ഐ.എസ് മലയാളിയുടെ കലാപാഹ്വാനം: മുസ്‌ലിംകള്‍ക്ക് പറയാനുള്ളത്...

സി.പി സലീം

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സൗഹാര്‍ദത്തോട് കൂടി മുമ്പോട്ട് പോകാനാഗ്രഹിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ വ്യത്യസ്ത മതക്കാരായ ബഹുഭൂരിഭാഗം ജനങ്ങളും. എന്നാല്‍ ഈയൊരു ഐക്യത്തെ ഇല്ലാതാക്കുവാന്‍ വര്‍ഗീയ ചിന്താഗതിക്കാരും തീവ്രവാദികളും അവരുടേതായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് ഇന്ത്യയുടെ ചരിത്രത്തിലെമ്പാടും നമുക്ക് കാണാനാവുന്നതാണ്. സാമ്രാജ്യത്വ ശക്തികളെ സന്തോഷിപ്പിച്ച് കൊണ്ട് ഈ അടുത്തകാലത്ത് കടന്നുവന്ന കൊലയാളി സംഘമായ ഐ.എസ്.ഐ.എസില്‍ നിന്നും ഒരു മലയാളി അയക്കുന്നതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രപഞ്ച സ്രഷ്ടാവ് മാനവരാശിയുടെ ഇഹപരമോക്ഷത്തിനായി അവതരിപ്പിച്ച, 14 നൂറ്റാണ്ടായി മാനവ ഐക്യത്തിനും മനുഷ്യസ്‌നേഹത്തിനും നിദാനമായി നിലകൊള്ളുന്ന വിശുദ്ധ ക്വുര്‍ആനിലെ ചില വചനങ്ങളെ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുകയാണതില്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ഇതിന്റെ യാഥാര്‍ഥ്യം നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. 

ആ ഓഡിയോ സന്ദേശം തുടങ്ങുന്നതുതന്നെ ദൗലത്തുല്‍ ഇസ്‌ലാമില്‍ നിന്ന് അഥവാ ഇസ്‌ലാമിക ഭരണ സംവിധാനമുള്ള നാട്ടില്‍നിന്നും മലയാളികള്‍ക്കുള്ള 50ാമത്തെ സന്ദേശം എന്നു പറഞ്ഞുകൊണ്ടാണ്. ഇതുതന്നെയാണ് ഇവരുടെ ഏറ്റവും വലിയ പിഴവും. ഐസിസ് ഇസ്‌ലാമികമായൊരു സംഘമാണെന്നോ, അവരുടെ നിയന്ത്രണമുള്ള സ്ഥലം ഇസ്‌ലാമിക ഭരണ/നടപടിക്രമങ്ങള്‍ ഉള്ള രാജ്യമാണെന്നോ ലോകത്തിലെ പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആരും തന്നെ അംഗീകരിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, മതത്തില്‍നിന്ന് തെറിച്ചുപോയവര്‍ എന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ച, പ്രവാചക വിയോഗത്തിനു ശേഷം മുസ്‌ലിംകള്‍ക്കിടയില്‍ കലാപങ്ങളും കൊടും ക്രൂരമായ കൊലപാതകങ്ങളും നടത്തിയ ഖവാരിജുകളുടെ ആധുനിക രൂപമാണ് ഐസിസ് എന്നാണ് പണ്ഡിതലോകം വിലയിരുത്തുന്നത്. സൗദി അറേബ്യയിലെ ഉന്നതപണ്ഡിതസഭയായ ലജ്‌നതുദ്ദാഇമയുടെ, സമാനമായ മതവിധി ലോകം അറിഞ്ഞതുമാണ്. 2015ലെ ഹജ്ജിന്റെ വേളയില്‍ ലോകത്തുനിന്നുള്ള വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന അറഫാ സംഗമത്തിലെ പ്രസംഗത്തില്‍ സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ആലു ശയ്ഖ് ഇത് ലോക വിശ്വാസികളെ ഉണര്‍ത്തുകയും ചെയ്തു. ഓരോ മുസ്‌ലിമും ഐസിസിനെതിരെ തന്നെക്കൊണ്ടാകുന്നത് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തങ്ങളുടെ വാദങ്ങളും കൊലവിളിക്കായി തങ്ങള്‍ നടത്തുന്ന ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളും കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അംഗീകരിക്കാത്തതിനാല്‍ അവരൊക്കെയും കപടന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ സംസാരം അവസാനിപ്പിക്കുന്നത്. കേരളത്തിലെ മതസംഘടനകളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് അവരൊന്നും യഥാര്‍ഥ മുസ്‌ലിംകളല്ലെന്നും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും പറയുന്നു ഈ ഭീകരന്‍! ഭീകരന്റെ ഈ പരാമര്‍ശം അഭിമാനത്തോട് കൂടി തന്നെയാണ് കേരളത്തിലെ ഓരോ മുസ്‌ലിമും കേട്ടിട്ടുണ്ടാവുക എന്നത് തീര്‍ച്ചയാണ്. ഈ 'കൊലയാളിക്കൂട്ടം' ധരിച്ചു വെച്ചിരിക്കുന്ന ഇസ്‌ലാമല്ല കേരളത്തിലെ മുസ്‌ലിംകള്‍ ഇസ്‌ലാമായി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത് എന്നതിനെക്കാള്‍ വലിയ എന്ത് അംഗീകാരമാണ് ഇനി കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ലഭിക്കാനുള്ളത്?!

