അഹങ്കാരം വരുത്തിയ നഷ്ടം

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ഒക്ടോബര്‍ 07 1438 മുഹറം 16

ആശയ വിവര്‍ത്തനം

പൊങ്ങച്ചക്കാരിയും അഹങ്കാരിയുമായ കുട്ടിയായിരുന്നു ഹസീന. അവളുടെ പിതാവ് വളരെ സമ്പന്നനായിരുന്നു. അവള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. എപ്പോഴും വില പിടിപ്പുള്ള വസ്ത്രവും മുന്തിയ ചെരുപ്പും ധരിച്ചാണ് അവള്‍ നടക്കുക. 

അവളുടെ വീടിനു സമീപം പാവപ്പെട്ട ഒരാളുടെ വീടുണ്ട്. അവിടെ സൈനബ് എന്ന് പേരുള്ളഒരു പെണ്‍കുട്ടിയുണ്ട്. ഹസീനയുടെ അതേ പ്രായക്കാരി. അയല്‍ക്കാരാണെങ്കിലും താന്‍ പണക്കാരന്റെ മകളാണെന്ന അഹങ്കാരത്താല്‍ അവള്‍ സൈനബിനോട് കൂട്ടുകൂടാനും അവളോടൊപ്പം കളിക്കാനും തയ്യാറാകില്ല. എന്തിനേറെ സംസാരിക്കാന്‍ പോലും മടികാണിക്കും. അവരുടെ ഉപ്പമാര്‍ ചങ്ങാതിമാരായിരുന്നു.   

അങ്ങനെയിരിക്കെ ഒരു ദിവസം ഹസീനയുടെ പിതാവ് ഒരു അപകടത്തില്‍ മരണപ്പെട്ടു. ഹസീന വല്ലാതെ സങ്കടപ്പെട്ടു. കൊട്ടാരം പോലുള്ള വീടിന്റെ മുറ്റത്തുള്ള പൂന്തോട്ടത്തില്‍ ഒരു ദിവസം ഹസീന ദുഃഖിതയായി ഇരിക്കുമ്പോള്‍ സൈനബ് അങ്ങോട്ട് ഓടിച്ചെന്നു. 

''എന്റെ ഉപ്പാക്ക് തീരെ സുഖമില്ല. ഇനി രക്ഷയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉപ്പ നിന്നെ കാണണമെന്ന് ഓര്‍മ വരുമ്പോഴൊക്കെ പറയുന്നുണ്ട്. നിന്നോട് എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നാണ് ഉപ്പ പറയുന്നത്'' സൈനബ് സങ്കടം ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു.

ഹസീനക്ക് അവള്‍ പറഞ്ഞത് തീരെ ഇഷ്ടമായില്ല. വളരെ പാവപ്പെട്ട ആ മനുഷ്യന് എന്നോട് എന്തു പറയാന്‍ എന്നായിരുന്നു അവളുടെ ചിന്ത. 

''അയ്യേ! ഞാനില്ല നിന്റെ വീട്ടിലേക്ക്. നിന്റെ വീടിന് ഒരു വൃത്തികെട്ട മണമായിരിക്കും. എനിക്ക് അത് ഇഷ്ടമല്ല'' ഹസീന വെറുപ്പോടെ പറഞ്ഞു. 

ഇത് കേട്ടപ്പോള്‍ ദുഃഖത്തോടെ സൈനബ് മടങ്ങിപ്പോയി. 

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സൈനബ് ഓടിക്കിതച്ചുകൊണ്ട് വീണ്ടും ഹസീനയുടെ മുമ്പിലെത്തി. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: 

''എന്റെ ഉപ്പാക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിന്നോട് പറയാനുള്ളത്. നിന്റെ ഉപ്പ ഒരു സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിനക്ക് വേണ്ടി കുറെ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ട്. അത് എവിടെയാണെന്ന് എന്റെ ഉപ്പാക്ക് മാത്രമെ അറിയൂ. നീ വലുതാകുന്നതുവരെ നിന്നോട് ഇക്കാര്യം പറയരുതെന്ന് നിന്റെ ഉപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ഉപ്പ മരണാസന്നനാണ്. മരിക്കുന്നതിന് മുമ്പ് അക്കാര്യം നിന്നോട് പറയണമെന്ന് ഉപ്പ ആഗ്രഹിക്കുന്നു. ദയവായി വേഗം വരൂ.''

സൈനബിന്റെ ഈ വാക്കുകള്‍ കേട്ട് ഹസീന ഞെട്ടിപ്പോയി. അവള്‍ പിന്നെ ഒന്നും ആലോചിക്കാതെ സൈനബിന്റെ വീട്ടിലേക്ക് ഓടി. പക്ഷേ, വൈകിപ്പോയി. അവള്‍ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 

ഹസീന വളരെയധികം ദുഃഖിച്ചു. അവള്‍ക്ക് അവളോടുതന്നെ ദേഷ്യം തോന്നി. തന്റെ അഹങ്കാരമാണല്ലോ വമ്പിച്ച നഷ്ടത്തിന് ഇടവരുത്തിയത്.

കൂട്ടുകാരേ, നാം ഒരിക്കലും അഹങ്കാരം കാണിക്കാന്‍ പാടില്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചുകൊണ്ട് ജീവിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. 

''അണുമണിത്തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' എന്ന് നബി ﷺ പറഞ്ഞത് നാം അറിയണം.

അഹങ്കാരം കാണിക്കുന്ന ആളുകളെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല എന്ന് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുമുണ്ട്.

0
0
0
s2sdefault