ഐക്യത്തിന്റെ രസതന്ത്രം

ടി.കെ.അശ്‌റഫ്

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

ഐക്യം, ആദര്‍ശം, പ്രസ്ഥാനം: 3

ഐക്യം തൗഹീദി പ്രബോധനത്തിന് തടസ്സമായോ?

പൊതുജനങ്ങളോട് തീരുമാനം അറിയിക്കേണ്ടതില്ലെന്ന തീരുമാനം നിലനില്‍ക്കുന്ന കാലത്തോളം തൗഹീദി പ്രബോധനത്തിന്റെ കുതിച്ചുചാട്ടം എന്ന ആഹ്വാനം സംഘടനയുടെ കൗണ്‍സിലിന്റെ ഭിത്തിക്കുള്ളില്‍ മുഴങ്ങുന്ന നിരര്‍ഥക നാദം മാത്രമായി അവശേഷിക്കും. യാഥാസ്ഥിതിക വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ എങ്ങനെയാണ് തൗഹീദുമായി മുന്നോട്ട് പോകുമെന്ന ആഹ്വാനം നടപ്പിലാക്കുക? ഡിസംബര്‍ അഞ്ചിന് ശേഷം യാഥാസ്ഥിതികര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഐക്യപ്പെട്ട് ശക്തി സംഭരിച്ചിട്ടും എന്ത് കൊണ്ട് സാധിക്കുന്നില്ല? മുജാഹിദുകളുടെ തറവാടായ പുളിക്കലിലും മറ്റു നിരവധി പ്രദേശങ്ങളിലും പൗരോഹിത്യം പ്രസ്ഥാനത്ത വെല്ലുവിളിച്ചിട്ടും അതേറ്റെടുക്കാന്‍ സാധിക്കാതെ പോയതും ഐക്യത്തിലൂടെ സംഭവിച്ച ആദര്‍ശരാഹിത്യം മൂലമാണ്. എന്നാല്‍ ഈ പ്രദേശങ്ങളിലെല്ലാം ദുരാരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടികള്‍ നല്‍കാന്‍ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന മുജാഹിദ് പ്രബോധന സംരംഭത്തിന് സാധിച്ചു, അല്‍ഹംദുലില്ലാഹ്! ആദര്‍ശത്തില്‍ യാതൊരു മറിമായങ്ങളും വരുത്താതെ നിര്‍ഭയമായി നിലകൊള്ളുന്നതുകൊണ്ടാണ് ഇതിന് സാധിച്ചത്.

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തൗഹീദിനെയും മുജാഹിദ് പ്രസ്ഥാനത്തെയും കടന്നാക്രമിച്ചു കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ച് വെല്ലുവിളിയുയര്‍ത്തുകയുണ്ടായി. തൗഹീദുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് ഐക്യപ്പെട്ട മുജാഹിദുകള്‍ക്ക് എന്തുകൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കാത്തത്?

2017 ജനുവരി 23ന് പട്ടിക്കാട് വെച്ച് വിസ്ഡം നടത്തിയ ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ ഹമീദ് ഫൈസിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുക്കാന്‍ സാധിച്ചത് ആദര്‍ശത്തില്‍ നിഷ്ഠ പാലിക്കുന്നതു കൊണ്ട് മാത്രമാണ്.

ഐക്യം പുതിയ ഭിന്നിപ്പിനോ?

ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ ഐക്യം കൊണ്ട് സാധിക്കുമ്പോഴാണ് ആ ഐക്യം യാഥാര്‍ഥ്യമാവുക. അതിന് പകരം ഇരു വിഭാഗവും ഒന്നായത് മറ്റേ വിഭാഗത്തെ ഒതുക്കാനാണെങ്കില്‍ അത് സ്വന്തം നാശത്തിലേക്കുള്ള കാല്‍വെപ്പാണ്. ഇരു സംഘടനകളും ഒന്നായിക്കഴിഞ്ഞാല്‍ അവര്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ അവസാനിക്കുമല്ലോ. പള്ളികളിലും സ്ഥാപനങ്ങളിലും കുഴപ്പങ്ങള്‍ക്ക് അറുതി വരുമല്ലോ എന്നൊക്കെയുള്ള പ്രതീക്ഷയാണ് സമുദായ, രാഷ്ട്രീയ, പൊതുമേഖലയിലുള്ളവര്‍ മുജാഹിദ് ഐക്യത്തെ ആശീര്‍വദിക്കാനും ആശംസ പറയാനും മുന്നോട്ട് വരാനുണ്ടായ കാരണം. എന്നാല്‍ മുജാഹിദ് സ്ഥാപനങ്ങളില്‍ വീണ്ടും കലാപത്തിനും കേസിനും വഴിയൊരുക്കുന്ന കാഴ്ചയാണ് ഐക്യത്തിന് ശേഷം ഉണ്ടായ സംഭവങ്ങള്‍ നമ്മെ അറിയിക്കുന്നത്. സമാധാനപരമായി നടന്ന് വരുന്ന നിരവധി പള്ളികളില്‍ ഐക്യത്തിന്റെ മറപിടിച്ച് നിലവിലുള്ള ഖത്തീബുമാരെ മാറ്റുകയുണ്ടായി. പ്രോഗ്രാം കേള്‍ക്കാന്‍ പോയി എന്നതിന്റെ പേരില്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്തു. ചിലരെ മാനസികമായി പീഡിപ്പിച്ച് പിന്തിരിപ്പിച്ചു. പള്ളിക്കകത്ത് ജുമുഅക്ക് ശേഷം ബഹളമുണ്ടായി. മദ്രസകളുടെ പൂട്ടുകള്‍ പൊളിച്ചു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പുതിയ കേസുകള്‍ ഫയല്‍ ചെയ്തു.

ആരോപണം വസ്തുതയോ?

കെ.എന്‍.എം വിട്ട് പോയി മറ്റൊരു പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിന്റെ സ്വത്തില്‍ അവകാശമില്ലെന്ന വാദത്തിന്റെ മറപിടിച്ചാണ് സ്ഥാപനം നടത്തുന്നവരെ ക്രൂശിക്കുന്നത്. കൂടാതെ അവര്‍ ജിന്നിനോട് പ്രാര്‍ഥിക്കുന്നവരാണെന്ന കളവും പ്രചരിപ്പിക്കുന്നു. ആത്മീയ ചൂഷണത്തിനായി ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നവരാണെന്ന മേമ്പൊടിയും ഇതോടൊപ്പം ചേര്‍ത്ത് വെക്കുന്നുണ്ട്. എന്താണ് വസ്തുത?

2012ല്‍ ഉണ്ടായ പ്രശ്‌നത്തില്‍ പ്രധാന പണ്ഡിതന്മാര്‍, പ്രബോധകര്‍, സംഘാടകര്‍, എന്നിവരെയും യുവജനവിദ്യാര്‍ഥി സംഘടനകളെയും കീഴ്ഘടകങ്ങളെയും സംഘടനയില്‍ നിന്ന് ചട്ടവിരുദ്ധമായി പിരിച്ചു വിടുകയാണുണ്ടായത്. സ്വമേധയാ ഇറങ്ങിപ്പോയതല്ല. ഇതില്‍ മനംനൊന്ത് നിഷ്‌കളങ്കരായ ഏതാനും പ്രവര്‍ത്തകര്‍ സ്വമേധയാ മാറി നിന്നിട്ടുണ്ടെന്ന് മാത്രം. ഈ ഘട്ടത്തില്‍ വ്യാജ മിനുട്‌സ് ഉണ്ടാക്കി കെ.എന്‍.എം കൗണ്‍സില്‍ ചേര്‍ന്നതായി കോടതിയെ തെറ്റുധരിപ്പിച്ച് താനാണ് കെ.എന്‍.എമ്മിന്റെ പുതിയ ജനഃസെക്രട്ടറിയെന്ന് വാദിച്ച് 2002ല്‍ ഹുസൈന്‍ മടവൂര്‍ രംഗത്ത് വന്നതു പോലെയുള്ള അവിവേകം ഞങ്ങള്‍ കാണിച്ചിട്ടില്ലയെന്നത് വസ്തുതയാണ്. പരസ്യമായ ഏറ്റുമുട്ടലിന് പകരം പ്രബോധനരംഗത്ത് സജീവമാവുകയാണ് നടപടിക്ക് വിധേയമായവര്‍ ചെയ്തത്. കെ.എന്‍.എം എന്ന പേര് സ്വീകരിച്ച് പ്രബോധന രംഗത്ത് കാലുഷ്യമുണ്ടാക്കരുതെന്ന കാഴ്ചപ്പാടാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ കൂട്ടായ്മയെ തിരിച്ചറിയാനും രാജ്യത്ത് സംഘടിതമായി പ്രവര്‍ത്തിക്കാനുള്ള നിയമങ്ങള്‍ പാലിക്കുന്നതിന്റെയും ഭാഗമായും വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന പ്രബോധന സംവിധാനത്തിന് രൂപം നല്‍കുകയാണ് ഉണ്ടായത്.

