അതിരു തീര്‍ക്കേണ്ട അനുകരണ ഭ്രമം

അശ്‌റഫ് എകരൂല്‍

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

ഇസ്‌ലാമിക് പാരന്റിംഗ്: 33

വേരറുക്കേണ്ട ദുസ്സ്വഭാവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അത്തരം ദുസ്സ്വഭാവങ്ങൡ ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് അനുകരണഭ്രമം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്‌ലാമിന്റെ വ്യക്തിത്വവും വ്യതിരിക്തതയും എന്താെണന്ന് പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതിനെ അന്ധമായി അനുകരിക്കുന്ന പ്രവണത ഭൂഷണമല്ല. സംസ്‌കാരത്തിന്റെ സ്വാംശീകരണത്തില്‍ ശരി തെറ്റുകളുടെ ഒരു പരിശോധനയുമില്ലാതെ എല്ലാം വാരിപ്പുണരുന്ന കൂട്ടംകൂടികളാകുന്നത് നബി ﷺ നിരോധിച്ചത് ഇവിടെ ശ്രദ്ധേയമാണ്. നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാളും കൂട്ടം കൂടികളാകരുത്. (അഥവാ)ഒരാള്‍ പറയും: 'ഞാന്‍ ജനപക്ഷത്താണ്, ജനങ്ങള്‍ നന്മ ചെയ്താല്‍ ഞാന്‍ നന്മ ചെയ്യും; അവര്‍ ചീത്തയായാല്‍ ഞാനും ചീത്ത ചെയ്യും.' എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ മുന്നൊരുക്കം നടത്തണം. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മയില്‍ ആവുക; ജനങ്ങള്‍ തിന്മയിലാകുമ്പോള്‍ നിങ്ങള്‍ അവരുടെ മോശം പ്രവൃത്തിയില്‍ നിന്ന് അകന്നു നില്‍ക്കുക'' (തിര്‍മിദി).

എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമല്ലാത്ത വിധം ജീവിത ശൈലിയുടെ മാറ്റങ്ങളോെടാപ്പം ഇഴചേരുന്നതില്‍ ഇസ്‌ലാമിക വിലക്കുകളില്ല. ഇസ്‌ലാം പ്രായോഗികവും മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളെ നിലനിര്‍ത്തുന്നതുമായ ദൈവിക മതമാണ്. ലോകത്തിന്റെ ഏതു കോണിലും ഏതു സമൂഹത്തിലും അവരില്‍ ഒരാളായി, എന്നാല്‍ ഇസ്‌ലാമിക വ്യക്തിത്വത്തോടെ ജീവിക്കുവാന്‍ പാകത്തിലാണ് ഇസ്‌ലാമിക നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അഥവാ ജീവിക്കുന്ന ചുറ്റുപാടിന്റെ (ഇസ്‌ലാമിക വിരുദ്ധമല്ലാത്ത) ശൈലികളെയും രീതികളെയും വൈവിധ്യങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നു. അതുകൊണ്ടാണ് തലപ്പാവ് ധരിക്കുന്ന (മക്കയിലെ) വസ്ത്ര രീതി നബി തിരുമേനി ﷺ യുടെ വസ്ത്ര രീതിയായത്. നിര്‍ണിത വസ്ത്രമോ നിറമോ തയ്യല്‍ രീതിയോ നിഷ്‌കര്‍ഷിക്കുന്നതിനു പകരം പൊതു വസ്ത്ര നിയമാമാണ് ഇസ്‌ലാം പഠിപ്പിച്ചത്. പ്രസ്തുത നിയമം പാലിച്ചു കൊണ്ട് ഏതു നാട്ടിലെ ശൈലി സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. പുരുഷനാണെങ്കില്‍ നെരിയാണിക്ക് താഴെ ഇറങ്ങാതിരിക്കുകയും സ്ത്രീയാണെങ്കില്‍ ശരീരം  മുഴുവനും മറയുന്നതും ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കാത്തതുമാവുക എന്നതാണ് ആ പൊതുനിയമം. എന്നാല്‍ ഈ ദൈവിക പൊതുനിയമം, നിലനില്‍ക്കുന്ന ഫാഷനുകള്‍ക്കോ കൃത്രിമമായി നിര്‍മിക്കപ്പെട്ട 'പൊതുബോധ'ത്തിനോ അസ്വീകാര്യമാണെന്നു കരുതി ആ ഫാഷന്റെ ഭാഗമാവാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ഇവിടെയാണ് അനുകരണ ഭ്രമത്തിന്നു തടയിണ പണിയേണ്ടി വരുന്നത്. തുളകള്‍ നിറഞ്ഞ ജീന്‍സും മുട്ടിനു മേലെ അവസാനിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രസ്സുകളും മുസ്‌ലിം ആണ്‍കുട്ടിക്കും, മുടി മറയാത്തതും തലമറയ്ക്കുന്ന വസ്ത്രം മാറിടത്തിലേക്ക് ഇറങ്ങി നില്‍ക്കാത്തതുമായ ഏതു വസ്ത്ര രീതിയും മുസ്‌ലിം പെണ്‍കുട്ടിക്കും സ്വീകരിക്കാവതല്ല. 

