അറബി ഭാഷയുടെ അരിക് ചേര്‍ന്ന്

ഡോ. സി.എം സാബിര്‍ നവാസ്

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

പണ്ട് കാലം മുതലേ കേരളവുമായി അറബി ഭാഷക്ക് സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക വിനിമയങ്ങളുണ്ടായിരുന്നു എന്നാണ് ആറാം നൂറ്റാണ്ടിലെ ചരിത്രരേഖകള്‍ വിളിച്ചു പറയുന്നത്. കടല്‍യാത്രയും അതുവഴിയുള്ള വ്യവഹാരങ്ങളും ജീവിതോപാധിയായിരുന്ന കാലത്ത് അറബിക്കപ്പലുകള്‍ കടല്‍ക്കാറ്റിന്റെ താളത്തിനനുസരിച്ച് പലകുറി കേരളതീരത്ത് വന്നണഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി(സ) കാലത്ത് തന്നെ അത്തരം യാത്രകള്‍ തിരിച്ചും മറിച്ചും നടന്നതായി ചരിത്രകാരന്മാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളമെന്ന കൊച്ചു പ്രദേശത്തിന് അറബി നാടുകളോടും ഭാഷയോടും രക്തബന്ധം രൂപപ്പെടുന്നതിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാന്‍ അക്കാലത്തെ സമുദ്രയാനങ്ങളുടെ ദിശ പരിശോധിച്ചാല്‍ മതി.

കേവല സംസാര വിനിമയോപാധി എന്നതിലപ്പുറം ഭാഷയുടെ സകല സാധ്യതകളും പണ്ട് കാലം മുതല്‍ തന്നെ മലയാളികള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലെയുള്ള ആധികാരിക ചരിത്ര ഗ്രന്ഥങ്ങള്‍.

അക്കാലത്തെ കേരളത്തിന്റെ യഥാര്‍ഥ ചരിത്രം ലഭിക്കാന്‍ ഇന്നും അക്കാദമികമായി ഉപയോഗപ്പെടുത്തുന്നത് ഇത്തരം കൃതികളാണ്. അറബി, മുസ്‌ലിംകളുടെ മത വ്യവഹാരങ്ങള്‍ക്കുള്ള ഭാഷ കൂടിയായതിനാല്‍ കനപ്പെട്ട കുറെ മത ഗ്രന്ഥങ്ങളും മലയാളികളുടെതായി ഈ ഭാഷയില്‍ വിരചിതമായിട്ടുണ്ട്. സാഹിത്യ രംഗത്ത് എണ്ണം പറഞ്ഞ എഴുത്തുകള്‍ മലയാളികളുടെ തൂലികയില്‍ നിന്ന് ഈ ഭാഷക്ക് സംഭാവനയായി ലഭിച്ചതും വിസ്മരിക്കാനാവില്ല.

20ാം നൂറ്റാണ്ടില്‍ ഗള്‍ഫ് മേഖല സജീവമായതോടെയാണ് കേരളവും അറബ് നാടുകളുമായുള്ള ബന്ധം കൂടുതല്‍ പുഷ്‌കലമായത്. ഹജ്ജ് തീര്‍ഥാടനവും സാമൂഹിക സാഹിത്യ വിനിമയങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വക്കം മൗലവി, കെ.എം മൗലവി തുടങ്ങിയവര്‍ അക്കാലത്ത് അറബ് ഭരണാധികാരികളുമായി നടത്തിയ കത്തിടപാടുകള്‍ ഇന്‍ഡോ-അറബ് ബന്ധങ്ങള്‍ സജീവമായിരുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്.

അറബി കവികളുടെ നിലവാരത്തോട് കിടപിടിക്കുന്ന രചനകള്‍ മലയാളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ആധുനിക അറബ് സഞ്ചാര സാഹിത്യകാരന്‍ ശൈഖ് മുഹമ്മദ് നാസര്‍ അല്‍ അബൂദീ തന്റെ മലബാര്‍ യാത്രാവിവരണത്തില്‍ വിശദീകരിക്കുന്നത്. അബൂ ലൈല, അബൂ സല്‍മ, ഫലഖി, സി.പി അബൂബക്കര്‍ മൗലവി, എന്‍.കെ അഹ്മദ് മൗലവി തുടങ്ങി ഇന്നും ജീവിച്ചിരിക്കുന്ന മൂസ മൗലവി അയിരൂര്‍ വരെയടങ്ങുന്ന കവിപരമ്പര മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന പട്ടിക തന്നെയാണ്.

അറബി ഭാഷാപഠനത്തിന് ഗള്‍ഫ് നാടുകളില്‍ പോലും ഇല്ലാത്ത വ്യവസ്ഥാപിതമായ പഠന സംവിധാനവും ജനകീയാടിത്തറയും സമ്മാനിക്കുന്നതില്‍ മലയാളക്കര ഏറെ മുന്നോട്ട് പോയിട്ടുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മൗലാനാ അബുസ്സബാഹും, മൗലാനാ ചാലിലകത്തും, എം.സി.സി സഹോദരന്മാരും, കെ.പി മുഹമ്മദ് മൗലവിയും തുടങ്ങി വെച്ച ഈ പ്രസ്ഥാനം കരുവള്ളി മുഹമ്മദ് മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയ നേതാക്കളുടെ കരലാളനയേറ്റ് ശക്തി പ്രാപിച്ചു എന്നതും പ്രസ്താവ്യമാണ്.

ഉന്നത പഠനം ലക്ഷ്യമാക്കിയുള്ള യാത്രകള്‍ മലയാളികള്‍ ആരംഭിക്കുന്നത് 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ശൈഖ് അബ്ദുസമദ് അല്‍ കാത്തിബ്, ഡോ. മുഹ്‌യുദ്ദീന്‍ ആലുവായി, ശൈഖ് ഇസ്സുദ്ദീന്‍ മൗലവി, ശൈഖ് സഅ്ദുദ്ദീന്‍ മൗലവി, കെ. ഉമര്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാര്‍ സൗദീ അറേബ്യയിലും  ഈജിപ്തിലും അടക്കമുള്ള ഉന്നത സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം കരസ്ഥമാക്കി സ്വദേശത്തും വിദേശത്തും സുസ്ഥിരമായ സേവനങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളവരാണ്. കേരളത്തിലെ അറബി ഭാഷാ സാഹിത്യചരിത്രം ചിട്ടയായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ, ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുമായി ചേര്‍ന്ന് എം.എസ്.എം സംസ്ഥാന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

0
0
0
s2sdefault