ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

പണ്ടു പണ്ട് ഒരു രാജ്യത്തിലെ മന്ത്രി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അങ്ങെന അവര്‍ അടിമച്ചന്തയുടെ അടുത്തെത്തി. അവിടെ വില്‍പനയ്ക്ക് നിര്‍ത്തിയ ധാരാളം അടിമകളുണ്ടായിരുന്നു. സ്വാതന്ത്ര്യമില്ലാതെ പരിതാപകരമായ അവസ്ഥയില്‍ ഏത് യജമാനന്റെ കയ്യിലായിരിക്കും ഇനി എത്തിപ്പെടുക എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.

മന്ത്രി അവരെ സമീപിച്ചു. അന്നേരം വയസ്സനായ ഒരു അടിമ പറഞ്ഞു: ''അങ്ങയുടെ തലപ്പാവില്‍ കറുത്ത കറ കാണുന്നുണ്ട്.''

''നേരാണോ നീ പറയുന്നത്?'' എന്ന് ചോദിച്ചുകൊണ്ട് മന്ത്രി തന്റെ തലപ്പാവ് അഴിച്ച് പരിശോധിച്ചു. അടിമ പറഞ്ഞത് ശരിയായിരുന്നു. കറയുടെ വലിയൊരു അടയാളമുണ്ട്. 

മന്ത്രിമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങിയിട്ട് മണിക്കൂറുകളായി. ഇത്രയും നേരം ആളുകള്‍ക്കിടയിലൂടെ ഇതും ധരിച്ചുകൊണ്ടാണ് നടന്നത്. എല്ലാവരും കണ്ടിട്ടുണ്ടാകും. ഛെ, മോശം!

മന്ത്രി അല്‍പം ദേഷ്യത്തോടെ തന്റെ കൂടെയുള്ളവരോട് പറഞ്ഞു: ''നിങ്ങള്‍ ഇത്രയും നേരം എന്റെ കൂടെത്തന്നെയായിരുന്നു. നിങ്ങളെല്ലാവരും എന്റെ തലപ്പാവിലെ കറ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആരും ഈ വിവരം എന്നോട് പറഞ്ഞില്ല. ഈ പാവം അടിമ പറഞ്ഞില്ലെങ്കില്‍ ഇപ്പോഴും ഞാനിത് അറിയുമായിരുന്നില്ല.''

മന്ത്രിയുടെ കൂടെയുള്ളവരെല്ലാം തലയും താഴ്ത്തി നിന്നു.

മന്ത്രി തുടര്‍ന്നു: ''ഈ അടിമയാണ് എന്റെ യഥാര്‍ഥ സുഹൃത്ത്. ഒരു മുസ്‌ലിം മറ്റാരു മുസ്‌ലിമിന്റെ കണ്ണാടിയാണെന്ന് നബി(സ്വ) പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടില്ലേ? ഇദ്ദേഹത്തെ അടിമയായി വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.''

മന്ത്രി ഉടനെത്തന്നെ അയാളെ പണം കൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.  

കൂട്ടുകാരേ, മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. കൂട്ടുകാരില്‍ കാണുന്ന കുറവുകള്‍ നാം അവരോട് തന്നെ ചൂണ്ടിക്കാണിക്കണം. എങ്കില്‍ മാത്രമെ അവര്‍ക്കത് തിരുത്തുവാനും നന്നാകുവാനും സാധിക്കുകയുള്ളൂ. 

(ആശയവിവര്‍ത്തനം)

0
0
0
s2sdefault