അരുതായ്മകളില്‍ അഭിരമിക്കുന്ന കേരളം

ഉസ്മാൻ പാലക്കാഴി

2017 ഏപ്രില്‍ 22 1438 റജബ് 25

കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1971ല്‍ 2487 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ ഇന്നത് 25000 ആയി വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം നടക്കുന്നത് മാനഭംഗങ്ങളാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ    വെളിപ്പെടുത്തുന്നു, മുന്‍ വര്‍ഷങ്ങളില്‍. കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശും ഡല്‍ഹിയും കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് കേരളമായിരുന്നെങ്കില്‍ ഇന്ന് ഒന്നാം സ്ഥാനം കേരളം അടിച്ചെടുത്തിരിക്കുന്നു! കേരളത്തില്‍ കൊച്ചിയാണ് ഏറ്റവും അപകടകരമായ നഗരമെന്നും അവിടെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ 2012 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ളള കാലയളവില്‍ സ്ത്രീകള്‍ക്കുേനരെ 9758 കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. 715 ബലാല്‍സംഗവും 2798 പീഡനവും 141 തട്ടിക്കൊണ്ടുപോകലും 343 ശല്യം ചെയ്യലുകളും 23 സ്ത്രീധനമരണവും 4050 ഭര്‍തൃപീഡനവും 1688 മറ്റു അതിക്രമങ്ങളും നടന്നതായാണ് കണക്ക്. പുറത്തറിയാത്ത കേസുകള്‍ ഇതിനെക്കാള്‍ എത്രയോ ഇരട്ടിയായിരിക്കുമെന്നതില്‍ സംശയമില്ല. 2017ല്‍ എത്ര ഇരട്ടിയായിരിക്കുമെന്നേ അറിയാനുള്ളൂ.

ലൈംഗിക പീഡനത്തിരയാകുന്നവരില്‍ 25.5 ശതമാനവും പതിനഞ്ചു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണത്രെ. അന്‍പതു വയസ്സിനു മുകളിലുള്ളവര്‍ 5 ശതമാനവും.

കേരളം ഇന്ന് കണികണ്ടുണരുന്നത് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന രൂപത്തിലുള്ള പീഡന സംഭവങ്ങളുടെ 'ഹരം പകരുന്ന' നാടകീയമായ വിവരണങ്ങള്‍ നിറഞ്ഞ വാര്‍ത്തകളുമായാണ്! തൃശൂരില്‍ എഴുപത്തിയഞ്ചു വയസ്സുള്ള വൃദ്ധയെ മാനഭംഗപ്പെടുത്തി വഴിയിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തള്ളിയ കേസില്‍ മദ്യപനായ മധ്യവയസ്‌കനെ പോലീസ് പിടികൂടി. കട്ടപ്പനയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കമ്പി പഴുപ്പിച്ച് പൊള്ളിച്ചും മറ്റും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിന് പിടിയിലായത് കുട്ടിയുടെ 38 വയസ്സായ മാതാവും 28 വയസ്സായ കാമുകനും. ചോറ്റാനിക്കരയില്‍ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി ഉപയോഗിക്കാനും കൊന്നു കുഴിച്ചുമൂടാനും കാമുകന്മാര്‍ക്ക് അനുവാദം കൊടുത്തത് നൊന്തു പ്രസവിച്ച അമ്മ തന്നെ. തെഹല്‍കയുടെ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ പീഡനക്കേസില്‍ അറസ്റ്റില്‍. കൊല്ലത്ത് ഒരു സിനിമാനടിയെ ശല്യപ്പെടുത്തിയതിന് ആരോപണ വിധേയനായത് പാര്‍ലമെന്റ് മെമ്പര്‍. ഈയിടെ ഒരു മന്ത്രിക്ക് രാജിവെക്കേണ്ടിവന്നത് അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍. ആത്മീയതയുടെ മറവില്‍ നടക്കുന്ന പീഡനങ്ങള്‍ മറുവശത്ത്.

പെരുവണ്ണാമുഴിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനുശേഷം പുറത്തുവന്നത് സെക്‌സ്‌റാക്കറ്റിന്റെഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു. വലയിലായത് ധാരാളം പെണ്‍കുട്ടികള്‍. കോഴിക്കോട് വളയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് അറസ്റ്റിലായത് സ്വന്തം അമ്മാവന്‍!

