ഐസിസും മുസ്‌ലിം സംഘടനകളും തമ്മിലെന്ത്?!

പി.വി.എ പ്രിംറോസ്

2017 നവംബര്‍ 04 1439 സഫര്‍ 15
വിമര്‍ശകരുടെ തലയരിഞ്ഞും സ്വന്തത്തേതല്ലാത്ത മുഴുവന്‍ സംഹരിച്ചും മതപ്രമാണങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ പേരുടേയും മനസ്സില്‍ തീ കോരിയിട്ട് സമൂഹത്തില്‍ കിനാവള്ളി പോലെ പടര്‍ന്നുകയറുകയാണ് ഭീകരവാദ സംഘടനയായ ഐസിസ്. ഐസിസ് വാര്‍ത്തകളില്‍ മലയാളമഷി പുരളുമ്പോഴെല്ലാം അതിനെ ഏതെങ്കിലുമൊരു സംഘടനയോട് ചേര്‍ത്തിപ്പറയാന്‍ ചില മാധ്യമങ്ങള്‍ക്ക് അനല്‍പമായ വ്യഗ്രതയാണ്. എന്താണ് ഇതിന് പിന്നിലെ ചേതോവികാരം? ആരാണ് ഐസിസിനെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നത്? വസ്തുനിഷ്ഠമായ അന്വേഷണം.

മാലിവനിതകള്‍ വഴി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാക്കിസ്ഥാനിനും URL ഏവിയേഷന്‍ വഴി വികാസ് എഞ്ചിന്റെ സാങ്കേതിക വിദ്യ റഷ്യക്കും കൈമാറി എന്ന പേരില്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച് ജയിലിലടക്കുകയും ചാരപ്രവര്‍ത്തനങ്ങളുടെ അപസര്‍പ്പകകഥകള്‍ രചിച്ച് മാധ്യമങ്ങളും ഭരണകൂടവും വേട്ടയാടുകയും ചെയ്ത മുന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സീനിയര്‍ എഞ്ചിനീയര്‍ നമ്പി നാരായണന്റെ ആത്മകഥയായ 'ഓര്‍മകളുടെ ഭ്രമണപഥത്തി'ന്റെ പ്രകാശനം ഒക്ടോബര്‍ 26ന് നടന്നപ്പോള്‍ അതില്‍ ചര്‍ച്ചയായ ഒരു പ്രധാന വിഷയമായിരുന്നു പോലീസുകാര്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത രീതി.

സുഹൃത്തായ ഒരു മുസ്‌ലിമിന്റെ പേര് പറയാനാവശ്യപ്പെടുകയും വെറ്ററിനറി സര്‍ജന്‍ അബൂബക്കറിന്റെ പേര് പറയുകയും ചെയ്ത നമ്പി നാരായണനോട്, പാക്കിസ്ഥാന് കൈമാറിയ ഐ.എസ്.ആര്‍.ഒയുടെ ഡോക്യുമെന്റ്‌സില്‍ ഏതെല്ലാമാണ് അബൂബക്കറിന്റെ കയ്യില്‍ കൊടുത്തേല്‍പിച്ചത് എന്ന് അന്വേഷിച്ചപ്പോഴാണ് പോലീസ് തയ്യാറാക്കാനിരിക്കുന്ന തിരക്കഥയുടെ പൂര്‍ണ രൂപം അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. 

രാജ്യം ഏറെ ആദരിക്കുന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍ യു.ആര്‍. റാവുവിന്റെയും കൂടെ ജോലി ചെയ്യുകയും രാജ്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഒരു ശാസ്ത്രജ്ഞനെ പാക്കിസ്ഥാന്‍ ചാരസംഘടനയുമായി ബന്ധിപ്പിക്കാന്‍ കേരള പോലീസ് സ്വീകരിച്ച തന്ത്രങ്ങളെ കുറിച്ച് കേട്ടപ്പോള്‍ കേരളത്തില്‍ പുതുതായി നടന്ന തീവ്രവാദ പലായനങ്ങളെയും അതിനോട് ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്ന നിലപാടുകളെയും കുറിച്ച് അറിയാതെ ആലോചിച്ചു പോയി.

