ബന്ധം മുറിക്കാൻ പ്രേരിപ്പിക്കുന്ന ഭർത്താവ്‌

ഹാരിസ്ബിൻ സലീം

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23
ഞാൻ വളരെ വിഷമത്തിലാണ്‌. എന്റെ ഭർത്താവ്‌ വലിയ മുൻകോപക്കാരനും വാശിക്കാരനുമാണ്‌. ചില തെറ്റിദ്ധാരണകൾ കാരണമായി അദ്ദേഹം എന്റ വീട്ടുകാരോട്‌ വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ്‌. മതപരമായി വലിയ അറിവൊന്നുമില്ലാത്ത അദ്ദേഹം തെറ്റിദ്ധാരണകൾ തിരുത്താൻ തയ്യാറല്ല. മാത്രമല്ല, ഞാനും അദ്ദേഹം ചെയ്യുന്നതുപോലെ എന്റെ സ്വന്തക്കാരോട്‌ പിണങ്ങിക്കഴിയാൻ അദ്ദേഹം നിർബന്ധിക്കുന്നു. ഈ വിഷയത്തിൽ അദ്ദേഹം പറയുന്നത്‌ ഞാൻ അനുസരിക്കേണ്ടതുണ്ടോ?

സഹോദരിയുടെ ചോദ്യത്തിലുള്ള പ്രധാന കാര്യം ഭർത്താവിന്റെ നിർബന്ധത്തിന്‌ വഴങ്ങി സ്വന്തം വീട്ടുകാരുമായുള്ള ബന്ധം മുറിക്കേണ്ടതുണ്ടോ എന്നതാണ്‌. കുടുംബ ബന്ധം മുറിക്കുക എന്നത്‌ ഇസ്ലാം വിരോധിച്ച കാര്യമാണ്‌. തെറ്റിൽ ഒരാളെ അനുസരിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ നാം അവലംബിക്കേണ്ട അടിസ്ഥാന തത്ത്വം `ഉപദ്രവിക്കാനോ ഉപദ്രവം ഏൽക്കാനോ പാടില്ല` എന്നതാണ്‌. ഇവിടെ ചോദ്യകർത്താവിനും ഭർത്താവിനും ബുദ്ധിമുട്ട്‌ വരാത്ത വഴികളെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്‌.

ഒരു ഭാര്യയെന്ന നിലയ്ക്ക്‌ നിങ്ങൾക്ക്‌ ആവശ്യമുള്ളതെല്ലാം നൽകി സംരക്ഷിക്കുന്നുവെങ്കിൽ, പ്രത്യേകിച്ചും മക്കളുണ്ടെങ്കിൽ സുരക്ഷിതം അയാളോടൊപ്പം ജീവിക്കലാണ്‌. വീട്ടുകാരുമായി ബന്ധം പുലർത്തുന്നത്‌ അയാൾക്കിഷ്ടമില്ലെങ്കിൽ അയാളോടൊപ്പം ജീവിക്കലും വീട്ടുകാരുമായി ബന്ധം പുലർത്തലും വളരെ പ്രയാസമാവും. ഇവിടെ പ്രായോഗികമായ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്‌.

ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ വളരെയധികം മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും. ഭർത്താവിനെയും സ്വന്തം വീട്ടുകാരെയും ഒന്നിച്ച്‌ തൃപ്തിപ്പെടുത്താൻ കഴിയാതിരിക്കൽ വളരെ വിഷമകരമാണ്‌. ഭർത്താവിന്‌ മുൻകോപവും വാശിയുമുണ്ടെന്ന്‌ പറഞ്ഞ സ്ഥിതിക്ക്‌ അദ്ദേഹത്തെ അനുനയിപ്പിക്കൽ പ്രയാസകരമാകും. ഏതെങ്കിലും രൂപത്തിൽ ഭർത്താവിനെ മാറ്റിയെടുക്കാൻ സാധിക്കുമെങ്കിൽ അതാണ്‌ ഏറ്റവും നല്ലത്‌. തെറ്റ്‌ ചെയ്യുന്ന ഏതൊരു വ്യക്തിയും മാറുമെന്ന്‌ തന്നെയാണ്‌ നാം പ്രതീക്ഷിക്കേണ്ടത്‌. “എന്നിട്ട്‌ നിങ്ങൾ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം“ (ക്വുർആൻ 20:44) ഫിർഔനിന്റെ കാര്യത്തിൽ അല്ലാഹു നിർദേശിച്ചത്‌ ഇതാണെങ്കിൽ ആരിലും മാറ്റമുണ്ടാകുമെന്ന്‌ നാം പ്രതീക്ഷിക്കണം.

ഭർത്താവിൽ നിന്നും അനിഷ്ടകരമായ അനുഭവങ്ങളുണ്ടാകുമ്പോൾ ഭാര്യ അകലാൻ തുടങ്ങും. അപ്പോൾ ഭർത്താവ്‌ കൂടുതൽ പ്രകോപിതനും വെറുക്കുന്നവനുമായിത്തീരും. ഇത്‌ പല ഭാര്യമാർക്കും പറ്റുന്ന അബദ്ധമാണ്‌. ചിലപ്പോൾ ആ അകൽച്ച വിവാഹമോചനത്തിലേക്ക്‌ പോലും നയിക്കും. ആദരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഒരു വ്യക്തിയാണ്‌ ഭർത്താവ്‌ എന്ന നിലയ്ക്ക്‌ എന്ത്‌ അനിഷ്ടകരമായ അനുഭവമുണ്ടായാലും തന്റെ ബാധ്യതകൾ കൃത്യമായി നിർവഹിച്ച്‌ കൂടുതൽ നന്നായി പെരുമാറി അടുക്കുവാൻ ശ്രമിക്കണം.

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധുഎന്നോണം ആയിത്തീരുന്നു“ (41:34).

അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾക്ക്‌ ശാശ്വത പരിഹാരമാകും. ഭർത്താവിന്റെ അവസ്ഥക്ക്‌ മാറ്റം വരുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ നല്ലത്‌ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൂടെ കഴിയുകയും ചെയ്യുകയാണ്‌. വീട്ടുകാർ നിങ്ങളുടെ നല്ല ഭാവിക്ക്‌ വേണ്ടി എന്ത്‌ സഹകരണത്തിനും തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം. ഭർത്താവിനെ പ്രകോപിതനാക്കാത്ത വിധത്തിൽ കുടുംബവുമായി ബന്ധപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുകയും ആത്മാർഥമായി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. ഏതൊരു പ്രയാസത്തിനും കൂടെ എളുപ്പം തരുന്ന നാഥൻ നിങ്ങളുടെ പ്രയാസങ്ങളെ എളുപ്പത്തിൽ പരിഹരിച്ചുതരുമാറാകട്ടെ!

0
0
0
s2sdefault