ബഹുദൈവാരാധനയുടെ രംഗപ്രവേശനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

നൂഹ് നബി(അ): 2

ഏതൊരു സമൂഹത്തിലും ശിര്‍ക്കിന്റെ രംഗപ്രവേശനം പടിപടിയായിട്ടാണ് ഉണ്ടാകാറുള്ളത്. ഒരാള്‍ മരണപ്പെട്ടാല്‍ ആദ്യം അവരെ മഹാന്മാരായി ജനങ്ങളില്‍ പരിചയപ്പെടുത്തും. അതിനായി ഉള്ളതും ഇല്ലാത്തതുമായ നൂലാമാലകള്‍ എഴുതിയുണ്ടാക്കും. പിന്നീട് മറ്റു ക്വബ്‌റുകളില്‍ നിന്ന് പ്രകടമായി കാണുന്ന രൂപത്തില്‍ മഹാത്മാവെന്ന് പറയപ്പെടുന്നവരുടെ ക്വബ്‌റിനെ മാറ്റം വരുത്തും. ശേഷം അതിനെ കെട്ടിപ്പൊക്കുകയും അതിന്മേല്‍ പൂവ് വിതറിയും മാല ചാര്‍ത്തിയും ചന്ദനത്തിരി കത്തിച്ചും സാമ്പ്രാണി പുകച്ചും വിളക്ക് കത്തിച്ചും മറ്റും ഒരു നിഗൂഢ പരിവേഷം നല്‍കി ആ ക്വബ്‌റാളിയോട് പ്രാര്‍ഥിക്കുകയും ചെയ്യും. ശിര്‍ക്കിലേക്ക് ജനങ്ങളെ ഇപ്രകാരമാണ് പിശാച് എത്തിക്കുന്നത്.

നൂഹ് നബി(അ)ന്റെ ജനതയെ പിശാച് പിഴപ്പിച്ചതിന്റെ പടവുകള്‍ നോക്കൂ. ആദ്യം അവരോട് വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്വ്, നസ്വ്ര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കുവനായി നിര്‍ദേശിക്കുന്നു. ആ സമയം അവരെ ആരാധിക്കുവാന്‍ അവരോട് അവന്‍ കല്‍പിച്ചില്ല. മറിച്ച് അവരെക്കുറിച്ചുള്ള ഓര്‍മകളും മറ്റും നിലനില്‍ക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം നന്നാക്കാനും ഇത് നല്ലതാണ് എന്ന് തോന്നിപ്പിച്ചു. അടുത്ത തലമുറയോട് അവയെ ആരാധിക്കുവാനുള്ള ദുര്‍ബോധനമാണ് നടത്തിയത്. ഇവിടെ എത്രയോ ആളുകള്‍ മരണപ്പെട്ടല്ലോ. എന്നാല്‍ അവരുടെയെല്ലാം രൂപം നിര്‍മിച്ചതായി നാം കാണുന്നില്ല. പക്ഷേ, അഞ്ചുപേരുടെ മാത്രം രൂപങ്ങള്‍ കാണപ്പെടുന്നു. അതിന് ചില കാരണങ്ങളുണ്ട്. ഇവര്‍ നല്ലവരായ ആളുകളായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ജനങ്ങള്‍ പാപങ്ങള്‍ പൊറുത്തു കിട്ടാനും തങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കിട്ടാനും അല്ലോഹുവിനോട് തേടാനായി ചെന്നിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യും; പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുകയും ചെയ്യും. എന്നാല്‍ അവര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ കഴിവുകള്‍ നിലനില്‍ക്കുന്നു. നമ്മളാകട്ടെ പാപികളാണ്. അതിനാല്‍ ഇവരെ സമീപിച്ച് ഇവരോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞ് സാധിപ്പിച്ചുതരും. ഇത്തരം ദുര്‍ബോധനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അവര്‍ അപ്രകാരം ചെയ്ത് ശിര്‍ക്കില്‍ പതിച്ചു. അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ട പ്രാര്‍ഥനയും നേര്‍ച്ചയും ബലിയും സത്യം ചെയ്യലും ഭജനമിരിക്കലും എല്ലാം മഹാന്മാരിലേക്ക് തിരിക്കപ്പെട്ടു. ആ ദുര്‍നടപടി അങ്ങനെ തുടര്‍ന്നുവന്നു. 

പ്രതിമകളുടെ മുന്നിലാണ് അവരുടെ ആരാധന നടപടികളെല്ലാം അവര്‍ നിര്‍വഹിക്കുന്നതെങ്കിലും അവരുടെ മനസ്സില്‍ കേവലം ആ കല്ലുകളല്ല ഉണ്ടായിരുന്നത്. ആ കല്ലുകള്‍ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ചും അവരില്‍ നിന്നുള്ള പൊരുത്തക്കേടുകളെ ഭയപ്പെട്ടുമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണവും ദോഷവും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അഭൗതിക മാര്‍ഗത്തിലൂടെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ഗുണത്തെയോ ദോഷത്തെയോ പ്രതീക്ഷിക്കാവതല്ല. 

