ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ്

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 നവംബര്‍ 11 1439 സഫര്‍ 22

ചോദ്യം: അടികിട്ടിയാല്‍ മാത്രമെ എന്റെ ഭാര്യ എന്തെങ്കിലും എനിക്ക് ചെയ്തു തരൂ. അവളെ മാറ്റിയെടുക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?

ഉത്തരം: നബി ﷺ ദുര്‍ബലരായി പരിഗണിക്കുകയും പ്രത്യേകം അനുകമ്പയോടെ പെരുമാറുവാന്‍ നിര്‍ദേശിക്കുകയും ചെയ്ത രണ്ട് വിഭാഗമാണ് സ്ത്രീകളും അനാഥകളും. ഹദീഥ് ഗ്രന്ഥങ്ങളില്‍ ഈ വിഷയത്തില്‍ അധ്യായങ്ങള്‍ തന്നെയുണ്ട്. മറ്റുള്ളവര്‍ക്ക് കീഴില്‍ ജീവിക്കേണ്ടിവരുന്നതിനാല്‍ തന്നെ ഉപദ്രവിക്കപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ ചോദ്യകര്‍ത്താവ് ഭാര്യയെ പതിവായി അടിക്കാറുണ്ടെന്നത് വ്യക്തമാണ്.

ഇതുപോലെ സ്ഥിരമായി അടികിട്ടുന്ന മറ്റൊരു വിഭാഗം നമ്മുടെ മനസ്സില്‍ വരുന്നുവെങ്കില്‍ അത് പഴയ കാലത്തെ അടിമകളാണ്. ഒരു പക്ഷേ, എന്തിന് നിങ്ങള്‍ ഭാര്യയെ അടിക്കുന്നു എന്ന് ചോദിച്ചാല്‍ മറുപടി അവള്‍ അടി ചോദിച്ച് വാങ്ങുകയാണ് എന്നായിരിക്കും! ജീവിതത്തില്‍ ഏറ്റവും മനസ്സടുത്ത് ജീവിക്കേണ്ടവര്‍, ശരീരവും മനസ്സും ഒന്നാകേണ്ടവര്‍ അടിയെ പേടിച്ചും അടിച്ചു പേടിപ്പിച്ചും മുന്നോട്ട് പോയാല്‍ സ്‌നേഹവും കാരുണ്യവും ലഭിക്കേണ്ട ദാമ്പത്യമെവിടെ? നബി ﷺ പറഞ്ഞത് എത്ര സത്യം: ''നിങ്ങളിലൊരാളും അടിമയെ അടിക്കുന്നതു പോലെ തന്റെ ഭാര്യയെ അടിക്കരുത്. എന്നിട്ട് അവളുമായി രാത്രിയില്‍ കൂടിച്ചേരുകയും ചെയ്യുക!'' (ബുഖാരി).

സ്ത്രീകളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും ചില തകരാറുകള്‍ സ്വഭാവികമാണ്. അത് ശരിയാക്കുവാന്‍ ആരെങ്കിലും അടി ശീലിക്കുന്നുവെങ്കില്‍ മരണം വരെ അവളെ തല്ലിക്കൊണ്ടേയിരിക്കേണ്ടിവരും.  ചിലര്‍ക്ക് സംശയരോഗമായിരിക്കും. എപ്പോഴും അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ചിലര്‍ക്ക് അനുസരണകേടായിരിക്കും. മറ്റ് ചിലര്‍ പറയുന്നതിനെല്ലാം തര്‍ക്കുത്തരം പറഞ്ഞ് കൊണ്ടിരിക്കും. ഇതിനൊന്നും പരിഹാരം അടിയല്ല. ആ അവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് അവളെ അനുഭവിക്കാന്‍ കഴിയണം. ആവശ്യമായതിനെ പ്രോല്‍സാഹിപ്പിച്ചും അനാവശ്യമായതിനെ നിരുല്‍സാഹപ്പെടുത്തിയും മുന്നോട്ട് പോവുക. സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ ആരെയും കീഴ്‌പെടുത്തുവാനാവും. ലാളന ഇഷ്ടപ്പെടുന്നവളാണ് സ്ത്രീ. അതിന്ന് സാധിക്കുന്ന ഏതൊരു ഭര്‍ത്താവിനും തന്റെ ഇണയെ പൂര്‍ണമായി ജീവിതത്തില്‍ ഉപയോഗപ്പെടുത്തുവാനാവും. അടിക്കുന്നവര്‍ക്ക് ആ തെറ്റിന്റെ ഗൗരവം മനസ്സിലാകുവാന്‍ ചില പ്രമാണവചനങ്ങള്‍ താഴെ കൊടുക്കുന്നു:

1. ''അവളോട് മാന്യമായി പെരുമാറുക'' എന്ന ക്വുര്‍ആന്‍ വചനത്തിന് എതിരാണ് ഭാര്യയെ അടിക്കല്‍.

2. അക്രമം ആരോടാണെങ്കിലും ഇസ്‌ലാം വിരോധിച്ചതാണ്. ഒരു ക്വുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ''എന്റെ അടിമകളേ, എന്റെമേല്‍ ഞാന്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ക്കിടയിലും ഞാനതിനെ നിഷിദ്ധമാക്കുന്നു. നിങ്ങള്‍ അക്രമം കാണിക്കരുത്.''

3. പലപ്പോഴും പലരും അടിക്കാറുള്ളത് മുഖത്താണ്. അതാവട്ടെ പ്രത്യേകം നിരോധിക്കപ്പെട്ടതുമാണ്.ജാബിര്‍(റ) നിവേദനം ഒരു ഹദീഥില്‍ ''മുഖത്തടിക്കുന്നതിനെ നബി ﷺ നിരോധിച്ചു'' എന്ന് കാണാം.

4. ഉമ്മയെ അടിക്കുന്നത് മക്കളില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

5.നിരന്തരമായ മര്‍ദനങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായാല്‍ ജീവിതം തന്നെ പ്രയാസകരമാകും.

അല്ലാഹുവിന്റെ നാമത്തില്‍ ഏറ്റെടുത്ത ഒരു അമാനത്താണ് ഭാര്യയെന്ന് മനസ്സിലാക്കി മാന്യവും സ്‌നേഹപരവുമായ സമീപനത്തിലൂടെ ഒരു നല്ല ദാമ്പത്യത്തിനു വഴിയൊരുക്കുവാന്‍ ചോദ്യകര്‍ത്താവിന് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

0
0
0
s2sdefault