എല്ലാവര്‍ക്കും വേണം താടി!

അബൂമിസ്‌യാല്‍

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

തനിക്കിഷ്ടമില്ലാത്ത ആരെയും എന്തിനെയും തന്റെ തൂലികകൊണ്ട് തകര്‍ക്കാന്‍ അസാമാന്യമായ കഴിവു തനിക്കുണ്ടെന്ന് നിരവധി തവണ തെളിയിച്ച വ്യക്തിയാണ് ഒ.അബ്ദുല്ല സാഹിബ്. അങ്ങനെ തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ ചിലപ്പോള്‍ ഇസ്‌ലാമും ഉണ്ടാവാറുണ്ട് എന്നതും ഒരു സത്യമാണ്. തന്റെ അനുവാചകരുടെയും താന്‍ മുഖം കാണിക്കുന്ന ചാനല്‍ മുതലാളിമാരുടെയും താല്‍പര്യമനുസരിച്ച് ആദര്‍ശ മറിമായങ്ങള്‍ നടത്താനും അദ്ദേഹത്തിന് യാതൊരു വൈമനസ്യവും ഉണ്ടാവാറില്ല.

ഇപ്പോള്‍, ഇതിവിടെ ഓര്‍ക്കാന്‍ കാരണം, ഈയിടെ ഒരു ദിനപ്പത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം കണ്ടതാണ്. താന്‍ നടത്തിയ ഒരു ഖുതുബയുടെ ചരിത്രം പറഞ്ഞ് ലേഖനം തുടങ്ങിയ അദ്ദേഹം പിന്നെ താടിയെ കയറിപ്പിടിക്കുകയാണ് ചെയ്യുന്നത്. അതിനു പ്രത്യേകിച്ച് കാരണമെന്നുമില്ല. ഖുതുബ നടത്തിയ 'സലഫി' പള്ളിയുടെ സെക്രട്ടറിക്ക് താടിയില്ല! അപ്പോള്‍ പിന്നെ കിടക്കട്ടെ താടിക്കിട് രണ്ട് തൊഴി! വല്ലാത്തൊരു അവസ്ഥ തന്നെ!

താനും മുമ്പ് താടിവളര്‍ത്തിയിരുന്നുവെന്നും താടിയോടു പാലിക്കേണ്ട സൂക്ഷ്മതയും ഗാംഭീര്യവും ഹൃദയത്തില്‍ മുളപൊട്ടാത്തതിനാല്‍ ആ താടിരോമങ്ങളെ അപമാനിക്കേണ്ടെന്നു കരുതി പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നും അബ്ദുല്ല സാഹിബ് പറയുന്നുണ്ട്. താടിയോടു പാലിക്കേണ്ട സൂക്ഷ്മത (തക്വ്‌വ) തനിക്കില്ലാത്തതിനാല്‍ താടി വളര്‍ത്തല്‍ ഒഴിവാക്കി. മിമ്പറില്‍ കയറി ഖുത്വുബ പറയാന്‍ ആ സൂക്ഷ്മതയില്ലായ്മ അദ്ദേഹത്തിന് തടസ്സമല്ല താനും! മിമ്പറിനെയും ഖുത്വുബയെയും അപമാനിക്കാം എന്നര്‍ഥം!

