അക്വീക്വത്ത് ചില പാഠങ്ങള്‍

മുഹമ്മദ് സ്വാദിക്വ് അല്‍ മദനി

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന മക്കള്‍ ഉണ്ടാകണം എന്നത് ഏതൊരാളുടെയും അടങ്ങാത്ത ആഗ്രഹമാണ്. കുട്ടികളുടെ കലപിലകള്‍ ഇല്ലാത്ത കുടുംബം മൂകമാണെങ്കിലും അല്ലാഹുവിന്റെ പരീക്ഷണമായി അതിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് മുന്നോട്ടുള്ള ഗമനം പ്രയാസരഹിതമായിരിക്കും.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു.'' (അശ്ശൂറാ: 49,50)

സ്രഷ്ടാവിന്റെ സര്‍വ അനുഗ്രഹങ്ങളിലൂടെയും ജീവിക്കുന്ന വിശ്വാസിക്ക് സന്താനസൗഭാഗ്യം സിദ്ധിക്കുക വഴി അവനിലേക്ക് കൂടുതല്‍ അടുക്കുവാനും വിനീതനായിരിക്കുവാനും സാധിക്കണം.

കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുക, അനുഗ്രഹത്തിന് രക്ഷിതാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക, നല്ല പേര് വിളിക്കുക തുടങ്ങിയവയെപ്പോലെ തന്നെയാണ് കുഞ്ഞിന് വേണ്ടിയുള്ള അറവും.

എന്താണ് അക്വീക്വത്ത്?

കുഞ്ഞ് ജനിച്ച് ഏഴാം ദിവസം മുടി കളയുന്നതിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന അറവിന്നാണ് അക്വീക്വത്ത് എന്ന് പറയുക. അറവ് നടത്താന്‍ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് അക്വീക്വത്ത് ശക്തമായ സുന്നത്താണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം.

പ്രവാചകന്റെ സുന്നത്ത് പ്രാവര്‍ത്തികമാക്കുക, മകനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അത് ഏറ്റെടുക്കുവാന്‍ തയ്യാറായ ഇബ്‌റാഹീം നബി (അ)യെ അനുസ്മരിക്കുക, സാധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും അക്വീക്വയുടെ അംശം നല്‍കുന്നതിലൂടെ സന്തോഷം പങ്കിടുക തുടങ്ങിയ തത്ത്വങ്ങള്‍ ഇതില്‍ കാണാവുന്നതാണ്.

തെളിവും പ്രാധാന്യവും

സമുറത്ത് ബ്‌നു ജുന്‍ദുബ് (റ)വില്‍ നിന്നും നിവേദനം. നബി(സ) പറഞ്ഞു: ''ഓരോ കുഞ്ഞും ഏഴാം ദിവസം അറുക്കപ്പെടുന്ന അവന്റെ അക്വീക്വയുമായി പണയത്തിലാണ്. തല മുണ്ഡനം ചെയ്യപ്പെടുകയും പേര് വിളിക്കപ്പെടുകയും ചെയ്യും.'' (അബൂദാവൂദ്)

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി നബി(സ) ഈരണ്ട് ആടുകളെ അക്വീക്വത്ത് അറുത്തു.'' (അന്നസാഈ)

അറുക്കപ്പെടേണ്ട മൃഗം

പ്രവാചക കാലഘട്ടത്തില്‍ അറേബ്യന്‍ ഉപദ്വീപില്‍ ഒട്ടകം, ആട്, പശു എന്നിവയെല്ലാം ഉണ്ടായിരുന്നു. ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) നൂറ് ഒട്ടകങ്ങളെയാണ് ബലിയറുത്തത്. എന്നാല്‍ അക്വീക്വത്ത് അറവിനായി തിരുമേനി തിരഞ്ഞെടുത്തത് ആടിനെയാണ്. ഒട്ടകത്തെതാണ് അക്വീക്വത്ത് അറുക്കുവാന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും നടപ്പിലാക്കല്‍ പ്രയാസകരമാകുമായിരുന്നു. സാധാരണക്കാര്‍ക്ക് പോലും അറുക്കുവാന്‍ വലിയ പ്രയാസമില്ലാത്ത ആടിനെ അതിനായി നിശ്ചയിച്ചതില്‍ നിന്നും കഴിയുന്നത്ര ആളുകള്‍ പ്രസ്തുത കര്‍മം നിര്‍വഹിക്കണം എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

വയര്‍ നിറയെ ഭക്ഷണമില്ലാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ നബി(സ) തന്റെ പേരക്കിടാങ്ങളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് അക്വീക്വത്ത് അറുത്തിട്ടുണ്ട്. ഉദുഹിയ്യത്ത് അറുക്കുവാന്‍ ഏറ്റവും ഉത്തമമായ മൃഗം യഥാക്രമം ഒട്ടകം, പശു, ആട് എന്നിവയാണെങ്കിലും അക്വീക്വത്തിന് ഏറ്റവും യോഗ്യമായത് ആട് തന്നെയാണ്. കാരണം, നബി(സ)യില്‍ നിന്നും അതാണ് സ്ഥിരപ്പെട്ട് വന്നിരിക്കുന്നത്.

ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടും എന്ന തോതിലാണ് അറുക്കേണ്ടത്. നബി(സ) പറഞ്ഞു: ''ആണ്‍കുട്ടിക്ക് (പ്രായത്തിലും ഭംഗിയിലും) സമമായ രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടുമാണ് (ആക്വീക്വത്ത് അറുക്കേണ്ടത്).'' ഒരാള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതിനാല്‍ രണ്ട് ഉരുവിനെയാണ് അറുക്കേണ്ടതെങ്കിലും അയാള്‍ക്ക് ഒരാടിനെ അറുക്കുവാനുള്ള സാമ്പത്തിക ശേഷി മാത്രമേയുള്ളൂവെങ്കില്‍ അവന്‍ ഒന്നിനെയെങ്കിലും അറുക്കുകയാണ് വേണ്ടത്.

ശൈഖ് ഉഥൈമീന്‍ (റഹി) പറഞ്ഞു: ''ഒരാള്‍ക്ക് ഒരു ആട് മാത്രമേയുള്ളൂവെങ്കില്‍ അത് കൊണ്ട് അവന്‍ ലക്ഷ്യം നേടി. എന്നാല്‍ അല്ലാഹു ഒരാളെ ധന്യനാക്കിയാല്‍ ഏറ്റവും ഉത്തമം അവന്‍ രണ്ടെണ്ണത്തെ അറുക്കലാണ്'' (ശറഹുല്‍ മുംതിഅ്).

തീരെ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ കടം വാങ്ങി അത് നിര്‍വഹിച്ചാല്‍ വീട്ടുവാന്‍ സാധിക്കുകയില്ല എന്ന് തോന്നുന്നുവെങ്കില്‍ അപ്പോള്‍ അറുക്കാതിരിക്കാം. അല്‍പ കാലം കഴിഞ്ഞ് അക്വീക്വത്ത് നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ ആ സമയം വരെ കാത്തിരിക്കുകയാണ് അയാള്‍ ചെയ്യേണ്ടത്.

ആര് അറുക്കണം?

രക്ഷിതാവില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളില്‍ ഒന്നാണ് അക്വീക്വത്ത് എന്നതു കൊണ്ട് തന്നെ അത് അറുക്കുവാനുള്ള ചെലവ് വഹിക്കേണ്ടത് അദ്ദേഹം തന്നെയാണ്. മറ്റുള്ളവര്‍ അറുക്കുന്നതിനെക്കാള്‍ ഉത്തമം അയാളുടെ കൈകൊണ്ട് അറുക്കുന്നതുമാണ്.

അറുക്കേണ്ട സമയം

കുഞ്ഞ് ജനിച്ച് ഏഴാം ദിവസമാണ് അക്വീക്വത്ത് അറുക്കേണ്ടത് എന്ന് വ്യക്തമായി. അന്നേ ദിവസം അതിന് സാധിച്ചിട്ടില്ലെങ്കില്‍ മറ്റുള്ള ഏത് സമയത്തേക്കും അത് നീട്ടി വെക്കുകയാണ് വേണ്ടത്. കല്‍പനകള്‍ എത്രയും പെട്ടെന്ന് നിര്‍വഹിക്കണമെന്നാണ് ആവശ്യപ്പെടുന്നത് എന്നതിനാല്‍ അകാരണമായി അതിനെ വൈകിപ്പിച്ചു കൂടാ. പതിനാല്, ഇരുപത്തി ഒന്ന് എന്നിങ്ങനെയുള്ള ദിവസങ്ങള്‍ പ്രത്യേകമായി തെരഞ്ഞെടുക്കേണ്ടതുമില്ല.

പ്രായപൂര്‍ത്തി എത്തിയിട്ടും ഒരാള്‍ക്ക് അക്വീക്വത്ത് അറുത്തിട്ടില്ലെങ്കില്‍ അയാള്‍ തനിക്ക് വേണ്ടി അറുക്കുന്നതിന് വിരോധമില്ല. അനസ്(റ)വില്‍ നിന്ന് നിവേദനം: ''നബി(സ) പ്രവാചകത്വത്തിന് ശേഷം സ്വന്തത്തിന് വേണ്ടി അക്വീക്വത്ത് അറുക്കുകയുണ്ടായി'' (മുസ്വന്നഫ് അബ്ദുറസാഖ്).

ഇബ്‌നു സീരീന്‍ (റഹി) പറഞ്ഞു: ''എനിക്കു വേണ്ടി അക്വീക്വത്ത് അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞാന്‍ എനിക്കു വേണ്ടി അറുക്കുന്നതാണ്.'' (ഇബ്‌നു ഇബീ ശൈബ).

