ദേശീയ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ

ഉസ്മാൻ പാലക്കാഴി

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

ദേശീയതയെക്കുറിച്ചുള്ള ഒരു പ്രഭാഷണ പരമ്പരയിൽ പ്രൊഫ.എം.ജി.എസ്‌ നാരായണൻ നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ വെളിപ്പെടുത്തിയതിന്റെ രത്നച്ചുരുക്കമിതാണ്‌: “ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുമ്പ്‌ ഇവിടെ ദേശീയതയുണ്ടായിരുന്നുവെന്നത്‌ മിഥ്യാബോധമാണ്‌. അവരെ എതിർക്കാൻ തുടങ്ങിയപ്പോഴാണ്‌ ദേശീയതയുണ്ടായത്‌. ബ്രിട്ടുഷുകാരുടെ വരവിനു മുമ്പ്‌ ഇന്ത്യയെന്നൊരു രാജ്യമില്ലായിരുന്നു. ഇന്ത്യ എന്ന സാംസ്കാരിക സങ്കൽപം ഉണ്ടായിരുന്നു. പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചരിത്രം എഴുതേണ്ടത്‌ എങ്കിൽ ഭാരതത്തിന്‌ പണ്ടൊരു ദേശീയതയുണ്ടായിരുന്നു; അത്‌ ബ്രിട്ടീഷുകാർ നശിപ്പിച്ചു എന്നു എന്നു പറയുന്നതിൽ വാസ്തവമില്ല.

ദേശീയതക്ക്‌ രണ്ടു ഘടകങ്ങൾ അത്യാവശ്യമാണ്‌. ആദ്യമായി ശത്രു വേണം. പിന്നെ വേണ്ടത്‌ അഭിമാനബോധമുണർത്തുന്ന ഒരു സുവർണ ഭൂതകാലത്തെ പറ്റിയുള്ള ധാരണ. അങ്ങനെ ബ്രിട്ടീഷുകാർ ശത്രുക്കളും ഗുപ്തകാലം ഇന്ത്യയുടെ സുവർണയുഗവുമായി കണ്ടാണ്‌ ദേശീയ ബോധം വളർന്നത്‌. ബ്രിട്ടീഷുകാർ ചരിത്രമെഴുതിയപ്പോൾ വിദേശ ആക്രമണങ്ങളുടെ ഒരു പരമ്പരയാണ്‌ ഇന്ത്യാചരിത്രം എന്നു വരുത്തി. അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ചരിത്രകാരന്മാർ ദേശീയ ചരിത്രമുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷുകാരെ എതിർക്കാൻ തുടങ്ങിയപ്പോൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ ഇന്ത്യയിൽ ദേശീയത രൂപപ്പെടുന്നത്‌. ആർഷഭാരതത്തിൽ ആത്മീയ സംസ്കാരവും ആത്മീയമായ ദേശീയതയും ഉണ്ടായിരുന്നു എന്നു ധരിക്കുന്നത്‌ വിഡ്ഢിത്തമാണ്‌. സങ്കീർണമായ ആ സമൂഹ വ്യവസ്ഥയിൽ ദേശീയതയ്ക്ക്‌ സാധ്യതയില്ലായിരുന്നു. ഇന്നത്തെ രാഷ്ട്രത്തെപ്പോലൊരു മൗര്യസാമ്രാജ്യത്തെയോ ഗുപ്തസാമ്രാജ്യത്തെയോ ഒന്നും കണക്കാക്കാൻ പറ്റില്ല. പുതിയ ദേശീയത കൊണ്ടുനടക്കുന്നവർ വാൽമീകി രാമായണം ശ്രീരാമന്റെ ചരിത്രമാണെന്നു പറഞ്ഞുനടക്കുകയാണ്‌. നമ്മുടെ പൂർവികർക്ക്‌ അങ്ങനെയൊരു ധാരണയില്ലായിരുന്നു. ആദികവി എന്നാണ്‌ വാൽമീകിയെ വിളിച്ചത്‌. ആദി ചരിത്രകാരൻ എന്നല്ല. ശ്രീരാമൻ യഥാർഥ ചരിത്ര പുരുഷനാണെന്ന്‌ സമർഥിക്കാനുള്ള ശ്രമമാണ്‌ പത്തു മുപ്പതു വർഷമായി നടക്കുന്നത്‌. രാജ്യസ്നേഹത്തിന്റെ ലക്ഷ്യം ഹിന്ദുത്വത്തെ അംഗീകരിക്കലാണെന്ന മട്ടിൽ വരെ എത്തിയിരിക്കുന്നു. ഹിന്ദു എന്ന വാക്കിന്‌ മതവുമായി ബന്ധമില്ല. വിവിധ ജാതി വിഭാഗങ്ങളാണ്‌ അന്ന്‌ ഇവിടെയുണ്ടായിരുന്നത്‌...“

