ചാറ്റിംഗ് ചതിവലയില്‍ മാനം കളയുന്ന മങ്കമാരും

പത്രാധിപർ

2017 ഏപ്രില്‍ 22 1438 റജബ് 25

ഫെയ്‌സ്ബുക്കും വാട്‌സാപ്പും നവമാധ്യമ രംഗത്തെ തിളങ്ങുന്ന താരങ്ങളാണ്. കയ്യില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ലോകം കൈവെള്ളയിലായ അവസ്ഥയാണ്. ഗൂഗിളിലൂടെ അന്വേഷിച്ചാല്‍ കിട്ടാത്ത വിവരങ്ങളില്ല. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എക്കൗണ്ടുണ്ടെങ്കില്‍ ഭൂഖണ്ഡങ്ങള്‍ മറികടന്ന് സൗഹൃദങ്ങള്‍ സഥാപിക്കാം. വിവരങ്ങള്‍ വോയ്‌സായും വീഡിയോ ആയും ഫോട്ടോകളായും നിമിഷങ്ങള്‍ക്കകം കൈമാറാം. ഇവയുടെ ഗുണാത്മക സ്വാധീനവും ഇവകൊണ്ടുള്ള ഗുണഫലങ്ങളും വിശദീകരിക്കേണ്ടാത്തവിധം എല്ലാവരുമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

എന്നാല്‍ ഇവയുടെ ദോഷഫലങ്ങളും ദുഃസ്വാധീനങ്ങളും സമൂഹത്തിലുണ്ടാക്കുന്ന അരാജകത്വം കണ്ടില്ലെന്നു നടിക്കാനാവില്ല. ഗുണപരമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തുന്നതിനെക്കാള്‍ വ്യക്തിപരമായി ചാറ്റിംഗ് നടത്തുന്നതിനാണ് പലരും ഇവ ഉപയോഗിക്കുന്നത്. എത്രയെത്ര ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചക്കും പെണ്‍കുട്ടികളുടെ ചാരിത്രനഷ്ടത്തിനും മറ്റനേകം നാശനഷ്ടങ്ങള്‍ക്കും കുറഞ്ഞ കാലയളവിനുള്ളില്‍ ഇവ കാരണമായിട്ടുണ്ടാകും!

ഒരു പരിചയപ്പെടല്‍, പ്രായഭേദമില്ലാതെ ഫോണ്‍ നമ്പര്‍ കൈമാറല്‍, പിന്നീട് കുറച്ചു ദിവസങ്ങള്‍ കുശലാന്വേഷണം. പിന്നീട് 'ഗുഡ്‌മോണിങ്' കാര്‍ഡുകളും പൂവുകളും. പിന്നെ നന്മ നിറഞ്ഞ വാക്കുകള്‍. ഭക്ഷണം കഴിച്ചോ? യാത്രയിലാണെങ്കില്‍ 'എങ്ങനെ പോകുന്നു?, ഒറ്റക്കാണോ' എന്ന കരുതലുകള്‍. പിന്നെ രാത്രിയിലുള്ള ഫോണ്‍വിളികള്‍. പെട്ടെന്നു തന്നെ അത് ഫോണ്‍സെക്‌സിലേക്കെത്തുന്നു. പിന്നെ കണ്ടുമുട്ടലുകള്‍. വൈകാതെ സൗകര്യമുളള ഏതെങ്കിലും വീട്ടിലോ റൂമിലോ കൂട്ടിക്കൊണ്ടുപോകല്‍. ഒരു പെണ്ണിന് നഷ്ടപ്പെടാന്‍ പാടില്ലാത്തതെല്ലാം അതോടെ നഷ്ടപ്പെടുന്നു. പിന്നെ ഫോണ്‍വിളികളും ചാറ്റിംഗും കുറഞ്ഞുതുടങ്ങും. ക്രമേണ അതും ഇല്ലാതാകും. എത്രയോ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും വേണ്ടെന്നുവെച്ച് ചാറ്റിംഗ് വീരന്മാരുടെ കൂടെ ഇറങ്ങിപ്പോകുകയും ഒടുവില്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ മനോരോഗികളായി മാറുകയോ ചെയ്തിട്ടുണ്ട് നമ്മുടെ നാട്ടില്‍തന്നെ.

