ഏകദൈവ വിശ്വാസം പരമത നിന്ദയോ?

ഇബ്‌നു ഹൈദര്‍

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

ഉദ്ബുദ്ധരെന്ന് പുളകംകൊണ്ടിരുന്ന മലയാളിയുടെ തിരുമുഖത്തേറ്റ കനത്ത താഢനമാണ് മതപ്രബോധനത്തിന്റെ പേരില്‍ മര്‍ദിക്കുകയും ജാമ്യമില്ലാ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത എറണാകുളത്തെ ലഘുലേഖാ വിതരണ സംഭവം. യോഗിയുടെ യു.പിയിലോ പരേക്കറുടെ ഗോവയിലോ ആണ്നാമെന്ന് അറിയാതെ തോന്നിപ്പോകുന്ന തരത്തിലേക്ക് മതേതര കേരളം മാറിപ്പോയതിലുള്ള അമര്‍ഷം പങ്കുവെക്കുന്നതോടൊപ്പം, കേസെടുക്കാന്‍ കാരണമായി പറയുന്ന മത വിദ്വേഷ പരാമര്‍ശങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ് ഏറെ അത്ഭുതം ജനിപ്പിക്കുന്നത്! ഏകദൈവ വിശ്വാസമാണ് ശരിയെന്നും ബഹുദൈവത്വവാദം തെറ്റാണെന്നും സമര്‍ഥിച്ചു കൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും അതിന്റെ വിശദീകരണങ്ങളുമാണത്രെ ഇതര മത വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുപ്പെടുത്താനായി ഉപയോഗിച്ചത് എന്നാണ് കുറ്റപത്രം തയ്യാറാക്കിയ പോലീസുദ്യോഗസ്ഥന്‍ കണ്ടെത്തിയത്. അന്യഗ്രഹ സഞ്ചാരത്തിനിടെ കാല്‍തെറ്റി വടക്കേങ്ങര പോലീസ് സ്റ്റേഷനിലേക്ക് വീണ് പോയവരാണ് നിയമപാലകര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് 153A ചാര്‍ത്താനുള്ള കാരണങ്ങളെ അവര്‍ നിര്‍ധരിച്ചെടുത്തത് കണ്ടാല്‍ തോന്നുക.  

ഏകദൈവ വിശ്വാസം മറ്റു മതങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ പേരില്‍ പ്രബോധനം ചെയ്യരുതെന്ന് വന്നാല്‍ ബഹുദൈവത്വം പ്രചരിപ്പിക്കുന്നത് ഏകദൈവവിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുന്നതായും വ്യാഖ്യാനിച്ച് കൂടേ? അങ്ങനെയെങ്കില്‍ ബഹുദൈവത്വം മുഖ്യ പ്രചരണോപാധിയായി സ്വീകരിച്ച കേരളത്തിലെ പരശ്ശതം വേദ ധര്‍മ പാഠശാലകളും ക്ഷേത്ര വിദ്യാലയങ്ങളും അടച്ചു പൂട്ടുമോ? അവരുടെ പ്രബോധന പ്രസിദ്ധീകരണങ്ങള്‍ക്ക് പൂട്ടു വീഴുമോ? അല്ല, ബഹുദൈവത്വവാദ വിമര്‍ശനം മാത്രമാണ് മതസ്പര്‍ധക്ക് കാരണമെങ്കില്‍ പോലും ശുദ്ധ ഏകദൈവത്വം പ്രചരിപ്പിക്കുന്ന ഹൈന്ദവപ്രമാണ വചനങ്ങളായ അഥര്‍വ്വവേദം 13:5:14-2, കൃഷ്ണയജുര്‍വേദം 13:5-20,21, ഋഗ്വേദം: 10:121:1, മുണ്ഡകോപനിഷത്ത് 2:2:11, കഠോപനിഷത്ത് 1:2:22,23... എന്നിവയിലടക്കം നൂറ് കണക്കിന് തിരുത്തലുകള്‍ വേണ്ടി വരില്ലേ? ബഹുദൈവാരാധനയും വിഗ്രഹാരാധനയും പ്രമാണവിരുദ്ധമാണെന്ന് പഠിപ്പിച്ച സൂര്‍ദാസിന്റെയും കബീര്‍ദാസിന്റെയും സ്വാമി ദയാനന്ദ സരസ്വതിയുടെയുമെല്ലാം കൃതികള്‍ നിരോധിക്കേണ്ടതായി വരില്ലേ? മാത്രമല്ല യേശുവിനെ ദൈവപുത്രനെന്ന് വിളിക്കുന്ന ക്രൈസ്തവരും വ്യഭിചാരപുത്രനെന്ന് വിളിക്കുന്ന യഹൂദരും ഇതിനെ രണ്ടിനെയും എതിര്‍ക്കുന്ന മുസ്‌ലികളും തെരുവില്‍ത്തല്ലി തീരുമാനം കണ്ടെത്തേണ്ടി വരില്ലേ? ഇതിനെല്ലാം പുറമെ, ദൈവം തന്നെയില്ല എന്നും ദൈവവിശ്വാസം പ്രചരിപ്പിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്നും വാദിക്കുന്ന യുക്തിവാദികളുടെ കഥയെന്താവും?

ഒരു കാര്യം വ്യക്തമാണ്. കാക്കിക്കുപ്പായവും കാവിക്കളസവും ധരിച്ച ചിലരെങ്കിലും ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റിന് പാറാവ് നില്‍ക്കുന്നുണ്ട്. അവര്‍ ആരെന്നും എന്തെന്നും നന്നായറിയണമെങ്കില്‍ സമാനമായ ചില സംഭവങ്ങള്‍ കൂടി പുറത്ത് വരേണ്ടി വരും. അവരെ നിയന്ത്രിക്കാന്‍ ഭരണകൂടം തയ്യാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

അകാരണമായി പ്രബോധകരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ പുറത്ത് വന്ന ആശാവഹമായ സംഗതി അതൊന്നുമല്ല. മതേതരബോധമുള്ള മുഴുവന്‍ മലയാളികളും കക്ഷി-സംഘടന ഭേദമന്യെ ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു വന്നു എന്നതാണത്. പരിവാറുകാര്‍ക്ക് വളംവെച്ച് കൊടുക്കുന്ന വികാരപ്രകടനങ്ങള്‍ക്ക് കേരളത്തില്‍ അരങ്ങൊരുങ്ങിക്കൂടാ. നിയതമായ മാര്‍ഗത്തിലൂടെ, ജനാധിപത്യത്തെ മാനിച്ച് പക്വമായി പ്രതികരിച്ചും ഫാസിസത്തിന്റെ ഭീകരത ബോധ്യപ്പെടുത്തിയും മതേതരബോധമുള്ള ഓരോരുത്തരും തങ്ങളുടെ ഭാഗധേയം നിറവേറ്റുക. ഫാസിസ്റ്റ് വിരുദ്ധ കാമ്പയിനിന്റെ ഉമ്മറപ്പടിയില്‍ വെച്ച് തന്നെ അവരുടെ അജണ്ട തിരിച്ചറിഞ്ഞ സ്ഥിതിക്ക് കരുതലോടെ കാലെടുത്തു വെക്കുക. സര്‍വോപരി, എല്ലാം നിയന്ത്രിക്കുന്നവന് വേണ്ടി, അവന്റെ കാവലിലും മാര്‍ഗദര്‍ശനത്തിലുമാണല്ലോ ഈ പ്രയാണം.

0
0
0
s2sdefault