ഇതിന്റെ പേരില്‍ എങ്ങനെയാണ് കെ.എന്‍.എം എന്ന സംഘടനയില്‍ യാതൊരവകാശവും ഇല്ലാത്തവരായി മാറുന്നത്? ആദര്‍ശത്തില്‍, കെ.എന്‍.എം രൂപീകരിച്ച നാള്‍ മുതല്‍ 2012 വരെയുള്ള പ്രമാണബദ്ധമായ നിലപാടുകളെ പൂര്‍ണമായി അംഗീകരിക്കുന്നവരാണ് ഈ കൂട്ടായ്മ. അതില്‍ യാതൊരു മാറ്റവും വരുത്തിയതായി വസ്തുനിഷ്ഠമായി തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടുമില്ല.

ഭരണഘടനാ ചട്ടങ്ങള്‍ പാലിക്കാതെ സ്വീകരിച്ച നടപടികളായതിനാല്‍ സംഘടനാപരമായി നടപടിയെടുത്തതിന് നിലനില്‍പുമില്ല. ആയതിനാല്‍ നടപടിക്ക് വിധേയമായവര്‍ കെ.എന്‍.എമ്മിന്റെ അംഗങ്ങളാവാതിരിക്കുന്നില്ല.

കെ.എന്‍.എം ഏതൊരു ലക്ഷ്യത്തിന് വേണ്ടി രൂപീകരിച്ചുവോ അതിന് പര്യാപ്തമാവാതെ വരികയും സംഘടനയ ഒരുപറ്റം സ്വാര്‍ഥതാല്‍പര്യക്കാര്‍ ഹൈജാക്ക് ചെയ്ത് കൊണ്ടുപോവുകയും കാലത്തിന്റെ ഹൃദയമിടിപ്പുകള്‍ ഉള്‍ക്കൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങളുമായി കെ.എന്‍.എമ്മില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കാതെ വരികയും ചെയ്തപ്പോള്‍, സമാനസ്വഭാവമുള്ള മറ്റൊരു സൊസൈറ്റിയില്‍ അംഗമാവാന്‍ പാടില്ലെന്ന നിയമം കെ.എന്‍.എം ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ തന്നെ വിസ്ഡം എന്ന പേരില്‍ പുതിയൊരു സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. പുതിയ സംഘടനാ സാഹചര്യത്തില്‍, അക്രമത്തിന്റെ വഴിയുപേക്ഷിച്ച് നിയമപീഠത്തിന്റെ മുന്നില്‍ പ്രശ്‌നം കൊണ്ടുവരികയെന്ന ജനാധിപത്യ മര്യാദയാണ് ഈ കൂട്ടായ്മ സ്വീകരിച്ച നയം. നീതിയുടെ നിലനില്‍പിന് വേണ്ടിയും പ്രവര്‍ത്തകര്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയ സ്വത്തും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായും അനിവാര്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിര്‍ബന്ധിതരായിട്ടുണ്ട്.

ആദര്‍ശനിലപാടുകളില്‍ മാറ്റം വരുത്താതെ തന്നെ മടവൂര്‍ വിഭാഗത്തെ കെ.എന്‍.എം ഭരണഘടനക്ക് വിരുദ്ധമായി സംഘടനാ ബോഡികളില്‍ എടുത്ത സാഹചര്യത്തില്‍ സ്വാഭാവികമായും പ്രസ്തുത വിവരം കോടതിയെ ധരിപ്പിച്ചിട്ടുമുണ്ട്.