1985 ഏപ്രിൽ 23ന്‌ ഷാബാനു ബീഗം കേസിലെ അന്തിമവിധി പ്രസ്താവിക്കുന്നതിനിടയിൽ ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കണമെന്ന നിർദേശം സുപ്രീം കോടതിയിൽനിന്നുമുണ്ടായപ്പോൾ ഈ നിർദേശം സ്വാഭാവികമായും ഹിന്ദുത്വവാദികൾ ഏറ്റെടുത്തു. ഇസ്ലാമിക വ്യക്തിനിയമങ്ങളിൽ ലിംഗ സമത്വമില്ല, ഇന്ത്യൻ മുസ്ലിംകൾ ദേശീയതയിൽനിന്ന്‌ അകന്നുകഴിയുന്നവരാണ്‌ എന്നെല്ലാം പ്രചരിപ്പിക്കാൻ തുടങ്ങി.

അങ്ങനെ കടുത്ത ദേശീയവാദിക്കുള്ളിലെ സാധാരണ മനസ്സ്‌ ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്‌ ഇസ്ലാമിനോടുള്ള ഭീതിയുടെ പ്രേരണകൊണ്ടായി മാറി. ഹിന്ദുത്വവാദത്തോട്‌ ഇന്ത്യൻ ദേശീയതയുടെ തീവ്രതയെ ബന്ധിപ്പിച്ച്‌ നിർത്തുന്നവർ ഇസ്ലാംഭീതിയുടെ തത്ത്വശാസ്ത്രത്തെ അവലംബിക്കാൻ തുടങ്ങി.

“നിങ്ങൾ ദേശീയവാദിയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക്‌ ഹിന്ദുവാകാതിരിക്കാനോ ഇസ്ലാമിനെയും മുസ്ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ലെന്നുള്ള” ഒരാശയം നേരത്തെ തന്നെ സംഘപരിവാർ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്‌. ഈ പ്രചാരണം ഇന്ത്യൻ സമൂഹത്തെ ചില ഘട്ടങ്ങളിലെങ്കിലും സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്‌. അതേസമയം മതനിരപേക്ഷമായ ദേശീയതയുടെ യഥാർഥ ധാരയോട്‌ ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങൾ പേറുന്ന കപടദേശീയത ചില ഘട്ടങ്ങളിൽ പിന്തിരിഞ്ഞ്‌ പോയിട്ടുമുണ്ട്‌.

ഹിന്ദുത്വവാദികൾ വിഭാവനം ചെയ്തെടുത്ത ദേശീയത യഥാർഥ ദേശീയതയുമായി പ്രതിവർത്തിക്കുന്ന ചില തലങ്ങളുണ്ട.​‍്‌ ഒന്നാമതായി ഹിന്ദുത്വ ദേശീയത ഇസ്ലാം മതത്തോടും മുസ്ലിം സാമൂഹികതയോടുമുള്ള വിദ്വേഷത്തെ താത്വികവൽകരിക്കുന്നു. രണ്ടാമതായി ഹിന്ദുത്വ ദേശീയത ദുർബലമായ വൈകാരികതയെ അവലംബിക്കുന്നു. മൂന്നാമതായി അത്‌ സമൂഹത്തിന്റെ ശാക്തീകരണത്തിനുപകരം ശിഥിലീകരണം സാധിക്കുന്നു. മറുവശത്ത്‌ യഥാർഥമായ ദേശീയതയാവട്ടെ ഒരു മതത്തോടുമുള്ള ആഭിമുഖ്യമോ വിയോജിപ്പോ താത്വികമായി എടുക്കുന്നില്ല. തന്നെയുമല്ല ശക്തമായ യാഥാർഥ്യബോധത്തോടെ ദുർബല വൈകാരികതകളെ തീർത്തും മാറ്റിവെച്ചുകൊണ്ട്‌ സമൂഹത്തെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതോടുകൂടിത്തന്നെ സമൂഹത്തെ എല്ലാതരം ശിഥിലീകരണ ചിന്തകൾക്കുമതീതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഏതുകാലഘട്ടത്തിലും ഇസ്ലാമിനെക്കുറിച്ചുള്ള ഭീതി വ്യാപിപ്പിക്കുന്നതിൽ തെറ്റായ ചരിത്രം സുപ്രധാന ഉപാധിയായി വിനിയോഗിക്കപ്പെട്ടിട്ടുണ്ട്‌. വിഭജനാനന്തര ഘട്ടത്തിൽ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട നുണകൾ പ്രധാനമായും ഇസ്ലാമിനെയും മുസ്ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു. അത്തരം കുറ്റാരോപണങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്ലിം ഭരണകർത്താക്കൾ, സുൽത്താന്മാർ, വിവിധ നാട്ടുരാജ്യങ്ങളിൽ ഭരണം നടത്തിയ മുസ്ലിം ഭരണാധികാരികൾ എന്നിവരുമായൊക്കെ ബന്ധപ്പെടുത്തിയുള്ള പല കഥകളും ഉണ്ടായിരുന്നു. ഇന്ത്യയിൽ വിവിധ നൂറ്റാണ്ടുകളിലായി വിവിധയിടങ്ങളിൽ ഭരണം നടത്തിയ എല്ലാ മുസ്ലിം നാമധാരികളും പൊതുവായി ചെയ്ത ഒരേയൊരു കാര്യം ഇവിടുത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ഈ നാടിന്റെ പാരമ്പര്യ ശേഷിപ്പുകളെ നാമാവശേഷമാക്കുകയുമാണ്‌ എന്ന്‌ ചിലർ പ്രചരിപ്പിച്ചു. സവർണ ഹിന്ദുക്കളുടെ സാമൂഹ്യഭീതിയിൽ നിന്നാവിർഭവിച്ച പ്രത്യേകതരം വിദ്വേഷം പിൽക്കാലത്ത്‌ കൃത്രിമമായ ചരിത്രനിർമാണത്തോളം വികസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ദേശീയതയുടെ മറപിടിച്ചു വളർന്നുവന്ന മതവിദ്വേഷം കൃത്രിമ കഥകളുടെയും ഊഹാപോഹങ്ങളുടെയും വിതരണത്തിന്‌ സുഗമമായ പശ്ചാത്തലമായിത്തീർന്നു. അതിന്‌ തൊട്ടുമുമ്പ്‌ 18, 17,16 നൂറ്റാണ്ടുകളില ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽവന്ന ഹിന്ദുത്വത്തിലൂന്നിയ പ്രചാരണങ്ങൾ മുസ്ലിം- ഇസ്ലാം വിദ്വേഷത്തിനു താത്വികമായ പരിവേഷവും പശ്ചാത്തലവും ഒരുക്കിവെച്ചിരുന്നു.

ദേശീയവാദത്തിന്റെ മറപിടിച്ചാണ്‌ വിഭജനം എന്ന ആശയം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്‌. പിൽക്കാലത്ത്‌ കടുത്ത ദേശീയവാദികൾ കടുത്തവിഭജന വിരോധികളായി വേഷപ്പകർച്ചനേടുന്നത്‌ ഇന്ത്യാചരിത്രത്തിൽ കാണാനിടയായെങ്കിലും യഥാർഥത്തിൽ വിഭജനവാദത്തിന്റെ ഉൽഭവം കടുത്ത ദേശീയവാദികളുടെ അഥവാ സാംസ്കാരിക ദേശീയവാദികളുടെ തലച്ചോറിൽ നിന്നുമായിരുന്നുവെന്നതും വസ്തുത മാത്രം.

