ഈമാന്‍: ഒരു ഹ്രസ്വ വിശകലനം

അന്‍വര്‍ അബൂബക്കര്‍

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

'ഈമാന്‍,' 'മുഅ്മിന്‍' എന്നിങ്ങനെയുള്ള പദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ധാരാളം കാണാം. ഭാഷയില്‍ 'ഈമാന്‍' എന്ന് പറഞ്ഞാല്‍ അംഗീകരിക്കലാണ്; അഥവാ ഒരു കാര്യം സത്യമാണെന്ന് സമ്മതിക്കലാണ്. മതപരമായ അര്‍ഥത്തില്‍ അത് ഹൃദയംകൊണ്ടുള്ള വിശ്വാസവും നാവുകൊണ്ടുള്ള മൊഴിയലും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ധിക്കുകയും പാപം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

അബൂഹുറയ്‌റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഈമാന് അറുപതോളം ശാഖകളുണ്ട്. അതില്‍ഏറ്റവും ശ്രേഷ്ഠമായത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്'' (മുസ്‌ലിം).

നബി(സ്വ) പറഞ്ഞ ഈ കാര്യങ്ങള്‍ ഈമാനിന്റെ വിശദീകരണത്തില്‍ പ്രകടമാകുന്നതായി കാണാം. അറുപതോളം ശാഖകളുള്ള ഈമാനില്‍ ഏറ്റവും ശ്രേഷ്ഠമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം പറയല്‍ നാവുകൊണ്ടുള്ള മൊഴിയലാണ്. വഴിയില്‍നിന്നും ബുദ്ധിമുട്ടുകള്‍ നീക്കല്‍ ഈമാനിന്റെ വിഷയത്തിലുള്ള അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണ്. ഈമാനിന്റെ ഭാഗമായ ലജ്ജ ഹൃദയംകൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. ഹൃദയം കൊണ്ടുള്ള അംഗീകാരം വ്യത്യസ്ത രീതിയിലുള്ളതായതുകൊണ്ട് ഈ ഈമാന്‍ കൂടുകയും കൂറയുകയും ചെയ്യുമെന്ന് അഹ്‌ലുസ്സുത്തിന്റെ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു വാര്‍ത്ത കേള്‍ക്കുന്നതും കണ്ണ്‌കൊണ്ട് കാണുന്നത് അംഗീകരിക്കുന്നതും ഒരുപോലെയല്ല. ഒരാള്‍ പറഞ്ഞുകൊടുത്തതും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പറഞ്ഞുകൊടുത്തതും അപ്രകാരം തന്നെ. അല്ലാഹു പറയുന്നു: ''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:260). 

ഹൃദയംകൊണ്ട് അംഗീകരിക്കുന്നത് മുഖേന ലഭിക്കുന്ന ശാന്തിയും സമാധാനത്തിനുമനുസരിച്ച് ഈമാന്‍ വര്‍ധിക്കുന്നതാണ്. സ്വര്‍ഗത്തെയും നരകത്തെയും സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും. അവ കണ്ണ്‌കൊണ്ട് കാണുന്നത് പോലെ തോന്നുകയും ചെയ്യും. എന്നാല്‍ അതേ ഉദ്‌ബോധനത്തില്‍ നിന്ന് വിരമിക്കുകയും അശ്രദ്ധയില്‍ മുഴുകുകയും ചെയ്താല്‍ പറയപ്പെട്ട ഈമാന്‍ കുറയുകയും ചെയ്യും.

ഇതുപോലെ തന്നെയാണ് നമ്മുടെ വാക്കിലൂടെ വര്‍ധിക്കുന്ന ഈമാനിന്റെയും അവസ്ഥ. ഒരു പ്രാവശ്യം അല്ലാഹുവിന്റെ നാമം ഉച്ചരിക്കുമ്പോഴും അതില്‍ കൂടുതലായി ഉച്ചരിക്കുമ്പോഴും ഈമാനില്‍ വ്യത്യാസമുണ്ടാകും. ദിക്‌റ് ഉള്‍പ്പടെയുള്ള അല്ലാഹുവിനുള്ള ആരാധന അതിന്റെ പരിപൂര്‍ണമായ രൂപത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഒരാളുടെ ഈമാന്‍ വര്‍ധിക്കും. വീഴ്ചകളും ന്യൂനതകളും പ്രസ്തുത ആരാധനകളില്‍ സംഭവിച്ചാല്‍ അവനിലുള്ള ഈമാന്‍ കുറയുകയും ചെയ്യും. ഒരാള്‍ അവയവങ്ങള്‍ കൊണ്ട് ധാരാളം ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതും അത് ചെയ്യാതിരിക്കുന്നതും അപ്രകാരംതന്നെ. 

ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുമെന്ന കാര്യം അഹ്‌ലുസ്സുന്നഃ വല്‍ ജമാഅത്തിന്റെ അക്വീദ(വിശ്വാസം)യാണ്. ഹൃദയംകൊണ്ട് സത്യപ്പെടുത്തുന്നതും വാക്കുകള്‍കൊണ്ട് അത് പറയുന്നതും അവയവങ്ങള്‍കൊണ്ട് അത് പ്രവര്‍ത്തിക്കുന്നതുമാണ് ഈമാന്‍. സല്‍കര്‍മങ്ങള്‍ ഈമാന്‍ വര്‍ധിക്കുവാനും ദുഷ്‌കര്‍മങ്ങള്‍ ഈമാന്‍ കുറക്കാനും കാരണമാക്കുമെന്ന് ഇമാം ശാഫിഈ(റഹി), ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(റഹി), ഇമാം ബുഖാരി(റഹി) തുടങ്ങിയ പ്രഗത്ഭരായ ധാരാളം മഹാന്‍മാര്‍ പരിശുദ്ധ ക്വുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും തെളിവുകള്‍ നിരത്തിക്കൊണ്ട് ചര്‍ച്ച ചെയ്തതായി കാണാം.   

മദീനയില്‍ താമസിച്ചിരുന്ന വേദക്കാരായ യഹൂദികളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ''നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു. എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവരെ പുറംതള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതികഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല'' (2:84,85).

അല്ലാഹുവിന്റെ കല്‍പനകള്‍ പ്രവര്‍ത്തിക്കലും അല്ലാഹു വിരോധിച്ചത് വെടിയലും ഈമാനിന്റെ താല്‍പര്യത്തില്‍ പെട്ടതാണെന്നതിന് ഈ സൂക്തങ്ങള്‍ വലിയ തെളിവാണ്. പ്രശസ്ത പണ്ഡിതനായ അബ്ദുര്‍റഹ്മാനുബ്‌നു നാസര്‍ അസ്സഅദി(റഹി) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമായി വിശദീകരിക്കുണ്ട്. യഹൂദികള്‍ ഇവിടെ മൂന്ന് കാര്യങ്ങളാണ് പ്രവര്‍ത്തിച്ചത്: 1) അവര്‍ പരസ്പരം രക്തം ഒഴുക്കി. 2) അവര്‍ പരസ്പരം താമസസ്ഥലത്തുനിന്ന് പുറത്താക്കി. 3) യുദ്ധത്തടവുകാരെ മോചിപ്പിച്ചു. ഈ മൂന്നു കാര്യങ്ങളും പ്രവര്‍ത്തനങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു അവരോട് ചോദിച്ചത്, 'വേദഗ്രന്ഥത്തിന്റെ ചില ഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും, ചില ഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത്' എന്ന്. വേദഗ്രന്ഥത്തിലുള്ള ചില കാര്യങ്ങളില്‍ യഹൂദികള്‍ ഈമാന്‍ പ്രകടിപ്പിക്കുന്നു, ചില കാര്യങ്ങളില്‍ ഈമാനിന്റെ വിപരീതമായ കുഫ്‌റാണ് പ്രകടിപ്പിക്കുന്നത്. ഈമാന്‍ എന്നത് വെറും വിശ്വാസം മാത്രമല്ല, കര്‍മങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുന്നതാണെന്ന് സ്പഷ്ടം.

