ചൂഷണത്തിന്റെ പുതുവഴികള്‍ തേടുന്നവരോട്

പത്രാധിപർ

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഇസ്‌ലാമിനെ ഇതര മതദര്‍ശനങ്ങളെയോ ചിന്താധാരകളെയോ പോലെ വിലയിരുത്തുന്ന മുസ്‌ലിം നാമധാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളിലെ ചര്‍ച്ചകളില്‍  അവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അങ്ങനെയാണ് മനസ്സിലാക്കിത്തരുന്നത്. ഇതര മതാചാരങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും കടമെടുത്തും കൊണ്ടും കൊടുത്തും നിലകൊള്ളുന്ന ഒരു പ്രാകൃത വിശ്വാസ കര്‍മാനുഷ്ഠാന സംഹിതയാണ് ഇസ്‌ലാം എന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ റാന്‍മൂളികളായി മാറുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്. 'നിങ്ങള്‍ അല്ലാഹുവിന് അങ്ങോട്ട് ദീന്‍ പഠിപ്പിക്കുകയാണോ?'എന്ന വിശുദ്ധ ക്വുര്‍ആന്റെ ചോദ്യം അന്വര്‍ഥമാകുന്നതും ഇവിടെയാണ്. 

തീര്‍ത്തും അബദ്ധജടിലമായ വിശ്വാസാചാരങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന സുപ്രധാന സവിശേഷതകളിലൊന്ന് അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യബുദ്ധിയോട് സംവദിക്കുന്ന ഒരേ ഒരു വിശ്വാസാദര്‍ശമാണ് അതെന്നുള്ളതാണ്. മുസ്‌ലിംകള്‍ക്കിടയിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഇന്നും ഇസ്‌ലാമെന്നാല്‍ കേവല കര്‍മാനുഷ്ഠാനങ്ങളിലെ മസ്അലകളെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങളും കുറെ അന്ധവിശ്വാസങ്ങളും അതിന്റെ മറവില്‍ നടക്കുന്ന ചൂഷണവുമാണെന്ന ധാരണകളുമായി കഴിഞ്ഞുകൂടുന്നവരുണ്ട്. ചില മതസംഘടനകളെ നയിക്കുന്നവരും പണ്ഡിതന്മാരും ഈ ധാരണക്ക് വളംവെച്ചുകൊടുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. ഇസ്‌ലാമിന്റെ അജയ്യമായ ഔന്നത്യത്തെക്കുറിച്ച് ഇവര്‍ ബോധവാന്‍മാരാകാതിരിക്കുകയും സ്ഥാപിതതാല്‍പര്യങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന കാലത്തോളം ഇസ്‌ലാമില്‍ നൂതനകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനും ഉള്ളത് വെട്ടിച്ചുരുക്കുവാനും ചൂഷണത്തിന്റെ പുതുവഴികള്‍ തേടുവാനുമൊന്നും ഇവര്‍ മടികാണിക്കുകയില്ല. 

ഇസ്‌ലാമെന്നാല്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും കൂടിയുള്ള മതമാണെന്നാണ് വിശുദ്ധ ക്വുര്‍ആന്റെ അധ്യാപനം: ''അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും അവരുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു'' (13:15). 

മാത്രമല്ല മനുഷ്യപ്രകൃതിയോട് അങ്ങേയറ്റം ഇഴുകിച്ചേര്‍ന്ന ഒരേയൊരു ആദര്‍ശവും അതത്രെ. പക്ഷേ, ആ ലളിത സത്യം ബഹുഭൂരിഭാഗം മനുഷ്യരും മനസ്സിലാക്കുന്നില്ല. അല്ലാഹു പറയുന്നു:'''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ, വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (30:30).

അല്ലാഹുവിന്റെ അവക്രമായ ഈ മാര്‍ഗദര്‍ശനത്തിലേക്ക് മനുഷ്യ ധിഷണയില്‍ നിന്ന് ആവിര്‍ഭവിച്ച നൂതനാദര്‍ശങ്ങളെ കടത്തിക്കൂട്ടിയാല്‍ അത് അടിമുടി വികലമാക്കപ്പെടുകയും പ്രയോഗവത്കരിക്കുവാനാകാത്ത പ്രഹേളികയായി പരിണമിക്കപ്പെടുകയും ചെയ്യും. പ്രവാചകന്‍മാരായി പരമകാരുണികനാല്‍ നിയുക്തരായവര്‍ ഒന്നടങ്കം പ്രഘോഷിച്ച മതം ഇസ്‌ലാം മാത്രമാണ്. പരലോകത്തിലെ ശാശ്വത വിജയമെന്ന മഹാജീവിതലക്ഷ്യം പഠിപ്പിച്ച, അടിസ്ഥാന പ്രമാണങ്ങളിലൂടെ ഐഹിക, പാരത്രിക ജീവിതങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം അരക്കിട്ടുറപ്പിച്ച ദൈവികമായ നേര്‍സരണിയാണത്. 

അല്ലാഹു പറയുന്നു: ''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്കു പൂര്‍ണമായി നല്‍കപ്പെടുകയുള്ളു. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 3:185). ജീവിതത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന്റെ ആകെത്തുകയായി നമുക്ക് ഈ വചനത്തെ കാണുവാന്‍ സാധിക്കുന്നു.

0
0
0
s2sdefault