ആ ജനതയില്‍ ശിര്‍ക്ക് തുടങ്ങിയപ്പോള്‍ അല്ലാഹു അവരിലേക്ക് നൂഹിനെ നിയോഗിച്ചു. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട.് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍'' (ക്വര്‍ആന്‍ 71:1-4).

''നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി...''(29:14). 

പ്രവാചകന്മാരുടെ ചരിത്രം നാം പഠിക്കുന്നത് അവരുടെ മാര്‍ഗം പിന്തുടരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനാണ്. നൂഹ്(അ) 950 കൊല്ലം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് 'ലാ ഇലാഹ ഇല്ലല്ലാഹു' പഠിപ്പിക്കുകയാണ്, അതിലേക്ക് ക്ഷണിക്കുകയാണ്. 

പ്രവാചകന്മാരാണ് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് അഗാധ ജ്ഞാനം നേടിയവര്‍. കാരണം അവര്‍ക്കാണ് അല്ലാഹുവിങ്കല്‍ നിന്നുള്ള അറിവ് നേരിട്ട് എത്തുന്നത്. അവര്‍ ഒരു മുറിയിലോ മറ്റോ ഇരുന്ന് അവിടെ വരുന്നവര്‍ക്ക് മാത്രം തൗഹീദ് പഠിപ്പിക്കുകയല്ല ചെയ്തത്. മറിച്ച് അവര്‍ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചിട്ടുള്ള അറിവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു ചെയ്തത്. ഇസ്‌ലാമിന് ലോകത്ത് പ്രചാരം സിദ്ധിച്ചത് തന്നെ ഈ പ്രബോധന മാര്‍ഗത്തിലൂടെയായിരുന്നു. നബി(സ്വ) പല സ്വഹാബികളെയും മറുനാടുകളിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ളതായിരുന്നുവെന്നാണ് പ്രവാചകന്മാരുടെയും അവരെ പിന്തുടര്‍ന്നവരുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നൂഹ്(അ) 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുവാനായി കഴിയുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുനോക്കി. അദ്ദേഹം അല്ലാഹുവിനോട് പറയുന്നത് കാണുക:

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളു. തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്. പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു. പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി'' (71:59). 

ജനങ്ങള്‍ക്ക് തൗഹീദിന്റെ സന്ദേശം എത്തിക്കുന്നതിനായി ആവതും പരിശ്രമിച്ചു. പകലില്‍ കാണുന്നവരോട് പകല്‍ സമയത്ത് പറയും. രാത്രി കാണാന്‍ കഴിയുന്നവരെ രാത്രിയില്‍ ചെന്ന് കാണും. രഹസ്യമായി കണ്ടാല്‍ സംസാരത്തിന് കാത് നല്‍കുന്നവരുണ്ടാകും; അവരെ അങ്ങനെ കാണും. ചിലര്‍ അതിനും സമ്മതിക്കാത്തവരാകും; അപ്പോള്‍ അവരും കൂടി കേള്‍ക്കുന്ന ശബ്ദത്തില്‍ പരസ്യമായും ഉറക്കെയും വിളിച്ചു പറയും. എങ്ങനെയായിരുന്നാലും ഈ ജനത ഈ സത്യം മനസ്സിലാക്കി ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടങ്കില്‍ എന്ന അതിയായ മോഹമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, എത്ര പറഞ്ഞു കൊടുത്തിട്ടും ഫലമുണ്ടായില്ല. അവര്‍ ചെവി മൂടിക്കെട്ടി കേള്‍ക്കാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തില്‍ നിന്ന് ഓടിയകലുകയും ചെയ്തു. 

പ്രബോധനത്തിന്റെ ലക്ഷ്യം പ്രബോധകരുടെയും പ്രബോധിതരുടെയും പരലോക മോക്ഷമായിരിക്കണം. അതിനാല്‍ ഇസ്‌ലാമിന് എതിരാകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയായിരിക്കണം അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ഭൗതിക നേട്ടങ്ങള്‍ കാണിച്ച് കൊതിപ്പിച്ചു കൊണ്ടുള്ള, ആദര്‍ശം തുടക്കത്തില്‍ വ്യക്തമാക്കാതെയുള്ള മിഷണറി രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. 

നൂഹ് നബി(അ) അവരെ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആകുന്നത്ര ഉദ്‌ബോധിപ്പിച്ചുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ മനസ്സുവെച്ചില്ല. അന്നേരം അവരോട് അല്ലാഹുവിലേക്ക് മടങ്ങുന്നതിന്റെ ഭൗതിക നേട്ടവും വിവരിക്കുന്നത് കാണുക:

''അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും''(71:10-12). 

പ്രവാചകന്മാര്‍ ജനങ്ങളോട് പറയുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരല്ല; അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും വിരോധിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. പ്രബോധകന്‍ എപ്പോഴും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവനായിരിക്കണം. നമ്മള്‍ പാപികളാണ്. അത്യുന്നതനായ അല്ലാഹുവിലേക്ക് നാം എങ്ങനെ നേരിട്ട് അടുക്കും? അതിനാല്‍ അവനിലേക്ക് അടുത്തവര്‍ മുഖേന നമുക്ക് അവനിലേക്ക് അടുക്കാം എന്നാണ് പലരും സൃഷ്ടിപൂജക്ക് ന്യായീകരണം നടത്താറുള്ളത്.  നൂഹ്(അ) 'ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുവിന്‍. അവന്‍ പാപങ്ങള്‍ അങ്ങേയറ്റം പൊറുത്തു മാപ്പ് നല്‍കുന്നവനാണ്' എന്നാണ് പറഞ്ഞത്. ഇതായിരിക്കണം പ്രബോധകരുടെ ശൈലി. ജനങ്ങളെ നിരാശപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച്, അല്ലാഹു ആരാണെന്ന് വ്യക്തമാക്കി കൊടുക്കണം. അവന്‍ പാപങ്ങളേതും പൊറുത്തു തരുന്നവനാണെന്നും അവനോട് പശ്ചാത്തപിക്കുകയാണ് ചെയ്യേണ്ടതന്നും അവരെ അറിയിക്കുന്നതോടൊപ്പം അവന്റെ ശിക്ഷ ഭയങ്കരമാണെന്നും അറിയിക്കണം.

പാപങ്ങളില്‍ മുഴുകുകയും അല്ലാഹുവോട് പാപമോചനം തേടുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് തടയപ്പെടും എന്ന മുന്നറിയിപ്പും ഈ വചനത്തില്‍ കാണാം. 

മഹാന്മാരായ മുന്‍ഗാമികള്‍ വല്ല വിപത്തും നേരിടുമ്പോള്‍ പാപങ്ങള്‍ കാരണമാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് സംശയിക്കുകയും ജനങ്ങളോട് ജാഗ്രത കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. 

സഈദ് ബ്‌നു മുസ്വയ്യിബി(റ)നോട് ചിലര്‍ വരള്‍ച്ചയെ കുറിച്ചും സന്താനമില്ലാത്തതിനെ കുറിച്ചും കാര്‍ഷിക അഭിവൃദ്ധിയില്ലായ്മയെ കുറിച്ചും പറഞ്ഞപ്പോള്‍ നൂഹ്(അ) ജനങ്ങളോട് പറഞ്ഞ അതേ കാര്യം തന്നെയാണ് നിര്‍ദേശിച്ചത്. 

പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുള്ള അത്ഭുതങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചും തൗഹീദ് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു:

''നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല! നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.'' (71:13-20).

ഇക്കാര്യങ്ങളെല്ലാം വിവരിച്ച് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടും ആ ജനതയില്‍ മാറ്റമുണ്ടായില്ല.  

ബുദ്ധിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍, അല്ലാഹു മാത്രമെ ആരാധ്യനായുള്ളൂവെന്നും പ്രാര്‍ഥനകളും നേര്‍ച്ച വഴിപാടുകളും അടക്കം ആരാധനയുടെ ഭാഗമായി വരുന്ന ഭയവും സ്‌നേഹവും അടക്കമുള്ള വികാരങ്ങളും, അനുസരണയും വിധേയത്വവും താഴ്മയുമെല്ലാം സര്‍വലോക രക്ഷിതാവായ അവനു മാത്രമെ അര്‍പ്പിക്കാവൂ എന്നും അവരോട് പറഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചും പരിഹസിച്ചും ഒറ്റപ്പെടുത്തി. പ്രമാണിമാര്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചതും അദ്ദേഹം നല്‍കിയ മറുപടിയും ഇപ്രകാരമായിരുന്നു:

''...തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്'' (7:60-62). 

വ്യക്തമായ തെളിവുകളെ ഖണ്ഡിക്കാന്‍ സാധിക്കാതെ വരികയും അത് സ്വീകരിക്കുന്നതിന് അഹങ്കാരം തടസ്സമാവുകയും ചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തോട് 'നൂഹേ, നീ പിഴച്ചവനാണ്' എന്ന് പറയുകയാണ് ചെയ്തത്. ഏതൊരു തൗഹീദീ പ്രബോധകനും എക്കാലത്തും നേരിടേണ്ടി വരുന്ന ഒരു വാക്കാകയാണ് ചെയ്തത്. തൗഹീദ് പറയാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ ആദ്യം പറയുക 'അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കരുത്, അയാള്‍ പിഴച്ചവനാണ്, പിഴപ്പിക്കുന്നവനാണ്' എന്നൊക്കെയായിരിക്കും. നൂഹി(അ)നോടും ഇതേ വാക്ക് പറഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തെ ഞാന്‍ നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയിച്ചു.

0
0
0
s2sdefault