ഗര്‍ഭസ്ഥ ശിശുവിന് നാല് മാസം പൂര്‍ത്തിയായതിന് ശേഷമാണ് മരണപ്പെട്ടതെങ്കില്‍ പേരിടുക, കഫന്‍ ചെയ്യുക, മറമാടുക എന്നീ കര്‍മങ്ങല്‍ നടത്തേണ്ടതാണ്. അതു പോലെ അക്വീക്വത്തും അറുക്കാവുന്നതാണ്.

അറുക്കുന്ന വേളയില്‍

''ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍, അല്ലാഹുമ്മ മിന്‍ക, വലക ഹാദിഹി അക്വീക്വത്തു ഫുലാന്‍'' (അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, ഇത് നിന്നില്‍നിന്നാണ്; നിനക്കുമാണ്. ഇന്നാലിന്നവനുള്ള അക്വീക്വയാണിത്) എന്നാണ് ചൊല്ലേണ്ടത്.

ആര്‍ക്ക് വിതരണം ചെയ്യണം?

ശൈഖ് ഇബ്‌നു ബാസ് (റഹി) പറഞ്ഞു: ''അതിന്റെ ഉടമക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അയാള്‍ക്ക് വേണമെങ്കില്‍ കുടുംബങ്ങള്‍, കൂട്ടുകാര്‍, ദരിദ്രര്‍ എന്നിവര്‍ക്കിടയില്‍ മാംസമായി വിതരണം നടത്തുകയോ അല്ലെങ്കില്‍ അത് പാചകം ചെയ്ത് അവരെ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്.''

അതുപോലെ വീട്ടുകാര്‍ക്ക് അതില്‍ നിന്ന് ഭക്ഷിക്കലും അനുവദനീയമാണ്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് കൊണ്ട് അറുക്കപ്പെടുന്നവയില്‍ നിന്ന് അറുക്കുന്നവന്‍ ഭക്ഷിക്കണമെന്നതിന് പണ്ഡിതന്‍മാര്‍ സൂറത്തുല്‍ ഹജ്ജിലെ 28-ാം സൂക്തം തെളിവായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ആരാധനകളില്‍ കൂട്ടുവാനോ, കുറക്കുവാനോ ഉള്ള അവകാശം സൃഷ്ടികള്‍ക്ക് ഇല്ലാത്തിനാല്‍ അക്വീക്വത്ത് പണമായി കൊടുക്കാതെ അറുത്ത് നല്‍കേണ്ടതാണ്. പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കപ്പെടുന്ന ഒരു കര്‍മമാകയാല്‍ മറ്റ് നാടുകളില്‍ അറുക്കുവാനായി ഏല്‍പിക്കാതിരിക്കുകയാണ് വേണ്ടത്.

മറ്റു മതസ്ഥര്‍ക്കിടയില്‍ ജീവിക്കുന്ന നമ്മള്‍ അവരുമായി നീതിയിലും പുണ്യത്തിലുമാണ് വര്‍ത്തിക്കേണ്ടത് എന്നതിനാല്‍ അക്വീക്വത്തിന്റെ മാംസം അവര്‍ക്ക് നല്‍കുന്നതിന് വിരോധമൊന്നുമില്ല.

ജാഹിലിയ്യ കാലഘട്ടത്തില്‍ അക്വീക്വത്തിനോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ചില മോശമായ സമ്പ്രദായങ്ങളെ നബി(സ) വിരോധിച്ചു.

ബുറൈദ(റ) പറയുന്നു: ''ജാഹിലിയ്യത്തില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നാല്‍ ഒരു ആടിനെ അറുക്കുകയും അതിന്റെ രക്തം കുഞ്ഞിന്റെ തലയില്‍ പുരട്ടുകയും ചെയ്യുമായിരുന്നു. ഇസ്‌ലാം സമാഗതമായപ്പോള്‍ ഞങ്ങള്‍ ആടിനെ അറുക്കുകയും തലയില്‍ കുങ്കുമം തേക്കുകയും ചെയ്തു.'' (അബൂദാവൂദ്)

ആഇശ(റ) പറയുന്നു: ''ജാഹിലിയ്യത്തില്‍ കുഞ്ഞ് പിറന്നാല്‍ അക്വീക്വ അറുക്കുകയും രക്തത്തില്‍ തുണി മുക്കി കുഞ്ഞിന്റെ തലയില്‍ വെക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: അതിന്റെ സ്ഥാനത്ത് നിങ്ങള്‍ സുഗന്ധക്കൂട്ട് വെക്കുക'' (ഇബ്‌നു ഹിബ്ബാന്‍).

അക്വീക്വയോടനുബന്ധിച്ച് മുടി കളയുമ്പോള്‍ അത്തരം സുഗന്ധം കുഞ്ഞിന്റെ തലയില്‍ വെക്കാവുന്നതാണ്.

0
0
0
s2sdefault