കോഴിക്കോട് ജില്ലയിലെ ഒരു ഹൈസ്‌കൂളില്‍ ഇരുപത്തിരണ്ടോളം വിദ്യാര്‍ഥിനികളെ ൈലംഗികമായി പീഡിപ്പിച്ചത് അതേ സ്‌കൂളിലെ അധ്യാപകന്‍! പെണ്‍കുട്ടികളുടെ പാവാടയുയര്‍ത്തി ചൂരല്‍പ്രയോഗം നടത്തുകയും പിച്ചിയും നുള്ളിയും ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്ന ഞരമ്പുരോഗികളായ ചില അധ്യാപകര്‍ പണ്ട് ഉണ്ടായിരുന്നുവെങ്കില്‍ ന്യൂ ജനറേഷന്‍ അധ്യാപകര്‍ ചെയ്യുന്നത് പരീക്ഷയില്‍ തോല്‍പിക്കുെമന്നും വീട്ടുകാരെ വിളിപ്പിച്ച് കള്ളപ്പരാതി പറയുമെന്നും ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങളുടെയും നൂതനമാധ്യമങ്ങളുെടയും സാധ്യതകളിലേക്ക് അവരുടെ ശരീരത്തെ ഉപയോഗപ്പെടുത്തുകയാണത്രെ! ലൈംഗികച്ചുവയുള്ള സംസാരവും ശാരീരിക പീഡനവുമൊക്കെ ക്ലാസ്മുറികളിലെ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വയനാട് അനാഥാലയത്തിലെ പെണ്‍കട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത് സ്‌കൂളിനടുത്തുള്ള ചില കച്ചവടക്കാ. 

 കോഴിക്കോട് ജില്ലയില്‍ മാത്രം 2013 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള 6 മാസത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 70. അതില്‍ 12 പേര്‍ പീഡിപ്പിക്കപ്പെട്ടത് ലൈംഗികമായി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരില്‍ നാലുപേര്‍ പിതാവിന്റെയും ഒരാള്‍ വീതം മാതാവിന്റെയും ഓട്ടോ ഡ്രൈവറുടെയും അയല്‍ക്കാരന്റെയും അധ്യാപകന്റെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും മറ്റു ബന്ധുക്കളുടെയും ക്രൂരതക്കിരയായവരാണ്. പുറത്തറിയാത്ത പീഡനത്തിന്റെ എത്രയെത്ര ദാരുണ സംഭവങ്ങള്‍ വേറെയുണ്ടായിരിക്കും!

ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ വേറെയും നാം കേട്ടു. കഞ്ചാവിനടിമയായ പതിനാലുകാരന്‍ സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ വാര്‍ത്ത! എടക്കര പാതിരിപ്പാടത്ത് ഇരുപതുകാരന്റെ മാനഭംഗശ്രമത്തിനിടയില്‍ സ്വന്തം മാതാവ് കൊല്ലപ്പെട്ട വാര്‍ത്ത ഇതെഴുതുന്ന സമയത്താണ് (എപ്രില്‍ 14) മൊബൈല്‍ വഴി അറിയാന്‍ കഴിഞ്ഞത്.  

മറ്റു സംസ്ഥാനങ്ങളുടെ കാര്യം മാറ്റിവെച്ച് നമുക്ക് ചിന്തിക്കാം. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അധികാരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒട്ടും പഞ്ഞമില്ല. സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. എണ്ണമറ്റ മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ജാഗ്രതാസമിതികളും കേരളക്കരയില്‍ ഉണ്ട്. എന്നിട്ടും എന്തേ ഇങ്ങനെ? എവിടെയാണ് നമുക്ക് പിഴച്ചത്? എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം? പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണോ ഇതൊക്കെ? അതെ, നമ്മള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടംപോലെ. അതിനാല്‍ ഇന്ന് അറിവിന്റെ കുറവില്ല മലയാളികള്‍ക്ക്. മത ധാര്‍മിക പാഠശാലകള്‍ക്കും കുറവില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ കുറയേണ്ടതുണ്ട്. എന്നാല്‍ അറിവുള്ളവരേറുന്നതിനനുസരിച്ച് അറിവുള്ള കുറ്റവാളികള്‍ പെരുകിക്കൊണ്ടിരിക്കുന്നു എന്ന ഫലം മിച്ചം. പ്രത്യേകിച്ച് ലൈംഗിക കുറ്റവാളികള്‍. 

