ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യ

ഹാരിസ്ബിന്‍ സലീം

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
ഇസ്‌ലാമിക വസ്ത്രധാരണ മര്യാദകള്‍ പാലിക്കാന്‍ എത്ര ഉപദേശിച്ചിട്ടും ഭാര്യ തയ്യാറാകുന്നില്ല. അവളെ എങ്ങനെ മാറ്റിയെടുക്കും?

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: ''...അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം''(4:19).

''സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (2:228).

ഈ ക്വുര്‍ആന്‍ വചനങ്ങളില്‍നിന്ന് മനസ്സിലാകുന്നത് ഭര്‍ത്താവിനെ അനുസരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമാണ് എന്നാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകാന്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം മാതാവിനോടും പിതാവിനോടും ഉള്ളതിനെക്കാള്‍ ബാധ്യത ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുണ്ട്.

അതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്: ''ഞാന്‍ ആരോടെങ്കിലും ഒരാള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകയാണെങ്കില്‍ സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു'' (ഇബ്‌നുമാജ: 1853).

മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ''ഒരു സ്ത്രീ അഞ്ചുനേരം നമസ്‌കരിക്കുകയും ഒരു മാസം നോമ്പനുഷ്ഠിക്കുകയും തന്റെ ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ചെയ്താല്‍ അവള്‍ ഇഷ്ടപ്പെടുന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ കടക്കാന്‍ അവളോട് പറയപ്പെടും'''(ഇബ്‌നുഹിബ്ബാന്‍).

ഭാര്യയുടെ അനുസരണക്കേടിനെക്കുറിച്ചാണ് സഹോദരന്‍ പരാതിപ്പെട്ടിരിക്കുന്നത്. മുകളില്‍ കൊടുത്ത പ്രവാചക വചനങ്ങള്‍ മതി ഒരു സ്ത്രീ ഭര്‍ത്താവിനെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാവാന്‍.

ഭാര്യയില്‍നിന്ന് അനുസരണക്കേട് പ്രകടമായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അല്ലാഹു നിര്‍ദേശിക്കുന്നത് കാണുക: ''പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (4:34,35).

ആദ്യം വേണ്ടത് ഉപദേശമാണ് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അവര്‍ക്ക് ഇസ്‌ലാമികമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുന്ന നല്ല മാര്‍ഗം അവലംബിക്കണം. നല്ലവരും അറിവുള്ളവരുമായ സ്ത്രീകളെ ഉപയോഗിച്ചോ പ്രഭാഷണ സിഡികളോ മറ്റോ ഉപയോഗപ്പെടുത്തിയോ ഇത് ചെയ്യാം. തനിക്ക് ബോധ്യപ്പെടാത്ത കാര്യം നിഷേധിക്കുക എന്നത് മനുഷ്യസഹജമാണ്. ഭര്‍ത്താവിന് മാത്രം ബോധ്യപ്പെട്ട കാര്യം ഭാര്യ പ്രവര്‍ത്തിക്കണമെന്ന് വാശിപിടിച്ചാല്‍ അത് നടക്കാന്‍ സാധ്യതയില്ല. ബോധ്യപ്പെടുത്താന്‍ സ്‌നേഹപൂര്‍വമായ സമീപനങ്ങളും ക്രമപ്രവൃദ്ധമായ നീക്കങ്ങളുമാണ് ആവശ്യം.

ഉപദേശം ഫലം കാണാതെ വരുമ്പോഴാണ് വിട്ടുനില്‍ക്കാനും ശിക്ഷിക്കാനും മധ്യസ്ഥരെ സ്വീകരിക്കാനും അല്ലാഹു നിര്‍ദേശിക്കുന്നത്. വേര്‍പിരിയാന്‍ അനുവാദമുണ്ടെങ്കിലും ഗുണത്തെക്കാള്‍ ദോഷമാണോ ഉണ്ടാവുക എന്ന് നന്നായി ചിന്തിക്കണം. ഭാര്യയില്‍നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ സഹിച്ചും ക്ഷമിച്ചും അവളെ കൂടെ നിര്‍ത്താന്‍ തീരുമാനിക്കുന്നത് പ്രതിഫലാര്‍ഹമാണ്. അതാണ് തുടക്കത്തില്‍ കൊടുത്ത 4:19 സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നത്. ക്ഷമ നല്ല ഫലം മാത്രമെ നല്‍കൂ.

പിശാചിന് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഭാര്യാഭര്‍ത്താക്കന്മാെര വേര്‍പിരിക്കല്‍. ഈ കാര്യം രണ്ടുപേരും നന്നായി മനസ്സിലാക്കണം. ഭാര്യയുടെ അവസ്ഥ നന്നായിക്കിട്ടാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുക.

0
0
0
s2sdefault