ഹിന്ദുത്വരാഷ്ട്രീയം അതിന്റെ തുറുപ്പുചീട്ടായി കണ്ടെത്തിയ വിഭജനവാദം ഇസ്ലാം ഭീതിയുടെ ഊർജമാണ്‌ ഉപയോഗപ്പെടുത്തിയത്‌. 1920കളിൽ പ്രചരിപ്പിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്രകാരമായിരുന്നു: `പതിനായിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരത്തെയും അതിന്റെ ശേഷിപ്പുകളെയും തകർത്തത്‌ 1000 വർഷങ്ങൾക്കു മുമ്പ്‌ ഇന്ത്യയിലെത്തിയ മുസ്ലിംകളായിരുന്നു. മുസ്ലിംകൾ ഇവിടെ വാളും ഭീഷണിയും ഉപയോഗിച്ചാണ്‌ ഭരണംനേടിയതും സവർണർ ഉൾപ്പെടുന്ന ഇന്ത്യക്കാരെ ഒതുക്കി നിർത്തിയിരുന്നതും. അത്യധികം അപകടകരവും ഭീതിയുണർത്തുന്നതുമായ ഒരു തത്ത്വശാസ്ത്രമാണ്‌ ഇസ്ലാം. അത്‌ കടുത്ത അക്രമവാസനയും ഹിംസയും വളർത്തുന്ന മതമാണ്‌. ഇന്ത്യയിൽ നിന്ന്‌ മുസ്ലിംകളെ നാടുകടത്താതെ ഇവിടെ ആർക്കും സ്വസ്ഥജീവിതം സാധ്യമേയല്ല.`

ഇന്ത്യൻ ദേശീയത എന്നു പറഞ്ഞാൽ അത്‌ ഹിന്ദു ദേശീയതയാണെന്നും അതിന്‌ പതിനായിരക്കണക്കിന്‌ വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും പറയുന്നവരുടെ വാദത്തെയാണ്‌ എം.ജി.എസ്‌ നാരായണൻ ഖണ്ഡിച്ചിരിക്കുന്നത്‌.

സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സാമൂഹ്യവിഭജനങ്ങളും ചാതുർവർണ്യ-ജാതിവ്യവസ്ഥയും ജനങ്ങൾക്കിടയിൽ ആഴമേറിയ ഭിന്നിപ്പുണ്ടാക്കി എന്നതല്ലാതെ ഹിന്ദുക്കളെ ഒരു ദേശീയതയുടെ കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നതാണ്‌ ചരിത്രം പറയുന്നത്‌. ഈ അനൈക്യമാണ്‌ നിരന്തരമായ വൈദേശികാക്രമണങ്ങൾക്ക്‌ നിമിത്തമായത്‌. ഇത്തരം ആക്രമണങ്ങളെ `പതിനായിരക്കണക്കിന്‌ വർഷങ്ങളുടെ പാരമ്പര്യമുള്ള` ദേശീയ ചിന്തക്ക്‌ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടോ? ഇല്ല, എന്നു മാത്രമല്ല രാജ്യത്തിനകത്തുനിന്നും ആക്രമണകാരികൾക്ക്‌ പിന്തുണയും സഹായവും നൽകാൻ ആളുണ്ടായി എന്നതാണ്‌ വസ്തുത. രജപുത്ര രാജാവായ പൃഥിരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ്‌ ഗോറിയെ ക്ഷണിച്ചുവരുത്തിയത്‌ മറ്റൊരു ഹിന്ദുരാജാവായ ജയചന്ദ്‌ ആയിരുന്നു! `ഹിന്ദുക്കളുടെ മോചന`ത്തിനുവേണ്ടി ശിവജി യുദ്ധം ചെയ്തപ്പോൾ മുഗൾ ചക്രവർത്തിമാരുടെ പക്ഷത്താണ്‌ മഹാരാഷ്ട്രയിലെ രജപുത്രരാജാക്കന്മാർ നിലകൊണ്ടത്‌! ഇത്തരം ചരിത്ര സത്യങ്ങൾ ഹിന്ദു ദേശീയതയെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ എം.ജി.എസ്സിന്റെ നിരീക്ഷണങ്ങൾ പ്രസക്തമാവുകയാണ്‌.

