അസമിലെ നിയമനിര്‍മാണം നല്‍കുന്ന മുന്നറിയിപ്പ്

ടി.കെ.അശ്‌റഫ്

2017 നവംബര്‍ 04 1439 സഫര്‍ 15

സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ അവരുടെ മാതാപിതാക്കള്‍ ഉള്‍പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുവാന്‍ നിര്‍ദേശിക്കുന്ന ബില്‍ അസം നിയമസഭ ഈയിടെ പാസാക്കിയതായി നാം കണ്ടു.

രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നിയമം വരുന്നത്.

മാതാപിതാക്കള്‍ക്ക് മക്കള്‍ ജോലി ചെയ്യുന്ന വകുപ്പിന്റെ അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഈ നിയമപ്രകാരം സാധിക്കും. ഉദേ്യാഗസ്ഥന്റെ ശമ്പളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ കിഴിവ് ചെയ്ത് മാതാപിതാക്കള്‍ക്ക് നേരിട്ട് നല്‍കാനും ഈ നിയമം അനുശാസിക്കുന്നു.

മക്കളുടെ പരിചരണം നിഷേധിക്കപ്പെട്ട മാതാപിതാക്കള്‍ക്ക് ഈ നിയമം ആശ്വാസവും മക്കള്‍ക്ക് കനത്ത താക്കീതുമാണ്.

അതോടൊപ്പം നമ്മുടെ സാമൂഹ്യ സാഹചര്യം മാറി വരുന്നതിന്റെ അപകട സൂചനയായും നാം ഇതിനെ വിലയിരുത്തേണ്ടതുണ്ട്. 

വൃദ്ധരായ മാതാപിതാക്കള്‍ പുതിയ തലമുറക്ക് ഒരു ഭാരമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ് ഈ നിയമനിര്‍മാണത്തിലേക്ക് എത്തിച്ച സാഹചര്യം. 

മാതാപിതാക്കളോടുള്ള അവഗണന ഒറ്റപ്പെട്ട സംഭവമാണങ്കില്‍ ഒരു നിയമനിര്‍മാണം ആവശ്യമായിരുന്നില്ലല്ലോ. പോലീസ് സ്‌റ്റേഷനുകൡലും കോടതികൡലും എത്തുന്ന പരാതികളുടെ ആധിക്യം തന്നെയാണ് അധികാരികളെ ഇങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

ശമ്പളത്തില്‍ കൈവെക്കുമെന്ന് ഭീഷണിപ്പെടുത്തി മാതാപിതാക്കളെ പരിചരിക്കുവാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാരിലാണ് ഈ കാരുണ്യമില്ലായ്മ കൂടുതല്‍ കണ്ട് വരുന്നത് എന്നതുകൂടി വ്യക്തമാകുന്നുണ്ട്. വിദ്യാഭ്യാസം ബാധ്യതകള്‍ വിസ്മരിക്കുവാനാണ് കാരണമാകുന്നതെങ്കില്‍ നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഒരു പുനരാലോചന അത്യാവശ്യമല്ലേ?

ചിന്തിക്കുക..!

നമുക്കും പ്രായമാവും..!!

നമ്മുടെ മക്കള്‍ സര്‍ക്കാറിന്റെ നടപടി ഭയന്ന് മാത്രം നമ്മെ പരിചരിക്കേണ്ടി വരുന്ന ദുര്‍ഗതിയെക്കുറിച്ചൊന്ന് ഓര്‍ത്ത് നോക്കൂ. ആദരവും പരിചരണവും നല്‍കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കുവാന്‍ ആവശ്യമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഇനിയും സമയം വൈകിക്കൂടാ.

ഈ രംഗത്ത് ഇസ്‌ലാം നല്‍കുന്ന മാര്‍ഗദര്‍ശനം അതുല്യമാണ്. ഒരു ക്വുര്‍ആന്‍ വചനം കാണുക:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. 'എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23,24).

0
0
0
s2sdefault