അറിവുണ്ടായാല്‍ പോരാ...!

പി.മുഹമ്മദ് ഇസ്ഹാഖ്, മണ്ണാര്‍ക്കാട്‌

2017 ഏപ്രില്‍ 15 1438 റജബ് 18

അറിവുണ്ടായത് കൊണ്ട് മാത്രം ഒരാളും വിജയിക്കുകയില്ല. നേടിയ അറിവ് ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് റസൂല്‍(സ) നമുക്ക് പഠിപ്പിച്ചു തന്ന ഒരു പ്രാര്‍ഥനയില്‍ ''അല്ലാഹുവേ, ഉപകാരപ്രദമായ അറിവും പരിശുദ്ധമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളും ഞാന്‍ നിന്നോട് ചോദിക്കുന്നു'' എന്ന് വന്നിട്ടുള്ളത്.

അറിവുണ്ടായിട്ടും അത് ഉപകാരപ്രദമാകാതിരുന്നതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് വിശുദ്ധ ക്വുര്‍ആനില്‍ കാണാന്‍ കഴിയും. ഇബ്‌ലീസിനെക്കുറിച്ച് പരാമര്‍ശിച്ച ആയത്തുകള്‍ പരിശോധിച്ചാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഇബ്‌ലീസിന്റെ അറിവ് എത്രയാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

സൃഷ്ടികര്‍ത്താവ് അല്ലാഹുവാണെന്ന് ഇബ്‌ലീസിന് അറിയാമായിരുന്നു. ''അവന്‍ അല്ലാഹുവിനോട് പറഞ്ഞു: എന്നെ നീ അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ (മനുഷ്യനെ) സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും'' (7:12).

മാത്രമല്ല, ഇബ്‌ലീസിന് തന്റെ അവധി നീട്ടിത്തരുവാന്‍ കഴിവുള്ളവന്‍ അല്ലാഹുമാത്രമാണെന്ന് അറിയാമായിരുന്നു. തന്റെ അവധി നീട്ടിത്തരുവാന്‍ അവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് വിശുദ്ധ ക്വുര്‍ആന്‍ 15:36ലും 38:79ലും കാണാം.

ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടെന്ന് ഇബ്‌ലീസിന് അറിയാമായിരുന്നു: ''അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ'' (15:36).

മാത്രമല്ല ഇബ്‌ലീസ് സത്യം ചെയ്തത് അല്ലാഹുവിന്റെ പ്രതാപം മുന്‍നിറുത്തിയായിരുന്നു: ''അവന്‍ പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം; അവരെ (മനുഷ്യരെ) മുഴുവന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും'' (38:82).

ഇബ്‌ലീസിന് അല്ലാഹുവിനെ ഭയമായിരുന്നു: ''തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞ് കൊണ്ട് അവന്‍ (പിശാച്) പിന്മാറിക്കളഞ്ഞു'' (8:48).

അതായത് സ്രഷ്ടാവ് അല്ലാഹുവാണെന്നും തന്റെ ആയുസ്സ് പോലും നീട്ടിത്തരുവാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നും മരണത്തിന് ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് വരാനിരിക്കുന്നുവെന്നും അല്ലാഹുവിനോടാണ് പ്രാര്‍ഥിക്കേണ്ടതെന്നും അവന്‍ കഠിനമായി ശിക്ഷിക്കാന്‍ കഴിവുള്ളവനാണെന്നും അല്ലാഹുവിന്റെ പ്രതാപത്തെ കുറിച്ചുള്ള അറിവും സത്യം ചെയ്യേണ്ടത് അല്ലാഹുവിനെ കൊണ്ടാണെന്നുമെല്ലാം അറിയുന്ന പിശാച് നരകവാസിയാകാന്‍ കാരണമെന്തെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

അത് അവന്റെ അഹങ്കാരമായിരുന്നു. അതു കാരണം അവന്‍ അനുസരണക്കേട് കാണിച്ചു. മാത്രമല്ല, അവന്‍ പശ്ചാത്തപിച്ചു മടങ്ങിയതുമില്ല.

''ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: അവര്‍ പ്രണമിച്ചു. ഇബ്‌ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരുന്നു''(2:34).

ക്വുര്‍ആനിലെ 18:50ലും 7:11ലുമെല്ലാം ഇതിന് സമാനമായ ആശയങ്ങള്‍ കാണാം.

''അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും'' (7:12).

ഇവിടെ നാം ഓര്‍ക്കേണ്ട ചില വസ്തുതകളുണ്ട്. മുസ്‌ലിം നാമധാരികളായ ബഹുഭൂരിപക്ഷത്തിനും എന്തുമാത്രം മതപരമായ അറിവുകളുണ്ട്? അറിവ് ഉണ്ടെങ്കില്‍ തന്നെ നാം അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എന്ത് വിലയാണ് നല്‍കിയിട്ടുള്ളത്? അല്ലാഹു നിര്‍ബന്ധമാക്കിയ എത്ര സുജൂദുകള്‍ നാം മുടക്കിയിട്ടുണ്ട്? വിവരം ഉള്ളത് കൊണ്ട് മാത്രം നാം രക്ഷപ്പെടുമോ? ഇല്ലതന്നെ! മനുഷ്യരായ നമ്മെ വഴിതെറ്റിക്കുവാന്‍ പിശാച് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണല്ലോ.

''അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല''(7:16,17).

ആദം നബിയെയും ഹവ്വാഇനെയും പിശാച് വഞ്ചനയിലൂടെ വഴിപിഴപ്പിച്ചു: ''അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു...'' (7:22).

എന്നാല്‍ അവര്‍ രണ്ട് പേരും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് മടങ്ങുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു:

''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7:23).

നമുക്കും ചെയ്യാനുള്ളത് ഇതുതന്നെയാണ്. അഹംഭാവം വെടിഞ്ഞുകൊണ്ട് ചെയ്ത തെറ്റുകള്‍ക്ക് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങുകയും അറിവ് നേടുകയും നേടിയ അറിവിന് അനുസരിച്ച് ശിഷ്ടജീവിതം നന്നാക്കുകയും അനുസരണയോടെയും ഭയഭക്തയോടെയും ജീവിച്ചുകൊണ്ട് റബ്ബിന്റെ തൃപ്തിയും പാപമോചനവും നേടിയെടുക്കുകയും ചെയ്യുക.

0
0
0
s2sdefault