ഭീകരവേട്ടയും മതസ്വാതന്ത്ര്യവും

ഡോ. സി.എം സാബിർ നവാസ്‌

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ഭീകരത ഏത്‌ സമൂഹത്തിന്റെയും സ്വസ്ഥത കെടുത്തുന്ന മാനസിക വൈകൃതമാണ്‌. മൊത്തമായും ചില്ലറയായും വെറുപ്പ്‌ ഉൽപാദിപ്പിക്കുക എന്നതാണ്‌ അതിന്റെ മുഖമുദ്ര. മതം, പ്രാദേശികത, വംശീയത ഇങ്ങനെ പലതിന്റെയും പേരിലാണ്‌ ഭീകര പ്രവർത്തനങ്ങൾ ലോകത്ത്‌ നടന്നുവരുന്നത്‌. ആഗോള വ്യാപകമായി ഭീകരതക്കെതിരായ നീക്കം നടന്നുവരുന്ന സാഹചര്യത്തിലാണ്‌ നമ്മുടെ നാട്ടിലും ഭീകരവേട്ടയെകുറിച്ചുളള ചർച്ചകൾക്ക്‌ ചൂടുപിടിക്കുന്നത്‌.

ലോകനിലവാരത്തോട്‌ കിടപിടിക്കാവുന ഇന്റലിജൻസ്‌ സംവിധാനം കൈമുതലായുള്ള രാജ്യത്തെ നിവാസികളായ നമുക്ക്‌ ഏറെ അഭിമാനിക്കാൻ വകയുണ്ട്‌. സമാധാനത്തിനും രാജ്യസുരക്ഷക്കും വിഘാതമായി നിൽക്കുന്ന ആരെയും കൈവിലങ്ങണിയിക്കാൻ ഉത്തരവാദപ്പെട്ടവർ ആത്മാർഥമായി ശ്രമിച്ചാൽ സാധിക്കും. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളുടെ ഏഴയലത്തുപോലും പോകാത്തവരെ തീവ്രവാദത്തിന്റെ ചാപ്പകുത്തി തടങ്കലിലാക്കുന്ന അവസ്ഥയാണിന്ന്‌ നാം കാണന്നത്‌.

ഇതിനിടയിലാണ്‌ ഭീകരവേട്ടയുടെ മറവിൽ മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ്‌ കടന്നാക്രമിക്കുന്ന ചില നീക്കങ്ങൾ നിയമപാലകരിൽനിന്നുണ്ടായത്‌. ഗുജറാത്ത്‌ വംശഹത്യാശ്രമത്തിന്റെ കരിനിഴൽ പതിഞ്ഞ നരേന്ദ്ര മോഡിയടെ കയ്യിലാണ്‌ കേന്ദ്ര ഭരണം എന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ പാദസേവകർ മുസ്ലിംകൾക്കെതിരിൽ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്‌. ഭീകരവേട്ടയെന്ന പേരിൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ സർക്കാർ ചെലവിൽ ചില ഏമാന്മാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഭീകരവേട്ടയുടെ മറവിൽ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള കുത്സിത ശ്രമമാണ്‌ ഇസ്ലാമോ ഫോബിയയുടെ അസ്കിതയാൽ ചില സാറന്മാർ നടത്തിക്കൊണ്ടിരിക്കുന്നത്‌. പ്രകൃതിമതമായ ഇസ്ലാമിന്‌ നാൾക്കുനാൾ വർധിച്ചുവരുന്ന സ്വീകാര്യത പലരുടെയും ഉറക്കംകെടുത്തുന്നുണ്ട്‌. അതിനാലായിരിക്കണം ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോ.സാകിർ നായിക്കിന്റെ മേൽ കൈവച്ചത്‌. രണ്ടു പതിറ്റാണ്ടിലേറെ കാലമായി ലോകം മുഴുവൻ ഇസ്ലാമിക പ്രബോധനവുമായി ഓടിനടക്കുന്ന ഇദ്ദേഹത്തിന്റെ പേരിൽ ഇത്രയും കാലം ശത്രുക്കൾ പോലും ഭീകരതയുടെയോ തീവ്രാദത്തിന്റെയോ ആരോപണമുന്നയിച്ചിട്ടില്ല. ആത്മീയ പരിവാർ ഗുരു ശ്രീ. ശ്രീ രവിശങ്കർ നേരിട്ട്‌ ഡോ.സാകിറുമായി സ്നേഹസംവാദത്തിലേർപെടുകയും അതിനിടയിൽ അദ്ദേഹത്തിന്റെ കഴിവുകളെ പലവുരു പ്രകീർത്തിക്കുകയും ചെയ്തിട്ടുള്ള കാര്യം ശ്രദ്ധേയമാണ്‌. മനുഷ്യസഹജമായ ശൈലീദോഷത്തിൽനിന്നും നാക്കുപിഴവുകളിൽനിന്നും മുക്തനാണ്‌ ഈ മറാത്തി ഡോക്ടർ എന്നല്ല വാദം. തീവ്രവാദ- ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ പ്രചോദനം നൽകുന്ന ഒരു ആഹ്വാനവും അദ്ദേഹത്തിന്റെ പരശ്ശതം പ്രസംഗങ്ങൾ പരതിയാൽ ലഭിക്കില്ല എന്നത്‌ ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്‌.