അത് പോലെ പുരുഷന്റെ താടിയുടെയും മീശയുടെയും കാര്യത്തിലും മതശാസനകളുണ്ട്. അതിനെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ മക്കളെ നാം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. താടിയും മീശയുമെല്ലാം ന്യൂജെന്‍ ഫാഷനാകുമ്പോള്‍ ഉന്നത കാമ്പസുകളില്‍ പോലും അത് പ്രിയപ്പെട്ടതായി മാറുന്നു. പക്ഷേ, ഇന്നത്തെ ന്യൂജെന്‍ താടികൡ പലതിലും മയക്കു മരുന്നിന്റെ പൊടി പടലങ്ങള്‍ കൂടിയുണ്ടെന്നത് നമ്മെ ഭയപെടുത്തുന്നുണ്ട്. ഈയിടെ മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം മരണം പിടികൂടിയ ഒരു ഐ.ഐ.ടി ബിരുദധാരിയും മറ്റൊരു കോളേജ് വിദ്യാര്‍ഥിയും (രണ്ടും മുസ്‌ലിം കുട്ടികള്‍) നല്ല നീളമുള്ള താടിയുള്ളവരായിരുന്നു. ജാതി മത വിത്യാസമില്ലാതെ അവരെ കാണാന്‍ ചെന്ന കൂട്ടുകാര്‍ക്കും താടി ഉണ്ടായിരുന്നുവന്നത് ശ്രദ്ധയില്‍പെട്ടു. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് പുതിയ ഫാഷന്റെ ഭാഗം മാത്രമാണ് എന്ന്! സീസണുകളില്‍ വന്നുപോകുന്ന സംസ്‌കാരമല്ല; അല്ലാഹുവിന്റെ താല്‍പര്യങ്ങളെ പരിഗണിച്ച് പരിപാലിക്കപ്പെടുന്ന ശീലങ്ങളാണ് വേണ്ടത്. നബി ﷺ പറഞ്ഞു: 'നിങ്ങള്‍ ബഹുദൈവ വിശാസികളോട് എതിരാവുക. നിങ്ങള്‍ മീശ വെട്ടിച്ചുരുക്കുകയും താടി വളര്‍ത്തി വിടുകയും ചെയ്യുക' (ബുഖാരി). ഇമാം മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ 'മീശ വെട്ടുകയും താടി ഇടതൂര്‍ന്നു വളര്‍ത്തുകയും അഗ്‌നി ആരാധകരോട് എതിരാവുകയും ചെയ്യുക' എന്നുകൂടിയുണ്ട്. 

നബിചര്യയെന്ന നിലയ്ക്ക് തക്വ്‌വയുടെ ഭാഗമായി മക്കള്‍ താടി വളര്‍ത്തുന്നതിനെ ആശങ്കയോടെ കാണുന്ന മുസ്‌ലിം രക്ഷിതാക്കളും ഇല്ലാതെയില്ല. താടിയെ തീവ്രവാദത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നവര്‍ പടച്ചുവിട്ട കൃത്രിമ പുക ശ്വസിച്ചവരാണവര്‍. നമ്മുടെ മക്കള്‍ അന്ധമായ അനുകരണങ്ങളോട് സന്ധിയാവാതെ ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാം അവര്‍ക്ക് ശക്തിയും തണലുമാവുകയാണ് വേണ്ടത്. ഇതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു രംഗമാണ്, മറ്റു മതവിശ്വാസികള്‍ അവരുടെ മതരീതികളുടെ ഭാഗമായി അംഗീകരിച്ചാചരിക്കുന്ന കാര്യങ്ങള്‍ അവരോെടാപ്പം തുല്യമായി അനുകരിക്കുകയെന്നത്. കാരണം നബി ﷺ അതിനെ വ്യക്തമായി നിരോധിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:'നാം അല്ലാത്തവരോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവരല്ല. നിങ്ങള്‍ നസ്വാറാക്കളോടും യഹൂദരോടും സാദൃശ്യപ്പെടാവതല്ല' (തിര്‍മിദി). 

ഇതുപോലെ വളരാന്‍ അനുവദിക്കാവതല്ലാത്ത മറ്റൊരു ദുസ്സ്വഭാവമാണ് ആര്‍ഭാടവും സുഖലോലുപതയും. ഇവ രണ്ടും സ്വഭാവത്തെ ചീത്തയാക്കുകയും പരലോകത്തെ വിസ്മരിപ്പിക്കുകയും ദൈവ സ്മരണയില്‍ നിന്ന് മനസ്സിനെ അകറ്റുകയും ചെയ്യും. നബി ﷺ പറഞ്ഞതായി മുആദ്ബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: 'നിങ്ങള്‍ സുഖലോലുപതയെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദാസന്മാര്‍ സുഖലോലുപന്മാര്‍ ആവുകയില്ല' (ഇമാം അഹ്മദ്). 

