അനുകരണവും മാതൃകയും

അശ്‌റഫ് എകരൂല്‍

2017 മെയ് 06 1438 ശഅബാന്‍ 9

ഇസ്‌ലാമിക് പാരന്റിംഗ്: 17

വിശ്വാസ വളര്‍ച്ചയുമായി ബന്ധപ്പട്ട രണ്ട് കാര്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കിയത്. പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ കൂടി ഈ വിഷയകമായി നാം അറിയേണ്ടതുണ്ട്. 

മൂന്ന്: അല്ലാഹുവോടുള്ള സ്‌നേഹം വളര്‍ത്തുകയും അവനെ അവലംബിക്കാന്‍  ശീലിപ്പിക്കുകയും ചെയ്യുക.

എല്ലാ കുട്ടികള്‍ക്കും അവരുടെ  വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങളും തേട്ടങ്ങളും ഉണ്ട്. അത് മാനസികമോ ശാരീരികമോ മറ്റു ചിലപ്പോള്‍ സാമൂഹികമോ സാമ്പത്തികമോ ആവാം. കുടും ബ സംബന്ധമോ അല്ലെങ്കില്‍ പഠന സംബന്ധമോ ആയേക്കാം. അതിന്റെ ശക്തിയും തോതും വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നു മാത്രം. പല നിലക്കും മനഃപൂര്‍വമോ അല്ലാതെയോ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്‌തേക്കും. കരച്ചില്‍, ദേഷ്യം, വാശി, അമിതമായ സഹകരണ പ്രകടനം ഇവയെല്ലാം അതിന്റെ ചില ബഹിര്‍ പ്രകടനങ്ങള്‍ ആയിരിക്കും. ഇത്തരം പ്രശ്‌നങ്ങളും തേട്ടങ്ങളും പരിഹരിക്കാനും നേടിയെടുക്കാനും ഉള്ള വഴികളും രീതികളും അവരുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കാന്‍ എന്ത് വഴികളുണ്ട്? ഏറ്റവും ചുരുങ്ങിയത് ആശങ്കകളും അസ്വസ്ഥതകളും ലഘൂകരിക്കാനെങ്കിലും അവരെ സഹായിക്കുന്ന മാര്‍ഗങ്ങളെന്തെങ്കിലും ഉണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിനോടുള്ള സ്‌നേഹം അവരുടെ മനസ്സില്‍ ആഴത്തില്‍ ഉണ്ടാക്കിയെടുക്കുകയും അവനെ അവലംബിക്കാനും അവനോടു സഹായം തേടാനും അവരെ ശീലിപ്പിക്കുകയും ചെയ്യുകയെന്നതാണത്. 

തന്റെ ജീവിതത്തില്‍ തനിക്കേറ്റം ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചോദിക്കാതെ നല്‍കിയ അല്ലാഹുവിനു നമ്മോടുള്ള ഇഷ്ടം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് അവനെ തിരിച്ച് സ്‌നേഹിക്കേണ്ടതിന്റെ ബാധ്യത ബോധ്യപ്പെടുത്തുകയും ചെയ്യുക. കൂടാതെ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്നും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും അവര്‍ അറിഞ്ഞു വളരണം. ഇതിലൂടെ അവര്‍ക്ക് ജീവിത പ്രയാസങ്ങളെ നേരിടാന്‍ കഴിയും. അല്ലാഹുവിനെ അവലംബിക്കുന്നതിലൂടെ ജീവിതത്തില്‍ ഇറങ്ങി ഇടപെടാന്‍ അവരുടെ മനസ്സിന്ന് സ്‌ഥൈര്യം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് നബി(സ്വ)യുടെയും അനുചരന്മാരുടെയും ശൈലി. അവര്‍ പ്രയോഗിച്ചതും ശീലിപ്പിച്ചതും ഈ രീതി ശാസ്ത്രമാണ്. 

ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ''ഒരിക്കല്‍, ഞാന്‍ (കുട്ടിയായിരുന്ന കാലത്ത്) നബി(സ്വ)യുടെ  കൂടെ സഹയാത്രികനായിരുന്ന ഒരു ദിവസം നബി(സ്വ) എന്നോട് പറഞ്ഞു: 'ഏയ് കുട്ടീ! ഞാന്‍ നിനക്ക് ചില  വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ നിന്റെ കാര്യത്തില്‍ (സഹായിയായി) നിനക്കവനെ കാണാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ നീ അല്ലാഹുവോടു ചോദിക്കുക. നീ വല്ല സഹായവുംചോദിക്കുകയാണെങ്കില്‍ അവനോടു ചോദിക്കുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍  കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി'' (ഇമാം അഹ്മദ്, തിര്‍മിദി). ഇമാം തിര്‍മിദിയുടേതല്ലാത്ത നിവേദനകളില്‍ ഇത്ര കൂടിയുണ്ട്: ''നിന്റെ സുഭിക്ഷതയില്‍ നീ അവനെ അറിഞ്ഞാല്‍ (ഓര്‍ത്താല്‍) നിന്റെ പ്രയാസത്തില്‍ അവന്‍ നിന്നെ കണ്ടറിയും. അത് കൊണ്ട് നീ അറിയുക! നിന്നെ ബാധിച്ചതെന്തോ അതൊരിക്കലും നിന്നില്‍ നിന്ന് ഒഴിഞ്ഞു പോകുമായിരുന്നില്ല. നിന്നില്‍ നിന്നും ഒഴിഞ്ഞു പോയതെന്തോ അത് നിന്നെ ബാധിക്കുമായിരുന്നില്ല, അറിയുക, ക്ഷമയോെടാപ്പമാണ് ആശ്വാസം. പ്രയാസത്തോെടാപ്പമാണ് എളുപ്പമുള്ളത്.''

എത്ര ലളിതമാണ് ഈ നബിവചനം! എന്നാല്‍ ഈടുറ്റതാണ് അതിന്റെ ആശയം. ഈ വചങ്ങള്‍ നന്നായി മനസ്സിലാക്കുന്ന കുട്ടികള്‍ അവര്‍ക്ക് മുമ്പില്‍ വരുന്ന തടസ്സങ്ങള്‍ നീക്കി ജീവിത യാത്ര സുഖകരമാക്കാന്‍ പരിശ്രമിക്കുക സ്വാഭാവികമാണ്. അല്ലാഹുവിനെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും രക്ഷാബോധവും അവരെ മുന്നോട്ടു നയിക്കുകയും ധാര്‍മികതയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്; മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും. അല്ലാഹു പറയുന്നു: ''അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്'' (65:23).

ഈ ആദര്‍ം ഊട്ടപ്പെട്ടവരായിരുന്നു ഉത്തമ നൂറ്റാണ്ടിലെ മുസ്‌ലിംകള്‍. തദടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ഒരിക്കല്‍ അബ്ദുല്ലാഹിബിനു ഉമര്‍(റ) ഒരു യാത്രയിലായിരിക്കെ ആടുകളെ മേയ്ക്കുന്ന ഒരു കുട്ടിയുടെ അടുത്തെത്തി. അന്നേരം അവനോട് (അവനെ പരീക്ഷിക്കാനായി) ചോദിച്ചു: 'കുട്ടീ, ഇതില്‍ നിന്ന് ഒരാടിനെ എനിക്ക് വില്‍ക്കുമോ?' കുട്ടി പറഞ്ഞു: 'ഇത് എന്റെതല്ല.' അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ഇതില്‍ ഒന്നിനെ ചെന്നായ പിടിച്ചെന്ന് യജമാനനോട് പറഞ്ഞാല്‍ പോരേ?' അപ്പോള്‍ കുട്ടി തിരിച്ചു ചോദിച്ചു: 'അപ്പോള്‍ അല്ലാഹു എവിടെ?' (അവന്‍ കാണില്ലേ?). 

മറ്റൊരിക്കല്‍  ഉമര്‍(റ) ഖലീഫയായിരിക്കെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടെ നടന്നു പോയി. ഖലീഫ ഉമറിനെ കണ്ട കുട്ടികള്‍ ഓടിയകന്നു; ഒരു കൗമാരക്കാരനായ കുട്ടി ഒഴികെ. അത് കണ്ട് അത്ഭുതം തോന്നിയ ഉമര്‍(റ) ആ കുട്ടിയോട് മറ്റു കുട്ടികളെ പോലെ ഓടാതിരുന്നതിന്റെ കാരണം ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: 'ഞാന്‍ താങ്കളില്‍ നിന്ന് ഓടിയകലാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. താങ്കള്‍ക്ക് വഴിമാറിത്തരാന്‍ മാത്രം താങ്കളെ ഞാന്‍ (അന്യായമായി) ഭയപ്പെടുന്നുമില്ല.' (ഈ കൗമാരക്കാരന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു).

ഹൃദയത്തിനകത്ത് അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവും സ്ഥിരപ്രതിഷ്ഠ നേടുകയും ഞാന്‍ ലോകരക്ഷിതാവിന്റെ അടിമയാണെന്നും അവലംബിക്കാന്‍ അവനെക്കാള്‍ ശക്തിയും അര്‍ഹതയും മറ്റാരാര്‍ക്കുമിെല്ലന്നും അവന്റെ നിരീക്ഷണത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇവിടെ ഇടങ്ങളില്ലെന്നും ബോധ്യപ്പെട്ട് വളരുന്നുവരുന്ന കുട്ടികളുടെ യുവത്വവും വാര്‍ധക്യവും സുരക്ഷിതവും നിര്‍ഭയവുമായിരിക്കും. 

