അറുതിയില്ലാത്ത ജാതി, വര്‍ണ വിവേചനം

ഉസ്മാന്‍ പാലക്കാഴി

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
ജാതിവിവേചനം വര്‍ത്തമാന കാലത്തും ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ നടമാടുന്ന അക്രമങ്ങള്‍ക്കും അനീതിക്കും കയ്യുംകണക്കുമില്ല. മനുഷ്യനെ ഉന്നതനെന്നും താഴ്ന്നവനെന്നും വേര്‍തിരിക്കുന്ന ജാതീയതയുടെ വേരുകള്‍ ചെന്നെത്തുന്നത് എവിടെയാണ്? ഒരു പഠനം.

ജാതീയത ഇന്ത്യയുടെ സാമൂഹ്യചരിത്രത്തില്‍ വളരെ ആഴത്തില്‍ വേരോട്ടം നേടിയ ഒരു വിപത്താണ്. സാമൂഹ്യഘടനയുടെ ഉപരിതലത്തില്‍ അവയുടെ ശാഖോപശാഖകള്‍ വിശാലമായി പടര്‍ന്നുപന്തലിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നും അത് നിലനില്‍ക്കുകയും ചെയ്യുന്നു. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജനകോടികള്‍ ഇന്നുമുണ്ട്.

ജാതിവിവേചനത്തിന്റെ ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പലതും പുറത്തറിയാറില്ലെങ്കിലും ചിലപ്പോള്‍ ചിലതെല്ലാം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍നിന്നുള്ള ജാതിവിവേചനത്തിന്റെ വാര്‍ത്ത ജനുവരി 31ലെ ഒരു പത്രത്തില്‍ വായിക്കാനിടയായി.

തികംഗര്‍ ജില്ല ആസ്ഥാനത്തുനിന്ന് 19 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മദ്‌ഖേദയിലെ വിദ്യാലയത്തിലാണ് സംഭവം. ദലിത് സ്ത്രീ ഭക്ഷണം പാചകം ചെയ്യുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ മൂന്നു മാസമായി 67 വിദ്യാര്‍ഥികള്‍ വിദ്യാലയത്തില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാറില്ലത്രെ! താഴ്ന്ന ജാതിക്കാരി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കള്‍ കര്‍ശനമായി വിലക്കിയതുകൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തതെന്ന് കുട്ടികള്‍ പറഞ്ഞതായാണ് ഹെഡ്മാസ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ കുട്ടികള്‍ വളര്‍ന്നു വലുതായാല്‍, അവര്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലും ഭരണതലങ്ങളിലും എത്തിപ്പെട്ടാല്‍ അവര്‍ണ വിഭാഗങ്ങളോട് ഏത് രൂപത്തിലായിരിക്കും പെരുമാറുക? അവരെ മനുഷ്യരും പരിഗണനീയരും സഹായമര്‍ഹിക്കുന്നവരുമായി കാണുവാന്‍ ഇവര്‍ക്ക് സാധിക്കുമോ?

എന്തുകൊണ്ടാണ് നമുടെ രാജ്യത്ത് അവര്‍ണര്‍ക്കെതിരില്‍ നിരന്തരം അക്രമങ്ങള്‍ നടക്കുന്നത്? ലക്ഷ്മി നായര്‍ എന്ന വിദ്യാസമ്പന്നയും ഒരു സ്ഥാപന മേധാവിയുമായ സ്ത്രീ പോലും ദലിതരായ വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ചും മറ്റും അപമാനിച്ചതിന്റെ പിന്നിലെ പ്രചോദനമെന്താണ്? ഈ വിവേചനം ആര് പഠിപ്പിച്ചതാണ്? പരിശോധിക്കാം:

