അജണ്ട വേണം; അവധിക്കാലത്തും  

ഡോ. സി.എം സാബിര്‍ നവാസ്  

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ഒരു അധ്യയനവര്‍ഷത്തിനു കൂടി അന്ത്യം കുറിച്ച് അവധിക്കാലം വരികയായി. കുട്ടികളുടെ അടിപിടികളും കലപിലകളും ക്ലാസ്സ് മുറികളില്‍ നിന്ന് വീട്ടു മുറ്റത്തേക്ക് (നഗര പ്രദേശങ്ങളാണെങ്കില്‍ ഫഌറ്റു മട്ടുപ്പാവിലേക്ക്) പറിച്ച് നടുകയാണ്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ അവധിക്കാലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പഠനത്തില്‍ കൂടുതല്‍ ഉഴപ്പുമെന്ന് ഭയക്കുന്ന കുട്ടികളെ മുഴുവന്‍ സമയ പുസ്തകപ്പുഴുക്കളാക്കാന്‍ ശ്രമിക്കുന്ന ചില രക്ഷിതാക്കളുണ്ട്. കളിയിലും കാര്യമുണ്ട് എന്നവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ കുട്ടിയുടെ മാനസികവും ശാരീരികവുമായ സന്തുലനത്തെ അത് സാരമായി ബാധിക്കും.

മണ്ണിനോടും പ്രകൃതിയോടും ഇടപഴകാനും ജീവജാലങ്ങളെ അടുത്തറിയാനും പക്ഷികളോട് കിന്നരിക്കാനും കഴിയാത്ത തലമുറക്ക് എങ്ങനെ നമുക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയും? അവധിക്കാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും ആവശ്യമായ സമയം കുട്ടികളെ കളിക്കാന്‍ അനുവദിച്ചേ മതിയാകൂ.

കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിത്താമസിച്ചപ്പോള്‍ കുടുംബാന്തരീക്ഷം സ്‌ഫോടനാത്മകമാണ് പലയിടത്തും. വാഹന സൗകര്യങ്ങളും വിനിമയ സൗകര്യങ്ങളും തീര്‍ക്കുന്ന അസൗകര്യങ്ങള്‍ക്ക് നടുവിലാണ് മലയാളികള്‍ ജീവിതം തള്ളുന്നത്. ബന്ധുവീടുകളില്‍ വിരുന്ന് പാര്‍ക്കാനും മുതിര്‍ന്നവരെ സന്ദര്‍ശിക്കാനും വെക്കേഷന്‍ കാലയളവില്‍ പ്ലാന്‍ തയ്യാറാക്കുന്നത് നന്നായിരിക്കും. ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കാനും ചില നല്ല ഗുണങ്ങള്‍ ശീലിക്കാനും ഇത്തരം സന്ദര്‍ശനങ്ങള്‍ ഏറെ ഉപകരിക്കും.

മക്കളും മാതാപിതാക്കളും ഒത്തുചേര്‍ന്ന് അനുയോജ്യമായ ടൂറുകള്‍ സംഘടിപ്പിക്കുന്നത് നല്ലതാണ്. സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദ യാത്രകള്‍ കുട്ടികളില്‍ മദ്യപാനമടക്കമുള്ള പല ദുഃശ്ശീലങ്ങള്‍ക്കും വഴിവെക്കുന്ന കാലത്ത് കുടുംബസമേതം ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുള്ള യാത്രകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

മക്കളുടെ സര്‍ഗവാസന കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും അവരോടൊപ്പം കളിചിരിയില്‍ പങ്കുചേരാനും രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ മക്കളുടെ കൗമാരം കൂമ്പടയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായെങ്കില്‍ മാത്രമെ അവരെ ശരിയായി വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. കുട്ടികളുടെ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി, അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പ് നേരത്തെ നടത്താന്‍ അവരെ സഹായിക്കാന്‍ സാധിച്ചാല്‍ അത് വളരെ ഗുണകരമായിരിക്കും.

കുട്ടികള്‍ക്ക് ജീവിത ചിട്ടയും അച്ചടക്കവും ഉറപ്പ് വരുത്തുന്നതില്‍ മത പഠനത്തിനുള്ള പങ്ക് ഏറെ വലുതാണ്. മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നേടിക്കൊടുക്കുന്ന തിരക്കില്‍ ധാര്‍മിക വിദ്യാഭ്യാസം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നുള്ളതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.  

അവധിക്കാലത്ത് വിശുദ്ധ ക്വുര്‍ആനും അറബി ഭാഷയും പഠിക്കാനുള്ള അവസരം നമ്മള്‍ മക്കള്‍ക്ക് തുറന്ന് കൊടുക്കണം. 

അനുയോജ്യമായ സിലബസ് ചിട്ടപ്പെടുത്തി സംസ്ഥാനത്തുടനീളം തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന അവധിക്കാല മോറല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. 

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക...'' (ക്വുര്‍ആന്‍ 66:6).

മോട്ടോര്‍, മീഡിയ, ഗെയിമുകളുടെയും ആനിമേഷന്‍ കാര്‍ട്ടൂണുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന സംഗീതാത്മക ലോകത്തേക്ക് നമ്മുടെ സന്താനങ്ങളെ കണ്ണും പൂട്ടി പറഞ്ഞയക്കുന്നതിന് മുമ്പ് നാം അവധിക്കാലത്ത് അനവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചുരുക്കം.

0
0
0
s2sdefault