രാപകല്‍ വ്യത്യാസമില്ലാതെ ഒഴൂകിയെത്തുന്ന 'ഹായ്'കളില്‍ ഒന്നിന് മറുപടി കൊടുത്തുപോയാല്‍ പിന്നെ ചോദ്യശരങ്ങളായി. മറ്റുള്ളവരെ പിണക്കാന്‍ സ്വതവേ മടിയുള്ള സ്ത്രീകള്‍ ഈ മെസേജുകളുടെ അപകടം അറിയാതെ അകപ്പെടുകയാണ് ചെയ്യുന്നത്. കുടുംബത്തില്‍ ഒറ്റപ്പെടുകയും വിഷമം അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ മെസേജുകളിലൂടെ ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും തങ്ങള്‍ക്ക് മാത്രം ലഭിക്കുന്നതായി അവര്‍ നെഞ്ചേറ്റുന്നു. 'എത്ര സ്ത്രീകള്‍ വേറെയുണ്ട്, എന്നിട്ടും എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു' എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കുകയും അതില്‍ ആശ്വാസവും സംതൃപ്തിയും കണ്ടെത്തുകയും ചെയ്യും.'

മെസഞ്ചര്‍ ജാരന്റെ വാക്കുകള്‍ പെണ്ണിന്റെ ജീവിതത്തെ നിയന്ത്രിച്ചുതുടങ്ങും. ഭര്‍ത്താവിനോടും കുട്ടികളോടും കളളം പറഞ്ഞും വാസ്തവങ്ങള്‍ ഒളിച്ചുവെച്ചും ഇവര്‍ അവരുടെ കയ്യിലെ പാവകളാകും. ചോദിക്കുന്നതെന്തും നല്‍കുന്ന പരുവത്തിലേക്ക് അവരെത്തും. 'പറ്റില്ല' എന്ന് പറയാന്‍ ഇവര്‍ക്കാവില്ല.  പലതവണ 'പ്ലീസ്' പറഞ്ഞാല്‍ അലിയുന്ന മനസ്സാണ് പെണ്ണിന്റേത് എന്ന് മെസഞ്ചര്‍ ജാരനറിയാം. ഈ സൗഹൃദത്തിന്റെ സുഖത്തില്‍ തകര്‍ന്ന വിവാഹ ബന്ധങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മൊബൈല്‍ കമ്പനിയുടെ ഓഫീസില്‍ കയറി ഭാര്യയുടെ കോള്‍ ലിസ്റ്റ് കണ്ട് മനസ്സ് തകര്‍ന്ന് ബാറുകള്‍ കയറിയിറങ്ങുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണവും കുറവല്ലെന്നത് വസ്തുതയാണ്.

പുരുഷന്മാരെ മാറ്റിനിര്‍ത്തിയല്ല ഇപ്പറയുന്നത്. തനിക്ക് ഭാര്യയെ ചതിക്കാം, എന്നാല്‍ ഭാര്യ ചെയ്യുന്ന തെറ്റ് പൊറുപ്പിക്കില്ല എന്ന ചിന്തയില്‍നിന്ന് പുരുഷന്മാര്‍ മുക്തരാവേണ്ടതുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മൊബൈലും ഇന്റര്‍നെറ്റ് കണക്ഷനുമൊക്കെ നല്‍കുന്നവര്‍ ജാഗ്രത പാലിക്കല്‍ അനിവാര്യമാണ്. രഹസ്യ പരസ്യങ്ങള്‍ ഒരുപോലെയറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനസ്സില്‍ നട്ടുപിടിപ്പിക്കുക മാത്രമാണ് ഏത് തെറ്റില്‍നിന്നും അകന്ന് നില്‍ക്കാനുള്ള മാര്‍ഗം.  

0
0
0
s2sdefault