ലോകത്ത് ഇന്നുള്ളതില്‍ വെച്ചേറ്റവും വലിയ തീവ്രവാദ സംഘടനയാണ് ഐ.എസ്.ഐ.എസ്. തീര്‍ച്ചയായും അതില്‍ മെമ്പര്‍മാരാവാന്‍ കച്ച കെട്ടിയിറങ്ങിയവരെ ഏറ്റവും കഠിനമായും മാതൃകാപരമായും ശിക്ഷിക്കണമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ കേരളത്തില്‍നിന്നടക്കം ഇങ്ങനെ പിടികൂടിയവര്‍ക്ക് സൈദ്ധാന്തിക അടിത്തറ സ്ഥാപിച്ചു നല്‍കാന്‍ ശ്രമിക്കുകയും സംഘടനാ ലേബല്‍ പതിച്ച് കൊടുക്കുകയും ചെയ്യുന്നത് ഏത് 'മുഖ്യധാരാ' മാധ്യമങ്ങളായാലും അത് തീവ്രവാദത്തിന് വളംവെക്കലും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ക്ക് കരുത്ത് പകരലുമാണെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിയൊന്നും വേണ്ട.

മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി വിദേശ രാജ്യങ്ങള്‍ അവരുടെ ചെലവില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കാറുള്ള പ്രഭാഷണങ്ങള്‍ക്ക് പത്ത് വര്‍ഷം മുമ്പ് കുറ്റാരോപിതര്‍ കേള്‍വിക്കാരായി എത്തി എന്നതിന്റെ പേരില്‍, അന്നവിടെ പ്രഭാഷണം നടത്തി എന്ന് പറയപ്പെടുന്നവര്‍ ഉള്‍ക്കൊള്ളുന്ന-അന്ന് രൂപീകരിച്ചിട്ടില്ലാത്ത-സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന 'മാധ്യമ ധാര്‍മികത' അവാര്‍ഡിനര്‍ഹമാണെന്ന് പറയാതെ വയ്യ!

തീവ്രവാദഭീകരവാദ ഭീഷണികളെ കേരളസമൂഹം, വിശിഷ്യാ മുസ്‌ലിം സമുദായം ഗൗരവപരമായി നോക്കിക്കണ്ട് പ്രായോഗിക പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതിനു പകരം ചില സംഘടനകളെയും വ്യക്തികളെയും പ്രതി ചേര്‍ക്കാന്‍ വ്യഗ്രത കാണിക്കുകയും അതിനെതിരായി പ്രവര്‍ത്തിക്കുന്ന ആദര്‍ശ സംഹിതകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത സമുദായഗാത്രത്തില്‍ വിഭാഗീയതയും ഛിദ്രതയും പടര്‍ത്താനേ ഉപകരിക്കൂ എന്നതില്‍ സംശയമില്ല. ഇസ്‌ലാമിന്റെ പേരില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില തീവ്രവാദ സംഘങ്ങള്‍ക്ക് മതരാഷ്ട്രവാദം നെഞ്ചേറ്റുന്ന പല പ്രസ്ഥാനങ്ങളുടെയും പണ്ഡിതന്‍മാരുടെയും ദാര്‍ശനിക പിന്തുണയുണ്ടെന്നത് നേരാണ്. എന്നാല്‍ അതിന്റെ മറ പിടിച്ച് പാശ്ചാത്യശക്തികള്‍ പാലൂട്ടിവളര്‍ത്തിയ ടെററിസ്റ്റ് ഗ്രൂപ്പിന് 'കാര്‍ക്കശ്യങ്ങള്‍' ചര്‍ച്ച ചെയ്യുന്നതും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കും. 

പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളും സച്ചരിതരായ പൂര്‍വസൂരികളും മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്ത രൂപത്തിലാണ്. അത്തരമൊരു വ്യാഖ്യാനം നിലനിന്നിരുന്ന കാലമത്രയും ലോകത്ത് തീവ്രവാദവിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്നും നിരപരാധികളെ കൊന്നുതള്ളുന്ന ഒരു ടെററിസ്റ്റ് ഗ്രൂപ്പിനും പ്രമാണ പിന്തുണ അവകാശപ്പെടാന്‍ കഴിയാത്തതും ഇതിനാല്‍ തന്നെയാണ്. അതേസമയം തീവ്രവാദത്തിനായാലും അതിവാദ സ്വൂഫി ചിന്തകള്‍ക്കായാലും ആദര്‍ശപിന്തുണ ലഭിക്കാന്‍ ഇന്നും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ദുരവസ്ഥക്ക് കാരണം ഇസ്‌ലാമിക പ്രമാണങ്ങളെ പിന്‍പറ്റുന്നതില്‍ സലഫി പാത പിന്തുടരുന്നതിലെ പ്രായോഗികത തന്നെയാണ് വെളിപ്പെടുത്തുന്നത്.  