''ഉത്തമ ഭക്തന് ഒരിടത്തും ഭേദബുദ്ധിയില്ല. മനുഷ്യര്‍ക്കിടയില്‍ ജാതി, വര്‍ണ ഭേദങ്ങളും ചരിത്രഗതിയുടെ ഏതോ ഘട്ടത്തില്‍ രൂപംകൊണ്ടവയാണ്. മനുഷ്യര്‍ക്ക് പരസ്പര രൂപഭേദം യഥാര്‍ഥത്തില്‍ ഇല്ലാത്തതാണ്. വസ്തുത ഇതാണെങ്കിലും ജാതിഭേദം ഇന്നും തുടരുന്നു. ഏതു വര്‍ണത്തില്‍ പെട്ടവനും ഭക്തിമാര്‍ഗത്തില്‍ പ്രവേശിക്കാം. ഈശ്വരനു മുമ്പില്‍ സമന്മാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈശ്വരസാക്ഷാല്‍ക്കാരത്തിന് ജാതി, വര്‍ണാതിഭേദം പ്രതിബന്ധമല്ല'' ('ജാതി- വര്‍ണഭേദം മിഥ്യാധാരണ',പാലേലി നാരായണന്‍ നമ്പുതിരി, ജന്മഭൂമി, 2006 ജൂലൈ 7, വെള്ളി, പേജ് 4).

ജാതി, വര്‍ണ ഭേദം വെറും മിഥ്യാ ധാരണയാണോ? വേദങ്ങൡലും ഇതിഹാസങ്ങളിലും മനുഷ്യരെ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ നാലു വര്‍ണങ്ങളായി വേര്‍തിരിച്ചതായി കാണുന്നില്ലേ? നാലു വര്‍ണങ്ങള്‍ക്കും പ്രത്യേകം കര്‍മങ്ങളും അനുഷ്ഠാനങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടില്ലേ? എന്നിട്ടും ഇതിനെ മിഥ്യാധാരണ എന്നു പറഞ്ഞ് അവഗണിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്?

ശ്രീകൃഷ്ണന്റെ ഈ പ്രഖ്യാപനം പ്രസിദ്ധമാണ്:

ചാതുര്‍വര്‍ണ്യം മയാസൃഷ്ടം

ഗുണകര്‍മ വിഭാഗശഃ

തസ്യകര്‍ത്താരമപി മാം

വിദ്ധ്യകര്‍ത്താരമവ്യയം

''ഗുണവിഭാഗങ്ങളെയും കര്‍മവിഭാഗങ്ങളെയും അനുസരിച്ച് നാല് വര്‍ണങ്ങള്‍ ഞാനാണ് സൃഷ്ടിച്ചിരിക്കുന്നത്. ഞാനാണ് അതില്‍ കര്‍ത്താവെങ്കിലും ഞാന്‍ കര്‍തൃത്വമില്ലാത്തവനും അവ്യയനുമാണെന്ന് നീ അറിഞ്ഞാലും'' (ഭഗവത്ഗീത, ജ്ഞാനകര്‍മസന്യാസയോഗം, ശ്ലോകം: 13).

വര്‍ണധര്‍മം ഈശ്വരനിശ്ചയവും അലംഘനീയമായ വ്യവസ്ഥയും ആണെന്നും ഈശ്വരന്‍ ഏര്‍പെടുത്തിയ ആ വ്യവസ്ഥ പാലിക്കേണ്ടത് മനുഷ്യന്റെ ധര്‍മമാണെന്നും ആ സ്വതസിദ്ധ ധര്‍മത്തെ നിരാകരിക്കാവതല്ല എന്നും സിദ്ധാന്തിച്ചുകൊണ്ട് ഗീത വര്‍ണധര്‍മത്തിന് സ്ഥിരീകരണം നല്‍കുകയല്ലേ മേല്‍പറഞ്ഞ ശ്ലോകത്തില്‍? വര്‍ണധര്‍മം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വര്‍ണങ്ങള്‍ക്കെല്ലാം വിഭിന്നമായിരിക്കവെ, അവയില്‍ ഏതെങ്കിലും ഒരു വര്‍ണത്തിന് സ്വധര്‍മത്തില്‍നിന്ന്, സ്വധര്‍മമായി നിശ്ചയിക്കപ്പെട്ട കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കുക സാധ്യമല്ല. അത്തരം വ്യതിചലനത്തെ ധര്‍മനിരാകരണമായി ഗീത ചിത്രീകരിക്കുന്നു. സ്വവര്‍ണത്തിന്റെ ധര്‍മങ്ങളെക്കുറിച്ച് ഗുണ-ദോഷ, നന്മ-തിന്മാധിഷ്ഠിതമായ ആലോചനകള്‍ക്ക് ഒരു വര്‍ണവും അനുവാദം നല്‍കുന്നില്ല. അത്തരം പുനരാലോചനകള്‍ മഹാപാതകമായി ഗീത കാണുന്നു:

''സ്വധര്‍മം ഗുണഹീനമായിരുന്നാലും ശരിയായി ആചരിച്ച് വരുന്ന പരധര്‍മത്തെക്കാള്‍ ശ്രേയസ്‌കരമാണ്. സ്വധര്‍മം അനുഷ്ഠിക്കുന്നതുകൊണ്ട് മരണം നേരിട്ടാല്‍കൂടിയും നല്ലതുതന്നെ; പരധര്‍മമാവട്ടെ ഭയങ്കരമായിട്ടുള്ളതാണ്'' (ഭഗവത്ഗീത: കര്‍മയോഗം: ശ്ലോകം: 35).

വര്‍ണ ക്രമീകരണത്തിന്റെ അടിസ്ഥാന ലക്ഷ്യമായ ധര്‍മങ്ങളുടെ വിഭജനത്തിന് താത്വികമായ നീതീകരണം നല്‍കുകയാണ് ഗീത ചെയ്യുന്നത്. അര്‍ജുന വിഷാദയോഗം 38, 39 ശ്ലോകങ്ങളുടെ അര്‍ഥം കാണുക:

''കൈയടക്കിയ മുതല്‍ അവകാശപ്പെട്ടവര്‍ക്കു വിട്ടുകൊടുക്കാന്‍ കഴിയാത്തവണ്ണം ലോഭംകൊണ്ട് ഇരുണ്ട മനസ്സോടുകൂടിയ ഈ ദുര്യോധനാതികള്‍ കുലക്ഷയംകൊണ്ടുണ്ടാകുന്ന ദോഷത്തെയും മിത്രങ്ങളെ ദ്രോഹിക്കുന്നതുകൊണ്ടുണ്ടാകുന്ന പാതകത്തെയും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷം വ്യക്തമായി കാണുന്ന നമ്മളാല്‍ ഈ പാപത്തില്‍നിന്നു പിന്‍വാങ്ങുന്നത് അറിയാതിരിക്കുന്നതെങ്ങനെ?''

ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതുന്നു: ''...സൂക്ഷ്മചിന്തയില്‍ അര്‍ജുനന്റെ ധര്‍മബുദ്ധിതന്നെ സ്വന്തം കുലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതേയുള്ളൂ എന്നു കാണേണ്ടതാണ്. ഈ അതിര്‍വരമ്പുകൂടി ഭേദിച്ചാല്‍ അര്‍ജുനന്റെ ധര്‍മബുദ്ധി സത്യം കാണാന്‍ കരുത്തുള്ളതായിത്തീരും...''(ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം, പേജ് 37).

നിത്യചൈതന്യ യതി എഴുതുന്നു: ''ഇവിടെ അര്‍ജുനന്റെ വാക്ക് വളരെ വിവേകമുള്ള ഒരു ജ്ഞാനിയുടേതു പോലെ തോന്നുന്നുണ്ടെങ്കിലും ഗോത്ര ചിന്തയാണ് അതിന്റെ ഹൃദയസ്ഥാനത്തിരിക്കുന്നതെന്നു 'കുലക്ഷയകൃതം ദോഷം' എന്നിങ്ങനെ പരിദേവനം ചെയ്യുന്നതില്‍ നിന്നും വ്യക്തമാണ്. അധ്യാത്മത്തിനു വളരെ വിരോധിയായ ഒരു ഭാവമാണ് ഒരാളില്‍ മമതാദി അഭിമാനത്താല്‍ രൂഢമൂലമായിരിക്കുന്ന ഗോത്രചിന്ത'' (ഭഗവദ്ഗീതാസ്വാദ്ധ്യായം).

