അധ്യയനവര്‍ഷ ചിന്തകള്‍

പത്രാധിപർ

2017 മെയ് 13 1438 ശഅബാന്‍ 16

ഒരു പുതിയ അധ്യയനവര്‍ഷം കൂടി ആഗതമാവുകയായി. ജാതി-മത വ്യത്യാസമില്ലാതെ, സമ്പന്നരെന്നോ സാധാരണക്കാരെന്നോ വേര്‍തിരിവില്ലാതെ എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ പഠനകാര്യത്തിലും ഭാവിയിലും അതീവ തല്‍പരരാണിന്ന്. ഉപരിപഠനത്തിന് സീറ്റുകിട്ടാനുള്ള ശ്രമങ്ങള്‍ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. കെ.ജി വിദ്യാര്‍ഥികള്‍ക്ക് പോലും പതിനായിരങ്ങള്‍ ഡൊണേഷന്‍ നല്‍കി അഡ്മിഷന്‍ തരപ്പെടുത്തുന്നു പലരും.

ഇതെല്ലാം എന്തിന് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരമെന്താണ്? മക്കളുടെ നല്ല ഭാവിക്ക്! നല്ല ഭാവികൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന നല്ല ജോലി! അതിനപ്പുറം വല്ലതും? ഇല്ലേയില്ല. എന്റെ കുട്ടി നല്ല ഒരു മനുഷ്യനാകണം. സ്‌നേഹം, ദയ, കാരുണ്യം, വിട്ടുവീഴ്ച, സാഹോദര്യം, പരോപകാര മനസ്ഥിതി... തുടങ്ങിയ മാനുഷിക ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നല്ല ഒരു വ്യക്തിയായി എന്റെ കുട്ടി മാറണം. ഈയൊരു ചിന്തയില്‍ മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കളുണ്ട്?

ഈ ഗുണങ്ങളൊക്കെ ലഭിക്കുന്ന രൂപത്തിലാണോ നമ്മുടെ മക്കള്‍ക്ക് ലഭിക്കുന്ന ഭൗതിക വിദ്യാഭ്യാസം? അങ്ങനെയുള്ളവരായി ഭാവിയുടെ വാഗ്ദാനമാകുന്ന വിദ്യാര്‍ഥികള്‍ വളരണം എന്ന ചിന്ത ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുണ്ടോ? 'കാട്ടാളനെ മനുഷ്യനാക്കുക' എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ഏതോ മഹാന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അരങ്ങേറുന്ന ചില കാഴ്ചകള്‍ കാണുമ്പോള്‍ 'മനുഷ്യനെ കാട്ടാളനാക്കുക' എന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് തോന്നിപ്പോകും പലപ്പോഴും!

വര്‍ഷംതോറും അനേകം എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ഐ.ടി വിദഗ്ധരുമൊക്കെ പഠനം കഴിഞ്ഞ് രംഗത്തിറങ്ങുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടി ആയിരങ്ങള്‍ പുറത്തിറങ്ങുന്നു. കണക്കും സയന്‍സും ചരിത്രവും സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവുമൊക്കെ അരച്ചുകലക്കി കുടിക്കുന്നവര്‍ക്ക് മാനുഷികമൂല്യങ്ങളുടെ ഒരു ശകലം പോലും തങ്ങളുടെ പഠനകാലത്ത് കിട്ടുന്നില്ല എങ്കില്‍ എന്തിനീ വിദ്യാഭ്യാസം?

ചില ക്യാമ്പസുകളില്‍നിന്ന് പുറത്തുവരുന്ന ചീഞ്ഞുനാറുന്നതും ഞെട്ടിക്കുന്നതുമായ വാര്‍ത്തകള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ കുത്തഴിഞ്ഞ പോക്കിനെയും അതിനെതിരെ കണ്ണടയ്ക്കുന്ന അധികൃതരെയുംസൂചിപ്പിക്കുന്നതാണ്. റാഗിംഗ് എന്ന ഓമനപ്പേരില്‍, അനുജനെപ്പോലെ കാണേണ്ട ജൂനിയര്‍ വിദ്യാര്‍ഥികളെ മൃഗീയമായി പീഡിപ്പിക്കാനും ജീവഹാനി വരുത്താനും വരെ തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന സൂചനയെന്താണ്?

പല കോളേജ് ക്യാമ്പസുകളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും താവളമാണിന്ന്. ലൈംഗിക ആഭാസങ്ങളിലും അവര്‍ പിന്നിലല്ല. കത്തിയും വടിവാളും കുറുവടിയും ഹോസ്റ്റല്‍ മുറിയില്‍ സൂക്ഷിച്ചുവെക്കാനും എതിര്‍പാര്‍ട്ടിക്കാരനെ 'ആവശ്യം' വരുമ്പോള്‍ കൊത്തിനുറുക്കാനും തല്ലിച്ചതക്കാനുമുള്ള 'രാഷ്ട്രീയസാക്ഷരത' അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സമരമെന്ന പേരില്‍ എന്ത് ആഭാസവും കാണിക്കാനും സ്ഥാപനവും പൊതുമുതലുകളും നിര്‍ഭയം നശിപ്പിക്കാനുമുള്ള ലൈസന്‍സ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം!

രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയിലും താല്‍പര്യത്തിലുമാണ്. അവര്‍ മക്കളുടെ കാര്യത്തില്‍ അഭിമാനപുളകിതരാണ്. എക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ച് എ.ടി.എം കാര്‍ഡും നല്‍കി മക്കളെ പഠിക്കാന്‍ പറഞ്ഞയക്കുന്നത് ഭാവിയില്‍ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന കനത്ത ശമ്പളം സ്വപ്‌നം കണ്ടുകൊണ്ടാണ്. കാശെറിഞ്ഞ് കാശ് വാരാനുള്ള കേവലം 'ചരക്കാ'യി വിദ്യാഭ്യാസം മാറുമ്പോള്‍ മനുഷ്യത്വം വഴിമാറുന്നു. ഇതര സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളില്‍ പലരും ചതിയില്‍ അകപ്പെടുന്നതും 'കറക്കുകമ്പനി'യില്‍ പെട്ട് മയക്കുമരുന്നിന് അടിമകളാകുന്നതും മാനംവില്‍ക്കുന്നതും രക്ഷിതാക്കള്‍ അറിയാതെ പോകുന്നു. അറിയുമ്പോഴേക്കും എല്ലാം നശിച്ചിരിക്കും. ഒരു ജോലി എന്നതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരുന്നാല്‍, മക്കളുടെ കാര്യത്തില്‍ ഒരു 'കരുതല്‍' ഇല്ലാതിരുന്നാല്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പാരത്രിക ലോകത്ത് രക്ഷ നേടുവാന്‍ ആവശ്യമായ അറിവിനെ അവഗണിച്ചുകൊണ്ട് ഭൗതിക നേട്ടം മാത്രം ലഭിക്കുന്ന അറിവിന്റെ പിന്നാലെ പോയാല്‍ അത് ആത്യന്തിക നഷ്ടമായിരിക്കും സമ്മാനിക്കുക എന്ന് വിശ്വാസികള്‍ ഓര്‍ക്കേണ്ടതുണ്ട്.

0
0
0
s2sdefault