വിവിധ മതവിശ്വാസികള്‍ക്കിടയില്‍ പരസ്പരമുള്ള തെറ്റുധാരണകള്‍ തിരുത്തുവാന്‍ വേണ്ടി നടത്തപ്പെടുന്ന സ്‌നേഹ സംഗമങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ആ ക്ലിപ്പില്‍. മനുഷ്യമനസ്സുകളെ തമ്മിലടിപ്പിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇയാളുടെ വാദങ്ങള്‍ എത്രത്തോളം വഴിപിഴച്ചതാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് അടിസ്ഥാന അറിവുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല. 

ഇവിടെയുള്ള അമുസ്‌ലിംകളെ വധിച്ചുകളയുവാന്‍ ക്വുര്‍ആന്‍ കല്‍പിക്കുന്നു എന്നു പറഞ്ഞ് വിശുദ്ധ ക്വുര്‍ആനിലെ 2ാം അധ്യായത്തിലെ 193ാം വചനത്തിലെ ഒരു ഭാഗം മാത്രം ഉദ്ധരിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഈ വചനം മുഴുവന്‍ വായിച്ചാല്‍ തന്നെ യാഥാര്‍ഥ്യം ബോധ്യമാകും. 'മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം നടത്തിക്കൊള്ളുക' എന്ന തുടക്കഭാഗം മാത്രം ഉദ്ധരിച്ച് അവിശ്വാസികളെ കൊല്ലാനാണ് ഇവിടെ പറയുന്നത് എന്നാണയാളുടെ വാദം. എന്നാല്‍ ആ വചനം മുഴുവനായി നമുക്കൊന്ന് പരിശോധിക്കാം:

''മര്‍ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല'' (ക്വുര്‍ആന്‍ 2:193).

യുദ്ധരംഗത്ത് ശത്രുക്കളോടുണ്ടാകേണ്ട സമീപനമാണിവിടെ പഠിപ്പിക്കുന്നത്. കുഴപ്പങ്ങള്‍ അവസാനിക്കുന്നത് വരെ യുദ്ധം ചെയ്യുക, എന്നാല്‍ ആരെങ്കിലും വിരമിച്ചാല്‍ അവര്‍ക്കെതിരെ യാതൊരു കയ്യേറ്റവും പാടില്ല എന്ന നീതിയുടെ നിലപാടിനെയാണിവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്. 

യാതൊരു യുദ്ധ സാഹചര്യവുമില്ലാത്ത, പല മതസ്ഥരും ഒന്നിച്ച് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഈ വചനങ്ങള്‍ പ്രായോഗികമാക്കണമെന്ന് പറയുന്നതിലെ വിരോധാഭാസം ചെറുതല്ല. യുദ്ധ രംഗത്ത് നിന്നും പിന്തിരിയുന്നവരോട് യുദ്ധം ചെയ്യരുതെന്ന് കല്‍പിക്കുന്ന ഒരു വചനം എങ്ങനെയാണ് തങ്ങളുമായി സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ഈ നാട്ടിലെ മനുഷ്യരെ അക്രമിക്കുവാന്‍ തെളിവായി മാറുന്നത്? ലോകത്തിന്റെ എല്ലാഭാഗത്തും എല്ലാ കാലത്തും പ്രമാണമാവേണ്ട ക്വുര്‍ആനില്‍ യുദ്ധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിപ്പിക്കുന്ന വചനങ്ങളുണ്ടാവുക സ്വാഭാവികമാണ്. ക്വുര്‍ആനില്‍ മാത്രമല്ല മറ്റു മതഗ്രന്ഥങ്ങളിലും യുദ്ധവുമായി ബന്ധപ്പെട്ട വചനങ്ങള്‍ കാണാവുന്നതാണ്.

