ആരോഗ്യമുള്ള മനസ്സ് 

ശമീര്‍ മദീനി

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3
''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം'' (ക്വുര്‍ആന്‍ 9:128)

ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് മനസ്സിന്റെ ആരോഗ്യത്തെയാണ്. അതിന് രോഗം ബാധിച്ചാല്‍ ശരീരമാകെ ദുഷിക്കുന്നതാണ്. അത് നന്നായാലോ ശരീരമാസകലം നന്നായി. നബി ﷺ യുടെ അധ്യാപനം അങ്ങനെയാണ്.

മനസ്സിന്റെ ആരോഗ്യം ആകാരസൗന്ദര്യത്തിലോ ശരീരവലിപ്പത്തിലോ കായികബലത്തിലൂടെയോ അല്ല പ്രകടമാവുന്നത്. മറിച്ച്, സത്യവിശ്വാസവും സല്‍സ്വഭാവങ്ങളും സല്‍ഗുണങ്ങളുമാണ് അതിന്റെ ആരോഗ്യലക്ഷണങ്ങള്‍.

മനുഷ്യത്വവും കനിവുമുള്ള ഹൃദയമാണ് നല്ല മനുഷ്യനെ വേര്‍തിരിക്കുന്നത്. സ്വന്തം മക്കളോടും ഭാര്യയോടും ഭര്‍ത്താവിനോടും മാതാപിതാക്കളോടും പോലും കനിവ് കാണിക്കാത്ത ഒരു പുതിയ സംസ്‌കാരമാണ് ആധുനികസമൂഹത്തില്‍ കാണപ്പെടുന്നത്. ശരീരത്തിന്റെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ആധുനികസമൂഹത്തിന്റെ വിരോധാഭാസമായ ഒരു കാഴ്ചയാണിത്. കാരുണ്യത്തിന്റെ നീര്‍ചാലുകള്‍ വറ്റിവരണ്ട ഹൃദയങ്ങള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ കൃപാകടാക്ഷം അന്യമായിരിക്കുമെന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.

ഒരിക്കല്‍ നബി ﷺ പേരക്കുട്ടിയായ ഹസന്‍(റ)നെ ചുംബിക്കുന്നത് കണ്ട ഗ്രാമീണനായ അഖ്‌റഅ്(റ) അത്ഭുതത്തോടെ പറഞ്ഞു: ''എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരില്‍ ഒരാളെയും ചുംബിച്ചിട്ടില്ല.'' അദ്ദേഹത്തെ നോക്കിക്കൊണ്ട് നബി ﷺ പറഞ്ഞു: ''കരുണ ചെയ്യാത്തവരോട് തിരിച്ച് കരുണയുണ്ടാവുകയില്ല'' (ബുഖാരി, മുസ്‌ലിം)

സകല സല്‍സ്വഭാവങ്ങളെയും കരുപ്പിടിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങളാണ് കനിവും ആര്‍ദ്രതയും. നബി ﷺ നിര്‍മലഹൃദയത്തിന്റെ ഉത്തമമാതൃകയായിരുന്നു. ശത്രുക്കളോട് പോലും അതുല്യമായ വിട്ടുവീഴ്ചയും കാരുണ്യവുമായിരുന്നു പ്രവാചകന്റെ ജീവിതത്തില്‍ ദര്‍ശിക്കാനാവുന്നത്. അവിടുന്ന് പറഞ്ഞു: ''ആര്‍ക്കെങ്കിലും കനിവില്‍നിന്നുള്ള വിഹിതം നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ നിശ്ചയമായും നന്മയുടെ നല്ലൊരു വിഹിതമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും അത് തടയപ്പെട്ടുവെങ്കില്‍ നന്മയുടെ വിഹിതമാണ് അയാള്‍ക്ക് നിഷേധിക്കപ്പെട്ടത്'' (അഹ്മദ്, തിര്‍മുദി).

സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയുമൊക്കെ സത്യവിശ്വാസത്തിന്റെ പൂര്‍ണതയും അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹമാക്കുന്നതായ സല്‍ഗുണങ്ങളുമായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരുഷതയും കടുംപിടുത്തവുമൊക്കെയാണ് ഇന്ന് ചിലര്‍ മഹത്ത്വമായി കാണുന്നത്. രണ്ടാളുകളെ ഭരിക്കാന്‍ കിട്ടിയാല്‍ അവിടെ സ്വേഛാധിപത്യവും തോന്നിവാസവുംകൊണ്ട് 'കരുത്ത്' തെളിയിക്കാന്‍ ശ്രമിക്കുന്നത് സത്യവിശ്വാസത്തില്‍നിന്നും പ്രവാചകാധ്യാപനങ്ങളില്‍ നിന്നുമുള്ള അകലമാണ് വ്യക്തമാക്കുന്നത്.

ജീവജാലങ്ങള്‍ അടക്കമുള്ള സര്‍വതിനോടും കനിവും കരുണയുമുണ്ടായിരുന്ന പ്രവാചകനെക്കുറിച്ച് അല്ലാഹു എടുത്തുപറഞ്ഞ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങള്‍ ഏതൊരു നേതാവിനും ഉണ്ടാകേണ്ട മഹത്തായ യോഗ്യതകളാണ്. അല്ലാഹു പറയുന്നു: ''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു...'' (3:159).

തന്റെ കീഴിലുള്ളവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിച്ചാല്‍ അത് തിരുത്താനും പൊറുക്കാനും കഴിയുമ്പോഴാണ് സ്‌നേഹംകൊണ്ട് അണികളുടെ മനസ്സുകളെ കീഴടക്കാന്‍ നേതൃത്വത്തിന് സാധിക്കുക. വീട്ടിലും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയിലും നന്മകള്‍ പ്രചരിപ്പിക്കുന്നവരാകാന്‍ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ!

0
0
0
s2sdefault