''കുലക്ഷയത്താല്‍ സനാതനമായ കുലധര്‍മം നശിക്കുന്നു. ധര്‍മം നശിക്കുമ്പോള്‍ കുലത്തെ മുഴുവന്‍ അധര്‍മം ബാധിക്കുന്നു'' (ഭഗവത്ഗീത, അര്‍ജുന വിഷാദയോഗം. 40-ാം ശ്ലോകം).

''അധര്‍മം ആക്രമിച്ചാല്‍ കുലസ്ത്രീകള്‍ ദുര്‍വൃത്തകളാകും. സ്ത്രീകള്‍ ദുഷിച്ചാല്‍ ജാതിക്കലര്‍പ്പുണ്ടാകും'' (അര്‍ജുന വിഷാദയോഗം, ശ്ലോകം: 41).

''കുലം നശിപ്പിക്കുന്നവര്‍ക്കും കുലത്തിനും ജാതിക്കലര്‍പ്പ് അകഹേതുവായിത്തീരും. ഇവരുടെ പിതൃക്കള്‍ പിണ്ഡക്രിയയും ഊകക്രിയയുമില്ലാതെ നരകത്തില്‍ വീഴുന്നു'' (അര്‍ജുന വിഷാദയോഗം, ശ്ലോകം 42).

''ജാതിക്കലര്‍പ്പുണ്ടാക്കുന്ന കുലഘ്‌നന്മാരുടെ ഈ പാപങ്ങളാല്‍ ശാശ്വതമായ ജാതിധര്‍മങ്ങളും കുലധര്‍മങ്ങളും നശിച്ചുപോകുന്നു'' (അര്‍ജുന വിഷാദയോഗം, ശ്ലോകം 43)

ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന!

നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ

''അല്ലയോ കൃഷ്ണാ! കുലധര്‍മങ്ങള്‍ നശിച്ച മനുഷ്യര്‍ക്ക് എപ്പോഴും നരകത്തില്‍തന്നെയാണു പാര്‍പ്പെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്'' (അര്‍ജുന വിഷാദയോഗം, ശ്ലോകം 44).

അര്‍ജുനവിഷാദയോഗം ഒന്നാമധ്യായം 38 മുതല്‍ 44 വരെയുള്ള ശ്ലോകങ്ങളില്‍ യുദ്ധം കുലനാശത്തിലും വര്‍ണസങ്കരത്തിലും പര്യവസാനിക്കുമെന്നാണ് അര്‍ജുനന്‍ ഉല്‍ക്കണ്ഠപ്പെടുന്നത്. രണവീരന്മാരുടെ അകാലചരമംമൂലം അനാഥകളാകുന്ന സ്ത്രീജനങ്ങള്‍ക്ക് ധര്‍മവ്യവസ്ഥ മുറുകെപ്പിടിക്കുക അസാധ്യമായിരിക്കുമെന്നും വര്‍ണവ്യവസ്ഥക്ക് വിപരീതമായ ബന്ധങ്ങളിലേര്‍പ്പെടാന്‍ പരിതസ്ഥിതികളുടെ സമ്മര്‍ദംമൂലം നിര്‍ബന്ധിതരായിത്തീരുന്ന അവര്‍ വര്‍ണസങ്കരത്തിനിടവരുത്തുമെന്നുമാണ് അര്‍ജുനന്റെ വ്യസനം. സങ്കരജാതി ഉണ്ടാകുമ്പോള്‍ ജാതിധര്‍മങ്ങള്‍ വിസ്മരിക്കപ്പെടുകയും ചാതുര്‍വര്‍ണ്യ സാമൂഹിക വ്യവസ്ഥ നിലംപരിശാകുകയും ചെയ്യുമല്ലോ!

