പറയുകയും ആഇശ(സ്വ) അത് മനസ്സിലാക്കി താങ്കള്‍ക്കും അങ്ങനെത്തന്നെ നാശവും കൂടാതെ ശാപവും ഉണ്ടാകട്ടെ എന്നര്‍ഥം വരുന്ന പദങ്ങളില്‍ പ്രതിവചിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: 'ആഇശാ! അല്ലാഹു ദയാപരനാണ്. അവര്‍ ദയ ഇഷ്ടപ്പെടുന്നു. പരുഷ സ്വഭാവം കൊണ്ട് നേടാന്‍ കഴിയാത്തതൊക്കെ ദയകൊണ്ട് നേടാം. പലത് കൊണ്ടും ലഭിക്കാത്തത് ദയകൊണ്ട് ലഭിക്കും'' (മുസ്‌ലിം).

മറ്റൊരു വചനത്തില്‍ നബി(സ്വ) പറഞ്ഞതായി ആഇശ(റ) ഉദ്ധരിക്കുന്നു: 'അല്ലാഹു ദയാലുവാണ്. എല്ലാ കാര്യത്തിലും അല്ലാഹു ദയ ഇഷ്ടപ്പെടുന്നു' (ബുഖാരി, മുസ്‌ലിലം). കൂടാതെ നബി(സ്വ) പഠിപ്പിച്ചു: 'ഏതൊരു കാര്യത്തില്‍ ദയ ഉള്‍ക്കൊള്ളുന്നുവോ അത് അതിനെ ഭംഗിയാക്കാതിരിക്കില്ല. ഏതൊരു കാര്യവും ദയാമുക്തമാകുന്നോ അത് വികൃതമാവാതിരിക്കില്ല' (മുസ്‌ലിം).

നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കുറയുമെന്ന് ഭയന്ന് നാം മറ്റുള്ളവരോട് ദയ കാണിക്കാറുണ്ട്. എന്നാല്‍ സ്വന്തം മക്കളോടും വീട്ടുകാരോടും ദയകാണിക്കാന്‍ മനസ്സ് കാണിക്കാറില്ല.

പ്രഭാതത്തില്‍ മക്കളെ വിളിച്ചുണര്‍ത്തുന്ന രംഗം എടുത്തു നോക്കാം. ഒച്ച വെച്ചും കുരച്ച് ചാടിയും ഭീഷണി മുഴക്കിയുമാണ് മക്കളെ നാം ഉണര്‍ത്താന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അവരുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചും സലാം പറഞ്ഞും പറ്റുമെങ്കില്‍ അവരുടെ അടുത്ത് രണ്ട് മിനുട്ട് അവരെ കെട്ടിപ്പിടിച്ച് കിടന്നും എഴുന്നേല്‍ക്കുമ്പോഴുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലിക്കൊടുത്തും വിളിക്കുന്ന രീതിയിലേക്ക് ഉമ്മയോ ഉപ്പയോ ശൈലി മാറ്റി നോക്കൂ. ശബ്ദ വിസ്‌ഫോടനങ്ങളില്ലാതെ ലക്ഷ്യം നേടുന്നത് കാണാം. കാരണം മറ്റൊന്നുമല്ല; മാതാപിതാക്കളുടെ സ്പര്‍ശനമേറ്റ് കിടന്നുറങ്ങാനുള്ള അവരുടെ മോഹത്തിന് രണ്ട് മിനുട്ടിലൂടെയെങ്കിലും ശമനം നല്‍കിയ നിങ്ങളുടെ ആവശ്യത്തിന് മുമ്പില്‍ അവന്റെ/ അവളുടെ ഉറക്കച്ചടവ് അടിയറ വെക്കാന്‍ അവന്ന്/ അവള്‍ക്ക് മടിയില്ലാതെ വരുന്നുവെന്നതാണ് സത്യം.

0
0
0
s2sdefault