നാല്: പ്രവാചകനോടും അനുചരന്മാരോടും മനസ്സില്‍ സ്‌നേഹം നട്ടു വളര്‍ത്തുക.

മുകളില്‍ നാം പ്രതിപാദിച്ച വിശാസ വളര്‍ച്ചയുടെ ചുവട് വെപ്പുകളിലൂടെ ഇസ്‌ലാമിലെ സാക്ഷ്യ വചനത്തിന്റെ പ്രഥമ പാതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഈ ചുവട് വെപ്പിലൂടെ സാക്ഷ്യ വചനത്തിന്റെ മറുപാതി മനസ്സിലും ജീവിതത്തിലും സ്ഥായീഭാവം കൈവരിക്കുന്നു. 'അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെ'ന്നുമുള്ള സാക്ഷ്യവചന വേരുറക്കാന്‍ കേവല ദൈവബോധം മാത്രം മതിയാവില്ല. നമുക്കറിയാം, മനുഷ്യമനസ്സ് പൊതുവായും കുട്ടികളുടെ മനസ്സ് പ്രത്യേകിച്ചും തന്റെ ചുറ്റുപാടില്‍ ഒരു ശക്തനായ വ്യക്തിത്വത്തോടു സാമ്യപ്പെടാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നതാണ്. 

മുഹമ്മദ് നബി(സ്വ) പൂര്‍ണത കൈവരിച്ച വ്യക്തിത്വമാണ്. വിശ്വാസ ദാര്‍ഢ്യത്തിലും സ്വഭാവഗുണങ്ങളിലും കര്‍മങ്ങളിലുമെല്ലാം അനുപമമായ മാതൃകാവ്യക്തിത്ത്വമാണ് അദ്ദേഹത്തിന്റെത്. ആ പ്രവാചക വ്യക്തിത്വത്തെ മനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നു. അതിനായി പ്രവാചകനെയും അനുചരന്മാരെയും കുട്ടികള്‍ക്കു ചെറുപ്പം മുതലേ പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേവല പരിചയപ്പെടുത്തലല്ല, അനുകരിക്കാന്‍ താല്‍പര്യപ്പെടുംവിധംഇഷ്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പാരന്റിങ്.

ഏത് കുട്ടിയുടെയും മനസ്സില്‍ അവന്/അവള്‍ക്ക് വലിയതായി തോന്നുന്ന പല 'ക്യാറക്റ്ററു'കളുമുണ്ട്.  അവരുടെ 'ചുറ്റുപാട്' അവര്‍ക്ക് അവതരിപ്പിച്ച് നല്‍കുകയും അവയില്‍ കണ്ണും കാതും ഏറ്റവും കൂടുതല്‍ പരിചയപ്പെടുകയും ചെയ്യുന്നതില്‍ നിന്ന് അവര്‍ അത് കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവയോട് അവര്‍ക്ക് ആദരവും അനുകരണ ഭ്രമവും ഉണ്ടാവുക സ്വാഭാവികമാണ്. ഇവിടെ രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്, പ്രവാചകനെയും സ്വഹാബി വര്യന്മാരെയും അവര്‍ക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റുന്ന രൂപത്തിലുള്ള ചുവടുവെപ്പുകള്‍ നടത്തുക എന്നതാണ്. അവര്‍ ഇഷ്ടപ്പെടുന്ന 'വ്യക്തിത്വങ്ങള്‍' ആരോ അവരുടെ വിശ്വാസവും ജീവിത ശീലങ്ങളും മൂല്യങ്ങളും അവര്‍ക്ക് സ്വീകാര്യവും ഇഷ്ടവുമായി മാറുന്നു. തല്‍സ്ഥാനത്ത് പ്രവാചകനും സ്വഹാബികളുമാണെങ്കില്‍, അവരുടെ വിശ്വാസവും മൂല്യങ്ങളും കുട്ടികള്‍ക്ക് ആകര്‍ഷണീയമാവുകയും യാഥാര്‍ഥ്യബോധത്തോടെ അത് സ്വീകരിക്കുകയും ചെയ്യും. സത്യവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് അവര്‍ ആര്‍ജിച്ച വിജയങ്ങളും അവര്‍ നേരിട്ട പ്രയാസങ്ങളും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ശൈലിയില്‍ ലഭ്യമാക്കുന്നതിലൂടെ തത്തുല്യമായ ജീവത ാനുഭവങ്ങളെ അവര്‍ അതിനോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്നു. അത് വിശ്വാസപരമായി അവരുടെ മനസ്സിലും കര്‍മപരമായി അവരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നു.