എത്ര പെട്ടെന്നാണ്‌ സംഘവിചാരണയും അതിനൊപ്പിച്ച ഭരണകൂട ഭീകരതയും അരങ്ങേറിയത്‌! ഛോട്ടാ ബച്പൻ നേതാക്കൾ തുടങ്ങിവെച്ച കല്ലുവെച്ച നുണപ്രചാരണം എത്തിയെത്തി പൊലീസ്‌ നടപടിയിലേക്കും ഡോ.നായിക്ക്‌ നടത്തിവന്ന ചാനലും മറ്റു സ്ഥാപനങ്ങളും പൂട്ടിയിടുന്നതിലേക്കുവരെ പരിണമിച്ചെങ്കിൽ ഇന്ത്യയുടെ മതേതര മനഃസാക്ഷി ഉണരേണ്ട സമയമാണിത്‌.

ഭീകര വേട്ടയുടെ പേരിൽ ഇസ്ലാമിക പ്രബോധനവും പ്രചാരണവും തടയുക എന്ന ഒളിയജണ്ട നടപ്പിലാക്കുകയാണ്‌ സർക്കാർ ചെലവിൽ സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നത്‌ വീണ്ടും തെളിയുകയാണ്‌. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ എം.എം.അക്ബർ. അനേകം മലയാളികൾ തീവ്രവാദത്തിന്റെ അപകടം മനസ്സിലാക്കിയത്‌ എം.എം.അക്ബർ എഴുതിയ `ഫാഷിസം വരുന്ന വഴി` എന്ന പുസ്തകത്തിലൂടെയാണ്‌ എന്നത്‌ വിസ്മരിച്ചുകൂടാ. വർഗീയതക്കും ഭീകരവാദത്തിനുമെതിരെ ബൗദ്ധികമായ ആക്രമണം നടത്തുന്ന ജനസ്വാധീനമുള്ള ഇസ്ലാമിക പ്രഭാഷകരെയും പ്രബോധകരെയും ഒരോരുത്തരെയായി ചങ്ങലക്കിടാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്‌. പ്രബോധകരുടെ വായ മൂടിക്കെട്ടി ഇസ്ലാമിന്റെ വളർച്ച തടയാനുള്ള ശ്രമം ശത്രുക്കൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നതാണ്‌ വസ്തുത. പക്ഷേ, അതെല്ലാം വ്യാമോഹമായി മാറിയതായാണ്‌ ചരിത്രം പറയുന്നത്‌.

മതം പറയുന്നവരും അനുഷ്ഠിക്കുന്നവരുമൊക്കെ ഇന്നല്ലെങ്കിൽ നാളെ ഭീകരവാദികളായി കല്ലെറിയപ്പെട്ടേക്കാം എന്ന സ്ഥിതി ഒരിക്കലും അനുവദിച്ചുകൂടാ. മതരാഷ്ട്രീയ സാംസ്കാരിക രംഗത്ത്‌ പ്രവർത്തിക്കുന്നവരും മുഴുവൻ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരേണ്ട സമയം ആസന്നമായിരിക്കുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷയുടെയും ആണിക്കല്ലുകൾ ഇളകാതെ കാത്തുസൂക്ഷിക്കേണ്ടത്‌ ഓരോ പൗരന്റെയും കടമയാണ്‌.

0
0
0
s2sdefault