സുപ്രീം കോടതി വരെ ലക്ഷങ്ങള്‍ചെലവഴിച്ച് ഇരുവിഭാഗവും നടത്തിയ നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട മടവൂര്‍ വിഭാഗത്തിന് അനായാസം ഭരണസമിതിയില്‍ പ്രേവശനം നല്‍കുമ്പോള്‍ ചോദ്യം ചെയ്യുക സ്വാഭാവികമല്ലേ? ആദര്‍ശം മൂടിവെച്ചു കൊണ്ട് കൂടിയാകുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നീക്കത്തെ ഐക്യത്തിനെതിരില്‍ കേസ് കൊടുത്തുവെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിന്റെ നിസ്സഹായത കൊണ്ട് മാത്രമാണ്.

ജിന്നിനോട് പ്രാര്‍ഥിച്ചത് ആരാണ്?

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആരെങ്കിലും ജിന്നിനോട് പ്രാര്‍ഥിക്കുന്നവരായി ഈ കൂട്ടായ്മയില്‍ നിന്നുണ്ടായോ? ഉണ്ടായി ല്ലെന്ന് മാത്രമല്ല അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാന്‍ പാടുള്ളൂവെന്നും മരിച്ചവരോടും ജിന്നിനോടും മലക്കിനോടും തുടങ്ങി മറ്റാരോട് പ്രാര്‍ഥിച്ചാലും അത് ശിര്‍ക്കാണന്നും ശക്തമായി സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ബഹുമുഖങ്ങളായ പരിപാടികള്‍ കൊണ്ട് കേരളത്തില്‍ ഈ കൂട്ടായ്മ നിറഞ്ഞ് നില്‍ക്കുകയാണ്. ഇരുപത് ലക്ഷത്തോളം വീടുകളിലായി ഒരു കോടിയോളം ജനങ്ങളിലേക്ക് ഡോര്‍ ടു ഡോര്‍ എന്ന പ്രബോധന സംവിധാനത്തിലൂടെ തൗഹീദിന്റെ സന്ദേശം എത്തിക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും പതിനായിരക്കണക്കിനാളുകള്‍ ഒരേ സമയം കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പീസ് എന്ന പേരിലുള്ള ഇന്റര്‍നെറ്റ് റേഡിയോ ഇതിന്റെ മറ്റൊരു പ്രബോധന മാര്‍ഗമാണ്. ദിനംപ്രതി പതിനായിരങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന നേര്‍വഴി എന്ന പേരില്‍ അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പ്രഭാഷണം അറുനൂറ് ദിവസങ്ങളിലേക്ക് അടുക്കുകയാണ്. ഇതിന് പുറമെ നൂറുകണക്കിന് പ്രഭാഷണങ്ങള്‍ വേറെയും നടക്കുന്നു. ഇവയെല്ലാം തൗഹീദിന് വേണ്ടിയുള്ളതാണ്.

ആത്മീയ ചൂഷണ കേന്ദ്രം എവിടെയാണ് തുടങ്ങിയത്?

ആത്മീയ ചൂഷണത്തിനെതിരില്‍ നിയമനിര്‍ മാണം നടത്തണമെന്ന് സര്‍ക്കാറിനോട് ഈ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശകര്‍ ഉന്നയിക്കുന്നത് പോലെ ജിന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ ലക്ഷ്യമായിരുന്നെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ അത് തുടങ്ങുമായിരുന്നില്ലേ? അങ്ങിനെയുണ്ടായില്ലന്ന് മാത്രമല്ല. അത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ പടയോട്ടമാണ് ഈ കൂട്ടായ്മ നടത്തിയത്.

മുക്കം കളന്‍തോട് കേന്ദ്രീകരിച്ചും വയനാട് കേന്ദ്രീകരിച്ചുമെല്ലാം നടന്ന ഇത്തരം ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും അതിനെതിരെ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന്റെ മുമ്പില്‍ രൂപരേഖ സമര്‍പ്പിച്ചതും ഈ കൂട്ടായ്മയാണ്.