ഐസി  സിന്റെ ചരിത്രവും വികാസ പരിണാമങ്ങളും

ഇറാഖ് കേന്ദ്രീകരിച്ച് ഐ.എസിന്റെ ആദ്യസംഘടനാരൂപം ജന്മമെടുത്തത് 1999ലാണ്. ജോര്‍ദാന്‍കാരനായ അബു മൂസാ അല്‍സര്‍ഖാവിയാണ് ഇതിന് തുടക്കം കുറിക്കുന്നത്. നേരത്തെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ, ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലെവന്റ്, ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്നീ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നതും ഈ സംഘടനയുടെ വകഭേദങ്ങളായിരുന്നു. സംഘടനയെ കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിച്ചത് 2003ല്‍ ഇറാഖില്‍ സദ്ദാം ഹുസൈനെതിരെ നടത്തിയ ആക്രമണമാണ്. സദ്ദാംഹുസൈനെ കീഴടക്കി ഇറാഖിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതോടെ, ഇറാഖില്‍ അല്‍ക്വാഇദ ശക്തമാകാന്‍ തുടങ്ങി. അതോടെ 2004ല്‍ സര്‍ഖാവി അല്‍ക്വാഇദയുടെ ഭാഗമായി. സദ്ദാമിനെ നിഷ്‌കാസിതനാക്കിയതും തുടര്‍ന്ന് അധികാരത്തിലെത്തിയ അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ പ്രതിഷേധിച്ചും സര്‍ഖാവിയുടെ നേതൃത്വം ഇറാഖില്‍ തീവ്രവാദ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍, 2006ല്‍ സര്‍ഖാവി കൊല്ലപ്പെട്ടു. ഇതിന് ശേഷം ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ നേതൃത്വത്തിലുളള ഗവണ്‍മെന്റിന്റെ ദുര്‍ഭരണം ചെറുക്കാനെന്ന പേരില്‍ അല്‍ക്വാഇദയും വിവിധ തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് 2006 ഒക്ടോബറില്‍ ഇറാഖിലെ ആറ് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് രൂപീകൃതമായതായി പ്രഖ്യാപിച്ചു. 

അക്കാലങ്ങളില്‍ ഇറാഖിലെ ബാഗ്ദാദിനടുത്ത് ബുക്ക ജയിലില്‍ അമേരിക്കന്‍ തടവുകാരനായി കഴിഞ്ഞയാളായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദി. ബുക്ക ജയിലില്‍ നിന്ന് 2009ല്‍ മോചിതനായ ശേഷമാണ് അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സഹായത്തോടെ ബാഗ്ദാദിയും സഹതടവുകാരും ഐസിസിന്റെ തലപ്പത്തെത്തിയതും അവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കിയതും എന്ന് 2014 ഡിസംബര്‍ 11ന് ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഗാര്‍ഡിയന്‍' ദിനപത്രത്തില്‍ മാര്‍ട്ടിന്‍ ചുലോവ് പ്രസിദ്ധീകരിച്ച ഐ.എസ് നേതാവുമായുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ തിരക്കഥയുടെയും ഗെയിംപ്ലാനിന്റെയും അടിസ്ഥാനത്തില്‍ നയവ്യതിയാനം നടത്തിയ ഈ തീവ്രവാദ ഗ്രൂപ്പാണ് ഇന്ന് ക്രൂരതയുടെ അപരനാമമായി മാറിയ പുതിയ ഐ.എസ്.ഐ.എസ് ആയി രൂപാന്തരപ്പെട്ടത്.

ലോകമുസ്‌ലിംകള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കണമെന്ന് പറഞ്ഞുകൊണ്ട്ഖിലാഫത്തിനായി ആഹ്വാനം ചെയ്ത് 2013ല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതു മുതല്‍ക്കാണ്ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വ്യക്തമായ ലക്ഷ്യത്തോടെ അല്‍ക്വാഇദയെ സൃഷ്ടിക്കുകയും അവരെ പാലൂട്ടി വളര്‍ത്തുകയും ചെയ്ത അതേ പാശ്ചാത്യശക്തികള്‍ തന്നെയാണ് ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം സ്ഥാപിച്ച ഈ ഭീകരസംഘത്തിനും ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാന്‍ സൗകര്യങ്ങളൊരുക്കിക്കൊടുത്തത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഏഴ് സൈനിക ചെക്ക്‌പോസ്റ്റുകള്‍ നിഷ്പ്രയാസം കടന്ന് ഐസിസിന് തിക്രിത്തിലെത്താന്‍ കഴിഞ്ഞെന്നുള്ളത് തന്നെ അതിനുള്ള തെളിവാണ്. ഹാല്ലി ബര്‍ട്ടണ്‍ പോലുള്ള ആയുധക്കമ്പനികളുടെ സ്രഷ്ടാക്കളായ അമേരിക്കയാവട്ടെ അതില്‍ താത്ത്വികമായ തലമെന്നതിലുപരി സാമ്പത്തികലാഭവും കൂടി കാണുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

