ഭർതൃമാതാവിൽ നിന്ന്‌ പീഡനം

ഹാരിസ്ബിൻ സലീം

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09
ചോദ്യം: എന്റെ വിവാഹം കഴിഞ്ഞിട്ട്‌ കുറച്ച്‌ വർഷങ്ങളായി. ഭർതൃ മാതാവിൽ നിന്നും വളരെയധികം മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നു. ഭർത്താവിന്റെ ഭാഗത്തു നിന്നും ഒരു പരിഹാരം ഉണ്ടാകുന്നില്ല. മാനസിക, ശാരീരിക രോഗങ്ങൾ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്ന എനിക്ക്‌ ചെറിയ മക്കളുണ്ട്‌. ഇത്തരം ഒരു സാഹചര്യത്തിൽ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെടുന്നതിൽ തെറ്റുണ്ടോ?

 

ഉത്തരം: ധാരാളം സഹോദരിമാർ ചോദിക്കാനാഗ്രഹിക്കുന്ന ഒരു ചോദ്യമാണിത്‌. അതുകൊണ്ടു തന്നെ ഇതിന്റെ ഉത്തരം പലർക്കും പ്രയോജനകരമാകുമെന്ന്‌ കരുതുന്നു.

വിവാഹം കഴിച്ചു കൊണ്ടുവരുന്ന തന്റെ ഭാര്യക്ക്‌ മാന്യമായ താമസ സൗകര്യവും സുഖകരമായ ജീവിതവും ഉറപ്പാക്കി കൊടുക്കുക എന്നത്‌ ഭർത്താവിന്റെ കടമയിൽ പെട്ടതാണ്‌. “നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്ക്‌ ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്‌“ (ക്വുർആൻ 65:6).

ഭർത്താവിന്റെ കൂടെയാണ്‌ ഭാര്യ താമസിക്കേണ്ടത്‌ എന്നും അവർക്ക്‌ മനഃപൂർവം പ്രയാസങ്ങളുണ്ടാക്കാൻ പാടില്ലെന്നും ഈ ക്വുർആൻ വചനത്തിൽ നിന്നും വ്യക്തമാകുന്നു. ഒരു സ്ത്രീക്ക്‌ ആവശ്യമായ സൗകര്യങ്ങളും സുരക്ഷിതത്വവും ഏർപെടുത്തി കൊടുക്കേണ്ട ബാധ്യത ഭർത്താവിനുണ്ട്‌. ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്യുന്ന ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം: ”സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ പേരിലുള്ള ഒരു അമാനത്ത്‌ എന്ന നിലയ്ക്കാണ്‌ അവരെ സ്വീകരിച്ചത്‌. അല്ലാഹുവിന്റെ നാമത്തിൽ അവരെ നിങ്ങൾക്ക്‌ അവൻ അനുവദിച്ചു തരികയും ചെയ്തിരിക്കുന്നു.“ ഇതിൽ വീഴ്ച വരുത്തുന്നത്‌ മനഃപൂർവമാണെങ്കിൽ അത്‌ ഈ സഹോദരിയുടെ ഭർത്താവിനെ പ്രതികൂലമായി ബാധിക്കും.

ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം, ഉപദ്രവിക്കുന്ന ഭർതൃമാതാവിനെ പരിചരിച്ച്‌ അവരോടൊപ്പം തന്നെ ജീവിക്കാൻ ഈ സഹോദരിയെ നിർബന്ധിക്കേണ്ടതുണ്ടോ എന്നതാണ്‌. ഇങ്ങനെയുള്ള മാതാവിന്റെയും ഭാര്യയുടെയുമിടയിൽ അങ്ങേയറ്റത്തെ മാനസിക സംഘർഷമാണ്‌ ഭർത്താവിന്‌ അനുഭവിക്കേണ്ടിവരിക. ഇവിടെ ഒരു പരാതിക്കാരിയാവാതെ ഭർത്താവിന്റെ മനസ്സറിഞ്ഞ്‌ അയാളോടൊപ്പം നിന്ന്‌ പരിഹാരത്തിന്റെ പ്രായോഗിക മാർഗങ്ങൾ അന്വേഷിക്കുന്നതാണ്‌ ഗുണകരം.

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കുകയും അതിന്‌ തനിക്ക്‌ പരലോകത്ത്‌ പ്രതിഫലവും ഇഹലോകത്ത്‌ എളുപ്പവും വൈകാതെ വരും എന്ന പ്രതീക്ഷ ഉണ്ടാവുകയും വേണം. വിവാഹമോചനം പരിഹാരമാകുന്ന ചില സന്ദർഭങ്ങളുണ്ട്‌. എന്നാൽ തനിക്കും തന്റെ പിഞ്ചുമക്കൾക്കും ഭർത്താവിനും കൂടുതൽ പ്രയാസവും അനാഥത്വവും ദുരിതവുമാണ്‌ വരുത്തുകയെങ്കിൽ ഇപ്പോഴുള്ള അവസ്ഥ തുടരുന്നതായിരിക്കും നല്ലത്‌.

അനുഭവങ്ങൾ പറയുന്നത്‌ ക്ഷമിക്കേണ്ട സന്ദർഭങ്ങളിൽ ക്ഷമ കൈവിട്ട്‌ കടുത്ത തീരുമാനങ്ങൾ എടുത്തവർക്ക്‌ പിന്നീട്‌ ഖേദിക്കേണ്ടി വന്നിട്ടുണ്ട്‌ എന്നാണ്‌. എന്നാൽ ക്ഷമിച്ചുനിന്നവരാകട്ടെ സ്വന്തമായൊരു വീട്ടിൽ മുതിർന്ന മക്കൾക്കൊപ്പം ഭർത്താവുമൊത്ത്‌ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു എന്നു മാത്രമല്ല; ഭർതൃമാതാവ്‌ പിൽക്കാലത്ത്‌ അവരുടെ കുടുംബത്തിന്റ ഭാഗമായി മാറുകയും മുമ്പു ചെയ്തുപോയ തെറ്റുകളിൽ കുറ്റബോധത്തോടെയും മനസ്സാക്ഷിക്കുത്തോടെയും അവരോടാപ്പം ജീവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും ഈ ചോദ്യകർത്താവിനും ഇതുപോലുള്ളവർക്കും ഏറ്റവും നല്ലത്‌. ഇത്തരം സഹോദരിമാരുടെ ജീവിത പ്രയാസങ്ങൾ നീക്കി അല്ലാഹു ആശ്വാസകരമായ ജീവിതം പ്രദാനം ചെയ്യട്ടെ.

0
0
0
s2sdefault