ഉമര്‍(റ) പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇപ്രകാരം എഴുതി അറിയിക്കുമായിരുന്നു: 'നിങ്ങള്‍ സുഖലോലുപതയെയും ബഹുദൈവാരാധകന്മാരുടെ വേഷവിധാനത്തെയും സൂക്ഷിക്കണം'(ബുഖാരി, മുസ്‌ലിം). ബ്രാന്‍ഡുകളുടെ മാത്രം അടിമയായി മാറുന്ന ശീലത്തെ മക്കളില്‍ നാം വളര്‍ത്തിക്കൂടാത്തതാണ്. ജീവിതത്തിന്റെ മാറിവരുന്ന സാമ്പത്തിക കാലാവസ്ഥകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭാവിയില്‍ അവര്‍ കാല്‍ വഴുതിവീണു പോയെന്ന് വരും. പ്രകടനപരതയില്‍ നിന്ന് ഇസ്‌ലാം നമ്മെ അകറ്റി നിര്‍ത്തുന്നത് ഇത് കൊണ്ട് കൂടിയാവാം.

മക്കളുടെ സഭാവങ്ങളെ വൈകൃതങ്ങളിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന മെറ്റാരു പൈശാചികതയാണ് സംഗീതജ്വരം. ഇമാനിന്റെയും ഇസ്‌ലാമിലന്റെയും മറുപക്ഷത്ത് നില്‍ക്കുന്ന ജാഹിലിയ്യത്തില്‍ പെട്ടതായിട്ടാണ് സംഗീതെത്തയും നൃത്തനൃത്യങ്ങെളയുമെല്ലാം പ്രവാചകനും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകൡലെ വിശ്വാസികളും മതത്തില്‍ അവരുടെ പാത പിന്തുടര്‍ന്നരുമെല്ലാം മനസ്സിലാക്കിയത്. പൈശാചിക പ്രവണതകളെ ഉത്തേജിപ്പിക്കുന്ന വൈദുതി തരംഗങ്ങളാണ് സംഗീതങ്ങളും വാദേ്യാപകരങ്ങളും. അവയെ വിരോധിച്ച പ്രവാചക ചര്യയെ ധിക്കരിച്ചു കൊണ്ട് അനുവദനീയമായി കാണുന്ന, വരാനിരിക്കുന്ന തലമുറയെ കുറിച്ച് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാരിസ് ബിന്‍ അബീ ഉസാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ ﷺ : 'തീര്‍ച്ചയായും അല്ലാഹു എന്നെ കാരുണ്യവും ലോകത്തിനു മാര്‍ഗദര്‍ശനവുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. വീണകളും വാദേ്യാപകരണങ്ങളും അജ്ഞാത കാലത്ത് ആരാധിച്ചിരുന്നതും ക്ഷയിപ്പിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചു' (അഹ്മദ്). ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന നബിവചനത്തില്‍ നമുക്ക് ഇങ്ങനെ കാണാം: അദ്ദേഹം പറഞ്ഞു: 'എന്റെ സമുദായത്തില്‍ ഒരു ജനത ഉണ്ടാവും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും വാദേ്യാപകരണങ്ങളും അനുവദനീയമാക്കും.' 

ശബ്ദാസ്വാദന ദാഹത്തെ ശമിപ്പിക്കാന്‍ നല്ല ക്വുര്‍ആന്‍ പാരായണവും സംഗീത മുക്തമായ ഗാനങ്ങളും നമുക്ക് പകരം നല്‍കാവുന്നതാണല്ലോ. 

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ ഗൗരവമായി നിരോധിച്ച മറ്റൊരു പ്രവണതയാണ് സ്ത്രീ പുരുഷന്മാര്‍ പരസ്പര രൂപ സാദൃശ്യം സ്വീകരിക്കുകയെന്നത്. വേഷ ഭൂഷാദികളിലും മറ്റും ഇന്ന് ഇത് സാര്‍വത്രികമായി പ്രകടമാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബിതിരുമേനി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: 'സ്ത്രീകളോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു' (അഹ്മദ്, അബുദാവൂദ്).

ചുരുക്കത്തില്‍, മുമ്പ് വിശദീകരിച്ച ഇസ്‌ലാമിക സ്വഭാവ ശീലങ്ങള്‍ വേരുറപ്പിക്കുകയും ഇവിടെ വിശകലനം ചെയ്ത ദുസ്സ്വഭാവങ്ങള്‍ക്ക് തടയിണ പണിയുകയും ചെയ്യുന്നതിലൂടെയാണ് മക്കളില്‍ സ്വഭാവ വളര്‍ച്ച സാധ്യമാവുന്നത്. (തുടരും)

0
0
0
s2sdefault