ലോകക്രമത്തിന്റെ ഭാവിയെ കുറിച്ചുള്ള അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടിന്റെ പ്രവചന ചിത്രീകരണത്തിന്റെ ഭാഗമായി 'പുതിയ ഖിലാഫത്തിനെ കുറിച്ചുള്ള കെട്ടുകഥാപരമായ സംഭവവിവരണം' എന്ന ഉപശീര്‍ഷകത്തില്‍ പത്ത് വര്‍ഷം മുമ്പ് തന്നെ ഐസിസ് പോലെയുള്ള ഒരു തീവ്രവാദ കക്ഷിയെക്കുറിച്ചും അവരുടെ പേരില്‍ ഉയര്‍ന്നു വരാനുള്ള ഖലീഫയെ കുറിച്ചും അത് മൂലമുണ്ടാവുന്ന ലോക ഛിദ്രതയെ കുറിച്ചുമെല്ലാം പറഞ്ഞു വെച്ചിരുന്നു എന്നത് അത്ഭുതത്തിന് വക നല്‍കുന്നുണ്ടെങ്കിലും അതിശയോക്തിയല്ല. ഇന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പോയാല്‍ അത് വായിക്കാന്‍ കഴിയും.

ഇസ്‌റാഈല്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ ചാരസംഘടനകളായ മൊസാദും എം-സിക്സ്റ്റീനും സി.ഐ.എയുമാണ് ഐസിസിന് പിന്നില്‍ എന്ന് തുറന്ന് പറഞ്ഞവരില്‍ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ദി ഡിപ്ലോമാറ്റ്' മാഗസിനും ബെന്‍ റെയ്‌നോള്‍ഡ്‌സും മാത്രമല്ല ആദ്യ ഇറാനിയന്‍ വനിതാ വൈസ് പ്രസിഡന്റായ മഅ്‌സ്വൂമ ഇബ്തികാറും ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി ഹൈദര്‍ മുസ്‌ലിഹുമെല്ലാമുണ്ട്. 

ഐസിസ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് അവരുടെ പക്കല്‍ നിന്ന് രക്ഷപ്പെട്ട ബന്ദികളുടെ അനുഭവങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അഞ്ചിലധികം സ്ത്രീകളെ വീട്ടുതടങ്കലില്‍ വെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും നീലക്കണ്ണുള്ള യസീദി കന്യകയെ വേണമെന്ന് അടിമച്ചന്തയില്‍ വെച്ച് കാശെറിഞ്ഞ് വാശി പിടിക്കുകയുമെല്ലാം ചെയ്ത ഐസിസ് പടയാളികളുടെ കഥകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാക്ഷികളെ നിര്‍ത്തി വിശദീകരിച്ചത് ഈയിടെയാണ്. ഐസിസിന്റെ പിടിയില്‍ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരി യസീദി പെണ്‍കുട്ടി ജിനാനിന്റെ സാക്ഷ്യം മാത്രമല്ല ഇത്, ഐസിസ് തലവനാല്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കായ്‌ല മീലറെയും മൊസ്യൂളിലെ അടച്ചിട്ട ഇരുമ്പുകൂടില്‍ വില്‍പനക്ക് വെച്ച പെണ്‍കുട്ടികളെയുമെല്ലാം ഉദാഹരിച്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയും. ഡ്രോണ്‍ ക്യാമറയുടെ പശ്ചാത്തലത്തില്‍, പാശ്ചാത്യ ബന്ദികളെ തല വെട്ടിയും തീ കൊളുത്തിയും കൊന്നത് ചിത്രീകരിച്ച മാധ്യമ വെളിപ്പെടുത്തല്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരിലെ അധാര്‍മിക-സ്വഭാവദൂഷ്യ കഥകളും നാം അംഗീകരിച്ചേ പറ്റൂ.

