ചൂടുള്ള ഐസ് ക്രീം!

ടി.കെ.അശ്‌റഫ്

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

'ചൂടുള്ള ഐസ്‌ക്രീം' എന്ന് പറയുന്നത് കേട്ടാല്‍ തന്നെ നമുക്ക് ചിരിവരും. കാരണം ചൂട് എന്നത് ഐസ്‌ക്രീമിന്റെ സ്വഭാവത്തിന് എതിരാണ്. തണുപ്പാണ് അതിന്റെ അടിസ്ഥാനസ്വഭാവം. ചൂടും ഐസും തമ്മില്‍ എന്തുമാത്രം പൊരുത്തക്കേടുണ്ടോ അതിനെക്കാള്‍ പൊരുത്തക്കേടുള്ള ഒരു പ്രയോഗമാണ് 'ലൗജിഹാദ്' എന്നത്. 

വിവാഹിതരാകാതെ പ്രണിയിച്ചു നടക്കുവാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. മുസ്‌ലിമിനെയാണല്ലോ പ്രണയിക്കുന്നത് എന്ന് പറഞ്ഞ് പ്രണയത്തെ ന്യായീകരിക്കാന്‍ കഴിയില്ല. മുസ്‌ലിമിനെയാണെങ്കിലും അമുസ്‌ലിമിനെയാണെങ്കിലും വിവാഹപൂര്‍വ പ്രണയം തെറ്റുതന്നെയാണ്. വിവാഹത്തിലൂടെയല്ലാതെ പരസ്പരം സ്ത്രീ പുരുഷന്മാര്‍ പരസ്പരം അടുക്കുവാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. 

വിവാഹം നിശ്ചയിച്ചുറപ്പിച്ചവരാണങ്കില്‍ പോലും നിക്കാഹ് കഴിയാതെ ഒന്നിച്ചിടപഴകാന്‍ അനുവാദമില്ല. ഒരേ സമുദായത്തില്‍ പെട്ടവര്‍ക്ക് പോലും കണിശമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മറ്റു സമുദായത്തില്‍ പെട്ടവരെ പ്രണയക്കുരുക്കിലകപ്പെടുത്താന്‍ എങ്ങനെ ഒരു മുസ്‌ലിമിന് സാധിക്കും?

ജിഹാദ് എന്ന പദത്തിന് നന്മയുടെ മാര്‍ഗത്തില്‍ കഠിനമായി പ്രയത്‌നിക്കുകയെന്നാണ് വിവക്ഷ. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനെ പോലും ജിഹാദ് എന്ന് പ്രവാചകന്‍ ﷺ  വിശേഷിപ്പിച്ചിട്ടുണ്ട്. 

നിര്‍ബന്ധിച്ചും പ്രണയിച്ചും പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതത്തിലേക്ക് ആളെക്കൂട്ടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല; അത് കുറ്റകരമായ കാര്യം കൂടിയാണ്. ബുദ്ധിയും വിേവകവും ചിന്താശേഷിയുമുള്ളവനാണല്ലോ മനുഷ്യന്‍. പഠനവും മനനവും തുടരുന്നിടത്തോളം കാലം ഉത്തമമായതെന്ന് തോന്നുന്നതിനെ മനുഷ്യന്‍ പിന്‍പറ്റും. അല്ലെങ്കില്‍ മനുഷ്യനും മൃഗവും തമ്മിലെന്തു വ്യത്യാസം!

എന്നാല്‍ നിര്‍ബന്ധിച്ചോ പ്രലോഭനത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ മതംമാറ്റുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല; അത് അനുവദിക്കുന്നുമില്ല. മനസ്സില്‍ വിശ്വാസം ഉറക്കാത്ത കുറെ ശരീരങ്ങളെ ഉള്‍പ്പെടുത്തി എണ്ണപ്പെരുമ നടിക്കേണ്ട ആവശ്യവും ഇസ്‌ലാമിനില്ല. 

അതുകൊണ്ട് മാന്യതയും വിവേകവുമുള്ളവര്‍ ദയവു ചെയ്ത് 'ലൗ ജിഹാദ്' എന്നത് ഇസ്‌ലാമിന്റെ പേരിലേക്ക് ചേര്‍ത്ത് പറയരുത്. മുസ്‌ലിം സമുദായത്തിന്റെ മേല്‍വിലാസത്തില്‍ അങ്ങനെ ആരെങ്കിലും ചെയ്തതായി തെളിഞ്ഞാല്‍ തന്നെ അതിന് ഇസ്‌ലാം ഉത്തരവാദിയല്ല. അതിന്റെ ബാധ്യത അയാള്‍ക്ക് മാത്രമാണ്. ഇസ്‌ലാം ഹറാമാക്കിയ മദ്യപാനം, പലിശ പോലുള്ളവയില്‍ പിടിക്കപ്പെടുന്ന നാമധാരികളായ സമുദായ മെമ്പര്‍മാരെപ്പോലെ മാത്രം കണ്ടാല്‍ മതി ഇവരെയും.

ചില നിഗമനങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് വരുത്താന്‍ ശ്രമിക്കുന്നത്. കോടതിയും പോലീസ് മേധാവിയും കേരളത്തില്‍ ലൗജിഹാദില്ലന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്.

തൃപ്പൂണിത്തുറയില്‍ യോഗസെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഘര്‍വാപസി' കേന്ദ്രത്തിലെ പീഡനവും ക്രൂരതയും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ തുറന്നു പറഞ്ഞ, കൃത്യമായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍, അതിനെ മറച്ചുപിടിക്കുവാന്‍ വേണ്ടി ഊഹങ്ങളില്‍ ഊളിയിട്ട് 'ലൗജിഹാദി'ന്റെ കച്ചിത്തുരുമ്പിനു വേണ്ടി മുങ്ങിത്തപ്പുന്നത് മാന്യമായ നടപടിയല്ല എന്നേ പറയാനുള്ളൂ. പ്രബുദ്ധ കേരളം വസ്തുതകള്‍ മനസ്സിലാക്കുന്നുണ്ട്.

0
0
0
s2sdefault