പെണ്ണുടല്‍ ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന ചിന്ത, ആ ആസ്വാദനത്തിന് ഏതു നീചവഴിയും തേടാനുള്ള പ്രേരണ . ഇതിനു വഴിവെക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം കുറ്റകൃത്യങ്ങളും നിയന്ത്രണാതീതമായി നിലനില്‍ക്കും. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍...ഇവയൊക്കെ കുത്തഴിഞ്ഞ ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നു, ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നു. സദാചാരനിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും കപടമെന്നും പ്രാകൃതമെന്നും വിശേഷിപ്പിച്ച് അവയെക്കുറിച്ചുള്ള മതിപ്പില്ലാതാക്കുന്നു. അവ പാലിക്കാതിരിക്കാനുള്ള പൊതുബോധം വളര്‍ത്തിയെടുക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തില്‍ അനിവാര്യമായും പാലിക്കേണ്ട വിലക്കുകള്‍ ലംഘിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. സകല ധാര്‍മികമൂല്യങ്ങളെയും പച്ചയായി നിേഷധിക്കുന്ന, വിലക്കുകളില്ലാത്ത ലൈംഗികതയ്ക്ക് ആഹ്വാനം നല്‍കുന്ന കപട സാഹിത്യ സാംസ്‌കാരികനായകന്മാരുമായി അഭിമുഖം നടത്തുന്ന ചാനല്‍ഭൂതങ്ങള്‍ക്കും പത്ര മാസികകള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലുള്ള പങ്ക് അനിഷേധ്യമാണ്. 

മൊട്ടുസൂചിയുടെ പരസ്യത്തിലും ഉടുക്കാത്ത പെണ്ണുടല്‍ ചിത്രങ്ങള്‍ കാണിക്കുന്ന ലാഭക്കൊതിയന്മാരും എത്ര മ്ലേഛമായ പരസ്യവും പ്രസിദ്ധീകരിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന മാധ്യമങ്ങളും രോഗാതുരമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണെന്ന വസ്തുത നിഷേധിക്കാനാവുമോ? ടി.വി. ഓണാക്കിയാല്‍ കാണുന്നത് പെണ്ണിന്റെ നഗ്‌നമേനി, പുറത്തിറങ്ങിയാല്‍ കാണുന്നത് കിടപ്പറ രംഗങ്ങളുള്ള സിനിമാ പോസ്റ്ററുകള്‍, പത്ര മാസികകള്‍ തുറന്നാല്‍ അതില്‍ നിറയെ മള്‍ട്ടികളര്‍ നഗ്‌നമേനികള്‍, എഫ്. എം. റേഡിയോ തുറന്നാല്‍ രക്തത്തെ ചൂടുപിടിപ്പിക്കുന്ന രൂപത്തിലുള്ള ജോക്കികളുടെ കൊഞ്ചിക്കുഴച്ചിലും ദ്വയാര്‍ഥമുള്ള സംസാരവും. പതിനഞ്ചുകാരനെയും എണ്‍പതുകാരനെയും പെണ്ണിരതേടി നടക്കുന്നവരാക്കി മാറ്റാന്‍ ഇെതാക്കെ പോരേ?

ഉടുവസ്ത്രം ഊരിയെറിയാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്ര്യം എന്നു വിചാരിക്കുന്ന ചില ഫെമിനിസ്റ്റ് കൊച്ചമ്മമാരും പുരുഷന്മാരെ ഞരമ്പു രോഗികളാക്കിമാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ പര്‍ദക്കുള്ളില്‍നിന്നും മോചിപ്പിച്ച് അര്‍ധനഗ്‌നകളാക്കി പുറത്തിറക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗം വാര്‍ത്തകളില്‍ നിറഞ്ഞ സമയത്ത് സ്ത്രീകള്‍ നന്നായി ശരീരം മറച്ച് നടന്നാല്‍ കയ്യേറ്റങ്ങള്‍ കുറയുമെന്ന അഭിപ്രായം ഉയര്‍ന്നുവന്നപ്പോള്‍ എം. എന്‍. കാരശ്ശേരി എന്ന സ്ത്രീപക്ഷ സാംസ്‌കാരിക(?) നായകന്‍ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. 'കടിക്കുമെന്നാണ് ഭയമെങ്കില്‍ നായയെയാണ് കെട്ടിയിടേണ്ടത്' എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പെണ്ണ് നഗ്‌നമേനി കാണിച്ചു നടന്നോട്ടെ. അത് കണ്ടാല്‍ സഹിക്കാന്‍ കഴിയാത്ത ആണുങ്ങളുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്നോട്ടെ എന്നര്‍ഥം! പൂര്‍ണ നഗ്‌നകളായ സ്ത്രീകളെക്കാള്‍ അര്‍ധനഗ്‌നകളാണ് പുരുഷന്മാരെ പെട്ടെന്ന് വികാരം കൊള്ളിക്കുക എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ട് 'ഉടുത്ത നഗ്‌നക'ളായി വിലസുന്നവര്‍ ആ്രകമിക്കപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എങ്ങനെ പുരുഷന്റെ തലയില്‍ കെട്ടിവെക്കാനാവും?   

'ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം മറ്റു രാഷ്ട്രങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ പുതുതലമുറ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ലെ'ന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ മമതാശര്‍മ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത കാലത്ത് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.

മതം നിശ്ചയിച്ച പരിധികള്‍ എല്ലാ രംഗത്തും പാലിക്കാന്‍ സമൂഹം തയാറായാല്‍ മാത്രമെ ഈ അവസ്ഥക്ക് മാറ്റംവരികയുള്ളൂ. വ്യഭിചാരത്തിലേക്കുള്ള എല്ലാ കവാടങ്ങളും കൊട്ടിയടച്ച മതമാണ് ഇസ്‌ലാം. വ്യഭിചാരം മാത്രമല്ല അതിലേക്കു നയിക്കുന്ന നോട്ടവും സംസാരവുമെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. 

'...കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. കാതിന്റെ വ്യഭിചാരം കേള്‍വിയാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. വായയുടെ വ്യഭിചാരം ചുംബനമാണ്. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ് (അല്ലെങ്കില്‍ സ്പര്‍ശനമാണ്). കാലിന്റെ വ്യഭിചാരം (പാപത്തിലേക്കുള്ള) നടത്തമാണ്. മനസ്സ് (അല്ലെങ്കില്‍ ഹൃദയം) അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യുന്നു' എന്ന പ്രവാചക വചനം ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്നു.

മറ്റുള്ളവര്‍ കാണുംവിധം നഗ്‌നത വെളിവാക്കുന്നത് വ്യഭിചാരത്തിന്റെ ചില തലങ്ങളിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. അതുകൊണ്ട് തന്നെ അത് പാപവും ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യവുമാണ്. അതിനാലാണ് മുസ്‌ലിംകള്‍ വസ്ത്രം ധരിക്കുന്ന വിഷയത്തില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്നത്. 

പതിനാറുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിന് കാരണക്കാരന്‍ ഒരു വയസ്സിന് മൂത്ത സഹോദരനായിരുന്നു. നമ്മുടെ നാട്ടില്‍ നടന്നതാണിത്. ഇരുവരും ഒരേ മുറിയിലായിരുന്നുവത്രെ കിടന്നുറങ്ങിയിരുന്നത്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആങ്ങളയും പെങ്ങളുമല്ലേ, ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല എന്നായിരുന്നത്രെ രക്ഷിതാക്കളുടെ വിശദീകരണം.

കുട്ടികളെ മാറ്റിക്കിടത്താനുള്ള പ്രവാചന്‍(സ്വ)യുടെ കല്‍പന പാലിച്ചാല്‍ ഇത്തരത്തിലുള്ള അനര്‍ഥങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നവര്‍ക്കിടയില്‍ നടക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ തടയുവാനും നബി(സ്വ)യുടെ കല്‍പന സ്വീകരിക്കുന്നതിലൂടെ സാധിക്കും: 

''ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ ഒരു സത്രീ മറ്റൊരു സ്ത്രീയുടെ നഗ്‌നതയിലേക്കും നോക്കരുത്. ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം ഒരേ പുതപ്പിനുള്ളിലും ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരേ പുതപ്പിനുള്ളിലും ശയിക്കരുത്.'' (മുസ്‌ലിം, അബൂദാവൂദ്, ഹസന്‍ ആണെന്ന് അല്‍ബാനി പറഞ്ഞു -ഇര്‍വാഉല്‍ ഗലീല്‍: 1808).

നൈമിഷികമായ സുഖത്തിനു വേണ്ടി ശാശ്വതമായ സ്വര്‍ഗം നഷ്ടപ്പെടുത്തുന്ന സ്വഭാവം വിശ്വാസികളില്‍ ഉണ്ടായിക്കൂടാ. താന്‍ സ്ഥാനംകൊണ്ട് ആരുമാകട്ടെ ഒന്നാമതായി സത്യവിശ്വാസിയാണെന്ന ബോധമാണ് അനിവാര്യം.

0
0
0
s2sdefault