ഇതിന്റെ മറ്റൊരു അര്‍ഥം, നമ്മുടെ മക്കളുടെ വിശ്വാസവും സംസ്‌കാരവും വളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍, പ്രവാചകനെക്കാളും സ്വഹാബികളെക്കാളും അനുകരിക്കപ്പെടേണ്ട മാതൃകകളായി മറ്റാരും അവരുടെ മനസ്സില്‍ പതിയാന്‍ ഇടവരുത്തരുതെന്നു കൂടിയാണ്. അഥവാ നന്മയുടെ 'ലഭ്യത'യോടപ്പം പൊള്ളയായതിന്റെ 'പ്രതിരോധം' കൂടിയാണ് ഇസ്‌ലാമിക് പാരന്റിങ്. 

മാനവികത, കാരുണ്യം, ത്യാഗം, കുട്ടികളോടും വൃദ്ധരോടുമുള്ള സ്‌നേഹം, മാതൃവാത്സല്യം, രോഗികളോടും മറ്റ് അവശ വിഭാഗങ്ങളോടുമുള്ള അനുകമ്പ തുടങ്ങിയവയുടെ പുറംതൊലികളില്‍ പൊതിഞ്ഞു കുഞ്ഞുമനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന പല വാര്‍പ്പ് മാതൃകകളും വിശ്വാസതലത്തിലോ നിത്യജീവിത ശൈലികളിലോ ഒരിക്കലും മാതൃകയാവണമെന്നില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ആളുകളുടെ പേരെഴുതാന്‍ കുട്ടികളോട് പറഞ്ഞു നോക്കൂ. ഒരു പക്ഷേ, അവരെഴുതുന്ന ആദ്യത്തെ അഞ്ചു പേരുകളിളൊന്നും ഉത്തമ മാതൃക ഉണ്ടെന്ന് അല്ലാഹു പറഞ്ഞ പ്രവാചകനോ സച്ചരിതരായ അനുചരരോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇസ്‌ലാമിക പേരന്റിംഗിലൂടെയുള്ള ചില 'മനപ്പൂര്‍വ' ഇടപെടലുകള്‍ വിശ്വാസികളായ രക്ഷിതാക്കളില്‍ നിന്നും  അധ്യാപകരില്‍ നിന്നും ഇസ്‌ലാം  ആവിശ്യപ്പെടുന്നത്.  അല്ലാഹുവിന്റെ തിരുദൂതനും അദ്ദേഹത്തെ പിന്‍പറ്റി ജീവിച്ച സച്ചരിതരായ വിശ്വാസി കളും തന്നെയാണ് മുതിര്‍ന്നവരില്‍ എന്ന പോലെ ഇളംതലമുറയുടെ മനസ്സിലും എക്കാലത്തെയും ഏറ്റവും വലിയ അത്ഭുത വ്യക്തിത്വങ്ങളായി (മാല്വശിഴ രവമൃമരലേൃ)െ നിലനില്‍ക്കേണ്ടത്. അതാണ് അല്ലാഹുവും റസൂലും നമ്മോട് ആവശ്യപ്പെടുന്നത്.

അനസ്(റ) പറയുകയാണ്: ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: 'എപ്പോഴാണ് അന്ത്യസമയം സംഭവിക്കുക?' അപ്പോള്‍ നബി(സ്വ) തിരിച്ച് ചോദിച്ചു: 'താങ്കള്‍ എന്താണ് മുന്നൊരുക്കം നടത്തിയത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവും റസൂലുമാണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവര്‍ എന്നതൊഴിച്ചാല്‍ മറ്റൊന്നും കാര്യമായി ഇല്ല.' നബി(സ്വ) പറഞ്ഞു: 'അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്.' അനസ്(റ) പറയുകയാണ്: 'നബിയുടെ ഈ (അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്) വചനം ഞങ്ങളെ സന്തോഷിപ്പിച്ചത്ര ഇസ്‌ലാം സ്വീകരണമല്ലാതെ ഞങ്ങളെ സന്തോഷിപ്പിച്ചിട്ടില്ല.' എന്നിട്ടദ്ദേഹം തുടര്‍ന്നു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദൂതരെയും അബൂബക്കറിനെയും ഉമറിനെയും ഏറ്റവും ഇഷ്ടപ്പെടുന്നു. അവരോടപ്പമാവാന്‍ ഞാന്‍ കൊതിക്കുകയും ചെയ്യുന്നു. അവരെ പോലെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും' (മുസ്‌ലിം, അഹ്മദ്).

നമ്മുടെ മക്കളുടെയും സ്വപ്‌നവും ചിന്തയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിലാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ വിജയം. കാരണം അവരത്രെ ഏറ്റവും നല്ല കൂട്ടുകാര്‍. അല്ലാഹു പറഞ്ഞ പോലെ; 'ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69).

0
0
0
s2sdefault