കുരുക്ഷേത്രയുദ്ധം നടന്ന ദ്വാപരയുഗത്തില്‍ പോലും അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടുകൂടി, വര്‍ണം ജനനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ണയിക്കപ്പെടുകയായിരുന്നെന്നും വ്യക്തിഗുണങ്ങളല്ല വര്‍ണനിര്‍ണയം നടത്തിയിരുന്നതെന്നും അര്‍ജുനവിഷാദം വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വഭാവമഹിമയും പ്രവൃത്തിവാസനയുമായിരുന്നു വര്‍ണനിര്‍ണയത്തിനടിസ്ഥാനമായിരുന്നതെങ്കില്‍ വര്‍ണസങ്കരം ഒരു മഹാവിപത്തായി അര്‍ജുനന്‍ കരുതുമായിരുന്നില്ല. സങ്കരവര്‍ണത്തില്‍ പിറന്നവരുടെ വാസനാഗുണങ്ങള്‍ നോക്കി ചതുര്‍വര്‍ണങ്ങളില്‍ അനുയോജ്യമായവയില്‍ ചേര്‍ത്താല്‍ മതിയല്ലോ! ഗുണകര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ണവിഭജനം ഒരിക്കലും നടന്നിട്ടില്ലെന്നു വേണം മറിച്ചുള്ള പ്രമാണങ്ങളുടെ അഭാവത്തില്‍ അനുമാനിക്കാന്‍. സ്ത്രീകള്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവര്‍ പാപയോനികളാണെന്നു 'ഭഗവാന്‍' തന്നെ പറയുന്നുണ്ടല്ലോ! (ഭഗവദ്ഗീത 9: 32).

അര്‍ജുനന്റെ വിഷാദകാരണങ്ങള്‍ ഒാരോന്നോരോന്ന് പരിശോധിച്ച് ശ്രീകൃഷ്ണന്‍ പ്രതിവിധിവിചാരം നടത്തുന്നുണ്ടെങ്കിലും വര്‍ണസങ്കരവും തജ്ജന്യമായ വര്‍ണധര്‍മ വിനാശവും അര്‍ജുനനില്‍ ഉളവാക്കുന്ന ആശങ്കകള്‍ക്ക് അറുതിവരുത്തുന്നതായി കാണുന്നില്ല. ജനനവും കുലവും അടിസ്ഥാനമാക്കിയുള്ള വര്‍ണനിര്‍ണയം തെറ്റാണെന്ന് ശ്രീകൃഷ്ണന്‍ പറയുന്നില്ല. മാത്രമല്ല അതിന്റെ സ്രഷ്ടാവ് താനാണെന്നു പറയുകയും ചെയ്യുന്നു.

മുന്‍ഗാമികള്‍ പണ്ടുപണ്ടേ ചെയ്തപോലെ (പൂര്‍വൈഃ പൂര്‍വതരം കൃതം (3:15) വിധിക്കപ്പെട്ട കര്‍മം (നിയതം കുരു കര്‍മത്വം 3:8) ചെയ്യാനാണ് അര്‍ജുനനെ ഉപദേശിക്കുന്നത്. ധര്‍മയുദ്ധത്തെക്കാള്‍ ശ്രേയസ്‌കരമായ മറ്റൊരു കര്‍മം ക്ഷത്രിയനില്ല (2:31). ജനനാല്‍ ക്ഷത്രിയനായ അര്‍ജുനന്റെ സ്വധര്‍മം യുദ്ധമാണെന്ന് കൂടെക്കൂടെ ഓര്‍മിപ്പിക്കുന്നുമുണ്ട്. ജനനാലും കുലധര്‍മത്താലും വിധിക്കപ്പെട്ട ക്ഷത്രിയകര്‍മം നിര്‍ഭയം അനുഷ്ഠിക്കുവാനുള്ള നിര്‍ബന്ധപൂര്‍വമായ പ്രേരണയാണ് ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്നത്. വര്‍ണധര്‍മ നീതിശാസ്ത്രമാണ് 'ഭഗവാന്റെ' വാക്കുകളിലൂടെ പുറത്തുവരുന്നതെന്നു വ്യക്തം. ഇതു കൂടി പറയുമ്പോള്‍ സംശയമെല്ലാം നീങ്ങുന്നു:

''സഹജം കര്‍മ കൗന്തേയ! സദോഷമപി ന ത്യജേത്'' (അര്‍ജുനാ! ജന്മനാ ഉള്ള കര്‍ത്തവ്യകര്‍മം (സ്വധര്‍മം) ദോഷമുള്ളതാണെങ്കിലും ഉപേക്ഷിക്കരുത്-18:48). വിവിധ വര്‍ണങ്ങള്‍ക്കുള്ള കര്‍ത്തവ്യകര്‍മങ്ങള്‍ 18ാം അധ്യായമായ മോക്ഷസന്ന്യാസയോഗം 42 മുതല്‍ 44 വരെയുള്ള ശ്ലോകങ്ങള്‍ വിവരിക്കുന്നുണ്ട്:

ശമോ ദമസ്തപഃ ശൗചം

ക്ഷാന്തിരാര്‍ജവമേവ ച

ജ്ഞാനം വിജ്ഞാനമാസ്തിക്യം

ബ്രഹ്മകര്‍മ സ്വഭാവജം

''ശമം (ശാന്തി), ദമം (ഇന്ദ്രിയനിഗ്രഹം), തപഃ (ഏകാഗ്രത - തപസ്സ്), ശൗചം (ദേഹത്തിന്റെയും മനസ്സിന്റെയും ശുദ്ധി), ആര്‍ജവം (കളവും വളവുമില്ലായ്ക), വിജ്ഞാനം (ആധ്യാത്മിക ഈശ്വരവിഷയകമായ ജ്ഞാനം), വിജ്ഞാനം (ഭൗതിക- ലൗകികവിഷയകമായ അറിവ്), ആസ്തിക്യം (ഈശ്വരവിശ്വാസം) എന്നിവ സ്വാഭാവികമായ ബ്രാഹ്മണ കര്‍മമാകുന്നു'' (18: 42).

ശൗര്യം തേജോ ധൃതിര്‍ദാക്ഷ്യം

യുദ്ധേ ചാപ്യപലായനം

ദാനമീശ്വരഭാവശ്ച

ക്ഷാത്രം കര്‍മ സ്വഭാവജം

''ശൗര്യം, തേജസ്സ്, ധൈര്യം, സാമര്‍ഥ്യം, യുദ്ധത്തില്‍ പിന്തരിഞ്ഞോടാതിരിക്കുക, ദാനം, പ്രഭുത്വം എന്നിവ സ്വാഭാവികമായ ക്ഷത്രിയകര്‍മങ്ങളാകുന്നു'' (18: 43).

കൃഷിഗൗരക്ഷ്യവാണിജ്യം

വൈശ്യകര്‍മ സ്വഭാവജം

പരിചര്യാത്മകം കര്‍മ

ശൂദ്രസ്യാപി സ്വഭാവജം

''കൃഷി, പശുരക്ഷ, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകര്‍മങ്ങളാണ്. പരശുശ്രൂഷ ശൂദ്രന്റെ സ്വഭാവസിദ്ധമായ കര്‍മമാകുന്നു'' (18: 44).

തപസ്സ് പോലുള്ള ഈശ്വരാരാധനകള്‍ ബ്രാഹ്മണന്റെ കുത്തകയാണെന്നും താണ വര്‍ണക്കാര്‍ക്ക് അതിനുള്ള അവകാശങ്ങള്‍ ഇല്ലെന്നും വ്യക്തം. അതുകൊണ്ടാണല്ലൊ കാട്ടില്‍ പോയി തപസ്സു ചെയ്തതിന്റെ പേരില്‍ ശംബൂകന്‍ എന്ന ശൂദ്രസന്ന്യാസിയുടെ തല സാക്ഷാല്‍ ശ്രീരാമന്‍ കൊയ്‌തെടുത്തത്!

0
0
0
s2sdefault