അസൂയ

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

(നല്ല മനസ്സും നല്ല മനുഷ്യനും: 10)

നീതിയോടെ അല്ലാഹു ഉപജിവനം തന്റെ സൃഷ്ടികള്‍ക്കിടയില്‍ വീതിച്ചിരിക്കുന്നു. ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കി. അതും അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമാണ്: 

''അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?'' (ക്വുര്‍ആന്‍ 16:71). 

ഉപജീവനം പലതരത്തിലാണ്. പരീക്ഷണം എന്ന നിലയ്ക്ക് പലരിലും ഏറ്റക്കുറച്ചിലുകള്‍ കാണാം. ഉള്ളവര്‍ നന്ദികാണിക്കാനും ഇല്ലാത്തവര്‍ ക്ഷമിക്കാനുമാണ് ഇപ്രകാരം അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിന്റെ ഉദേശങ്ങള്‍ക്കു മുമ്പില്‍ കീഴൊതുങ്ങുന്ന രണ്ടു പ്രകടരീതികളാണ് നന്ദിയും ക്ഷമയും. അല്ലാഹു സൃഷ്ടികളോട് കരുണയുള്ളവനാണ്. ആര്‍ക്ക് എത്ര നല്‍കണമെന്ന് അവനു നന്നായി അറിയാം. ചിലപ്പോള്‍ കൂടുതല്‍ കൊടുക്കുന്നത് സൃഷ്ടിയെ സംബന്ധിച്ചിടത്തോളം ദോഷമായിരിക്കാം. അത് സൃഷ്ടി അറിഞ്ഞുകൊള്ളണമെന്നില്ല.

അല്ലാഹു എന്തു ചെയ്താലും അതിന് അവകാശമുള്ളവനാണവന്‍. അവനാണ് അധികാരമുള്ളവന്‍. അധികാരമുള്ളവന്‍ തന്റെ അധികാരത്തില്‍ ചെയ്യുന്നത് നീതിയാണ്; അക്രമമല്ല. അല്ലാഹു കൈകാര്യം ചെയ്യുന്ന കാര്യത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുക എന്നത് ദുസ്സ്വഭാവമാണ്. അടിമ എന്ന അവസ്ഥയില്‍ നിന്നും തെന്നിപ്പോകലാണ്. അല്ലാഹുവാകട്ടെ തന്റെ തീരുമാനങ്ങളെ മാറ്റുന്നവനല്ല. അവന്റെ തീരുമാനത്തെ ഇല്ലാതാക്കാനും ലോകത്തൊരാള്‍ക്കും സാധ്യവുമല്ല.

അല്ലാഹു തന്റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളില്‍ ചില ആളുകളുടെ മനസ്സുകള്‍ക്കുണ്ടാകുന്ന ഒരു തരം നീറ്റലാണ് 'അസൂയ' എന്ന് പറയുന്ന രോഗം.

മനുഷ്യകുലത്തിന്റെ തുടക്കം മുതലേ ഈ രോഗമുണ്ട്. ആദം നബി(അ)ക്ക് സുജുദ് ചെയ്യാതിരിക്കാനും രക്ഷിതാവിന്റെ കാരുണ്യത്തില്‍ നിന്ന് അകന്ന് പോകാനും ഇബ്‌ലീസിനെ പ്രേരിപ്പിച്ചത് അഹങ്കാരവും അസൂയയുമായിരുന്നു: 

''അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 17:62).

ലോകത്ത് നടന്ന ഒന്നാമത്തെ കൊലപാതകത്തിന്റെ കാരണവും അസൂയ തന്നെയായിരുന്നു: ''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 5:27). 

അസൂയയുടെ ദോഷത്തില്‍ നിന്നും രക്ഷതേടാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചു എന്നത് അസൂയയുടെ ഗൗരവത്തെ സൂചിപ്പിക്കുന്നു: ''അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും'' (113:5). നിരോധന സ്വരത്തില്‍ അല്ലാഹു ഇപ്രകാരം ചോദിക്കുന്നുമുണ്ട്: ''അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ?...'' (4:54). 

''...ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (59:9).  

നബി(സ്വ)യെ നിഷേധിക്കാന്‍ കാരണമായി മാറിയതും ഞങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് പ്രവാചകത്വം ലഭിച്ചില്ലല്ലോ എന്ന അസൂയതന്നെയായിരുന്നു: ''നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്)...'' (2:109).

'അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ സഹോദരങ്ങളാകണം. നിങ്ങള്‍ അസൂയ കാണിക്കരുത്' എന്ന് പ്രത്യേകം നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം). സ്വര്‍ഗക്കാരനായ ഒരാള്‍ ഇപ്പോള്‍ നിങ്ങളിലേക്ക് വരുമെന്ന് നബി(സ്വ) ഒരിക്കല്‍ അനുചരന്മാരോട് പറഞ്ഞു: അങ്ങനെ ഇടതുകയ്യില്‍ ചെരുപ്പുകള്‍ തുക്കിപ്പിടിച്ച് കൊണ്ട് താടിയില്‍ നിന്ന് വുദൂഇന്റെ വെള്ളം ഇറ്റിവീഴുന്ന നിലയ്ക്ക് ഒരു സ്വഹാബി അവിടെ  കയറി വന്നു. മൂന്ന് ദിവസം ഇതാവര്‍ത്തിച്ചു. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) ഈ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌പോയി. നബി(സ്വ) ഇദ്ദേഹത്തെക്കുറിച്ച് സ്വര്‍ഗക്കാരന്‍ എന്നു പറയാന്‍ മാത്രം എന്തു സല്‍കര്‍മമാണ് ചെയ്യുന്നതെന്നറിയാനാണ് അദ്ദേഹം കൂടെ പോയത്. പക്ഷേ, തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി കര്‍മങ്ങളൊന്നും അദ്ദേഹം ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ അബ്ദുല്ല(റ) അദ്ദേഹത്തോട് ചോദിച്ചു: 'എന്തുകൊണ്ടാണ് നബി(സ്വ) അങ്ങയെക്കുറിച്ച് സ്വര്‍ഗക്കാരനെന്നു പറഞ്ഞത്?' അദ്ദേഹം പറഞ്ഞു: 'എന്റെ മനസ്സില്‍ ഒരു മുസ്‌ലിമിനോടും പകയില്ല. അല്ലാഹു നന്മനല്‍കിയതില്‍ എനിക്കാരോടും അസൂയയില്ല.' അബ്ദുല്ല(റ) പറഞ്ഞു: 'ഇതാണുകാരണം അല്ലേ? ഞങ്ങളെ കൊണ്ട് സാധിക്കാത്തതും ഇതുതന്നെയാണ്' (അഹ്മദ്).

അസൂയയെന്ന തിന്മയുടെ ഒട്ടനവധി ദുഷ്ഫലങ്ങള്‍ മുന്‍ഗാമികള്‍ വിശദീകരിച്ചിട്ടുണ്ട്. അലിയ്യുബ്‌നു അബീത്വാലിബ് (റ) പറയുന്നു: 'അസൂയയിലൂടെ ഒരു വ്യക്തി സ്വന്തത്തെ കൊല്ലുന്നു. നിത്യമായ ദുഃഖം ഏറ്റെടുക്കുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയും തകരുന്ന് ഹൃദയവും അസൂയയുടെ ഭാഗമായിലഭിക്കുന്ന രോഗങ്ങളാണ്.'

മറ്റുള്ളവര്‍ അനുഗ്രഹങ്ങളില്‍ സുഖിക്കുന്ന പോലെ അസൂയാലു മനോവേദനയില്‍ സദാ വിഹരിക്കുന്നു. പരലോകത്തും അസൂയ ഏറെ ദോഷം ചെയ്യുന്നതാണ്. കാരണം അസൂയാലു താന്‍ ആരോടാണോ അസൂയ കാണിക്കുന്നത് അവനെക്കുറിച്ച് കളവ് പറയും. ഏഷണിയും പരദൂഷണവും പറയും. അവന്റെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോയാലല്ലാതെ ഇവന് സ്വസ്ഥതയില്ല. ഇതെല്ലാം തന്നെ അവന്റെ സല്‍കര്‍മങ്ങള്‍ നഷ്ടപ്പെടാനും പരലോകത്ത് വിനയാകാനും കാരണങ്ങളാണ.് അല്ലാഹുവിന്റെ കോപത്തിന് ഇത്തരം സ്വഭാവങ്ങള്‍ കാരണമാകുമെന്നതില്‍ സംശയമില്ല. അസൂയയുടെ അഗ്നി ആളിക്കത്തിയാല്‍ പച്ചയും ഉണങ്ങിയതും എല്ലാം ചാമ്പലാകും. സ്വയം മറന്ന് സകല തിന്മകളും ചെയ്യും. 

പരസ്പര ബന്ധങ്ങളും കടമകളും നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍. മുസ്‌ലിംകള്‍ ഒറ്റ ശരീരമാണ്. പരസ്പരം സഹകരിക്കേണ്ടവരും സഹായിക്കേണ്ടവരും ഗുണകാംക്ഷ കാണിക്കേണ്ടവരുമാണ്. ഇതിന് വിഗ്നം വരുത്തുന്ന ഒന്നാണ് അസൂയ. അതിനാല്‍ തന്നെ നിങ്ങള്‍ അസൂയകാണിക്കരുത് എന്ന് നബി(സ്വ) പ്രത്യേകം പഠിപ്പിച്ചു. കാരണം അസൂയയുടെ തീപ്പൊരി ഹൃദയത്തില്‍ ഏറ്റുകഴിഞ്ഞാല്‍ സ്‌നേഹബന്ധങ്ങളെ അതു കരിച്ച്കളയും. കൂട്ടുകെട്ടുകളെ തകര്‍ത്തുകളയും. ശത്രുതയുടെ വിത്തുകള്‍ മുളക്കും. സമൂഹത്തില്‍ ഛിദ്രതയുണ്ടാകും.

മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകാന്‍ ആഗ്രഹിക്കാതെ അതേ അനുഗ്രഹങ്ങള്‍ തനിക്കുമുണ്ടാകാന്‍ ആഗ്രഹിക്കല്‍ അസൂയയല്ല. ഈ ആഗ്രഹം ഉണ്ടാകുമ്പോഴേ തനിക്കും നന്മയുണ്ടാകാന്‍ വേണ്ടി ഒരുവ്യക്തി പ്രയത്‌നിക്കുകയുള്ളൂ. അതോടൊപ്പം മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുകയും വേണം. മുആവിയ(റ) പറയുന്നു: 'ഏതൊരാളെയും തൃപ്തിപ്പെടുത്താന്‍ എനിക്ക് സാധിക്കും. അസൂയാലുവിനെ ഒഴികെ. കാരണം മറ്റുള്ളവന്റെ അനുഗ്രഹം നീങ്ങിപ്പോയാലല്ലാതെ അവന്‍ തൃപ്തിപ്പെടുകയില്ല.'

അസൂയക്ക് ഒരുപാട് കാരണങ്ങള്‍ പ്രത്യക്ഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരം കാരണങ്ങളില്‍ നിന്ന് അകന്നു നില്‍ക്കലാണ് അസൂയയില്‍ നിന്ന് മുക്തിനേടാനുള്ള മാര്‍ഗം. ശത്രുത, അഹങ്കാരം, മനസ്സിന്റെ ദൂഷ്യത തുടങ്ങിയ അവയില്‍ ചിലതുമാത്രം.

തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നടക്കാതെ പോകുമോ എന്ന ഭയവും അസൂയക്കു കാരണമാണ്. യൂസുഫ് നബി(അ)യോട് സഹോദരന്മാര്‍ കാണിച്ച അസൂയ ഈ ഇനത്തില്‍ പെട്ടതായിരുന്നു. പിതാവിന്റെ സ്‌നേഹം തങ്ങളിലേക്ക് ലഭിക്കാനായിരുന്നു യൂസുഫ് നബിയെ കൊല്ലാന്‍ പ്ലാനിട്ടത്. അല്ലാഹു പറയുന്നതുകാണുക: ''നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം(ശ്രദ്ധേയമത്രെ).''(12:9). 

അല്ലാഹു ഒരു വ്യക്തിക്ക് നല്‍കിയ അനുഗ്രഹത്തില്‍ വെറുപ്പ് പ്രകടിപ്പിക്കലാണ് അസൂയ. തനിക്കാവശ്യമുണ്ടായിട്ടല്ല, മറിച്ച് അവനെന്തിന് ഇതു നല്‍കി എന്ന ദുഷിച്ച ചിന്തയാണിവിടെ പ്രവര്‍ത്തിക്കുന്നത്. അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിയില്ലായ്മയാണിത്. ഇതാണ് അസൂയയുടെ ഏറ്റവും ദുഷിച്ച അവസ്ഥ. മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അസൂയയുടെ കടുപ്പവും വര്‍ധിച്ചുകൊണ്ടിരിക്കും.

 എന്തുണ്ട് പരിഹാരം? അസൂയയുമായി ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ല. അസൂയാലു മനസ്സിലാക്കുക; തന്റെ അസൂയകൊണ്ട് ആ വ്യക്തിയുടെ അനുഗ്രഹം ഒരിക്കലും നീങ്ങിപ്പോകുന്നതല്ല എന്ന്. ഈ ബോധമാണ് ഒന്നാമത്തെ പരിഹാരം.

രണ്ടാമത്തേത്, അല്ലാഹുവിന്റെ കോപത്തിന് ഞാന്‍ വിധേയനാവുകയാണെന്ന് ഓര്‍ക്കുക. കാരണം അല്ലാഹുവിന്റെ വീതം വെക്കലിനെയാണ് ഇവിടെ അസൂയാലു വെറുക്കുന്നത്.

''അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക്‌വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക്‌വെച്ചു കൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം'' (43:32). 

തനിക്ക് അനുഗ്രഹങ്ങള്‍ ലഭിക്കണമെന്നും അതില്‍ വര്‍ധനവ് ഉണ്ടാകണമെന്നുമാണല്ലോ ഏതൊരാളും ആഗ്രഹിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല എന്ന ഹദീസിന്ന് എതിര് പ്രവര്‍ത്തിക്കലാണ് അസൂയ കാണിക്കുക എന്നത്. മുഹാജിറുകളെ സ്‌നേഹിച്ച അന്‍സ്വാറുകളെക്കുറിച്ച് അല്ലാഹു പറയുന്നു: ''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും.'' (59:9).

0
0
0
s2sdefault