നൈജീരിയയിലെ ക്രൂരന്മാരുടെ സംഘമായ ബോക്കോ ഹറാം മാത്രമല്ല ആഫ്രിക്കയിലെ ആനവേട്ടക്കാരായ ലോഡ്‌സ് റസിസ്റ്റന്‍സ് ആര്‍മി വരെ ഐസിസുമായി സഖ്യം പ്രഖ്യാപിച്ചു എന്നത് അവര്‍ തന്നെഅംഗീകരിക്കന്ന വസ്തുതയാണ്. ഇവര്‍ ഏതെങ്കിലുമൊരു മതദര്‍ശന കൂട്ടായ്മയുടെ പിന്‍ബലമുള്ള സംഘടനയല്ല എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത് 

ഐസിസിന് ഉച്ചി വെച്ചതും അതിന് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നതും പാശ്ചാത്യ ശക്തികളാണ് എന്ന വസ്തുത വിളിച്ചുപറയാന്‍ ഉദ്ബുദ്ധ ലോകം മടിച്ചിട്ടില്ല. കേരളത്തില്‍ പോലും പ്രത്യക്ഷമായി തന്നെ മതദര്‍ശനങ്ങളോട് വൈമുഖ്യം പുലര്‍ത്തുന്ന പ്രമുഖ കക്ഷികളുടെ ചാനലുകള്‍ പോലും ഇത് സംബന്ധമായ ഫീച്ചറുകള്‍ പുറത്ത് വിട്ടത് നാം കണ്ടതാണ്. മുന്‍ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനിന്റെ വെളിപ്പെടുത്തല്‍ എന്ന മുഖവുരയോടെ കൈരളിടിവിയുടെ പൊളിറ്റിക്കല്‍ ഡസ്‌ക് പുറത്ത് വിട്ട ഫീച്ചറില്‍ വന്ന കാര്യങ്ങള്‍ ഇതിന് നല്ലൊരു ഉദാഹരണമാണ്. ഈ ഫീച്ചറില്‍ പറഞ്ഞ ഉള്ളടക്കത്തിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതാണ്. പ്രസ്തുത റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ഖിലാഫത്ത് ഭരണം ലോകമെമ്പാടും സ്ഥാപിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇസ്‌റാഈല്‍ ചാര സംഘടന മൊസാദിന്റെ ഏജന്റാണെന്നാണ് സംശയിക്കേണ്ടത്. ജൂതദമ്പതിമാര്‍ക്ക് ജനിച്ച സൈമണ്‍ എലിയട്ട് എന്ന എമിര്‍ ഡാഷാണ് ബാഗ്ദാദിയെന്ന പേരില്‍ ഐസിസിന് നേതൃത്വം നല്‍കുന്നത് എന്നാണ് കൈരളി റിപ്പോര്‍ട്ട് പറയുന്നത്. ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും അറബ് സമൂഹത്തിനുമെതിരെ ചാരവൃത്തിക്കും മനഃശസ്ത്രപരമായ യുദ്ധത്തിനും വേണ്ടി ഒരു വര്‍ഷത്തെ പരിശീലിനത്തിന് ശേഷം മൊസാദ് നിയോഗിച്ചതാണ് ബാഗ്ദാദിയെ. ഈ രഹസ്യ പദ്ധതിക്ക് അമേരിക്ക നല്‍കിയ പേര് 'കടന്നല്‍കൂട്' എന്നായിരുന്നുവെന്നും അമേരിക്കയുടേയും ബ്രിട്ടന്റേയും ഇസ്രായേലിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇസ്‌റാഈലിന് ഭീഷണിയായ രാജ്യങ്ങളുടെ സൈന്യത്തെയും ജനങ്ങളെയും കൈപ്പിടിയിലാക്കുകയും ഇതിന് ശേഷം വിശാല ഇസ്‌റാഈല്‍ രൂപീകരിക്കുകയും ചെയ്യേണ്ട ദൗത്യമാണ് ബാഗ്ദാദിയെ ഏല്‍പിച്ചിട്ടുള്ളതെന്ന കാര്യമാണ് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പുറത്ത് വന്ന മറ്റൊരു വാര്‍ത്ത. ഇന്റര്‍നെറ്റ് റേഡിയോ വെബ്‌സൈറ്റായ അജ്‌യാല്‍ ഡോട്ട്‌കോം എടുത്തുദ്ധരിച്ച് ഈജിപ്രസ്സിലൂടെ പുറംലോകമറിഞ്ഞ ഇതിന്റെ നിജസ്ഥിതിയും പരിശോധിക്കപ്പെടേണ്ടതാണ്.

