ഐക്യത്തിലാണ് വിജയം

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

ഒരു ദിവസം ഒരു വേട്ടക്കാരന്‍ പക്ഷികളെ പിടിക്കാനായി പുഴയുടെ തീരത്ത് വലവിരിച്ചു. വലയില്‍ കുറെ ധാന്യമണികള്‍ വിതറി. അതുകണ്ട് അനേകം പക്ഷികള്‍ വലയില്‍ വന്നിരുന്നു. അവയെല്ലാം വലയില്‍ കുടുങ്ങി. ഇനി എന്ത് ചെയ്യും? നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് പറക്കാം എന്ന് ബുദ്ധിമാനായ ഒരു പക്ഷി അഭിപ്രായപ്പെട്ടു. എല്ലാവരും അത് സമ്മതിച്ചു. 

എല്ലാവരും ഒന്നിച്ചു പറന്നുയര്‍ന്നു. ഒരുകൂട്ടം പക്ഷികള്‍ വലയുമായി പറന്നുയരുന്നത് കണ്ട വേട്ടക്കാരന്‍ അത്ഭുതപ്പെട്ടു. എന്തൊരു ഐക്യം! ഒത്തൊരുമ കൊണ്ടാണല്ലോ വലയുമായി പറക്കാന്‍ കഴിയുന്നത്. ഏതായാലും എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. അയാള്‍ പക്ഷികളെ പിന്തുടര്‍ന്ന് നടക്കാന്‍ തുടങ്ങി. അങ്ങനെ പോകുന്ന വഴി ഒരാള്‍ അയാളെ കണ്ടുമുട്ടി. 

''എങ്ങോട്ടാ ഇത്ര തിരക്കിട്ട് നടന്നുപോകുന്നത്?'' അയാള്‍ വേട്ടക്കാരനോട് ചോദിച്ചു.

മുകളില്‍ പറക്കുന്ന പക്ഷികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വേട്ടക്കാരന്‍ പറഞ്ഞു: ''ഞാന്‍ ആ പക്ഷികളെ പിടിക്കാന്‍ പോകുകയാണ്.''

അയാള്‍ ചിരിച്ചുെകാണ്ട് പറഞ്ഞു: ''അല്ലാഹു താങ്കള്‍ക്ക് അല്‍പമെങ്കിലും ബുദ്ധി തരുമാറാകട്ടെ! ആ പക്ഷികളെ പിടിക്കാന്‍ കഴിയുമെന്നാണോ താങ്കള്‍ വിചാരിക്കുന്നത്?''

''അതില്‍ ഒരു പക്ഷി മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കില്‍ എനിക്കതിനെ പിടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ധാരാളം പക്ഷികളുള്ളതുകൊണ്ട് എനിക്കവയെ പിടിക്കാന്‍ കഴിയും. കാത്തിരുന്നു കാണുക'' വേട്ടക്കാരന്‍ പറഞ്ഞു. 

വേട്ടക്കാരന്‍ പറഞ്ഞത് ശരിയായിരുന്നു. രാത്രിയാവാനായപ്പോള്‍ ഓരോ പക്ഷിക്കും തന്റെ കൂട്ടിലേക്ക് പോകണമെന്നായി. ചിലര്‍ താമസിക്കുന്നത് കാട്ടിലാണ്. ചിലര്‍ തടാകത്തിനരിലെ മരക്കൊമ്പില്‍. വേറെ ചിലര്‍ മലമുകളില്‍. ചിലര്‍ അങ്ങാടികളിലെ മരങ്ങളില്‍. ഒരു വലക്കുള്ളില്‍ കുടുങ്ങിയ അവര്‍ക്ക് എങ്ങനെ പല സ്ഥലങ്ങളിലേക്ക് പറക്കാന്‍ കഴിയും? പക്ഷേ, അവര്‍ അതിനായി പരിശ്രമിച്ചു. പലരും പല ദിശകളിലേക്ക് പറന്നു. വലയുടെ ഉള്ളില്‍ പല ഭാഗങ്ങളിലേക്കായി പറന്നിട്ട് എന്തു കാര്യ? അവസാനം വലയുമായി ഒന്നിച്ച് അവ താഴേക്ക് വീണു. വേട്ടക്കാരന്‍ ഓടിച്ചെന്ന് എല്ലാ പക്ഷികളെയും പിടികൂടി. ഒരേ ദിശയിലേക്ക് പറന്നിരുന്നെങ്കില്‍ വേട്ടക്കാരന് അവയെ പിടിക്കാന്‍ കഴിയുമായിരുന്നില്ല.

കൂട്ടുകാരേ, ആപത്തില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക എന്ന ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണം. മുഹമ്മദ് നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ സംഘമായി നിലകൊള്ളുക. തീര്‍ച്ചയായും ഒറ്റപ്പെട്ട മൃഗത്തെയാണ് ചെന്നായ പിടിക്കുക.'' (ആശയ വിവര്‍ത്തനം)

0
0
0
s2sdefault