ഉപരിസൂചിത ആയത്തിന് ഉമര്‍ മൗലവി(റഹി) നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ''ഈമാനും കുഫ്‌റും മനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങളല്ല. മദീനായിലെ അറബി ഗോത്രങ്ങള്‍ ഔസും ഖസ്‌റജുമായിരുന്നു. വിഗ്രഹാരാധകരായിരുന്ന ഇവര്‍ തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു. ക്വയ്‌നുക്വാഅ്, നദീര്‍ എന്നീ യഹൂദി ഗോത്രങ്ങള്‍ ഖസ്‌റജുമായി സന്ധിയിലേര്‍പ്പെട്ടു. ക്വുറയഌഎന്ന യഹൂദി ഗോത്രവും ഔസും സഖ്യകക്ഷികളായിരുന്നു. യുദ്ധത്തില്‍ ജൂതന്മാര്‍ സഖ്യകക്ഷികളോടൊത്ത് പോരാട്ടത്തില്‍ പങ്കുചേരും. അതോടുകൂടെ എല്ലാ അതിക്രമങ്ങളും ചെയ്യും. അതില്‍ ജൂതന്മാരെന്നോ അറബികളെന്നോ ഒരു വ്യത്യാസവുമുണ്ടാകില്ല. കൊലയും കൊള്ളയും നടത്തും. വൂടുകളില്‍ നിന്ന് ആട്ടിയോടിക്കും. ശത്രുപക്ഷത്തുള്ളവരെ ബന്ധനസ്ഥരാക്കും. എന്നാല്‍ യുദ്ധം അവസാനിച്ചാല്‍, തടവിലുളള തങ്ങളുടെ സഹോദരന്മാരായ ജൂതന്മാരെ മോചിപ്പിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുകയും ചെയ്യും. മോചനമൂല്യം കൊടുക്കാന്‍ അത് ശേഖരിച്ചുണ്ടാക്കും. തടവുകാരെ മോചിപ്പിക്കും. ഈ സംഗതിയാണ് ആയത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. സഹോദരന്മാരായ ജൂതന്മാര്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയും പിന്നെ, തടവുകാരായാല്‍ മോചിപ്പിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നതിന് ജൂതന്മാരുടെ മറുപടി ഇപ്രകാരമാണ്: 'സഖ്യകക്ഷികളെ സഹായിക്കാന്‍ അവരുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്നു. കരാര്‍ ലംഘിക്കുന്നത് അപമാനകരമാണ്. തടവുകാരെ മോചിപ്പിക്കുന്ന കാര്യം ഞങ്ങളുടെ വേദത്തിലുള്ളതുമാണ്.' അതാണ് ക്വുര്‍ആന്‍ ചോദിക്കുന്നത്: 'സഹോദരങ്ങളെ വീട്ടില്‍നിന്ന്  പുറത്താക്കാന്‍ പാടില്ലെന്ന വേദകല്‍പന നിങ്ങള്‍ ധിക്കരിക്കുന്നു. മോചിപ്പിക്കുന്ന കാര്യം അനുസരിക്കുകയും ചെയ്യുന്നു. ചിലത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവ സ്വീകരിക്കും. മറ്റു ചിലത് തള്ളിക്കളയുകയും ചെയ്യും. അത് മഹാ അക്രമമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. ഇതിന് സമാനമായ നടപടി മുസ്‌ലിം സമുദായത്തിലുമുണ്ട്. നമസ്‌കരിക്കുന്നവര്‍ തന്നെ സകാത്ത് കൃത്യമായി കൊടുക്കില്ല. നോമ്പനുഷ്ഠിക്കുന്നവര്‍ പലിശ ഇടപാട് നടത്തും. ഇങ്ങനെ പലതും ജൂതമാതൃക തന്നെ!'' (തര്‍ജുമാനുല്‍ക്വുര്‍ആന്‍. ഭാഗം 1, പേജ് 83).

മതം കല്‍പിച്ച കര്‍മങ്ങളൊന്നും ചെയ്യാതെ മുന്‍കാലത്ത് പ്രത്യക്ഷപ്പെട്ട ചിലര്‍ പറഞ്ഞു, 'അല്ലാഹുവില്‍ എനിക്ക് വിശ്വാസമുണ്ട്. അവന്‍ എന്റെ ഹൃദയം കാണുന്നു. വിശ്വാസം മാത്രമായി കഴിയുന്നു.'ഇങ്ങനെ പറയുന്നവരുടെ ന്യായം അല്ലാഹു ഒരാളുടെ ഹൃദയത്തിലേക്കാണ് നോക്കുക എന്നതാണ്. 'ഇബ്‌ലീസിന്റെ കക്ഷികള്‍' എന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാര്‍ ഇവരെ വിശേഷിപ്പിച്ചത്. ആദം നബിൗക്ക് സുജൂദ് ചെയ്യാന്‍ ഇബ്‌ലീസിനോട് അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ചിരുന്ന ഇബ്‌ലീസ് അന്ന് പറഞ്ഞത് പ്രകൃതിപരമായ ന്യായമായിരുന്നു. 'തീയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഞാനെന്തിന് മണ്ണില്‍നിന്നും സൃഷ്ടിച്ച മനുഷ്യനായ ആദമിന് സുജൂദ് ചെയ്യണം!' ഇവിടെ അല്ലാഹുവിന്റെ കല്‍പനയെ ഒഴിവാക്കാന്‍ ഇബ്‌ലീസ് 'ന്യായം' പറയുകയാണ് ചെയ്തത്. അല്ലാഹു കല്‍പിച്ച കര്‍മം ചെയ്യാന്‍ അന്നേരം ഇബ്‌ലീസ് തയ്യാറായില്ല. ആയതിനാല്‍ അല്ലാഹു ഉണ്ട് എന്ന 'വിശ്വാസം' മാത്രം പോരാ, പ്രസ്തുത വിശ്വാസത്തിന് അനുസൃതമായി കര്‍മങ്ങള്‍ കൂടി ചയ്യേണ്ടതുണ്ട്. വിശ്വാസത്തോടൊപ്പം അല്ലാഹു കല്‍പിച്ച കര്‍മങ്ങള്‍ ചെയ്താല്‍ മാത്രമാണ് ഒരു വ്യക്തിയുടെ ഈമാന്‍ ശരിയാവുന്നത്.

ഹൃദയംകൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സാക്ഷാത്കൃതമാക്കുകയും ചെയ്യുന്ന രൂപത്തില്‍ ഈമാന്‍ എന്ന സാങ്കേതിക പദത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, അതുമായി ബന്ധപ്പെട്ട നമ്മുടെ കുറവുകള്‍ സ്വയം വിചാരണ ചെയ്യുവാനും പരിഹരിക്കാനും സാധിക്കുന്നതാണ്. 

0
0
0
s2sdefault