മുകളിലുള്ള വാദങ്ങളെല്ലാം നിരാകരിച്ചാല്‍ തന്നെ ലോക തീവ്രവാദത്തിന്റെ മൊത്തക്കുത്തകക്കാരായ ഇസ്‌റാഈലുമായുള്ള ഐസിസിന്റെ സഹജസ്‌നേഹം പരിശോധിച്ചാല്‍ തന്നെ ഭീകരപ്രവര്‍ത്തനത്തില്‍ ഇവര്‍ തമ്മിലുള്ള നാഭീ-നാള ബന്ധം ബോധ്യപ്പെടും.

2013ല്‍ നടന്ന ഐസിസിന്റെ 15 വ്യത്യസ്ത ആക്രമണങ്ങളില്‍ 1041 പേര്‍ കൊല്ലപ്പെടുകയും 2221ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014ല്‍ നടന്ന 7 ആക്രമണങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2015ല്‍ 23 ആക്രമണങ്ങളില്‍ 1020 പേര്‍ കൊല്ലപ്പെടുകയും 2171ലധികം പേര്‍ക്ക് പരിക്കേല്‍ ക്കുകയും 2016ല്‍ 36 ആക്രമണങ്ങളിലായി 1456 പേര്‍ കൊല്ലപ്പെടുകയും 3505ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 2017 ആഗസ്ത് വരെയുള്ള കാലയളവില്‍ 22 ആക്രമണങ്ങളില്‍ 685 ആളുകള്‍ കൊല്ലപ്പെടുകയും 7403ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഔദ്യോഗിക രേഖകളില്‍ കാണാന്‍ കഴിയും.

2013ല്‍ 14 തവണ ഇറാഖിലും, 2015ല്‍ സഊദി അറേബ്യ, ലിബിയ, ടുണീഷ്യ, യെമന്‍, കുവൈത്ത്, ഈജിപ്ത്, ലെബനാന്‍, സിറിയ എന്നിവിടങ്ങളിലും 2016ല്‍ ഇന്തോനേഷ്യ, തുര്‍ക്കി, യെമന്‍, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, മലേഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും 2017ല്‍ ഫിലിപ്പൈന്‍സ്, ഇറാന്‍... എന്നീ രാജ്യങ്ങളിലുമെല്ലാം ആക്രമണം നടത്തിയ ഐസിസിനെന്തേ ഇസ്‌റാഈലെന്ന ജൂത രാഷ്ട്രത്തോട് ഇത്ര പിരിശം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതോടെ തീരും ഐസിസിന്റെ തലതൊട്ടപ്പന്മാരെ കുറിച്ചുള്ള ചര്‍ച്ച.


മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്...

പടിഞ്ഞാറന്‍ ജാരസന്തതിയായ ഐസിസിനെ അവരുടെ മാധ്യമങ്ങള്‍ സലഫീ ജിഹാദിസ്റ്റ് തീവ്രവാദ സംഘടന എന്ന് അഭിസംബോധന ചെയ്യുന്നത് അവര്‍ സലഫി അക്വീദ പിന്തുടരുന്നവരാണെന്നതിന് തെളിവായുദ്ധരിക്കുന്നതിലെ നര്‍മം ആര്‍ക്കും ഉള്‍ക്കൊള്ളാവുന്നതാണ്. അത്തരമൊരു പേര് പാശ്ചാത്യ മീഡിയകളുടെ കുടില തന്ത്രത്തിന്റെ ഭാഗമായി സമൂഹത്തില്‍ പ്രചരിപ്പിച്ചത് മാത്രം തെളിവാക്കി ഭരണരംഗത്ത് പ്രവാചക പാത പിന്തുടരുന്ന അറബ് രാജ്യങ്ങളെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാന്‍ കാണിക്കുന്ന വ്യഗ്രതക്ക് എന്ത് പേരാണ് വിളിക്കുക! ഐസിസിന്റെ കെടുതി ലോകമനുഭവിക്കാന്‍ തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ ഹറം ആസ്ഥാനമാക്കിയുള്ള സലഫി പണ്ഡിതസഭ അതിനെതിരെ ഫത്‌വ നല്‍കുകയും മുസ്‌ലിം ലോകം അത് നെഞ്ചേറ്റുകയും ചെയ്തതാണ്. ഇപ്പോഴും ലോകവ്യാപകമായ തീവ്രവാദ ചിന്തകള്‍ക്ക് തടയിടാന്‍ ഏറ്റവും കൂടുതല്‍ പണവും സൈനികശക്തിയും ചെലവഴിക്കുകയും രാജ്യത്ത് നിന്ന് അതിന് പ്രചാരം ലഭിക്കുന്ന മുഴുവന്‍ ഗ്രന്ഥങ്ങളും കക്ഷി-ഭാഷാ വ്യത്യാസമില്ലാതെ കണ്ടുകെട്ടികൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത്തരം അറബ് രാജ്യങ്ങളാണ് എന്നത് അറബ് ന്യൂസ് പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. മാത്രമല്ല,സുഊദി പൗരത്വമെനിക്ക് വേണ്ട എന്ന് തുറന്ന് പറഞ്ഞ് പൗരത്വമുപേക്ഷിച്ച ഉസാമ ബിന്‍ലാദനെയും അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ മീഡിയ അഭിസംബോധന ചെയ്തത് സലഫീ തീവ്രവാദി എന്ന് തന്നെയാണ് എന്നത് തീവ്രവാദത്തിനെതിരില്‍ പോരാടുന്ന അറബിരാഷ്ട്രങ്ങളോടും അതിന്റെ പണ്ഡിത നേതൃത്വത്തോടും സലഫി ഉലമാക്കളോടും ചെയ്യുന്ന ക്രൂരത തന്നെയാണ്. മാത്രമല്ല, ഈ ഐസിസ് നുഴഞ്ഞുകയറ്റംചെറുക്കാനാണ് 78 ടവറുകളും എട്ടു കമാന്‍ഡ് സെന്ററും പത്ത് നിരീക്ഷണ വാഹനങ്ങളും 32 ദ്രുതകര്‍മ രക്ഷാകേന്ദ്രങ്ങളും മൂന്ന് സ്‌ക്വാഡുകളും അടങ്ങിയ ജോര്‍ദാന്‍ മുതല്‍ കുവൈത്ത് വരെയുള്ള റഡാര്‍ നിരീക്ഷണ സംവിധാനങ്ങളും കമാന്‍ഡ് സെന്ററുകളും ഗാര്‍ഡ് പോസ്റ്റുകളുമടക്കമുള്ള 600 മൈല്‍ നീളത്തില്‍ വന്‍മതില്‍ സുഊദി പണിതത്. ലോകരാജ്യങ്ങളിലെ മുഴുവന്‍ പ്രതിനിധികളും പങ്കെടുത്ത, മുസ്‌ലിംകളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് നടന്ന അറഫാ പ്രസംഗത്തില്‍ സലഫി പണ്ഡിതലോകത്തിന് നേതൃത്വം നല്‍കുന്ന അവിടുത്തെ ഗ്രാന്റ് മുഫ്തി ആലു ശൈഖ് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണത്തിന്റെ ഏറിയ പങ്കും ദാഇശ് എന്ന് അവര്‍ വിളിക്കുന്ന ഐസിസിനും അല്‍ ക്വാഇദക്കും എതിരായിരുന്നുവെന്നും അവര്‍ക്കെതിരെ ആദര്‍ശപരമായും സായുധമായും പോരാടേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കാനായിരുന്നുമെന്നുള്ളത് ലോക മീഡിയ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതേ കാര്യമുണര്‍ത്തിക്കൊണ്ട് ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ് അല്‍ ബദര്‍, ശൈഖ് സുലൈമാന്‍ റുഹൈലി... തുടങ്ങിയ നിരവധി സലഫി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും രചനകളും ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരരംഗത്ത് നിറഞ്ഞ് നിന്ന സലഫി വിഭാഗങ്ങളെക്കുറിച്ചുള്ള ദേശീയ കാഴ്ചപ്പാടും ഇതില്‍ നിന്ന് ഭിന്നമല്ല. മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് പ്രതിഭാ പാട്ടീല്‍ അധ്യക്ഷയായി വിവിധ രാഷ്ട്ര നയതന്ത്രജ്ഞന്മാരെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ നടത്തിയ ഒരു പ്രോഗ്രാമില്‍ വെച്ച് സലഫികളെയും സുഊദി അറേബ്യയേയും തീവ്രവാദവുമായി ബന്ധപ്പെടുത്തി ബി.ജെ.പി നേതാവ് രാം ജത്മലാനി സംസാരിക്കുകയും അതില്‍ പ്രതിഷേധിച്ച് സുഊദി പ്രതിനിധി ഇറങ്ങിപ്പോവുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയും അത് ഇന്ത്യയുടെ അഭിപ്രായമല്ലെന്നും ബി.ജെ.പിയുടെ മാത്രം അഭിപ്രായമാണെന്നും ഹര്‍ഷാരവാകമ്പടിയോടെ വിശദീകരിച്ചത് അന്നത്തെ നിയമമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലിയായിരുന്നു.

1992ല്‍ ഐ.എസ്.എസ്സിന്റെ രൂപീകരണ പശ്ചാത്തലത്തോടനുബന്ധിച്ച് ക്വുര്‍ആനും ഹദീഥും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള കേരളത്തിലെ അവരുടെ പ്രഭാഷണങ്ങള്‍ക്ക് മുസ്‌ലിം ലീഗടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ത്ത് പ്രതിരോധം തീര്‍ത്തത് അന്നത്തെ സമസ്ത-മുജാഹിദ് പ്രസ്ഥാനങ്ങളായിരുന്നു. പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം ബാബ്‌രി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തിവെക്കാനായി ഡല്‍ഹിയില്‍ നിന്ന് ഓര്‍ഡര്‍ വന്ന സാഹചര്യത്തില്‍ ഐക്യ ജനാധിപത്യമുന്നണി ഭരണകൂടത്തിന്റെ സ്‌പെഷ്യല്‍ ആവശ്യപ്രകാരമാണ് അന്ന് സമ്മേളനം നടത്തുകയും മതം മനുഷ്യസൗഹാര്‍ദത്തിന് എന്ന കാലികപ്രസക്തമായ പ്രമേയം ചര്‍ച്ചക്കെടുക്കുകയും ചെയ്തത്.

പിന്നീട്, 1997ല്‍ തീവ്രവാദപരമായ സമീപനങ്ങള്‍ സംഘടനാരൂപം പ്രാപിച്ച സാഹചര്യത്തില്‍ കെ.എം ഷാജി കണ്‍വീനറായി മുസ്‌ലിം യൂത്ത് കോഡിനേഷന്‍ രൂപീകൃതമാവുകയുംഅതിന്റെ നേതൃത്വത്തില്‍ മുതലക്കുളം മൈതാനിയില്‍ തീവ്രവാദത്തിനെതിരില്‍ ആശയപരമായ പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ആ സമ്മേളനത്തില്‍ ആരോഗ്യപരമായകാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ പ്രസംഗം എഴുതി നല്‍കുകയായിരുന്നു. സമസ്തയുടെ യുവജന വിഭാഗത്തെ പ്രതിനിധീകരിച്ച് നാസര്‍ ഫൈസി കൂടത്തായിയും മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് സി.പി സലീമും അബ്ദുല്‍ ലത്വീഫ് കരുമ്പിലാക്കലും പങ്കെടുത്തപ്പോള്‍ ശരീഅത്ത് വിവാദത്തില്‍ വേദി പങ്കിട്ടതിന്റെ പേരില്‍ വിഘടിച്ചു പോയ കാന്തപുരം വിഭാഗത്തില്‍ പെട്ട എ.പി ബഷീറിനെ കൂടി പങ്കെടുപ്പിക്കാന്‍ യൂത്ത് ലീഗിന് സാധിച്ചു എന്നത് തീവ്രവാദത്തിനെതിരെ മലയാളി മുസ്‌ലിംകള്‍ എന്നും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു.

ഐസിസ് ഭീഷണി കേരളത്തെ പിടിച്ചുലച്ച വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലും അതിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചത് ഇവിടുത്തെ മുജാഹിദ് സംഘടനകള്‍ തന്നെയാണ്. ക്യാമ്പയിനുകളും സ്റ്റഡി ക്ലാസ്സുകളും സെമിനാറുകളും ലഘുലേഖാ വിതരണവുമായി മലയാളികളെ വിശിഷ്യാ മുസ്‌ലിം കൈരളിയെ സലഫി സംഘടനകള്‍ ബോധവല്‍ക്കരിച്ചു കൊണ്ടിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ തന്നെയാണ് സംഘ്പരിവാര്‍ കാലഘട്ടത്തിലും സംയമനം കൈവിടാത്ത സാമുദായിക പൊതുബോധത്തിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോക തീവ്രവാദി കക്ഷികളെയെല്ലാം ഇസ്‌ലാമിന്റെയും അതിലെ ഏതെങ്കിലുമൊരു കക്ഷിയുടെയും പിരടിയില്‍ വെച്ചുകെട്ടി വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇക്കാലത്തും തീവ്രവാദത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ മുമ്പില്‍ നടക്കാന്‍ തന്നെയാണ് സലഫി സംഘടനകളുടെ തീരുമാനം. ശത്രുക്കളും മിത്രങ്ങള്‍ക്കിടയിലെ ശത്രുക്കളും അതിനെ എത്രമാത്രം അലോസരപ്പെടുത്തിയാലും ശരി, അതാണവരുടെ പാരമ്പര്യം.

0
0
0
s2sdefault