ഈ വനത്തിന്റെ തൊട്ടുമുമ്പുള്ള രണ്ടു വചനങ്ങള്‍ പരിശോധിച്ചാല്‍ കാര്യം ഒന്നുകൂടി വ്യക്തമാകും. 

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ'' (ക്വുര്‍ആന്‍ 2:190).

നിങ്ങേളാട് യുദ്ധം ചെയ്യുന്നവരുമായി യുദ്ധം ചെയ്യുവാനാണ് ക്വുര്‍ആന്‍ പറയുന്നത്. അപ്പോഴും പരിധി ലംഘിക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്യുന്നു. അടുത്ത വചനവും നോക്കുക:

''അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദനം കൊലയെക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.''

അവര്‍ നിങ്ങളെ താമസസ്ഥലത്തുനിന്നും പുറത്താക്കിയിരിക്കുന്നു. അവര്‍ നടത്തുന്ന മര്‍ദനങ്ങളും കുഴപ്പങ്ങളും കൊലയെക്കാള്‍ ക്രൂരമാണ്. അതിനാല്‍ വിശ്വാസ സംരക്ഷണത്തിനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും വേണ്ടി യുദ്ധത്തിന്റെ സാഹചര്യം വന്നാല്‍ അവിടെ അക്രമികളെ സായുധമായി തന്നെ നേരിടേണ്ടതുണ്ട് എന്നും യുദ്ധക്കളത്തില്‍ എതിര്‍ഭാഗത്തുള്ള പോരാളിയെ കണ്ടേടത്തു വെച്ച് കൊല്ലണം എന്നുമുള്ള വചനങ്ങളെ സമാധാനത്തോടെ ജീവിക്കുന്ന സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുവാന്‍ തെളിവായി ഉദ്ധരിക്കുന്നത് പച്ചയായ ദുര്‍വ്യാഖ്യാനമല്ലാതെ മറ്റെന്താണ്?!

ഐക്യത്തോടെയും സ്‌നേഹത്തോടെയും കഴിയുന്ന ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് പ്രധിരോധിക്കുവാന്‍ നമ്മള്‍ തയ്യാറാകണം. 

പ്രവാചകനും അനുയായികളും മദീനയിലുള്ള സമയത്താണ് ഈ വചനങ്ങളൊക്കെയും അവതരിച്ചത്. മക്കയിലെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് അവര്‍ മദീനയിലെത്തിയത്. 13 വര്‍ഷത്തെ കൊടിയ പീഡനങ്ങള്‍ക്കിടയില്‍ ചെറുതായിട്ടുപോലും തിരിച്ചൊന്നും അവര്‍  ചെയ്തിട്ടില്ല. തങ്ങളുടെ നാടും വീടും സ്വത്തുക്കളുമെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്ത് മദീനയില്‍ സമാധാനത്തോടു കൂടെ കഴിയുകയായിരുന്നു പ്രവാചകനും അനുയായികളും. അവിടെയും അവരെ ആക്രമിക്കുവാന്‍ മക്കയില്‍നിന്നെത്തിയവര്‍ക്കെതിരെ നിലനില്‍പിനായി യുദ്ധം ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്ന വചനങ്ങള്‍ ചൂണ്ടിക്കാട്ടി യാതൊരു യുദ്ധസാഹചര്യവുമില്ലാത്ത ഇന്ത്യയില്‍ അക്രമം കാണിക്കുവാന്‍ ആഹ്വാനം ചെയ്യുന്നവരുടെ ഉദ്ദേശം വ്യക്തമാണ്. ഈ വചനങ്ങള്‍ ജനങ്ങളെ ഓതിക്കേള്‍പിച്ച പ്രവാചകന്നോ, അതുകേട്ട അനുയായികള്‍ക്കോ അറിയാത്ത ഒരു വിശദീകരണമാണിത്. നിരപരാധികള്‍ കൂടിച്ചേരുന്നിടത്ത് ആക്രമണം നടത്തി കൊലചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് ക്വുര്‍ആനില്‍നിന്ന് എന്ത് തെളിവുകള്‍ ലഭിക്കുക?

ഇന്ത്യയില്‍ ആരാധന നടത്തുവാന്‍ സ്വാതന്ത്ര്യമില്ലെന്ന കളവ് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ആചാരങ്ങള്‍ അനുഷ്ഠിക്കുവാനും പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍ എവിടെയാണ് അയാള്‍ പറയുന്ന തടസ്സങ്ങള്‍ ഉള്ളത്? ഇന്ത്യ ഭരിക്കുന്നത് ഹിന്ദുക്കളാണെന്നും ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ ഒരു മുസ്‌ലിമിന് അംഗീകരിക്കുവാന്‍ പറ്റില്ലെന്നും പറയുന്ന ഇവര്‍ ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമായ മൗലാനാ അബുല്‍ കലാം ആസാദിലേക്കും കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതരും സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന കെ.എം. മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരെക്കുറിച്ചോര്‍ക്കുന്നത് നന്നായിരിക്കും. സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതോടൊപ്പം ഇവിടെയുള്ള മറ്റുമതസ്തരായ നേതാക്കളോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരാണ് അവര്‍. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹം തന്നെയാണ്.

ആ അനുഗ്രഹത്തിന് സ്രഷ്ടാവിനോട് നന്ദി കാണിച്ച്, സ്വാതന്ത്ര്യം ഉപയോഗിച്ച് ഈ മഹത്തായ ആദര്‍ശം പരമാവധി പേരിലേക്ക് എത്തിക്കുവാനുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വാപൃതരാകേണ്ടവരാണ് മുസ്‌ലിംകള്‍. 'സ്‌നേഹ സംവാദങ്ങളിലൂടെ വര്‍ഷത്തിലൊരാള്‍ മുസ്‌ലിമായാല്‍ അതേ ഉള്ളൂ' എന്ന മലയാളി ഭീകരന്റെ പരിഹാസം ദശക്കണക്കിനു വര്‍ഷങ്ങള്‍ പ്രബോധനം ചെയ്ത് വിരലിലെണ്ണാവുന്ന അനുയായികളെ മാത്രം ലഭിച്ച പ്രവാചകന്മാരുടെ ചരിത്രം അറിയാത്തതില്‍നിന്നും ഉല്‍ഭവിച്ചതാണ്.മതത്തില്‍ നിര്‍ബന്ധിച്ച് ഒരാളെയും ചേര്‍ക്കേണ്ട ഉത്തരവാദിത്തം ഇല്ല, ഉദ്ബാധനം മാത്രമാണ് ഉത്തരവാദിത്തം എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് ഇവര്‍ അറിയാതെ പോകുന്നു.  ഇസ്‌ലാം എന്തെന്നോ ജിഹാദ് എന്തെന്നോ ഒന്നും മനസ്സിലാകാത്ത, മനസ്സിന് വിഭ്രാന്തി ബാധിച്ച ഏതോ ഒരു രക്തക്കൊതിയന്റെ പിച്ചും പേയും മാത്രമാണത്! 

ഇസ്‌ലാം എന്താണെന്ന് പ്രാമാണികമായി പഠിക്കൂ, ക്വുര്‍ആനില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച വചനത്തിന് മുമ്പുള്ള രണ്ടു വചനങ്ങളെങ്കിലും മനസ്സിരുത്തിയൊന്ന് വായിക്കൂ, ഈ മഹത്തായ മതം പഠിപ്പിക്കുന്ന മൂല്യങ്ങള്‍ തിരിച്ചറിയൂ, അങ്ങനെ യഥാര്‍ഥ ഇസ്‌ലാമിലേക്ക് കടന്നു വരൂ എന്ന് മാത്രമാണ് ഓരോ മലയാളിക്കും വേണ്ടി ഇത്തരക്കാരോട് ആവശ്യപ്പെടാനുള്ളത്!

0
0
0
s2sdefault