താന്‍ താടി വടിക്കാന്‍ കാരണമായ മറ്റൊരു സംഗതി കൂടി അദ്ദേഹം പറയുന്നുണ്ട്: നബി(സ്വ) താടി വളര്‍ത്താന്‍ കല്‍പിച്ചത് ജൂത-ക്രിസ്ത്യാനികളോട് എതിരാവാന്‍ വേണ്ടി മാത്രമാണ്. അതിനാല്‍ അവര്‍ താടി നീട്ടി വളര്‍ത്തുന്ന ഇന്ന് താടി വടിച്ച് നാം അവരോട് എതിരാവണം! അതുകൊണ്ടാണ് അദ്ദേഹത്തിന് താടിയോടിത്ര വിരക്തി! പ്രവാചക സ്‌നേഹത്തിന്റെ ആധുനിക മാതൃക തന്നെ! ആദ്യം പറഞ്ഞ ന്യായത്തെക്കാള്‍ അപകടകരമാണ് രണ്ടാം ന്യായം. ഇത് വ്യക്തമായ പ്രമാണ ദുര്‍വ്യാഖ്യാനമാണ്. യഥാര്‍ഥത്തില്‍ എന്താണ് 'നിങ്ങള്‍ ജൂതന്മാരോട് എതിരാവുക; താടിവളര്‍ത്തുക' എന്ന ഹദീഥിന്റെ വിവക്ഷ? മൂസാനബി(അ)യും ഈസാനബി(അ)യുമൊക്കെ അവരുടെ അനുയായികള്‍ക്ക് താടിവളര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, അവരുടെ കാലശേഷം അവരുടെ അനുയായികളായി അറിയപ്പെടുന്ന ജൂതരും ക്രിസ്ത്യാനികളും താടി വടിച്ചു. നിങ്ങള്‍ അവരെപ്പോലെ ആവരുത്. നിങ്ങള്‍ താടിവളര്‍ത്തണം എന്നതാണ് അപ്പറഞ്ഞതിന്റെ ലക്ഷ്യം. ജൂത-ക്രിസ്ത്യാനികളെപ്പോലെ പ്രവാചകന്മാരുടെ കല്‍പനകള്‍ ധിക്കരിച്ച് താടി വടിക്കുന്ന അവസ്ഥയുണ്ടാവരുത് എന്നാണ് നബി(സ്വ) പറഞ്ഞത്. അതാണ് പ്രസ്തുത ഹദീസിന്റെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

ഇനി അതിന്റെ പ്രത്യക്ഷാര്‍ഥമാണ് ഉദ്ദേശ്യം എന്നു വന്നാലും ഇന്ന് താടി വടിക്കാന്‍ അത് തെളിവാകില്ല. ഇസ്‌ലാമില്‍ ചില കാര്യങ്ങള്‍ ചില പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞതായാലും അതിന് ചിലപ്പോള്‍ സാര്‍വകാലികത ഉണ്ടാവും. പ്രസ്തുത സാഹചര്യം ഇല്ലെങ്കിലും ശരി. ഉദാഹരണം പറയാം. നബി(സ്വ) ഹജജും ഉംറയും നിര്‍വഹിച്ചപ്പോള്‍ ത്വവാഫുല്‍ ഖുദൂമിന്റെ വേളയില്‍ റംലും (വേഗത്തില്‍ നടത്തം) ഇള് തിബാഉും (വലതുചുമല്‍ പുറത്തു കാണിക്കല്‍) നടത്തിയത് മക്കയിലെ മുശ്‌രിക്കുകള്‍ കാണാന്‍ വേണ്ടിത്തന്നെയായിരുന്നു. മദീനയിലെത്തിയ മുസ്‌ലിംകള്‍ ശാരീരികമായി ശോഷിച്ചിട്ടുണ്ട് എന്ന മുശ്‌രിക്കുകളുടെ ആരോപണത്തിന് മറുപടി പറയാന്‍ തന്നെയാണ് പ്രവാചകന്‍ ഇത് രണ്ടും ചെയ്തത്. എന്നാല്‍ ഈ രണ്ട് സംഗതികളും ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരൊറ്റ അവിശ്വാസിയും ഇന്നവിടെ ഇല്ല താനും. അബ്ദുല്ല സാഹിബിന്റെ അഭിപ്രായത്തില്‍ ഇന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുമ്പോള്‍ റംലും ഇള് തിബാഉം നടത്തേണ്ടി വരില്ല. കാരണം അതു കാണാന്‍ അവിശ്വാസികള്‍ ഇല്ല.

ഇങ്ങനെയൊക്കെ ദീന്‍ പറയാന്‍ തുടങ്ങിയാല്‍ എന്താകും ഇസ്‌ലാമിന്റെ അവസ്ഥ എന്ന് അബ്ദുല്ല സാഹിബ് ആലോചിക്കുന്നത് നല്ലതാണ്. നബിദിനത്തിന് ഇതുപോലെ തന്റെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ പച്ചക്കൊടി കാട്ടിയതിന്റെ പുകിലുകള്‍ തീര്‍ന്നിട്ടില്ല.

ശാന്തപുരത്തു നിന്നും മറ്റും കിട്ടിയ ആദര്‍ശങ്ങളില്‍ പലതും അദ്ദേഹം കയ്യൊഴിഞ്ഞിട്ടുണ്ട് എങ്കിലും സലഫീ വിരോധം ഇപ്പോഴും വേണ്ടുവോളം തന്റെ സിരകളിലുണ്ടെന്ന് അബ്ദുല്ല സാഹിബ് തെളിയിക്കാറുണ്ട്. താടിവളര്‍ത്തല്‍ സുന്നത്താണെന്ന് ലേഖനത്തിലൂടെ അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. എങ്കില്‍ പിന്നെ അക്കാര്യത്തില്‍ 'ഇച്ചിരി' കണിശത കാണിക്കുന്ന സലഫികള്‍ക്കുനേരെ വാളോങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. താടിയുടെ വിഷയത്തില്‍ മാത്രമല്ല; ദീനുമായി ബന്ധപ്പെടുന്ന എല്ലാ വിഷയത്തിലും സലഫികളുടെ നിലപാട് കണിശവും പ്രമാണബദ്ധവുമാണ്.

താടിയുടെ വിഷയത്തില്‍ കണിശത കാണിക്കുന്നവര്‍ക്ക് 'സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ആസുരതയെ കുറിച്ച് ഒട്ടും തന്നെ ബേജാറില്ല' എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത് അബ്ദുല്ല സാഹിബിന്റെ പൊയ്‌വെടിയാണ്. ലോകത്ത് വര്‍ത്തമാന കാലസംഭവങ്ങളില്‍ ഏറ്റവും ക്രിയാത്മകമായും ധൈഷണികമായും പ്രായോഗികമായും ഇടപെടുന്നത് സലഫികളാണ്. വികാരമല്ല വിവേകവും വിജ്ഞാനവുമാണ് അവരെ നയിക്കുന്നത്. ഐ.എസ് പ്രശ്‌നത്തില്‍ ലോകത്തിന് മാതൃകയാവും വിധം സലഫീ പണ്ഡിതന്മാരും സൗദീ ഭരണകൂടവും സ്വീകരിച്ച നിലപാട് അറിയാത്ത ആളല്ല അബദുല്ല സാഹിബ്. എന്നിട്ടും തനിക്ക് കിട്ടിയ കോളത്തില്‍ സലഫികളെ ഭത്സിച്ചത് ഏത് ഏമാനെ തൃപ്തിപ്പെടുത്താനാണാവോ? താടിയില്‍ അകാരണമായി പിടിച്ചു തൂങ്ങി നിലവാരം കുറഞ്ഞ പോപ്പുലാരിറ്റിക്കു വേണ്ടി തരം താഴാന്‍ ശ്രമിക്കുന്ന അബ്ദുല്ല അമേരിക്കയില്‍ നിന്ന് ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത ശ്രദ്ധിച്ചോ എന്നറിയില്ല. സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം താടിയെ അങ്ങേയറ്റം ഭയപ്പെടുന്നവരാണ് അമേരിക്കക്കാര്‍. ആ അമേരിക്കയില്‍ മുസ്‌ലിം സൈനികര്‍ക്ക് താടിവളര്‍ത്താന്‍ (പരിമിതമായ രീതിയില്‍)അനുവാദം നല്‍കി എന്നതായിരുന്നു പ്രസ്തുത വാര്‍ത്ത. അമേരിക്കന്‍ ഭരണാധികാരികള്‍ക്കുവരെ തിരിഞ്ഞ ഈ താടിയുടെ 'ഗുട്ടന്‍സ്' ഇവിടെ കേരളത്തില്‍ ചിലര്‍ക്ക് തിരിയാത്തത് എന്തുകൊണ്ടാണെന്ന് സലഫികള്‍ക്ക് തിരിയുന്നുണ്ട്.

ഇന്ത്യയുടെ പരമോന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ മുഖത്തെ താടിരോമങ്ങള്‍ ആരുടെയും കണ്ണില്‍ കുത്തുന്നില്ല. ഐ. എസ് കാരന്റെ 'താടിവെച്ച ഭീകരത' കാണുന്നവര്‍ മ്യാന്‍മാറില്‍ 'താടി വടിച്ച' ബുദ്ധ രാക്ഷസന്മാര്‍ ചെയ്തു കൂട്ടുന്ന നരനായാട്ട് കാണാത്തത് കണ്ണില്ലാത്തതു കൊണ്ടല്ല. അപ്പോള്‍ താടിയല്ല പ്രശ്‌നം. തലയിലും ചുണ്ടിനു മുകളിലും വളരുന്ന അതേ രോമം ചുണ്ടിനു താഴെ വളര്‍ന്നാല്‍ അത് ഭീകരതയും അക്ഷര പൂജയും അസഹിഷ്ണുതയുടെ അടയാളവുമാവുന്നതെങ്ങിനെയാണ് അബ്ദുല്ല സാഹിബ്? പൗരുഷത്തിന്റെ അടയാളത്തോടല്ല; സ്‌ത്രൈണതയുടെ അടയാളത്തോടാണ് ആണായി പിറന്നിട്ടും ചിലര്‍ക്ക് താല്‍പര്യമെങ്കില്‍ പിന്നെ നിര്‍വാഹമില്ല. അവര്‍ പക്ഷേ, അത് മതത്തിന്റെ എക്കൗണ്ടില്‍ വരവു വെക്കരുത് എന്ന് മാത്രം.

പ്രവാചകന്‍മാര്‍ക്കെല്ലാം നല്ല താടിയുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും അവരുടെ താടി ഒന്നിനും തടസ്സമായിട്ടില്ല. അവരൊന്നും ഒരു ഭീകര പ്രവര്‍ത്തനത്തിനും പോയിട്ടുമില്ല. എന്നിട്ടും കിട്ടുന്ന അവസരങ്ങളിലെല്ലാം താടിയെ ഒന്നു കുത്താന്‍ മെനക്കെടുന്ന അബ്ദുല്ല സാഹിബ്! താങ്കള്‍ക്ക് പ്രവാചകന്റെ താടി ആവേശം നല്‍കുന്നില്ലെങ്കിലും താത്വികാചാര്യനായ മൗദൂദിയുടെ താടിയെങ്കിലും ആവേശം പകരേണ്ടതായിരുന്നു. പ്ലീസ്! നിങ്ങള്‍ താടിയെ വെറുതെ വിടുക. നിങ്ങള്‍ക്കത് ഒരു തടസ്സവും വരുത്തില്ല. ഇവിടെ എല്ലാവര്‍ക്കും

വേണം താടി. ഐ. എസിന് ഭീകരതക്ക് മറയാക്കാന്‍. മാധ്യമങ്ങള്‍ക്ക് ഇസ്‌ലാമിനെ വെറുപ്പിക്കാന്‍. പുരോഹിതന്മാര്‍ക്ക് ശിര്‍ക്കിനെ വെളുപ്പിക്കാന്‍. അബ്ദുല്ലമാര്‍ക്ക് പേജുകള്‍ കറുപ്പിക്കാന്‍. സലഫികള്‍ക്കു മാത്രം പ്രവാചകനെ പിന്‍പറ്റാനും!

0
0
0
s2sdefault