ജിന്നിനോട് പ്രാര്‍ഥിക്കുന്നവര്‍ എന്ന കളവ് പ്രചരിപ്പിച്ച് ഈ സംഘടനയെയും സ്ഥാപനങ്ങളെയും കൈവശപ്പെടുത്തി അത് നിര്‍മിച്ചവരെ പുറത്താക്കുന്ന ദയനീയ സാഹചര്യത്തില്‍ ചെറുത്ത്‌നില്‍പ്പിന്റെ നിയതമായ വഴികള്‍ തേടുക സ്വാഭാവികമാണ്.

ചരിത്രത്തിലില്ലാത്ത ഐക്യം

മുജാഹിദ് ഐക്യം പതിനാല് നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയില്ലാത്തതാണെന്ന് കടപ്പുറത്ത് ഐക്യ സമ്മേളന പ്രസംഗത്തിനിടക്ക് ഹുസൈന്‍ മടവൂര്‍ പറഞ്ഞത് വസ്തുതയാണ്. ഐക്യത്തിന് മാതൃകയായി ചരിത്രത്തില്‍ നിന്ന് ഉദ്ധരിച്ച ഒരു സംഭവവും യോജിക്കാതെ പോയതും ഇതുകൊണ്ടാവാം. മുശ്‌രിക്കുകളും മുസ്‌ലിംകളും തമ്മില്‍ ഉണ്ടാക്കിയ ഹുദൈബിയാ സന്ധിയാണ് മടവൂര്‍ വിഭാഗം പറയുന്ന മാതൃക. അത് ശരിയാണെന്ന് വെച്ചാല്‍ ഒരു വിഭാഗം മുശ്‌രിക്കുകളാെണന്ന് സമ്മതിക്കേണ്ടി വരും.

മാത്രമല്ല, ക്ഷമിച്ച് കാത്തിരുന്നാല്‍ വിജയം വരുമെന്ന ഹുദൈബിയാ സന്ധിയിലെ പാഠം ആദര്‍ശം മാറ്റിവെക്കാതെഅണികളെ പഠിപ്പിക്കുക വഴി ഐക്യ ഫോര്‍മുലയില്‍ രഹസ്യമായിവെള്ളം ചേര്‍ത്ത് തുല്യതയില്ലാത്ത കാപട്യം ചെയ്തിരിക്കുകയാണ് മടവൂര്‍ വിഭാഗം ചെയ്തിരിക്കുന്നത്.

യൂസുഫ്ൗയെ ജേ്യഷ്ഠന്‍മാര്‍ കിണറ്റിലിട്ട ശേഷം രക്ഷപ്പെട്ട് അധികാരം ലഭിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ജ്യേഷ്ഠന്‍മാര്‍ക്ക് മാപ്പ് കൊടുത്ത സംഭവമാണ് പിന്നീട് പറയുന്ന ഉദാഹരണം. ഇതുപ്രകാരം ഒരു വിഭാഗം ജേ്യഷ്ഠന്മാരെപ്പോലെ കിണറ്റിലിട്ടവരാണന്ന് സമ്മതിക്കേണ്ടി വരും.

നമുക്കൊന്നിച്ച് നീങ്ങാം

പതിനാല് വര്‍ഷം ഭിന്നിച്ചവര്‍ തമ്മില്‍ യോജിക്കണമെന്ന മനസ്സുണ്ടായത് ആത്മാര്‍ഥതയില്‍ നിന്നാണങ്കില്‍ ആദര്‍ശപരമായി നിലനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിച്ചത് പ്രമാണബദ്ധമായി വിശദീകരിക്കുകയാണ് വേണ്ടത്. കെ.എം മൗലവി മുതല്‍ പഠിപ്പിച്ച തൗഹീദിന്റെ നിര്‍വചനത്തില്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ വരുത്തിയ മാറ്റത്തിന്റെ അപകടം ഇനിയും മനസ്സിലാകാത്ത ഇരു വിഭാഗത്തിലെയും നിഷ്‌കളങ്കരായ അണികള്‍ അത് തിരിച്ചറിയുന്ന കാലം വിദൂരമല്ല. എല്ലാവരും തൗഹീദില്‍ അടിയുറച്ച് സുന്നത്ത് മുറുകെ പിടിച്ച് നന്നായശേഷം ഒന്നായി ജീവിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault