അല്ലാഹുവിന് നന്ദി കാണിക്കുക നാം

അശ്‌റു പുളിമ്പറമ്പ്

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

ഹംദ മോളുടെ പ്രിയപ്പെട്ട ഇത്താത്തയാണ് സഹദിയ.

ഇത്താത്തയുടെ കൂടെ ഭക്ഷണം കഴിക്കാനാണ് ഹംദ മോള്‍ക്ക് ഇഷ്ടം.

ഇണങ്ങിയും പിണങ്ങിയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ സഹദിയ കഥകള്‍ പറഞ്ഞു കൊടുക്കും.

അന്ന് സഹദിയ മദ്‌റസ വിട്ടു വന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഹംദ മോള്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു.

''ബിസ്മില്ലാഹ് എന്ന് പറഞ്ഞ് കൊണ്ട് മാത്രമെ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. നീ ബിസ്മി ചൊല്ലിയോ?'' സഹദിയ ചോദിച്ചു.

''ഇല്ല, ഞാന്‍ ചൊല്ലിയില്ല'' ഹംദ പറഞ്ഞു. 

അപ്പോള്‍ സഹദിയ പറഞ്ഞു: ''ബിസ്മി ചൊല്ലാന്‍ മറന്ന് ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ 'ബിസ്മില്ലാഹി അവ്വലുഹു വആഖിറുഹു' എന്നാണ് പറയേണ്ടത്. ഹംദ മോള്‍ അത് പോലെ പറഞ്ഞു.

''ബിസ്മില്ലാഹ്' എന്ന് എന്തിനാ പറയുന്നത്'' ഹംദ മോളുടെ സംശയം.

ഈ ചോദ്യം കേട്ടപ്പോള്‍ സഹദിയക്ക് ചിരിവന്നു. 

ഉസ്താദിനോട് ഇതേ ചോദ്യം സഹദിയ ചോദിച്ചിരുന്നു. 

ഉസ്താദ് പറഞ്ഞ മറുപടി ഓര്‍ത്തെടുത്ത് കൊണ്ട് സഹദിയ പറഞ്ഞു:

''അല്ലാഹുവാണ് നമുക്ക് ഭക്ഷണം തരുന്നത്. ഭക്ഷണം കഴിക്കാന്‍ ഉണ്ടായിട്ടും കഴിക്കാന്‍ കഴിയാത്തവരും ഭക്ഷണം കഴിക്കാന്‍ കിട്ടാതെ പ്രയാസപ്പെടുന്നവരും എത്രയോ ലോകത്തുണ്ട്. അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് ഭക്ഷണം. അതിനാല്‍ ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴുമെല്ലാം നാം അവന്റെ നാമത്തില്‍ ആരംഭിക്കണം.''

''ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരുടെ കാര്യം കഷ്ടമാ അല്ലേ, ഇത്താത്താ?'' 

''അതെ. ഇല്ലാത്തവരെ ഉള്ളവര്‍ സഹായിക്കണം.''

''പിന്നെ ഭക്ഷണം കഴിക്കുമ്പോള്‍ നാം എന്താണ് ശ്രദ്ധിക്കേണ്ടത്?''

''വലത് കൈകൊണ്ട് മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കുടിക്കുമ്പോഴും വലത് കൈ കൊണ്ട് മാത്രമേ പാടുള്ളൂ. നമുക്ക് ആവശ്യത്തിന് വേണ്ടുന്ന ഭക്ഷണമേ പ്ലേറ്റില്‍ എടുക്കാന്‍ പാടുള്ളൂ. ബാക്കിയാക്കി വെറുതെ കളയരുത്. പ്ലേറ്റിലുള്ളത് മുഴുവന്‍ കഴിച്ച് വിരലുകളില്‍ പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നക്കിത്തുടക്കണം.''

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഇത്താത്ത പറഞ്ഞു. 

''നേരത്തെ പറഞ്ഞത് ഓര്‍മയുണ്ടല്ലോ. ലോകത്ത് കുറേയാളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. കുറേയാളുകള്‍ ഭക്ഷണം ഉണ്ടായിട്ടും കഴിക്കാന്‍ പറ്റാതെ രോഗികളായി കിടക്കുന്നുണ്ട്. അല്ലാഹു നമുക്ക് ഭക്ഷണവും തന്നു; കഴിക്കാനുള്ള അവസരവും തന്നു. അതിനാല്‍ അല്ലാഹുവിന് നമ്മള്‍ നന്ദി പറയണം. അവനെ സ്തുതിക്കണം. ഇത്താത്ത പറയുന്നത് പോലെ മോളും പറയണം. അല്‍ഹംദുലില്ലാഹ്.''

''അല്‍ഹംദുലില്ലാഹ്'' ഹംദമോള്‍ അതേറ്റു പറഞ്ഞു.

0
0
0
s2sdefault