ഇന്ത്യയിലെ വർഗീയവാദത്തിന്റെ വക്താക്കൾ സൃഷ്ടിച്ചുവിടുന്ന പ്രശ്നങ്ങൾ ഇന്ത്യയുടെ മുറിപ്പാടുകളെ അവയുടെ പൊള്ളുന്ന വേദനകളോടെ നിലനിർത്തുവാനുള്ള കുൽസിതയത്നങ്ങളുടെ ഭാഗമാണ്‌. മുസ്ലിം ജനസമൂഹത്തെ എക്കാലത്തും സംശയത്തിന്റെ കുന്തമുനകളിൽ തറപ്പിച്ചുനിർത്തി നാടിന്റെ ശാന്തിയെയും സമാധാനത്തെയും തുരങ്കംവെക്കുവാൻ ചില ദുശ്ശക്തികൾ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ കാണാം. മുസ്ലിംകൾ ക്രൂരമാംവിധത്തിൽ ആരോപണങ്ങൾകൊണ്ട്‌ ആക്രമിക്കപ്പെടുന്നു.

ഹൈന്ദവ വർഗീയതയിലധിഷ്ഠിതമായ ദേശീയവാദവുമായി മുന്നോട്ടുപോകുന്ന ആർ.എസ്‌.എസ്‌ സർക്കാറാണ്‌ വാസ്തവത്തിൽ ഇപ്പോൾ ഇന്ത്യയിൽ അധികാരത്തിലേറിയിരിക്കുന്നത്‌. 2000ൽ കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ലക്നൗവിൽ ചേർന്ന സന്ന്യാസി സംസദ്‌, സംവരണം റദ്ദ്‌ ചെയ്യാൻ ഭരണഘടനയെ മനുസ്മൃതിയുടെ നിർദേശങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. ഇതനുസരിച്ച്‌ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദു രാഷ്ട്ര സങ്കൽപമനുസരിച്ച്‌ ഭരണഘടനയെ മാറ്റിമറിക്കാനും ശ്രമമുണ്ടായി. ഈ ശ്രമത്തിനെതിരെ 2000 ജനുവരി 29ന്‌ കാൻഷിറാം ഡൽഹിയിൽ വിളിച്ചുചേർത്ത പത്ര സമ്മേനത്തിൽ `ഏതുഭാഗമാണ്‌ പരിഷ്കരണം ആവശ്യപ്പെടുന്നതന്നും എന്തുകൊണ്ട്‌ അത്‌ അനിവാര്യമാണെന്നും` പ്രധാനമന്ത്രി വാജ്പേയിയോട ചോദിച്ചു. മാത്രമല്ല ഈ നീക്കത്തിനെതിരെ അതിശക്തമായ പ്രചാരണം നടത്തി. ഏഴു ലക്ഷം പേർ അണിനിരന്ന റാലിക്ക്‌ ഡൽഹി സാക്ഷ്യംവഹിച്ചു. അതോടെ ഭരണഘടന പുനരവലോകന തീരുമാനം ഗവൺമെന്റിന്‌ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു ദേശത്തു താമസിക്കുന്നവർക്ക്‌ സ്വാഭാവികമായും ആ ദേശത്തോട്‌ സ്നേഹമുണ്ടായിരിക്കും. എന്നാൽ ദേശമെന്നതും ദേശീയതയെന്നതും ദേശസ്നേഹമെന്നതും ഏതെങ്കിലും മതത്തോടും ആ മതത്തിന്റെ സംസ്കാരത്തോടും ആ മതതത്ത്വങ്ങളോടുമുള്ള ഭ്രാന്തമായ അഭിനിവേശമാണെന്ന്‌ അംഗീകരിക്കാൻ ഇന്ത്യയുടെ മണ്ണിൽ പിറന്ന, ഇന്ത്യയെന്ന മാതൃരാജ്യത്തെ യഥാർഥത്തിൽ സ്നേഹിക്കുന്ന ഒരാൾക്കും സാധ്യമല്ല. എം.ജി.എസ്‌ പറഞ്ഞതുപോലെ രാജ്യസ്നേഹത്തിന്റെ ലക്ഷ്യം ഹിന്ദുത്വത്തെ അംഗീകരിക്കലാണെന്ന മട്ടിൽ വരെ എത്തിയിരിക്കുന്നു. അതിന്റെ ഭാഗമായാണ്‌ തങ്ങൾക്ക്‌ അനിഷ്ടകരമായത്‌ ചെയ്യുന്നവരോട്‌ ഇന്ത്യവിടാൻ ചില തൽപരകക്ഷികൾ കൽപിക്കുന്നതും അവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നതും.

0
0
0
s2sdefault